ഷാരോണിനെ 'തട്ടിക്കൊണ്ടു പോയി' ലൈംഗിക വേഴ്ച നടത്തി കഷായ വിഷം നല്‍കിയ ആ വീട് ഗ്രീഷ്മയുടെ അമ്മ വിറ്റു; വാങ്ങിയത് അടുത്ത ബന്ധു; മകള്‍ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ അമ്മ ഇപ്പോള്‍ താമസിക്കുന്ന 'കുടുംബ വീട്ടില്‍' ഉയര്‍ന്നത് നിലവിളി; രണ്ടു കൊല്ലം ജയിലില്‍ കിടന്നാല്‍ കേസ് തീരുമെങ്കിലും അമ്മാവന്‍ അപ്പീല്‍ നല്‍കും; ആ കല്യാണ പാര്‍ട്ടിക്ക് ആരും പോയില്ല; രാമവര്‍മന്‍ചിറയില്‍ സംഭവിക്കുന്നത്

Update: 2025-01-21 05:19 GMT

തിരുവനന്തപുരം: രാമവര്‍മന്‍ചിറയില്‍ ഷാരോണ്‍ രാജിന് വിഷം നല്‍കിയ ആ വീട് ഗ്രീഷ്മയുടെ കുടുംബം കൈവിട്ടു. അടുത്ത ബന്ധുവിന് ആ വീട് ഗ്രീഷ്മയുടെ അമ്മ വിറ്റു. മകളെ വധശിക്ഷയ്ക്ക് വിധിച്ച കോടതി വിധി അറിഞ്ഞതു മുതല്‍ ഗ്രീഷ്മയുടെ അമ്മ അലമുറയിട്ട് നിലവിളിയായിരുന്നു. നെഞ്ചത്തടിച്ച് കരച്ചിലും. സ്വന്തം വീട് വിറ്റ ഗ്രീഷ്മയുടെ അമ്മ രാമവര്‍മന്‍ചിറയില്‍ തന്നെയുള്ള തന്റെ കുടുംബ വീട്ടിലാണുള്ളത്. ഗ്രീഷ്മയെ വധശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ അമ്മാവന്‍ നിര്‍മ്മലകുമാരന്‍ നായര്‍ക്ക് മൂന്ന് വര്‍ഷത്തില്‍ തടവൊതുങ്ങി. അതുകൊണ്ട് തന്നെ ജാമ്യവും കോടതി അനുവദിച്ചു. അപ്പീല്‍ കാലം കഴിയും വരെ നിര്‍മല കുമാരന്‍ നായര്‍ക്ക് പുറത്തു തുടരാം. അപ്പീല്‍ നല്‍കാതെ രണ്ട് കൊല്ലം കൂടി ജയിലില്‍ കിടന്നാല്‍ അമ്മാവന് ശിക്ഷാ കാലം കഴിയും. അങ്ങനെ ജയില്‍വാസം അനുഭവിച്ചാല്‍ അത് കോടതി വിധി അംഗീകരിക്കലാകും. ഇത് ഗ്രീഷ്മയുടെ വധശിക്ഷയ്‌ക്കെതിരായ അപ്പീലിനെ പോലും ബാധിക്കും. അതുകൊണ്ട് അമ്മാവനും തന്റെ ചെറിയ കാലയളവിനുള്ള ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ പോകും. വിചാരണ കാലത്ത് ഒരു കൊല്ലം നിര്‍മലകുമാരന്‍ നായര്‍ ജയിലില്‍ കിടന്നു. അതുകൊണ്ട് തന്നെ രണ്ടു കൊല്ലം കൂടി ശിക്ഷ അനുഭവിച്ചാല്‍ നിര്‍മകുമാരന്‍ നായര്‍ ഈ കേസില്‍ നിന്നും സ്വതന്ത്രനാകും. അപ്പോഴും സഹോദരിയുടെ മകളായ ഗ്രീഷ്മയ്ക്ക് വേണ്ടി ഹൈക്കോടതി അപ്പീലില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ഈ അമ്മാവനും.

ഗ്രീഷ്മയുടെ അടുത്ത ബന്ധുവിന്റെ കല്യാണ പാര്‍ട്ടിയായിരുന്നു കഴിഞ്ഞ ദിവസം. വീടിന് അടുത്തായിരുന്നു ഈ പാര്‍ട്ടി. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും എല്ലാം പങ്കെടുക്കേണ്ട ചടങ്ങുകള്‍. പക്ഷേ ഗ്രീഷ്മയുമായി ബന്ധപ്പെട്ടവര്‍ എല്ലാം ആ ചടങ്ങുകള്‍ ഒഴിവാക്കി. ആ എല്ലാ അര്‍ത്ഥത്തിലും നിലവളികളുടേതായി. രണ്ടു ദിവസം മുമ്പ് ഈ കേസില്‍ ഗ്രീഷ്മയുടെ അമ്മയെ കോടതി വെറുതെ വിട്ടിരുന്നു. ഇതോടെ ആ കുടുംബം പ്രതീക്ഷയിലായി. മകള്‍ക്ക് ജീവപര്യന്തം മാത്രമേ കിട്ടുവെന്ന് ഏവരും പ്രതീക്ഷിച്ചു. ഇതിനായിരുന്ന വധശിക്ഷാ വിധി തിരിച്ചടിയായത്. അപ്പീല്‍ കൊടുത്താല്‍ വധശിക്ഷയില്‍ ഇളവ് കിട്ടുമെന്ന് കുടുംബം പ്രതീക്ഷിക്കുന്നുണ്ട്. അപ്പോഴും അപ്പീല്‍ അംഗീകരിക്കും വരെ പരോള്‍ ഇല്ലാതെ ഗ്രീഷ്മ അകത്തു കിടക്കും. ഹൈക്കോടതി അതിവേഗം അപ്പീല്‍ പരിഗണിക്കാനും സാധ്യതയില്ല. അതായത് കുറച്ചു കാലമെങ്കിലും അപ്പീല്‍ അനുവദിക്കുന്ന സാഹചര്യമുണ്ടെങ്കിലും ഗ്രീഷ്മയ്ക്ക് അകത്തു കിടക്കേണ്ടി വരും. നാഗര്‍കോവിലിലെ ബന്ധുവിട്ടിലായിരുന്നു കുറച്ചു കാലമായി ഗ്രീഷ്മ നിന്നിരുന്നത്. ജാമ്യ വ്യവസ്ഥ അനുസരിച്ച് സ്‌റ്റേഷനിലും മറ്റും ഒപ്പിടാന്‍ ഗ്രീഷ്മ എത്തിയിരുന്നത് രാത്രിയിലെ കെ എസ് ആര്‍ ടി സി ബസിലായിരുന്നു. മകളുടെ സ്വകാര്യത പരമാവധി കാത്ത് സൂക്ഷിക്കാന്‍ കുടുംബം ആവുന്നതെല്ലാം ചെയ്തു. കോടതി വിധി അനുകൂലമായാല്‍ ചെന്നൈയിലേക്ക് മാറാനായിരുന്നു തീരുമാനം. ഇതെല്ലാം തകര്‍ക്കുന്നതായി നെയ്യാറ്റിന്‍കര കോടതി വിധി.

ഷാരോണ്‍ രാജ് കൊലക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ കേരള പൊലീസിനെ സഹായിച്ചത് ഗ്രീഷ്മ നടത്തിയ 'തട്ടിക്കൊണ്ടുപോകല്‍' ആണെന്നതാണ് വസ്തുത. ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച കോടതി വിധിയില്‍ 'തട്ടിക്കൊണ്ടു പോകല്‍' കുറ്റത്തിനും ശിക്ഷ നല്‍കിയതോടെ നിയമപരമായി കേസ് കൂടുതല്‍ കരുത്തുള്ളതായി. കേരള പൊലീസ് ഈ നീക്കം നടത്തിയിരുന്നില്ലെങ്കില്‍ കേസ് അന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറേണ്ടി വരുമായിരുന്നു. കാരണം കുറ്റകൃത്യത്തിന്റെ പ്രധാന ഭാഗം നടന്നത് തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയിലെ ദേവിയോട് വില്ലേജിലെ പൂമ്പള്ളിക്കോണത്തെ രാമവര്‍മന്‍ചിറയിലുള്ള ശ്രീനിലയം എന്ന വീട്ടില്‍ വച്ചാണ്. നിയമപരമായി കൃത്യം നടന്ന സ്ഥലത്തെ പൊലീസിനാണ് അന്വേഷണച്ചുമതല. ഈ വീടാണ് ഗ്രീഷ്മയുടെ അമ്മ മറ്റൊരു ബന്ധുവിന് വിറ്റത്. അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റിയാല്‍ ഒരു പക്ഷേ കേരളത്തില്‍ ലഭിക്കുന്ന പ്രാധാന്യം നഷ്ടപ്പെടുമോ എന്ന് കേരള പൊലീസ് സംശയിച്ചു. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് ഈ കുരുക്കഴിക്കാന്‍ വഴി കണ്ടെത്തിയത്. ഷാരോണിനെ ഗ്രീഷ്മ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നതാണ് കേസ് എന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അതോടെ തട്ടിക്കൊണ്ടു പോയതിനും ഗ്രീഷ്മയ്‌ക്കെതിരെ കേസെടുത്തു. അതോടെ കേസ് കേരളത്തില്‍ നിലനിര്‍ത്താനും കഴിഞ്ഞു. ഈ നിലപാട് കോടതിയും അംഗീകരിച്ചു. കോടതി വിധിയിലെ 7,8 ഖണ്ഡികയില്‍ പറയുന്ന തട്ടിക്കൊണ്ടുപോകലിന് ഷാരോണ്‍ രാജ് വിധേയനായതായി കോടതി കണ്ടെത്തിയതായാണ് വിധിയില്‍ പറയുന്നത്.

പാറശ്ശാലയിലെ വീട്ടില്‍ നിന്നും ഗ്രീഷ്മയുടെ ആവശ്യപ്രകാരമാണ് ഷാരോണ്‍ കന്യാകുമാരി ജില്ലയിലെ ദേവിയോട് വില്ലേജിലെ പൂമ്പള്ളിക്കോണത്തെ ശ്രീനിലയം എന്ന വീട്ടില്‍ എത്തിയത്. വീട്ടില്‍ അമ്മയും അമ്മാവനും ഇല്ലെന്നു പറഞ്ഞ ഗ്രീഷ്മ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഷാരോണിനെ പ്രലോഭിപ്പിച്ച് വിളിച്ചിരുന്നു. ഈ ഫോണ്‍ വിളിയാണ് തട്ടിക്കൊണ്ടുപോകലായി കോടതി പരിഗണിച്ചത്. ഫോണില്‍ ലൈംഗിക കാര്യങ്ങള്‍ സംസാരിച്ച ഗ്രീഷ്മ, ഷാരോണിനെ നിര്‍ബന്ധപൂര്‍വം രാമവര്‍മന്‍ ചിറയ്ക്ക് സമീപത്തെ പൂമ്പള്ളിക്കോണത്തുള്ള വീട്ടിലെത്തിക്കുകയായിരുന്നുവെന്നും ഇതു തട്ടിക്കൊണ്ടുപോകലാണെന്നും കോടതി കണ്ടെത്തി. കുറ്റകൃത്യത്തിന്റെ തുടക്കം കേരളത്തില്‍ നിന്നാണെന്ന് സ്ഥാപിക്കാന്‍ കേരള പൊലീസിനെ സഹായിച്ചത് ഈ വകുപ്പാണ്. തട്ടിക്കൊണ്ടുപോകല്‍ കൊലപാതകത്തിലേക്കു നയിച്ചുവെന്ന് കേസിന്റെ വിചാരണ വേളയില്‍ കേരള പൊലീസിന് തെളിയിക്കാന്‍ സാധിച്ചിരുന്നു. ഷാരോണുമായി ഗ്രീഷ്മ നടത്തിയെന്ന് പറയുന്ന ഫോണ്‍ വിളിയ്ക്കു മുന്‍പ് തന്നെ കഷായത്തില്‍ കലര്‍ത്താനുള്ള വിഷവസ്തു ഗ്രീഷ്മയുടെ കയ്യില്‍ ഉണ്ടായിരുന്നതായും കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ഇക്കാര്യം ഗൂഗിളില്‍ തിരഞ്ഞതായും പൊലീസ് തെളിവ് നല്‍കി. ഇതോടെ കൊലപാതകം ലക്ഷ്യം വച്ചുള്ള തട്ടിക്കൊണ്ടുപോകല്‍ എന്ന കുറ്റകൃത്യം ഗ്രീഷ്മ നടത്തിയെന്നും കോടതിയ്ക്ക് ബോധ്യപ്പെട്ടു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ പ്രവൃത്തി, അതിക്രൂരമായ കൊലപാതകം എന്നീ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ഷാരോണ്‍ കൊലക്കേസില്‍ ഗ്രീഷ്മയ്ക്കു നെയ്യാറ്റിന്‍കര അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. കുറ്റം ചെയ്തിട്ടില്ലെന്ന വാദത്തില്‍ തുടക്കത്തില്‍ ഉറച്ചുനിന്ന ഗ്രീഷ്മ പിന്നീടു കുറ്റം സമ്മതിച്ചിരുന്നു. ഷാരോണ്‍ ബ്ലാക്ക്‌മെയില്‍ ചെയ്തതിനാലാണു കൊലപ്പെടുത്തിയതെന്ന ന്യായവും നിരത്തി. കൊല ചെയ്തുവെന്ന് സമ്മതിച്ചതിനാല്‍ പ്രോസിക്യൂഷന്റെ ഭാഗം ബലപ്പെട്ടു. കൊലപാതകത്തെ ന്യായീകരിക്കാന്‍ നിരത്തിയ കാരണങ്ങള്‍ തള്ളിയതോടെ ഗ്രീഷ്മയ്ക്കുമേല്‍ കുരുക്കു മുറുകി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്.വിനീത്കുമാര്‍, അല്‍ഫാസ് മഠത്തില്‍, വി.എസ്.നവനീത്കുമാര്‍ എന്നിവര്‍ ഹാജരായി. ഗ്രീഷ്മയുടെ ചെറുപ്രായം കണക്കിലെടുത്തു ശിക്ഷയില്‍ ഇളവു നല്‍കണമെന്ന വാദം കോടതി തള്ളിയത് ഇങ്ങനെ കൊല്ലപ്പെട്ട ഷാരോണിനും ഗ്രീഷ്മയുടെ അതേ പ്രായമാണെന്ന് വിശദീകരിച്ചാണ്. അതുകൊണ്ടു പ്രായത്തിന്റെ ആനുകൂല്യം ഗ്രീഷ്മയ്ക്കു നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.

Similar News