മാനുഫാക്ച്ചറിങ് തീയതി ഇല്ലാതെ വ്യാജ ഭക്ഷ്യ സുരക്ഷ ലൈസന്‍സില്‍ അച്ചാര്‍ ഉണ്ടാക്കി വില്‍ക്കുന്നു; സുവിശേഷ കച്ചവടം പൊളിഞ്ഞതോടെ കണ്ണിമാങ്ങാ അച്ചാര്‍ വില്‍പ്പനയുമായി ഇറങ്ങിയ ജിജിക്കെതിരെ പരാതിയുമായി ഭര്‍ത്താവ് മാരിയോ പോലീസ് സ്റ്റേഷനില്‍; സോഷ്യല്‍ മീഡിയയിലെ വിവാദ മോട്ടിവേഷണല്‍ പ്രസംഗകര്‍ വീണ്ടും വാര്‍ത്തകളില്‍

Update: 2025-12-17 08:39 GMT

ചാലക്കുടി: 'ഫിലോകാലിയ ഫുഡ് പ്രൊഡക്ട്സി'ന്റെ ബ്രാന്‍ഡ് നാമവും എഫ്എസ്എസ്എഐ ലൈസന്‍സ് നമ്പറും അനുമതിയില്ലാതെ ദുരുപയോഗം ചെയ്യുന്നതായി പരാതി. സ്ഥാപനത്തിന്റെ ഉടമയും മാനേജിംഗ് ഡയറക്ടറുമായ മാരിയോ ജോസഫാണ് ചാലക്കുടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. മാനുഫാക്ച്ചറിങ് തീയതി ഇല്ലാതെ വ്യാജ ഭക്ഷ്യ സുരക്ഷ ലൈസന്‍സില്‍ അച്ചാര്‍ ഉണ്ടാക്കി വില്‍ക്കുന്നുവെന്നാണ് ആരോപണം. സുവിശേഷ കച്ചവടം പൊളിഞ്ഞതോടെ കണ്ണിമാങ്ങാ അച്ചാര്‍ വില്‍പ്പനയുമായി ഇറങ്ങിയ ജിജിക്കെതിരെ പരാതിയുമായി എത്തുന്നത് ഭര്‍ത്താവ് മാരിയോ ആണ്. സോഷ്യല്‍ മീഡിയയിലെ വിവാദ മോട്ടിവേഷണല്‍ പ്രസംഗകര്‍ വീണ്ടും വാര്‍ത്തകളില്‍ എത്തുകയാണ്. ഈ കേസില്‍ പോലീസ് എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

കുടുംബ ധ്യാന പരിപാടിയിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയ ദമ്പതികളായിരുന്നു ചാരിറ്റി പ്രവര്‍ത്തകരായ ജീജി മാരിയോയും ഭര്‍ത്താവ് മാരിയോ ജോസഫും. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരാണിവര്‍. ഇവര്‍ തമ്മിലെ അടിയും പോലീസിന് മുമ്പിലെത്തിയിരുന്നു. കുടുംബ തര്‍ക്കം പറഞ്ഞു തീര്‍ക്കുന്നതിനിടെയാണ് അടിപിടിയുണ്ടായത്. ചാലക്കുടി പൊലീസാണ് കേസെടുക്കുകയും ചെയ്തു. തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും ഒന്‍പത് മാസമായി അകന്നു കഴിയുകയായിരുന്നു . അതിനിടെ പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ജിജി ഭര്‍ത്താവ് മാരിയോയുടെ വീട്ടില്‍ എത്തി. സംസാരത്തിനിടെ ജിജിയെ മാരിയോ ഉപദ്രവിക്കുകയായിരുന്നുവെന്നായിരുന്നു പരാതി.

മാരിയോ ജോസഫ് ടി.വി ബോക്‌സ് എടുത്ത് ഭാര്യ ജിജിയുടെ തലക്ക് അടിച്ചു. കൈകള്‍ കടിച്ച് പറിച്ചു. മുടികുത്തിനു പിടിച്ച് വലിച്ചു, ദേഹോപദ്രവം ഏല്പ്പിച്ചു. 70,000 രൂപ വിലയുള്ള ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു എന്നും എഫ്‌ഐആറില്‍ പറയുന്നു. ഒരുമാസം തടവും 5,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നല്‍കിയിരുന്നു. ഏറെ കാലമായി ഫിലോകാലിയ എന്ന ധ്യാന പരിപാടി നടത്തിവരികയായിരുന്നു ഇരുവരും. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ഇവര്‍ കൗണ്‍സിലിങ്ങ് നടത്താറുണ്ടായിരുന്നു. ഈ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുകയാണ്. ഇതിന്റെ സൂചനയാണ് പുതിയ കേസും.

തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ലൈസന്‍സോ ബ്രാന്‍ഡ് പേരോ ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും എന്നാല്‍ ചില വ്യക്തികളും സംഘടനകളും ഇത് ദുരുപയോഗം ചെയ്ത് അച്ചാറുകള്‍ ഉള്‍പ്പെടെയുള്ള ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം നടത്തുന്നതായും പരാതിയില്‍ മാരിയോ ജോസഫ് പറയുന്നു. ഈ അനധികൃത പ്രവര്‍ത്തനങ്ങളില്‍ തന്റെ ഭാര്യയായ ജിജി മാരിയോയ്ക്കും പങ്കുണ്ടാകാമെന്ന് പരാതിക്കാരന്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനത്തിന് പുറമെ, വ്യാജ ഉല്പന്നങ്ങള്‍ വിപണിയില്‍ ഇറങ്ങുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും ഇത് സ്ഥാപനത്തിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അനധികൃതമായി നിര്‍മ്മിച്ച ഉല്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിടിച്ചെടുക്കണമെന്നും നിര്‍മ്മാണവും വിതരണവും ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ സ്റ്റോപ്പ് മെമ്മോ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ചാലക്കുടി ഡിവൈഎസ് പിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

അച്ചാര്‍ കച്ചവടത്തിന്റെ വീഡിയോയും മറ്റും ജിജി ഫെയ്‌സ് ബുക്കില്‍ പങ്കുവച്ചിരുന്നു. മരിയോ ജോസഫ് ഫിലോകാലിയ ഫുഡ് പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിന്റെ നിയമപരമായ ഉടമയാണെന്ന് പരാതി പറയുന്നത്. സ്ഥാപനത്തിന് സാധുവായ FSSAI ലൈസന്‍സ് അദ്ദേഹത്തിന്റെ പേരില്‍ നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ ചില വ്യക്തികള്‍/സംഘടനകള്‍ സ്ഥാപനത്തിന്റെ FSSAI നമ്പറും 'Philokalia Food Products' എന്ന ബ്രാന്‍ഡ് നാമവും ലേബല്‍ ഡിസൈനും ദുരുപയോഗം ചെയ്ത് അച്ചാര്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നുവെന്നാണ് ആരോപണം. സ്ഥാപനത്തിന്റെ പേരോ FSSAI നമ്പറോ ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും അനധികൃതമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അനധികൃത ഉത്പന്നങ്ങള്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും ഈ ഉത്പന്നങ്ങള്‍ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ സ്ഥാപനത്തിന്റെ പേരില്‍ ചുമത്തപ്പെടാന്‍ സാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇത് ചതിയും വ്യാജവത്കരണവും വിശ്വാസവഞ്ചനയും ഉള്‍പ്പെടുന്ന ക്രിമിനല്‍ പ്രവൃത്തിയാണെന്നാണ് ആരോപണം. ബന്ധപ്പെട്ട നിയമങ്ങള്‍ പ്രകാരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേര്‍ന്ന് സംയുക്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

Tags:    

Similar News