താഴ്ന്ന ജാതിക്കാരിയെ വിവാഹം ചെയ്ത സഹോദരിയുടെ മകനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയ മൂത്ത അമ്മാവന്‍; കുടുംബത്തിന്റെ ദുരഭിമാനം ശത്രുവാക്കിയ യുവാവിന്റെ ദുരൂഹ മരണം വിഷം കഴിച്ച്; പിന്നാലെ ഭാര്യയും ഒരു കുട്ടിയും മരിച്ചു; ഗ്രീഷ്മയുടെ കുടുംബത്തില്‍ മുമ്പും 'വിഷം കൊടുത്തു' കൊല നടന്നോ ഗ്രീഷ്മയെ അഴിക്കുള്ളിലാക്കിയത് 'സഹോദര ശാപം'! 13 കൊല്ലം മുമ്പത്തെ ആ മരണം ഇന്നും ദൂരൂഹം
തിരുവനന്തപുരം: ഷാരോണ്‍ രാജിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിഷം കൊടുത്ത ഗ്രീഷ്മ. കഷായമെന്ന് കരുതി കുടിച്ച് ഷാരോണ്‍ മരിച്ചു. കേസ് അന്വേഷണമെല്ലാം ആദ്യം ഗ്രീഷ്മയ്ക്ക് അനുകൂലമായി. നിഷ്‌കളങ്ക കളിയില്‍ പാറശ്ശാലാ പോലീസിലെ 'നായര്‍' മാടമ്പിമാര്‍ വീണു. അങ്ങനെ എല്ലാം കഴിയുമെന്ന് കരുതിയ ഗ്രീഷ്മയെ കുടുക്കി തെളിവുകള്‍ ഓരോന്നായി പുറത്തെത്തി. ഷാരോണ്‍ കേസില്‍ അമ്മയും അമ്മാവനും ഗ്രീഷ്മയ്‌ക്കൊപ്പം പ്രതികളായി. വിചാരണയ്‌ക്കൊടുവില്‍ അമ്മയെ വെറുതെ വിട്ടു. അപ്പോഴും അമ്മാവന് മൂന്ന് വര്‍ഷം തടവ്. ഇതില്‍ നിറയുന്നത് കുടുംബ ഗൂഡാലോചനയാണ്. ഗ്രീഷ്മ നായര്‍ പെണ്‍കുട്ടിയാണ്. ഷാരോണ്‍ നാടാരും. മകള്‍ താഴ്ന്ന ജാതിക്കാരനെ കെട്ടുന്നതിലെ ദുരഭിമാനമാണ് അമ്മാവനെ വിഷം വാങ്ങുന്നതിലേക്ക് എത്തിച്ചതെന്ന് വ്യക്തം. ഇതിനൊപ്പമാണ് ഈ കുടുംബത്തിലെ മറ്റൊരു ആത്മഹത്യയും ദുരൂഹമായി തുടരുന്നത്. 13 കൊല്ലം മുമ്പായിരുന്നു ആ മരണം. ഗ്രീഷ്മയുടെ അമ്മയുടെ ചേച്ചിയുടെ മകനായിരുന്നു ആത്മഹത്യ ചെയ്തത്. അതായത് ഗ്രീഷ്മയുടെ ചേട്ടന്‍. ഈ പയ്യന്‍ അടുത്തുള്ള താഴ്ന്ന ജാതിയില്‍ പെട്ട യുവതിയെ വിവാഹം ചെയ്തു. അതിന് ശേഷം കുടുംബം ഒറ്റപ്പെടുത്തി. സമ്മര്‍ദ്ദത്തിലാക്കി. അതിനിടെ മൂന്ന് കുട്ടികളുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു. ഒരിക്കലും ആ യുവാവ് ആത്മഹത്യ ചെയ്യില്ലെന്ന് കരുതുന്നവരുണ്ട്. ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയെന്ന് തെളിയുമ്പോള്‍ ആ ആത്മഹത്യയും ചോദ്യ ചിഹ്നമായി തുടരുന്നു.
ഗ്രീഷ്മയുടെ വീടിലെ കാരണവര്‍ അമ്മയുടെ മൂത്ത സഹോദരനാണ്. എല്ലാം തീരുമാനിക്കുന്നത് ഈ സഹോദരനാണ്. ഈ സഹോദരന് പുറമേയാണ് രണ്ടാമനായി നിര്‍മലകുമാരന്‍ നായരുള്ളത്. കൂട്ടത്തില്‍ ഗ്രീഷ്മയുടെ അമ്മയ്ക്ക് ചേച്ചിയുമുണ്ട്. ഈ ചേച്ചിയുടേയും ഗ്രീഷ്മയുടെ അമ്മയുടേയും കാര്യങ്ങള്‍ എല്ലാം തീരുമാനിക്കുന്നത് മൂത്ത സഹോദരനാണ്. നിര്‍മലകുമാരന്‍ നായരും അനുസരിക്കുന്നത് ചേട്ടനെ. ഗ്രീഷ്മയുടെ അമ്മയുടെ ചേച്ചിയുടെ മകന്‍ താഴ്ന്ന ജാതിയില്‍ പെട്ട യുവതിയുമായി പ്രണയത്തിലായി. ഇതിനെ എല്ലാ അര്‍ത്ഥത്തിലും മൂത്ത അമ്മാവന്‍ എതിര്‍ത്തു. ഇതിനെ അവഗണിച്ചാണ് ആ പെണ്‍കുട്ടിയെ യുവാവ് ജീവിത സഖിയാക്കിയത്. മൂന്ന് മക്കളുടെ അച്ഛനുമായി. പക്ഷേ സഹോദരിയുടെ മകന്റെ വിവാഹത്തെ മൂത്ത അമ്മാവന്‍ അംഗീകരിച്ചില്ല. ഭാര്യയേയും മക്കളേയും വീട്ടില്‍ പോലും കയറാന്‍ അനുവദിച്ചില്ല. അവരെ ഉപേക്ഷിക്കാന്‍ യുവാവില്‍ സമ്മര്‍ദ്ദവും ശക്തമാക്കി. ഒടുവില്‍ യുവാവ് മരിച്ചു. വിഷം ഉള്ളില്‍ ചെന്നായിരുന്നു മരണം. അതിനെ ആത്മഹത്യയുടെ ലേബലില്‍ കുടുംബം എത്തിച്ചു. പ്രണയിച്ച വിവാഹം ചെയ്ത യുവതിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളതായിരുന്നു. അതുകൊണ്ട് തന്നെ മരണത്തില്‍ അന്വേഷണ സമ്മര്‍ദ്ദം ചെലുത്താനുള്ള പ്രാപ്തിയും ഇല്ലാതെ പോയി. അങ്ങനെ ആ യുവാവിന്റെ മരണം ആത്മഹത്യയെന്ന് രേഖകളില്‍ കുറിച്ചു. ഷാരോണ്‍ കേസില്‍ ഗ്രീഷ്മയുടെ വിഷം കൊടുക്കല്‍ ചര്‍ച്ചയാകുമ്പോള്‍ ആകേസിലും ദുരൂഹത ശക്തമാണ്. താഴ്ന്ന ജാതിക്കാരിയെ വിവാഹം ചെയ്ത സഹോദരി പുത്രനെ അമ്മാവന്മാര്‍ തന്ത്രത്തില്‍ വിഷം കൊടുത്ത് കൊന്നതാകാമെന്ന് കരുതുന്നവര്‍ ആ പ്രദേശത്ത് ഇപ്പോഴുമുണ്ട്. ഈ യുവാവിന്റെ ഭാര്യയും പിന്നീട് മരിച്ചു. കാന്‍സറായിരുന്നു കാരണം. മൂന്നു മക്കളില്‍ ഒരാളും രോഗത്താല്‍ മരിച്ചു. മറ്റ് രണ്ടു പേര്‍ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. സ്വന്തം ചോരയായിട്ടും ഈ കുട്ടികളെ അംഗീകരിക്കാന്‍ ഗ്രീഷ്മയുടെ അമ്മാവന്മാര്‍ ഇനിയും തയ്യാറായിട്ടില്ലെന്നാണ് സൂചന. ഷാരോണ്‍ മരിക്കുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട് മറുനാടന്‍ അന്വേഷണം നടത്തിയിരുന്നു. അന്ന് പാറശ്ശാലയ്ക്ക് അടുത്തള്ള ബന്ധു വീട്ടില്‍ കഴിയുന്ന ഈ കുട്ടികളെ നേരിട്ട് കാണുകയും ചെയ്തിരുന്നു. അച്ഛന്‍ വീട്ടുകാരുമായി അന്ന് അവര്‍ക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.
വല്യമ്മയുടെ മകന്റെ മരണവും ദുരൂഹതയുമെല്ലാം ഗ്രീഷ്മയ്ക്കും അറിയാവുന്നതാണ്. ഇത് മനസ്സിലാക്കിയാണോ അമ്മാവനെ കൂടി കാമുകനെ കൊല്ലാന്‍ കൂടെ കൂട്ടിയതെന്ന സംശയവും സജീവമാണ്. ഗ്രീഷ്മയ്ക്ക് കൊലക്കയര്‍ കിട്ടി. അമ്മാവന് മൂന്ന് കൊല്ലം തടവും. വിചാരണ തടവുകാരനായി ഈ അമ്മാവന്‍ ഒരു കൊല്ലം ജയിലില്‍ കിടന്നു. അതായത് രണ്ട് കൊല്ലം കഴിയുമ്പോള്‍ അമ്മാവന്‍ പുറത്തു വരും. ഗ്രീഷ്മയുടെ അമ്മയെ വെറുതേവിട്ടതിനെതിരേ തുടര്‍നടപടികള്‍ ഉണ്ടാവില്ലെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരിക്കലും അപ്പീല്‍ നല്‍കേണ്ട ആവശ്യമില്ല. അന്വേഷണസംഘത്തിന് നല്‍കിയ കുറ്റസമ്മതമൊഴിയല്ലാതെ മറ്റൊന്നും അവര്‍ തെളിവ് നശിപ്പിച്ചതിന് പോലീസിന് ലഭിച്ചിരുന്നില്ല. അതുകൊണ്ട് മാത്രമാണ് കോടതിക്ക് ഗ്രീഷ്മയുടെ അമ്മയെ വെറുതേവിടേണ്ടിവന്നതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. നേരത്തേ 2022 ആഗസ്റ്റ് 22-ന് ജ്യൂസില്‍ വലിയ അളവില്‍ പാരസിറ്റമോള്‍ കലക്കി ഷാരോണിനെ കൊലപ്പെടുത്താന്‍ പ്രതി ശ്രമിച്ചിരുന്നുവെന്നും ജ്യൂസ് തുപ്പികളഞ്ഞതുകൊണ്ട് ആ വധശ്രമം പരാജയപ്പെട്ടതായും കോടതി കണ്ടെത്തി. ഇതിലൂടെ മുന്‍പും പ്രതി കുറ്റംകൃത്യം ചെയ്തതായി കോടതി വിലയിരുത്തി. പരമാവധി ശിക്ഷ നല്‍കുന്നതിന് കോടതിക്കു മുന്‍പില്‍ ഇതും പ്രധാനഘടകമായി. കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പാക്കിയ കുറ്റകൃത്യമാണെന്നും കോടതി കണ്ടെത്തി. ഗ്രീഷ്മ പൈശാചികമായ മനസ്സിന് ഉടമയാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി പൂര്‍ണമായി അംഗീകരിച്ചെന്നും ഇതാണ് വധശിക്ഷ വിധിക്കുന്നതിലേക്ക് എത്തിച്ചതെന്നും വിനീത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കേരളം കാത്തിരുന്ന വിധിയാണ് ഷാരോണ്‍ കൊലപാതകക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചിത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന് വിശേഷിപ്പിച്ച കോടതി വധശിക്ഷയാണ് ഗ്രീഷ്മയക്ക് നല്‍കിയിരിക്കുന്നത്. അതിസമര്‍ത്ഥമായി കേസന്വേഷിച്ച കേരള പൊലീസിനെ കോടതി അഭിനന്ദിച്ചു. മാറിയ കാലത്തിന് അനുസരിച്ചാണ് അന്വേഷണം മുന്നോട്ട് പോയതെന്നും, ശാസ്ത്രീയ തെളിവുകള്‍ നന്നായി ഉപയോഗിച്ചുവെന്നും കോടതി പ്രശംസിച്ചു. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകത്തിന് പുറമെ ഷാരോണിന് വിഷം കൊടുത്തു എന്നതും, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.കുറ്റകൃത്യം ചെയ്യുന്നതിന് വേണ്ടി പ്രതി അവലംബിച്ച അതേമാര്‍ഗം തന്നെയാണ് അത് തെളിയിക്കാനും കേരള പൊലീസ് സ്വീകരിച്ചത്. വിവര സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഗ്രീഷ്മ ഉപയോഗിച്ചിരുന്നുവെന്ന് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് മനസിലായിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ള പ്രതി ഗൂഗിളിന്റെയും മറ്റ് സെര്‍ച്ച് എഞ്ചിനുകളുടെയും സഹായത്തോടെ കുറ്റം നടപ്പാക്കാനും, അതില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകള്‍ തേടാനുള്ള മാര്‍ഗം അന്വേഷിക്കുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു പൊലീസ് അന്വേഷണം.
ഗ്രീഷ്മയുടെയും ഷാരോണിന്റെയും എല്ലാ ചാറ്റുകളും അന്വേഷണത്തില്‍ വീണ്ടെടുത്തു. സ്‌ളോ പോയിസണ്‍ കൊടുത്ത് കഴിഞ്ഞാല്‍ മനുഷ്യ ശരീരത്തില്‍ എന്ത് സംഭവിക്കുമെന്ന് ഗ്രീഷ്മ റിസര്‍ച്ച് നടത്തിയതും, അതിന് ഏതൊക്കെ വിഷം ഉപയോഗിക്കാം എന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞതും, സെര്‍ച്ച് ചെയ്ത ഗൂഗിള്‍ ഹിസ്റ്റി ഡിലീറ്റ് ചെയ്തതും തുടങ്ങിയതിന്റെയെല്ലാം തെളിവുകള്‍ പൊലീസ് വീണ്ടെടുത്തു.പിന്നീട് പ്രതിയുടെ വീട്ടില്‍ ഷാരോണ്‍ പോയിരുന്നു എന്നുള്ള തെളിവുകള്‍ ഓരോന്നായി കണ്ടെത്തി. കോടതിയിലെ വാദത്തിനിടയില്‍ ഷാരോണ്‍ തന്റെ വീട്ടിലേക്ക് വന്നിട്ടില്ല എന്ന് ഗ്രീഷ്മ ഉന്നയിക്കുകയാണെങ്കില്‍ അത് പൊളിക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. എല്ലാ തെളിവുകളും ശാസ്ത്രീയമായി തന്നെ ശേഖരിച്ചു.ഇതെല്ലാം പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചത്. ഈ വിധിയില്‍ അകാലത്തില്‍ മരിച്ച സ്വന്തം വല്യമ്മയുടെ മകന്റെ ശാപമുണ്ടെന്ന് കരുതുന്ന നാട്ടുകാരും രാമവര്‍മ്മന്‍ചിറയിലുണ്ട്.