ശബരിമല മുതല്‍ പത്മനാഭസ്വാമി ക്ഷേത്രം വരെ; വിഗ്രഹക്കടത്ത് മാഫിയയുടെ ലക്ഷ്യം നിലവറയിലെ കോടികളോ? ഹരിഹര വര്‍മ്മ മുതല്‍ 'ഡയമണ്ട് മണി' വരെ; മാവേലിക്കര കോവിലകം എന്ന വ്യാജേന വജ്രവ്യാപാരം നടത്തിയ വര്‍മ്മ എവിടുത്തുകാരനെന്ന് ഇന്നും ഭാരയ്ക്കും മക്കള്‍ക്കും പോലും അറിയില്ല; വട്ടിയൂര്‍ക്കാവിലെ 2012ലെ കൊല ഇന്നും നിഗൂഡം

Update: 2025-12-25 02:40 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളയിലെ അന്വേഷണം ഒടുവിലെത്തുന്നത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കും. പ്രവാസി വ്യവസായി നല്‍കിയ മൊഴിയുടെ പുതിയ വിശദാംശങ്ങള്‍ ഭക്തരെയും പോലീസിനെയും ഞെട്ടിക്കുന്നതാണ്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി അടുത്ത ബന്ധമുള്ളവരാണ് ഡി മണിയെയും സംഘത്തെയും തനിക്ക് പരിചയപ്പെടുത്തിയതെന്ന് വ്യവസായി വെളിപ്പെടുത്തി. ശബരിമലയ്ക്ക് പിന്നാലെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കൂടി ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുമായി സംഘം ഇപ്പോഴും സജീവമാണെന്നും മൊഴിയിലുണ്ട്.

അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘത്തിന് ശബരിമലയിലെ അമൂല്യവസ്തുക്കള്‍ വില്‍ക്കാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നാണ് പ്രവാസി വ്യവസായിയുടെ ആരോപണം. ഇതോടെ അന്വേഷണം ആ വഴിക്ക് എത്തുകയാണ്. മുമ്പും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിവാദങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. പാല്‍ പാത്രത്തിലെ വൈഢൂര്യ കടത്ത് അടക്കം പലതും. ക്ഷേത്രത്തിലെ രാജാ രവി വര്‍മ്മ പെയിന്റിംഗ് കടത്തിയും വിവാദമായി. ഇങ്ങനെയാണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ സുപ്രീംകോടതി ഇടപെടലുണ്ടാകുന്നത്. ഇപ്പോഴിതാ വീണ്ടും വിഗ്രഹ കടത്ത് മാഫിയ പത്മനാഭ സ്വാമി ക്ഷേത്രത്തിലുണ്ടെന്ന് തെളിയുന്നു.

മുമ്പും പത്മനാഭ സ്വാമി ക്ഷേത്ര കൊള്ളയ്ക്കുള്ള ശ്രമം സംശയത്തിലെത്തിയിരുന്നു. അതില്‍ പ്രധാനമാണ് ഹരിഹര വര്‍മ്മ കൊല. കേരളത്തെ അമ്പരപ്പിച്ച ഹരിഹര വര്‍മ്മ കൊലക്കേസ് സിനിമകളെപ്പോലും വെല്ലുന്ന അത്യന്തം നിഗൂഢതകള്‍ നിറഞ്ഞ ഒന്നായിരുന്നു. ഇന്നും ആരാണ് ഹരിഹര വര്‍മ്മ എന്നു പോലും കണ്ടെത്താനായിട്ടില്ല. ഭാര്യയും മക്കളുമായി തിരുവനന്തപുരത്ത് താമസിച്ചിരുന്ന ഹരിഹര വര്‍മ്മ എസ് എ ടി ആശുപത്രിയിലെ ഉദ്യോഗസ്ഥനുമായിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബവുമായി ബന്ധപ്പെട്ട ഈ ആശുപത്രി പിന്നീട് മറ്റൊരു മാനേജ്‌മെന്റിന് കീഴിലുമായി.

2012 ഡിസംബര്‍ 24-ന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഒരു വീട്ടില്‍ വെച്ചാണ് മാവേലിക്കര രാജകുടുംബാംഗമെന്ന് അവകാശപ്പെട്ടിരുന്ന ഹരിഹര വര്‍മ്മ കൊല്ലപ്പെടുന്നത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തിയ സംഘം വര്‍മ്മയെ ശ്വാസം മുട്ടിച്ചും മയക്കു മരുന്ന് മണപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വര്‍മ്മയുടെ പക്കലുണ്ടായിരുന്ന വജ്രശേഖരവുമായി പ്രതികള്‍ കടന്നുകളഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഞ്ച് പ്രതികളെയും പോലീസ് പിടികൂടി. എന്നാല്‍ ദുരൂഹതകള്‍ പൂര്‍ണ്ണമായും ഇനിയും മാറിയിട്ടില്ല. പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് പലതും ചര്‍ച്ചകളില്‍ എത്തി. നിലവറയിലെ അമൂല്യ വസ്തുക്കള്‍ ചര്‍ച്ചയായതിന് പിന്നാലെയായിരുന്നു ഈ കൊലയും.

അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ പോലീസിനെപ്പോലും ഞെട്ടിക്കുന്നതായിരുന്നു. കൊല്ലപ്പെട്ട ഹരിഹര വര്‍മ്മ മാവേലിക്കര കൊട്ടാരത്തിലെ അംഗമായിരുന്നില്ലെന്നും ഹരിഹരന്‍ എന്ന സാധാരണക്കാരനായിരുന്നു എന്നും പോലീസ് കണ്ടെത്തി. രാജകുടുംബാംഗമാണെന്ന് വിശ്വസിപ്പിച്ച് ഉന്നതരുമായി ബന്ധം സ്ഥാപിക്കാനും വജ്രവ്യാപാരം നടത്താനും സ്വീകരിച്ച വ്യാജ വേഷമായിരുന്നു അത്. അതിലും വലിയ ഞെട്ടല്‍ വര്‍മ്മയുടെ പക്കല്‍ നിന്ന് പ്രതികള്‍ കവര്‍ന്ന വജ്രങ്ങളുടെ പരിശോധനാ ഫലമായിരുന്നു. അമൂല്യമെന്ന് വര്‍മ്മ അവകാശപ്പെട്ടിരുന്ന വജ്രങ്ങളില്‍ ഭൂരിഭാഗവും വെറും സ്ഫടികക്കഷണങ്ങളോ നിലവാരം കുറഞ്ഞ കല്ലുകളോ ആണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.

ഈ വജ്രങ്ങള്‍ എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് ഇന്നും വ്യക്തമായ ഉത്തരമില്ല. പുരാതന വസ്തുക്കള്‍ ശേഖരിക്കുന്ന അന്താരാഷ്ട്ര മാഫിയകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നോ എന്ന് സംശയിച്ചിരുന്നു. പെട്ടെന്ന് പണക്കാരനാകാനുള്ള മോഹവുമായി വജ്രങ്ങള്‍ തട്ടിയെടുക്കാന്‍ ഇറങ്ങിത്തിരിച്ച അഞ്ച് യുവാക്കള്‍ ഒടുവില്‍ അഴികള്‍ക്കുള്ളിലായി. 2014-ല്‍ കോടതി പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഹരിഹര വര്‍മ്മയുടെ ഭാര്യ കസ്റ്റംസിലെ ഉദ്യോഗസ്ഥയായിരുന്നു. മാവേലിക്കര കോവിലകത്തിന്റെ പേരു പറഞ്ഞായിരുന്നു വിവാഹം. പിന്നീട് ഇയാള്‍ മാവേലിക്കര കോവിലകത്തെ ആരുമല്ലെന്നും പോലീസ് കണ്ടെത്തി. ഈ ഹരിഹര വര്‍മ്മയ്ക്ക് പിന്നിലുള്ളവര്‍ ഇന്നും അജ്ഞാതരാണ്.

Tags:    

Similar News