ഹൈക്കോടതിയില്‍ ഫയലിംഗ്; യോജിപ്പുണ്ടെങ്കില്‍ വാദം തിരുവനന്തപുരത്തും; അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ ഹര്‍ജികള്‍ വീതിച്ചും നല്‍കാം; മോദിയുടെ ഓഫീസ് പ്രതികരണം ആരാഞ്ഞിട്ടും പിണറായിയ്ക്ക് അനക്കമില്ല! സെക്രട്ടറിയേറ്റിലെ കെടുകാര്യസ്ഥയില്‍ ഒഴുകുന്നത് ഖജനാവിലെ പണം; തിരുവനന്തപുരത്ത് സര്‍ക്യൂട്ട് ബഞ്ച് വന്നാല്‍ നേട്ടം സര്‍ക്കാരിന് തന്നെ

Update: 2025-09-25 08:40 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹൈക്കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ച് പുന:സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായം ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ നിന്നും അയച്ച കത്തിന് മറുപടി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. തലസ്ഥാന ജില്ലയിലെ ജനങ്ങളുടെ സാമ്പത്തിക- സമയനഷ്ടം ഒഴിവാക്കാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്തു പ്രവര്‍ത്തിച്ചിരുന്ന ഹൈക്കോടതി സര്‍ക്യൂട്ട് ബെഞ്ച് പുന:സ്ഥാപിക്കണമെന്ന നിവേദനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമാണ് പ്രധാനമന്ത്രി ചോദിച്ചിരുന്നത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തലസ്ഥാന ജില്ലയുടെ ആവശ്യമാണ് തിരുവനന്തപുരത്തെ ഹൈക്കോടതി ബെഞ്ച്. ഇതിന് ബദലാകുന്ന ഈ വിഷയത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കാത്തത്.

തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകന്‍ ജി. ശിവശങ്കര്‍ പ്രധാനമന്ത്രിക്ക് ഹൈക്കോടതി ബെഞ്ച് സംബന്ധിച്ച് കത്തയച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്ക് അന്വേഷണം എത്തിയത്്. കത്തു ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മറുപടി നല്‍കിയിട്ടില്ല. കേരളം രൂപീകൃതമാകുമ്പോള്‍ തിരുവനന്തപുരത്ത് സര്‍ക്യൂട്ട് ബഞ്ചുണ്ടായിരുന്നു. ഹൈക്കോടതിയില്‍ വരുന്ന കേസുകളില്‍ അഭിഭാഷകര്‍ സമ്മതിച്ചാല്‍ തിരുവനന്തപുരത്ത് വാദം കേള്‍ക്കാനായിരുന്നു സര്‍ക്യൂട്ട് ബഞ്ച്. ഇത് കാലക്രമത്തില്‍ ജഡ്ജിയുടെ അടക്കം നിയമനം നടക്കാത്തതു കാരണം അപ്രസക്തമായി. ഏവരും അംഗീകരിച്ച സംവിധാനമാണ് ഇത്. ഈ സംവിധാനം പുനസ്ഥാപിക്കുന്നതിന് മറ്റ് നൂലാമാലകളുടേയും ആവശ്യമില്ല. അങ്ങനെ വന്നാല്‍ ഹൈക്കോടതിയിലെ കേസുകള്‍ തിരുവനന്തപുരത്ത് കേള്‍ക്കാന്‍ കഴിയുന്ന സാഹചര്യം വരും.

കേസുകളുടെ ഫയലിംഗ് സംവിധാനം കൊച്ചിയിലെ ഹൈക്കോടതിയില്‍ തന്നെ നിലനിര്‍ത്തി തിരുവനന്തപുരത്ത് മറ്റൊരു സംവിധാനം ഇതിലൂടെ നിലവില്‍ വരും. ഇതു കാരണം ആര്‍ക്കും പരാതി പറയുന്ന സാഹചര്യവും ഉണ്ടാകില്ല. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കുറയില്ല. കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ എന്ന സംവിധാനം വേണ്ടെന്ന് വച്ച് സര്‍ക്യൂട്ട് ബഞ്ച് സ്ഥാപിക്കണം. ഇതിലൂടെ കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയില്‍ വരുന്ന സര്‍വ്വീസ് കേസുകള്‍ കേള്‍ക്കാനുള്ള പരിധിയിലേക്ക് സര്‍ക്യൂട്ട് ബഞ്ചിനെ നിശ്ചയിക്കാം. തിരുവനന്തപുരത്തിന് പുറത്ത് എറണാകുളത്തും സര്‍വ്വീസ് കേസുകള്‍ ഹൈക്കോടതിയില്‍ പരിഗണിക്കുന്ന സംവിധാനം വന്നാല്‍ അവിടേയും കേസുകള്‍ കൂടും. ഹര്‍ജിയുമായി എത്തുന്നവര്‍ക്കും ഗുണകരമായി മാറും. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സര്‍വ്വീസ് കേസുകള്‍ തിരുവനന്തപുരത്ത് മാത്രം പരിഗണിക്കുന്ന സംവിധാനവും മാറും.

സര്‍ക്യൂട്ട് ബഞ്ച് വരുന്നതോടെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസുകളില്‍ അഭിഭാഷകരുടേയും സര്‍ക്കാരിന്റേയും താല്‍പ്പര്യം അനുസരിച്ച് തിരുവനന്തപുരത്ത് കേസ് കേള്‍ക്കാനും കഴിയും. അതായത് തിരുവനന്തപുരത്ത് ഇത്തരമൊരു സംവിധാനം വരുന്നതിനെ എറണാകുളത്തുള്ളവര്‍ക്ക് പോലും എതിര്‍ക്കേണ്ട സാഹചര്യം വരില്ല. സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ പിരിച്ചു വിട്ടാല്‍ ആ സംവിധാനങ്ങള്‍ ഹൈക്കോടതിയുടെ പുതിയ സര്‍ക്യൂട്ട് ബഞ്ചിന് വേണ്ടി ഉപയോഗിക്കുകയും ചെയ്യാം. ഇതിലൂടെ സര്‍ക്കാര്‍ നിയമിക്കുന്ന കാറ്റിലെ പ്രതിനിധികള്‍ക്ക് മാത്രമേ പ്രതിസന്ധിയുണ്ടാകാന്‍ ഇടയുള്ളൂ. ബാക്കിയെല്ലാവര്‍ക്കും നേട്ടമായി മാറും. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസുകളില്‍ തിരുവനന്തപുരത്ത് വാദം കേള്‍ക്കാനുള്ള സാധ്യത തെളിയുന്നത് ഖജനാവിനും ഗുണകരമായി മാറും.

തിരുവനന്തപുരത്ത് കേരളാ ഹൈക്കോടതിയുടെ സ്ഥിരം ബഞ്ചിനായാണ് സമരങ്ങള്‍ നടക്കുന്നത്. കേസിന്റെ ഫയലിംഗ് അടക്കം സ്ഥിരം ബഞ്ചുകളില്‍ നടക്കും. ഇതിനെയാണ് കൊച്ചിയിലെ അഭിഭാഷകര്‍ അടക്കം എതിര്‍ക്കുന്നത്. ഇതിനുള്ള ഉത്തമ പരിഹാര നിര്‍ദ്ദേശമാണ് സര്‍ക്യൂട്ട് ബഞ്ച്. എറണാകുളത്ത് ഫയലിംഗും തിരുവനന്തപുരത്ത് വാദവും. സര്‍വ്വീസ് കേസുകള്‍ക്കും ഗുണകരമാകുന്ന തരത്തില്‍ സര്‍ക്യൂട്ട് ബഞ്ചിനെ ഉപയോഗിക്കാനും കഴിയും. സംസ്ഥാന സര്‍ക്കാര്‍ കക്ഷിയാകുന്ന കേസ് നടത്തിപ്പുകള്‍ക്കായി ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ ഹൈക്കോടതിയില്‍ പോകുന്ന ഇനത്തില്‍ തന്നെ ലക്ഷക്കണക്കിനു രൂപയാണ് സര്‍ക്കാരിന് ചെലവാകുന്നത്. സര്‍ക്യൂട്ട് ബെഞ്ച് നിലവില്‍ വന്നാല്‍ ഈ അനാവശ്യ ചെലവ് ഒഴിവാക്കാനാകും. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്ന് 2002 ല്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടികളുമുണ്ടായില്ല. 2008 ല്‍ അഭിഭാഷകരുടെ നേതൃത്വത്തില്‍ ഇതേ ആവശ്യമുന്നയിച്ച് നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരുന്നു. രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന സമരത്തിന്‍െ്റ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കേസുകള്‍ പരിഹരിക്കുന്നതിനായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (കെ.എ.ടി) തിരുവനന്തപുരത്തു പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കേസുകള്‍ മാത്രമല്ല, വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലെ കേസുകള്‍ കൂടി കെ.എ.ടി പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

ഹൈക്കോടതി ബെഞ്ച് ആവശ്യപ്പെട്ടപ്പോള്‍ കെ.എ.ടി ലഭിച്ചതുകൊണ്ട് പ്രത്യേകിച്ച് യാതൊരു നേട്ടവുമുണ്ടായില്ലെന്നാണ് അഭിഭാഷകരുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായം. തിരുവനന്തപുരം എം.പിയായി മത്സരിച്ചപ്പോള്‍ ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് ശശി തരൂര്‍ പ്രധാനമായും നടത്തിയത്. 2012, 2014, 2019, 2023, 2024 എന്നീ വര്‍ഷങ്ങളില്‍ ശശി തരൂര്‍ ഇതുസംബന്ധിച്ച് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചെങ്കിലും യാതൊന്നും തന്നെ നടന്നില്ല. അഭിഭാഷകര്‍ നിരവധി തവണ ആവശ്യമുന്നയിച്ച് സര്‍്ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

Tags:    

Similar News