ഏറ്റെടുത്ത അഞ്ച് കേസുകളില്‍ നാലിലും വധശിക്ഷ ഉറപ്പാക്കി; ഇനി ബാക്കിയുള്ളത് 14 കാരനെ കാറിടിപ്പിച്ച് കൊന്ന കേസ്; ഷാരോണിന്റെ ഉള്ളില്‍ വിഷം ചെന്നതിന് തെളിവില്ലാതെ വന്നപ്പോള്‍ സഹായകരമായത് പഴയ മെഡിക്കല്‍ റെപ്രെസെന്ററ്റീവ് ജീവിതം; പൊലീസിലെ പോലും ഞെട്ടിച്ച സൂക്ഷ്മബുദ്ധിയോടെ കരുക്കള്‍ നീക്കി ഗ്രീഷ്മയ്ക്ക് തൂക്കു കയര്‍ നേടി കൊടുത്ത പ്രോസിക്യൂട്ടര്‍ വിനീത്കുമാറിന്റ കഥ
തിരുവനന്തപുരം: അഡ്വ വിഎസ് വിനീത് കുമാര്‍. പോലീസിന് വേണ്ടി അഞ്ചു കേസുകളിലാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായത്. അതില്‍ നാലു കേസുകളില്‍ വിധി വന്നു. നാലും വധ ശിക്ഷ. ലോകത്തൊരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറിനും കോടതിയിലെ വിചാരണയിലൂടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി വാദിച്ച എല്ലാ കേസുകളിലും വധശിക്ഷയെന്ന വിധി നേടിയെടുക്കാന്‍ പറ്റിയിട്ടുണ്ടാകില്ല. ഇതേ വക്കീലാണ് ഗ്രീഷ്മയ്ക്കും പരമാവധി ശിക്ഷ വാങ്ങി നല്‍കിയത്. തന്റെ എല്ലാ അനുഭവ സമ്പത്തും ഉപയോഗിച്ചായിരുന്നു ഗ്രീഷ്മയ്‌ക്കെതിരെ വാദം ഉയര്‍ത്തിയത്. പോലീസ് കുറ്റപത്രത്തെ നന്നായി വിശകലനം ചെയ്ത് തെളിവുകള്‍ കോടതിക്ക് മുമ്പിലെത്തിച്ച അഭിഭാഷകന്‍. സാഹചര്യ തെളിവുകളിലൂടെ തന്നെ പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കാമെന്ന് സ്ഥാപിക്കുന്ന വക്കീല്‍. ഈ കേസില്‍ ഗ്രീഷ്മയുടെ അമ്മയെ കോടതി വെറുതെ വിട്ടു. അപ്പോള്‍ അദ്ദേഹം നടത്തിയ സത്യസന്ധമായ വിശകലനം ഏതൊരു അഭിഭാഷനും മാതൃകയാണ്. ഗ്രീഷ്മയുടെ അമ്മയെ പ്രതിയാക്കിയത് കുറ്റസമ്മത മൊഴി കണക്കിലെടുത്താണ്. അതിന് അപ്പുറത്തേക്ക് അവരുടെ ക്രൂരത തെളിയിക്കുന്ന തെളിവുകളൊന്നും കോടതിയ്ക്ക് മുമ്പിലെത്തിയില്ലെന്ന് തുറന്നു പറഞ്ഞു. കുറ്റസമ്മത മൊഴി കോടതിയില്‍ തെളിവായി പരിഗണിക്കുക വിചാരണയിലും പ്രതി കുറ്റസമ്മതം നടത്തിയാല്‍ മാത്രമാണ്. പ്രതികള്‍ എല്ലാം കുറ്റം നിഷേധിക്കും. അങ്ങനെ വരുമ്പോള്‍ കുറ്റസമ്മത മൊഴിയുടെ പ്രസക്തി കുറയും. ഗ്രീഷ്മയുടെ ക്രൂരത തെളിയിക്കുന്നതിലായിരുന്നു ആ അഭിഭാഷകന്‍ പ്രത്യേക ശ്രദ്ധ കൊടുത്തത്. വക്കീല്‍ ആകുന്നതിന് മുമ്പ് വിനീത് കുമാര്‍ മെഡിക്കല്‍ റെപ്പറസെന്റേറ്റീവായിരുന്നു. മരുന്നുകളെ കുറിച്ച് അന്ന് നല്ല അറിവുണ്ടായിരുന്നു. ഈ അറിവും ഗ്രീഷ്മയ്ക്ക് കൊലക്കയര്‍ നല്‍കുന്നതില്‍ നിര്‍ണ്ണായകമായി.
തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയാണ് വിനീത് കുമാര്‍. വക്കീല്‍ ആകുന്നതിന് മുമ്പ് മെഡിക്കല്‍ റെപ്രസന്റിറ്റീവായിരുന്നു. പിന്നീട് തിരുവനന്തപുരം ബാറില്‍ അഭിഭാഷകനായി. ക്രിമിനല്‍ കേസുകളാണ് കൂടുതലായി പരിഗണിക്കുന്നത്. തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകനുമാണ്. ഇതിനൊപ്പം നിയമത്തില്‍ ഡോക്ടറേറ്റുമുണ്ട്. ക്രിമിനല്‍ സ്വഭാവത്തെ സ്വാധീനിക്കുന്ന ജനറ്റിക്കല്‍ ഫാക്ടേഴ്‌സിനെ കുറിച്ച് പഠിച്ചതിനാണ് ഡോക്ടറേറ്റ്. ഇന്ത്യയിലെ തന്നെ അത്യപൂര്‍വ്വ നിയമ പഠന ഡോക്ടറേറ്റാണ് ഇതും. ഹൈക്കോടതിയിലും സജീവമാണ് വിനീത് കുമാര്‍. ഏറ്റെടുത്ത അഞ്ച് കേസുകളില്‍ നാലിലും വധശിക്ഷ ഉറപ്പാക്കിയ ഈ സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പോലീസിന് നല്‍കുന്നത് വലിയ ആത്മവിശ്വാസവും പ്രതീക്ഷയുമാണ്. വര്‍ക്കല സലിം കൊലക്കേസും ഹരിഹര വര്‍മ്മ കൊലയും ആറ്റിങ്ങല്‍ മരിയന്‍ദാസ് കൊലയിലും പ്രതികള്‍ക്ക് വിചാരണ കോടതിയില്‍ തൂക്കുകയര്‍ കിട്ടി. ഇതിന് പിന്നാലെയാണ് ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്‌ക്കെതിരായ വിധി. കുറ്റകൃത്യത്തിന്റെ ക്രൂരത കോടതിയെ ബോധ്യപ്പെടുത്തി. ഷാരാണ്‍ രാജ് ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരരുതെന്ന കുശാഗ്ര ബുദ്ധി ഗ്രീഷ്മയ്ക്കുണ്ടായി എന്നും തെളിയിച്ചു. ഇനി കേരള മനസാക്ഷിയെ ഞെട്ടിച്ച പൂവച്ചലിലെ 12കാരന്റെ കൊലയില്‍ വിധി വരാനുണ്ട്. അമ്പല പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പാവം പയ്യനെ പ്രിരഞ്ജന്‍ കാറിടിച്ച് കൊന്നത് പൂവച്ചലിലാണ്. മയക്കു മരുന്നും പ്രതികാരവും എല്ലാം ഈ കേസില്‍ നിറയുന്നു. ഇതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതിന് ഗ്രീഷ്മാ വിധിയും വിനീത് കുമാറിന് കരുത്ത് നല്‍കും.
ഗ്രീഷ്മാ കേസില്‍ സാഹചര്യ തെളിവ് മാത്രമായിരുന്നു വിനീത് കുമാറിന് മുന്നിലുണ്ടായിരുന്നത്. വിഷം കഴിച്ചു മരിച്ചുവെന്നാണ് കുറ്റപത്രം. എന്നാല്‍ ശരീരത്തിലോ രക്തത്തിലോ വിഷം കണ്ടെത്താന്‍ കഴിഞ്ഞതുമില്ല. ആന്തരികാവയവ പരിശോധനയില്‍ പോലും വിഷം കണ്ടില്ല. പിന്നെ എങ്ങനെ വിഷം തെളിയിക്കും എന്നതായി ചിന്ത. ഈ ഘട്ടത്തിലാണ് മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലി ചെയ്ത പരിചയം മുതല്‍കൂട്ടായത്. മരുന്നുകളുടെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് നന്നായി അറിയാം. അതുവച്ച് ഈ വിഷം എങ്ങനെയാണ് ഷോരോണിനെ കാര്‍ന്ന് തിന്ന് കൊന്നതും തിരിച്ചറിഞ്ഞു. അതിമാരമാണ് പാരക്വറ്റ് എന്ന വിഷം. ഷാരോണിനെ ഇല്ലാതാക്കാനായി ഗ്രീഷ്മ ഉപയോഗിച്ചത് കളനാശിനിയായ പാരക്വറ്റ് ഡൈ ക്‌ളോറൈഡാണ്. ഈ കളനാശിനിയുടെ പ്രത്യേകതകളെപ്പറ്റിയും, ഉള്ളില്‍ ചെന്നാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റിയുമെല്ലാം ആഴത്തില്‍ പഠിച്ച ശേഷമാണ് വിചാരണയിലേക്ക് അഭിഭാഷകന്‍ കടന്നത്. പാരക്വറ്റ് ഡൈ ക്‌ളോറൈഡ് ഉള്ളില്‍ ചെന്നാല്‍ ആദ്യം വായ് ഭാഗത്ത് അള്‍സറിന് സമാനമായ വ്രണങ്ങളുണ്ടാവും. ഏകദേശം 2, 3 ദിവസം കഴിയുമ്പോഴേക്കും പാരക്വറ്റ് കിഡ്നിയെ ബാധിച്ചിരിക്കും. ഇത് മനുഷ്യ ശരീരത്തിലെ കുടല്‍ മുഴുവന്‍ കരിച്ചു കളയാന്‍ ശക്തിയുള്ള വിഷമാണ്. ഇതിനൊപ്പം മൂന്ന് ദിവസത്തിനുള്ളില്‍ ശരീരത്തെ ആകെ നശിപ്പിച്ച് ഈ വിഷ സാന്നിധ്യം രക്തത്തില്‍ നിന്നു പോലും 90 ശതമാനം അപ്രത്യക്ഷമാകും. ശരീരത്തിലും കാണില്ല. ഇതിനൊപ്പം ഷാരോണിനെ മൂന്ന് ഡയാലിസിസിനും വിധേയനാക്കി. അതുകൊണ്ട് തന്നെ ഒരു ശതമാനം പോലും വിഷം ശരീരത്തിലുണ്ടായിരുന്നില്ല. അന്വേഷണ സമയത്താണ് ഈ വിഷമാണ് ഷാരോണിന്റെ ജീവനെടുത്തതെന്ന് പോലീസിനും മനസ്സിലായത്. കേസിലെ മൂന്നാം പ്രതി കണ്ടെടുത്തു കൊടുത്ത വിഷക്കുപ്പിയില്‍ നിന്നായിരുന്നു പോലീസിന് കാരണം പിടികിട്ടിയത്. ഈ വിഷം ഷാരോണിന്റെ ഉള്ളില്‍ ചെന്നുവെന്ന് തെളിയിക്കാന്‍ വിഎസ് വിനീത് കുമാര്‍ വിദഗ്ധരുടെ സഹായം തേടി.
കുറ്റപത്രം പഠിച്ച ശേഷം മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടിലേക്കായി ശ്രദ്ധ. പല ഡോക്ടര്‍മാര്‍ ഷാരോണിനെ പരിശോധിച്ചു. ഇഎന്‍ടി മുതല്‍ സൈക്യാട്രി വിഭാഗം വരെ ചികില്‍സയുടെ ഭാഗമായി. ഈ ഡോക്ടര്‍മാരെയെല്ലാം കോടതിയില്‍ എത്തിച്ച് വിശദ മൊഴി രേഖപ്പെടുത്തി. പാരക്വറ്റ് എന്ന വിഷം ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ കോടതിയില്‍ ബോധ്യപ്പെടുത്തി. യൂറോളജിക്കാരുടെ മൊഴിയും നിര്‍ണ്ണായകമായി. സൈക്കോളജി വിഭാഗവും ചികില്‍സയില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയിരുന്നു. വിഷം ശരീരത്തിലുണ്ടാക്കിയ ആഘാതത്തില്‍ ഷാരോണിന് മാനസിക പ്രശ്‌നങ്ങളുമുണ്ടായി. അതുകൊണ്ട് തന്നെ ആദ്യ ചികില്‍സാ ഘട്ടത്തില്‍ ഷാരോണ്‍ ആരോടും ഒന്നും പറഞ്ഞില്ല. ആകെ മാനസികമായി താളം തെറ്റിയ അവസ്ഥയിലായിരുന്നു പയ്യന്‍. സൈക്കാട്രി മരുന്നുകളിലൂടെയാണ് ഈ അവസ്ഥ മാറ്റിയെടുത്തത്. അതിന് ശേഷമാണ് ഗ്രീഷ്മയുടെ വീട്ടില്‍ സംഭവിച്ചത് എന്തെന്ന് ഷാരോണ്‍ അച്ഛനോട് പറഞ്ഞത്. അപ്പോഴാണ് ഗ്രീഷ്മയുടെ വീട്ടിലെ കഷായം കുടി അവര്‍ തിരിച്ചറിഞ്ഞതും. ഈ സൈക്യാട്രി ഡോക്ടറുടെ മൊഴിയും നിര്‍ണ്ണായകമായി. ഇതിന് ശേഷമാണ് മറ്റൊരു പ്രധാന ഡോക്ടറെ അന്വേഷണത്തിന്റെ ഭാഗമാക്കിയത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടിയ മലയാളിയാണ് ടോക്‌സികോളജി വിദഗ്ധനായ ഡോ വിവി പിള്ള. അമൃതാ ആശുപത്രിയിലെ ഈ ഡോക്ടറാണ് കേസ് ഡയറിയും മെഡിക്കല്‍ രേഖകളും പരിശോധിച്ച് പാരക്വറ്റ് തന്നെയാണ് മരണ കാരണമെന്ന് ഉറപ്പിച്ചത്. ഫോറന്‍സിക് വിദഗ്ധന്‍ കൂടിയായ ഈ ഡോക്ടറുടെ മൊഴി വിനീത് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് രേഖപ്പെടുത്തിയത്. ഗ്രീഷ്മയുടെ കഷായ വിഷം തെളിയിക്കുന്നതില്‍ അതിനിര്‍ണ്ണായകമായി ഈ മൊഴി. ഡോ വിവി പിള്ളയുടെ മൊഴി കേസില്‍ നിര്‍ണ്ണായകമാണെന്ന് ഐപിഎസ് ഉദ്യോഗസ്ഥയായ ഡി ശില്‍പയോട് പറഞ്ഞതും ആ മൊഴി രേഖപ്പെടുത്തിയതിനും പിന്നിലെ സ്വാധീന ശക്തി വിനീത് കുമാറായിരുന്നു.
ഇതിനിടെ ഗ്രീഷ്മ കാട്ടിയ ഒരു മണ്ടത്തരവും കേസില്‍ നിര്‍ണ്ണായകമായി. വിചാരണയ്ക്കിടെ ജഡ്ജിയ്ക്ക് ഗ്രീഷ്മ തന്നെ കത്ത് എഴുതി നല്‍കി. ഷാരോണ്‍ വീട്ടില്‍ വന്നെന്നും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും അതിന് ശേഷം താന്‍ ബാത്ത് റൂമില്‍ പോയപ്പോള്‍ തനിക്ക് കുടിക്കാന്‍ വിഷം കലക്കിയ കഷായം താനറിയാതെ ഷാരോണ്‍ കുടിച്ചെന്നുമായിരുന്നു ആ കത്തിലെ കുറ്റസമ്മതം. അതായത് ഷാരോണ്‍ കുടിച്ചത് ഗ്രീഷ്മയുടെ വീട്ടിലെ വിഷമാണെന്ന് ഇതോടെ വ്യക്തമായി. ഇതിനൊപ്പം പതിനൊന്ന് ദിവസത്തെ ചികില്‍സയ്ക്കിടെ മാറിമാറി പലരും ചോദിച്ചിട്ടും വിഷത്തെ കുറിച്ച് ഗ്രീഷ്മ മിണ്ടിയില്ല. ചികില്‍സയെ അത് പ്രതികൂലമായി ബാധിച്ചു. അതുകൊണ്ട് മാത്രമാണ് ഷാരോണ്‍ മരിച്ചത്. അതായത് ഷാരോണ്‍ മരിക്കണമെന്ന ആഗ്രഹമില്ലായിരുന്നുവെങ്കില്‍ തനിക്ക് കുടിക്കാന്‍ വേണ്ടി വച്ചിരുന്ന വിഷം ഷാരോണ്‍ കുടിച്ചത് പുറത്ത് പറയുമായിരുന്നു എന്ന സാമാന്യ യുക്തി കൂടിയായപ്പോള്‍ എല്ലാം കോടതിയില്‍ തെളിഞ്ഞു. അഡ്മിറ്റഡ് ഫാക്ട് നീഡ് നോട്ടു ടു ബീ പ്രൂവ്ഡ് എന്ന പൊതു തത്വം ഗ്രീഷ്മയുടെ കത്തെഴുതലിലൂടെ പ്രോസിക്യൂഷന്‍ പണി കുറച്ചു. വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ള ഡോക്ടര്‍മാരെയും ഫോറന്‍സിക് വിദഗ്ദ്ധരെയും സമീപിച്ച് പാരക്വറ്റ് ഡൈ ക്‌ളോറൈഡിനെപ്പറ്റി വിശദമായ പഠനം നടത്തിയത് തന്നെയാണ് ഈ കേസില്‍ നിര്‍ണ്ണായകമായത്. ഡോ. വി.വി പിള്ളയ്ക്ക് പുറമേ ഷേര്‍ലി വാസുവിന്റെ ഉപദേശവും നിര്‍ണ്ണായകമായി. സമര്‍ത്ഥമായി കേസ് അന്വേഷിച്ച കേരള പൊലീസിനെ കോടതി അഭിനന്ദിക്കുകയും ചെയ്തിരുന്നു. ശാസ്ത്രീയ തെളിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തിയതിനെ പ്രശംസിക്കാനും കോടതി മറന്നില്ല. ഗ്രീഷ്മ നടത്തിയത് ആസൂത്രിത കുറ്റകൃത്യമാണെന്നും പ്രായം കുറവാണെന്നതോ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതോ കണക്കിലെടുക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ജഡ്ജി എ.എം ബഷീര്‍ വധശിക്ഷ വിധിച്ചത്.
ഗ്രീഷ്മയ്ക്ക് തൂക്കുകയറിന് പുറമെ തട്ടിക്കൊണ്ട് പോകലിന് 10 വര്‍ഷവും അന്വേഷണം വഴി തെറ്റിച്ചുവിടാന്‍ ശ്രമിച്ചതിന് അഞ്ച് വര്‍ഷവും കോടതി ശിക്ഷ വിധിച്ചു. തെളിവുനശിപ്പിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്നുവര്‍ഷം തടവാണ് ശിക്ഷ. എല്ലാ മെഡിക്കല്‍ ഡിജിറ്റല്‍ തെളിവുകളും കണ്ടെത്തി അന്വേഷണ സംഘംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബ്രില്യന്റ് ആന്‍ഡ് ബ്രൂട്ടല്‍ ക്രൈം, ഇങ്ങനെയാണ് പാറശാല ഷാരോണ്‍ വധക്കേസിനെ കോടതി നിരീക്ഷിച്ചത്. ആത്മാര്‍ത്ഥ പ്രണയത്തിന് ഗ്രീഷ്മ ഷാരോണിന് മരണം സമ്മാനിച്ചപ്പോള്‍ സമാനതകളില്ലാത്ത ആ കുറ്റകൃത്യത്തിന് നീതിപീഠവും വിധിച്ചു വധശിക്ഷ. ഗ്രീഷ്മയ്ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി എസ് വിനീത് കുമാര്‍ പുലര്‍ത്തിയ ജാഗ്രത അതിനിര്‍ണ്ണായകമായി. ആത്മാര്‍ത്ഥമായി സ്‌നേഹിച്ച കാമുകനെ ഗ്രീഷ്മ മാരക വിഷം നല്‍കി ചതിച്ച് കൊലപ്പെടുത്തിയ സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് സ്ഥാപിച്ചെടുക്കാന്‍ വിനീത് കുമാറിന് സാധിച്ചു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും പരമാവധി സമാഹരിച്ച് പഴുതടച്ച വാദത്തിലൂടെയാണ് വിനീത് കുമാര്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ വാങ്ങിക്കൊടുത്തു.
ഇതിന് മുന്‍പ് വിനീത് കുമാര്‍ വാദിച്ച മൂന്ന് കേസുകളിലും പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുത്തിരുന്നു. 2011ല്‍ ഗള്‍ഫ് വ്യവസായിയായ വര്‍ക്കല നരിക്കല്ലുമുക്കില്‍ സലീമിനെ കൊന്ന് 16 കഷണങ്ങളാക്കി കുഴിച്ചിട്ട കേസാണ് അതില്‍ ഒന്ന്. തിരുവന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായ വിനീത് കുമാര്‍ ഒന്നാം പ്രതി ഷെരീഫിന് വധശിക്ഷ വാങ്ങിക്കൊടുത്തു. 2014ലായിരുന്നു നാടിനെ നടുക്കിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം. 2014ല്‍ കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരായിരുന്ന അനുശാന്തിയും കാമുകന്‍ നിനോ മാത്യുവും അനുശാന്തിയുടെ നാല് വയസുള്ള മകളെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പഴുതടച്ച വാദം നടത്തിയ വിനീത് കുമാര്‍ കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ വാങ്ങി നല്‍കി. എന്നാല്‍ ഹൈക്കോടതി ഇത് ജീവപര്യന്തം കഠിനതടവായി കുറച്ചിരുന്നു. കോളിയൂര്‍ സ്വദേശി മരിയ ദാസിനെ വീട്ടില്‍ കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലും വിനീത് കുമാറിന്റെ ഇടപെടല്‍ നിര്‍ണായകമായി. കേസിലെ ഒന്നാം പ്രതി അനില്‍കുമാറിന് വിനീത് കുമാര്‍ വധശിക്ഷ വാങ്ങി നല്‍കിയിരുന്നു.
വി എസ് വിനീത് കുമാറിന്റെ മറ്റൊരു പൊന്‍തൂവലാണ് ഷാരോണ്‍ വധക്കേസിലെ വിധി. നിയമത്തില്‍ പിഎച്ച്ഡി ഉള്ള വിനീത് കുമാറിന് 32 വര്‍ഷമായി പ്രോസിക്യൂഷനില്‍ മുന്‍പരിചയമുണ്ട്. സാക്ഷി വിസ്താരത്തിലെ കൃത്യതയും ക്രിമിനല്‍ നിയമത്തിലെ പാണ്ഡിത്യവും വാദത്തിലെ പ്രത്യേക ശൈലിയും വി എസ് വിനീത് കുമാറിന്റെ പ്രത്യേകതയാണ്. ഷാരോണ്‍ വധക്കേസില്‍ കുറ്റകൃത്യം മറയ്ക്കാന്‍ ഗ്രീഷ്മ ഉണ്ടാക്കിയെടുത്ത തെളിവുകള്‍ തന്നെ അവള്‍ക്കെതിരായി വന്നുവെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ അന്നത്തെ തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യും ഇപ്പോള്‍ കാസര്‍കോട് ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി.യുമായ കെ.ജെ. ജോണ്‍സണ്‍ ഇന്ന് തിരിട്ടറിയുന്നു. ആദ്യം കേസ് അന്വേഷിച്ച പാറശ്ശാല പോലീസ് ഗ്രീഷ്മയുടെ മൊഴി രേഖപ്പെടുത്തിയത് പരിശോധിച്ചപ്പോള്‍തന്നെ പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഗ്രീഷ്മ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു. പറയുന്നത് ശരിയാണോയെന്ന് അവരറിയാതെ അപ്പപ്പോള്‍ അന്വേഷണസംഘം പരിശോധിച്ചു. ശരീരവേദനയ്ക്കുള്ള കഷായം ഉപയോഗിക്കുന്നുണ്ടെന്നും പൂവാറിലുള്ള ആയുര്‍വേദ ആസ്പത്രിയിലെ ഡോക്ടറുടെ നിര്‍ദേശമപ്രകാരം ആറുമാസത്തോളമായി കഴിക്കുന്നുണ്ടെന്നും ഗ്രീഷ്മ മൊഴിനല്‍കി. എന്നാല്‍ ഈ ആസ്പത്രിയില്‍ അവര്‍ ഒരു ചികിത്സയും നടത്തിയിട്ടില്ലെന്നും അമ്മ സിന്ധു അവിടെ ചികിത്സിച്ചിരുന്നുവെന്നും കാല്‍മുട്ടുവേദനയ്ക്ക് കഷായത്തിന്റെ പൊടി കൊടുത്തിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഗ്രീഷ്മയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോള്‍ ചില ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. എന്തിന് ഡിലീറ്റ് ചെയ്തുവെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിച്ചില്ല. ഇത് സൈബര്‍ സെല്‍ മുഖേന വീണ്ടെടുത്ത് ഇതുവെച്ചും ചോദ്യംചെയ്തു. പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് ഗ്രീഷ്മയുടെ മുന്നില്‍വെച്ചുതന്നെ തെളിയിച്ചു. അതോടെ പിടിച്ചുനില്‍ക്കാനാകാതെ കുറ്റം സമ്മതിച്ചു.
നേരിട്ടുള്ള സാക്ഷികളില്ലാത്തതിനാല്‍ ശാസ്ത്രീയ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമായിരുന്നു. ഷാരോണിനൊപ്പം പോയ കൂട്ടുകാരന്‍ മാത്രമാണ് സാക്ഷിയായിട്ടുള്ളത്. അയാള്‍ പക്ഷേ, വീട്ടില്‍ പ്രവേശിച്ചിരുന്നില്ല. റോഡില്‍ കാത്തുനില്‍ക്കുകയായിരുന്നു. കൂട്ടുകാരന്റെ മൊഴി കേസില്‍ നിര്‍ണായക വഴിത്തിരിവായി. തിരികെവന്ന് വണ്ടിയില്‍ കയറുമ്പോഴേ ഛര്‍ദിച്ചെന്നും പച്ചനിറത്തിലായിരുന്നുവെന്നുമായിരുന്നു മൊഴി. ഇതില്‍നിന്ന് വിഷത്തിന്റെ സാന്നിധ്യം മനസ്സിലായി. ആത്മഹത്യാപ്രവണതയുള്ള ഗ്രീഷ്മ അതിനായി തയ്യാറാക്കിവെച്ച കഷായം ഷാരോണ്‍ വഴക്കുണ്ടാക്കി എടുത്തുകുടിച്ചെന്നും മറ്റുമുള്ള പ്രതിഭാഗത്തിന്റെ വാദവും വൈരുധ്യം നിറഞ്ഞതായി. ഗ്രീഷ്മ ഇന്നുവരെ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് തെളിവുമില്ലായിരുന്നു. കരള്‍ കൊടുത്തയാളുടെ കരള്‍ ഗ്രീഷ്മ വിഷം കൊടുത്ത് കരിച്ചു. ഷാരോണിന്റെ ആന്തരികാവയവങ്ങള്‍ വിഷബാധയേറ്റ് വെന്തനിലയിലായിരുന്നു. കേരളത്തില്‍ നിരോധിച്ചതും അതിതീവ്രവുമായ കളനാശിനി 'കാപിക്' ആണ് കഷായത്തില്‍ ചേര്‍ത്ത് നല്‍കിയത്. കുടിച്ച ഉടന്‍തന്നെ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങി. മറ്റ് ചില വിഷം അത്രവേഗം ബാധിക്കില്ല. തൊണ്ട, അന്നനാളം, കരള്‍, ആമാശയം, വൃക്ക എല്ലാം വെന്ത് അഴുകിപ്പോയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.