കോടതി ജീവനക്കാര്‍ പോലും എത്തുന്നതിന് മുമ്പേ പുറക് വശത്തെ ഗേറ്റിലൂടെ അമ്മയ്ക്കും അമ്മാവനുമൊപ്പം കോര്‍ട്ട് റൂമിലെത്തിയ 'വെള്ളിയാഴ്ച ബുദ്ധി'! ചന്ദന കളര്‍ ചുരിദാറും ഷാളും ധരിച്ച് നെറ്റിയില്‍ കുങ്കുമവും ഇട്ട് ആത്മവിശ്വാസത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങി; വിധിക്ക് പിന്നാലെ ആ പഴയ 'കൂസലില്ലായ്മ' മുഖത്ത് നിന്ന് മാറി; ഫോര്‍ട്ട് ആശുപത്രിയിലും മ്ലാനവതി; രാമവര്‍മന്‍ചിറയിലെ വില്ലത്തി ജയിലില്‍ വീണ്ടും എത്തുമ്പോള്‍
നെയ്യാറ്റിന്‍കര: ഷാരോണ്‍ വധക്കേസില്‍ വിധി പ്രഖ്യാപന ദിവസവും അതി ബുദ്ധി കാട്ടി ഗ്രീഷ്മ. കേസില്‍ തന്നെ വെറുതെ വിടുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഗ്രീഷ്മ. ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടിയത് തുണയാകുമെന്നും പ്രതീക്ഷിച്ചു. ഈ ആത്മവിശ്വാസവുമായി എത്തിയ ഗ്രീഷ്മ മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കോടതി തുറക്കും മുമ്പേ നെയ്യാറ്റിന്‍കരയിലെ കോടതി വളപ്പിലെത്തി. പുറകിലെ ഗേറ്റിലൂടെ എട്ടരയ്ക്ക് ഗ്രീഷ്മയും അമ്മയും അമ്മാവനും കോടതിയില്‍ ഹാജരായി. തന്റെ മുഖത്തെ ആത്മവിശ്വാസം ചാനല്‍ ക്യാമറകളില്‍ എത്താതിരിക്കാനായിരുന്നു ആ മുന്‍കരുതല്‍. ശിക്ഷാ വിധിയ്ക്ക് ശേഷമാണ് ഗ്രീഷ്മയെ കാണാനുള്ള അവസരം ചാനലുകള്‍ക്ക് ഉണ്ടായത്. കുറ്റക്കാരിയെന്ന് കോടതി വിധിച്ചതോടെ ജാമ്യം റദ്ദായി. ആ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസ് ഗ്രീഷ്മയെ പുറത്തേക്ക് കൊണ്ടു വന്നത് വിധി വന്ന് 15 മിനിറ്റ് കഴിഞ്ഞാണ്. കനത്ത സുരക്ഷയില്‍ അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലേക്ക്. ആ മുഖത്ത് അപ്പോള്‍ നിരാശയും ദുഖവും തളം കെട്ടി നിന്നു. അതു കഴിഞ്ഞ് 20 മിനിറ്റ് കഴിഞ്ഞാണ് അമ്മാവന്‍ നിര്‍മ്മല കുമാരന്‍ നായരുമായി പോലീസ് ജയിലിലേക്ക് പോയത്. കോടതി ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിട്ടിരുന്നു. ആ അമ്മ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയില്ല. മകളുമായി വന്ന കോടതിയ്ക്ക് പുറകു വശത്തെ ഗേറ്റിലൂടെ ആ അമ്മ വീട്ടിലേക്ക് പോയെന്നാണ് സൂചന. ഗ്രീഷ്മയുടെ അച്ഛനെ കോടതി പരിസരത്ത് ആരും കണ്ടുമില്ല.
അറസ്റ്റിലാകുമ്പോഴും തെളിവെടുപ്പിന് കൊണ്ടു വരുമ്പോഴുമെല്ലാം ഗ്രീഷ്മയുടെ മുഖത്ത് ചെറു പുഞ്ചിരിയുണ്ടായിരുന്നു. തന്റെ അച്ഛന്റേയും അമ്മയുടേയും സ്വത്തെല്ലാം വിറ്റായാലും കേസ് നടത്തി പുറത്തു വരുമെന്ന് ഗ്രീഷ്മ പലരോടും പറഞ്ഞിരുന്നു. ജാമ്യം കിട്ടിയതോടെ ഈ വിശ്വാസം കൂടുകയും ചെയ്തു. അതാണ് വിധിയോടെ ഇല്ലാതായത്. ഇനി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. കോടതിയില്‍ നിന്നും ഫോര്‍ട്ട് ആശുപത്രിയിലേക്കാണ് പോലീസ് ഗ്രീഷ്മയെ കൊണ്ടു വന്നത്. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി ജയിലിലേക്ക് കൊണ്ടു പോയി. അപ്പോള്‍ തീര്‍ത്തും നിരാശയിലായിരുന്നു അവര്‍. വിധിയെ കുറിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടി. തലകുനിച്ച് ആരോടും ഒന്നും പറയാതെ അവര്‍ ആശുപത്രിയില്‍ നിന്നും പുറത്തേക്ക് പോയി. പലപല ചോദ്യങ്ങളിലൂടെ ഗ്രീഷ്മയെ കൊണ്ട് മറുപടി പറയിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു. കനത്ത പോലീസ് സുരക്ഷയില്‍ ഒന്നും പറയാതെ ഗ്രീഷ്മ ജയിലിലേക്ക് പോയി. അമ്മയെ കോടതി വെറുതെ വിട്ടതിനെ കുറിച്ചുള്ള ചോദ്യത്തിനും പ്രതികരണമില്ല. ഗ്രീഷ്മയുടെ കുടുംബാംഗങ്ങളാരും മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതിരിക്കാന്‍ കരുതലെടുത്തുവെന്നതും ശ്രദ്ധേയമാണ്. കോടതി വെറുതെ വിടുമെന്ന പ്രതീക്ഷയില്‍ വന്‍ ആഘോഷങ്ങള്‍ തന്റെ വീട്ടില്‍ ഗ്രീഷ്മ പ്ലാന്‍ ചെയ്തിരുന്നു. അതും വെറുതെയായി. ചന്ദന കള്ളര്‍ ചുരിദാറും ഷാളും നെറ്റിയില്‍ ചുവപ്പു പൊട്ടും ആയിരുന്നു കോടതിയില്‍ എത്തിയ ഗ്രീഷ്മയുടെ വേഷം. അതേ വസ്ത്രത്തില്‍ അട്ടക്കുളങ്ങരയിലും അവര്‍ എത്തി. ഗ്രീഷ്മയ്ക്ക് എല്ലാ അര്‍ത്ഥത്തിലും കറുത്ത വെള്ളിയാഴ്ചയായി മാറുകയാണ് ഈ ദിനം.
ജീവനുതുല്യം സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത കാമുകനെ കക്ഷായത്തില്‍ വിഷം ചേര്‍ത്ത് ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത് തെളിവുകള്‍ വിശകലനം ചെയ്താണ്. നാളെയാണ് ശിക്ഷാവിധി. കൊടും ക്രൂരതയ്ക്ക് അര്‍ഹിക്കുന്ന കഠിന ശിക്ഷ തന്നെ കിട്ടണേ എന്നാണ് ഷാരോണിന്റെ ബന്ധുക്കളുടെയും ഉറ്റവരുടെയും പ്രാര്‍ത്ഥനയാണ് ഫലം കണ്ടത്. കേസിന്റെ ഒരു ഘട്ടത്തില്‍പ്പോലും താന്‍ ചെയ്ത കൊടും പാതകത്തില്‍ ലവലേശം പശ്ചാത്താപം ഗ്രീഷ്മയ്ക്ക് ഇല്ലായിരുന്നു. മാത്രമല്ല കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഓരോരാേ കള്ളങ്ങള്‍ ഒന്നിനുപുറകേ ഒന്നൊന്നായി സമര്‍ത്ഥമായി പുറത്തുവിട്ടുകൊണ്ടിരുന്നു. എന്നാല്‍ കേരള പൊലീസിന്റെ അന്വേഷണമികവിന് മുന്നില്‍ അധികനേരം പിടിച്ചുനില്‍ക്കാന്‍ ഗ്രീഷ്മയ്ക്ക് ആയില്ല. പൊലീസിന്റെ ചോദ്യംചെയ്യലില്‍ അവള്‍ എല്ലാം തുറന്നുപറഞ്ഞു.തെളിവെടുപ്പിനിടയിലും ചെയ്ത മഹാപാതകത്തില്‍ ലവലേശം പശ്ചാത്താപം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നില്ല ഗ്രീഷ്മയുടെ പെരുമാറ്റം. വെട്ടുകാട് പള്ളിയിലും, വേളി ടൂറിസ്റ്റ് കേന്ദ്രത്തിലും, തൃപ്പരപ്പ് വെള്ളച്ചാട്ടത്തിലും എത്തിച്ചുള്ള തെളിവെടുപ്പില്‍ ഒട്ടും കൂസലില്ലാതെയായിരുന്നു ഗ്രീഷ്മയുടെ പെരുമാറ്റം. ഇത് പൊലീസുകാരില്‍ പോലും അമ്പരപ്പുണ്ടാക്കി. പക്ഷേ വിധി വന്ന ശേഷം ആ കൂസലില്ലായ്മ മുഖത്ത് കണ്ടില്ല. മ്ലാനവതിയായി ഗ്രീഷ്മ.
പ്രതിയെ കാണാന്‍ നാട്ടുകാര്‍ തടിച്ചുകൂടിയപ്പോഴും നേര്‍ത്ത തുണികൊണ്ട് മുഖം മറച്ച് പുഞ്ചിരിച്ചുകൊണ്ടായിരുന്നു ഗ്രീഷ്മ പൊലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞത്. ഷാരോണിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വെട്ടുകാട് പള്ളിയില്‍ വച്ച് വിവാഹം കഴിച്ചെന്ന് തെളിവെടുപ്പിനിടെ ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിരുന്നു. വേളിയില്‍ വിശ്രമിച്ചപ്പോഴാണ് ആദ്യമായി കൊലപാതക പദ്ധതി മനസില്‍ വന്നതെന്നും ഗ്രീഷ്മ തെളിവെടുപ്പിനിടെ ചിരിച്ചുകൊണ്ട് പൊലീസിനോട് പറഞ്ഞിരുന്നു. 'നല്ലൊരു ജീവിതമുണ്ടാകണേ എന്നായിരിക്കും അവന്‍ പ്രാര്‍ത്ഥിച്ചത്' എന്ന് തെളിവെടുപ്പിനിടയില്‍ വെട്ടുകാട് പള്ളിയില്‍വെച്ച് ഗ്രീഷ്മയോട് അന്നത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു. 'പക്ഷേ, നേരെ തിരിച്ചായിപ്പോയി' എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. ഇതുംപറഞ്ഞ് മനസ് നിറഞ്ഞെന്ന മട്ടില്‍ ചിരിക്കുകയായിരുന്നു ഗ്രീഷ്മ. ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്‍കിയപ്പോള്‍ ഷാരോണ്‍ രുചിവ്യത്യാസം മനസിലാക്കി തുപ്പിക്കളഞ്ഞെന്നും തെളിവെടുപ്പിനിടെ ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിരുന്നു. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ഇവളെ ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഐസ്‌ക്രീം കടയിലെ ജീവനക്കാരിയോട് ഗ്രീഷ്മ തട്ടിക്കയറുന്നതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പക്ഷേ വിധി വന്ന ദിവസം കണ്ടത് മറ്റൊരു ഗ്രീഷ്മയെ. കോടതി വെറുതെവിടുമെന്ന പ്രതീക്ഷ തകര്‍ന്നത് ആയിരുന്നു ഇതിന് കാരണം.
പാറശ്ശാലയിലെ ഷാരോണ്‍രാജിന്റെ കൊലപാതകത്തില്‍ നിര്‍ണായകമായത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പതോളജി വിഭാഗം മേധാവിയുടെ മൊഴിയാണ്. മരണകാരണം ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തിനല്‍കിയ പാരക്വിറ്റ് ഡൈക്ലോറൈഡ് എന്ന കളനാശിനിയാണെന്ന് ഡോ. ജെയ്മി ആനന്ദന്‍ മൊഴി നല്‍കിയിരുന്നു. കേസ് പരിഗണിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.എം. ബഷീറിനു മുമ്പാകെയാണ് ജെയ്മി ആനന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സയ്ക്കിടെ മെഡിക്കല്‍ കോളേജില്‍ മരിച്ച ഷാരോണ്‍രാജിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിള്‍ പതോളജി ലാബിലാണ് പരിശോധിച്ചത്. പാരക്വിറ്റ് ഡൈക്ലോറൈഡ് ഷാരോണിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കി. ഛര്‍ദിയില്‍ പച്ച നിറമുണ്ടായിരുന്നുവെന്ന് അന്വേഷണഘട്ടത്തില്‍ ഷാരോണിനെ പരിശോധിച്ച ഡോക്ടര്‍ മൊഴിനല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാപിക് എന്ന ബ്രാന്‍ഡ് പേരുള്ള പാരക്വിറ്റ് ഡൈക്ലോറൈഡ് കളനാശിനിയാണ് ഉള്ളില്‍ചെന്നതെന്ന് വ്യക്തമായത്. ഛര്‍ദിയിലോ മൂത്രത്തിലോ ഇരുണ്ടനിറം വരണമെങ്കില്‍ വൃക്ക, കരള്‍ എന്നിവയെ ബാധിക്കണമെന്ന സംശയം ഉണ്ടായി. നിറത്തിന്റെ അടിസ്ഥാനത്തില്‍ അത് കോപ്പര്‍ സള്‍ഫേറ്റ് ആണോയെന്ന് പരിശോധിച്ചെങ്കിലും പിന്നീട് അതല്ലെന്ന് മനസിലായി. വീടിന് പുറത്തുനിന്ന് കാപിക്കിന്റെ കുപ്പിയും മറ്റും കണ്ടെടുത്തതോടെയാണ് ഈ വഴിക്ക് അന്വേഷണം നീങ്ങിയത്.
ശരീരത്തിന് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആദ്യദിവസംതന്നെ താന്‍കുടിച്ച കഷായം ഏതാണെന്ന് ഷാരോണ്‍ ഗ്രീഷ്മയോട് ചോദിച്ചിരുന്നു. എന്നാല്‍, ഈ ചാറ്റിന് മറുപടി പറയാതെ ഗ്രീഷ്മ ഒഴിഞ്ഞുമാറി. കഷായത്തില്‍വിഷം കലര്‍ത്തിയത് മറച്ചുവെക്കാനായി ജ്യൂസില്‍നിന്നാണ് പ്രശ്നം ഉണ്ടായതെന്ന് ആശങ്കപ്പെടുകയും ചെയ്തു. കൂടാതെ, വീട്ടിലെത്തിയ ഒരു ഓട്ടോ ഡ്രൈവര്‍ക്കും ജ്യൂസ് കുടിച്ച് ആരോഗ്യപ്രശ്നമുണ്ടായതായി ഗ്രീഷ്മ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍, ഇത്തരം ഒരു ഓട്ടോ ഡ്രൈവറെ പോലീസിന് കണ്ടെത്താനായിരുന്നില്ല. വിഷം കലര്‍ത്തിയെന്ന് ഗ്രീഷ്മ അപ്പോള്‍ തന്നെ പറഞ്ഞിരുന്നെങ്കില്‍ ഷാരോണിന്‍രെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് പോലീസ് അന്നുതന്നെ പറഞ്ഞിരുന്നു. ഷാരോണിന്റെ സഹോദരനായ ആയൂര്‍വേദ ഡോക്ടര്‍ ഷിമോന്‍, ഗ്രീഷ്മയെ വിളിച്ച് സംസാരിച്ചിരുന്നു. ഏത് കഷായമാണ് കുടിച്ചതെന്നും ഏത് ഡോക്ടറാണ് നിര്‍ദേശിച്ചതെന്നുമൊക്കെ ചോദിച്ചെങ്കിലും ഗ്രീഷ്മ അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. കുപ്പിയിലെ സ്റ്റിക്കറും അടപ്പിന്റെ ചിത്രവുമെല്ലാം ആവശ്യപ്പെട്ടെങ്കിലും മറ്റൊരു കുപ്പിയില്‍ ഒഴിച്ചാണ് മരുന്നു നല്‍കിയതെന്നും തെളിവൊന്നുമില്ലെന്നും പറഞ്ഞു. എന്നാല്‍, സ്റ്റിക്കര്‍ ഇളക്കിമാറ്റിയെന്നും കുപ്പി അമ്മ കഴുകിവെച്ചെന്നും നേരത്തേ പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടിനല്‍കിയില്ല. അമ്മയാണ് തനിക്ക് മരുന്നു തരുന്നതെന്നും മരുന്നിന്റെ പേര് അറിയില്ലെന്നും പറഞ്ഞ് മനഃപൂര്‍വം ഒഴിഞ്ഞുമാറി. ഇതും ഷാരോണിന്റെ വീട്ടുകാരെ സംശയത്തിലേക്ക് നയിച്ചു.
ഷാരോണിന്റെ കൊലപാതകത്തെക്കുറിച്ച് ബന്ധുക്കള്‍ സംശയം ഉയര്‍ത്തിയതോടെ പെണ്‍കുട്ടി പലരോടും ആത്മഹത്യാഭീഷണി മുഴക്കി. തന്നെ തെറ്റുകാരിയാക്കാന്‍ ശ്രമിച്ചാല്‍ താനും മരിക്കുമെന്നായിരുന്നു ഭീഷണി. താനൊരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് ഷാരോണിന്റെ കുടുംബക്കാരോട് കരഞ്ഞുകൊണ്ട് പറയുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് മലയാളി അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന കൊലപാതക രഹസ്യമായിരുന്നു. ആണ്‍സുഹൃത്തായിരുന്ന ഷാരോണ്‍ രാജിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീറാണ് വിധി പ്രസ്താവിച്ചത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ കോടതി നാളെ പ്രസ്താവിക്കും. തമിഴ്‌നാട്ടിലാണ് രാമവര്‍മന്‍ചിറയെങ്കിലും പാറശ്ശാലയ്ക്ക് തൊട്ടടുത്താണ് ഈ സ്ഥലം. ഇവിടെയുള്ള എല്ലാവരും മലയാളികളുമാണ്. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്.
പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍.ഷാരോണിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് ഗ്രീഷ്മ കൊന്നുവെന്നാണ് കേസ്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഒക്ടോബര്‍ 14-ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തി. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു.
കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. 2021 ഒക്ടോബര്‍ മുതലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2022 മാര്‍ച്ച് നാലിന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം ഉറപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു. നവംബറില്‍ ഷാരോണിന്റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ബന്ധം ഉപേക്ഷിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. പക്ഷേ, വിട്ടുപോകാന്‍ ഷാരോണിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. കൊല നടത്താന്‍ സഹായിച്ചുവെന്നാണ് അമ്മ സിന്ധുവിനെതിരേയും അമ്മാവന്‍ നിര്‍മല്‍കുമാര്‍ നായര്‍ക്കെതിരേയുമുള്ള കുറ്റം.