ഭര്‍തൃ മാതാവിന് പിടിക്കാത്ത മരുമകള്‍; പക്ഷേ നാലു മാസം കൊണ്ട് 'ത്രിവേണി'യുടെ മനസ്സ് കീഴടക്കി; പഠിച്ച മെഡിക്കല്‍ കോളേജില്‍ അവസാനമെത്തിയത് പോസ്റ്റുമോര്‍ട്ടത്തിന് ആംബുലന്‍സില്‍; വിടവാങ്ങിയത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരി; ആത്മഹത്യയെന്ന് അംഗീകരിക്കാന്‍ എല്ലാവര്‍ക്കും വിസമ്മതം; അഭിജിത് 'സഖാവാകുമ്പോള്‍'
തിരുവനന്തപുരം: പഠനത്തില്‍ മിടുമുടുക്കിയായ ഇന്ദുജ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ ആയിരുന്നു. ആ മെഡിക്കല്‍ കോളേജിലേക്ക് ഇന്ദുജയുടെ അവസാന യാത്ര ആംബുലന്‍സിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ അവളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കണ്ണീരോടെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകും കാത്തു നിന്നു. നാലു മാസമേ ആയുള്ളൂ തിരുവനന്തപുരത്തെ പ്രമുഖ ആയുര്‍വേദ ആശുപത്രിയായ ത്രിവേണിയില്‍ ഇന്ദുജ ലാബ് ടെക്‌നീഷനായിട്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ സഹപ്രവര്‍ത്തകരുടെ പ്രിയങ്കരിയായി. ഓടിനടന്നു കാര്യങ്ങള്‍ ചെയ്തു. ഇടയ്ക്ക് മുഖത്ത് ദുഖഭാവം കണ്ടവരുണ്ട്. ഈ സഹപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പുഞ്ചിരിയോടെ മറുപടി പറയാതെ അകല്‍ച്ച കാട്ടി. കുടുംബ പ്രശ്‌നങ്ങളാകും അതിന് കാരണമെന്ന് ഇന്ന് അവര്‍ കരുതുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പഠനത്തിലൂടെ തന്റെ ജോലിയില്‍ വേണ്ട മികവെല്ലാം ഇന്ദുജ നേടിയിരുന്നു. നെടുമങ്ങാട് രണ്ടു ലാബില്‍ ജോലി എടുത്തു. ഗീതാസ് ലാബില്‍ ഒരു വര്‍ഷത്തോളം. അവിടെ നിന്നും എംഡിസി ലാബിലേക്കും. ആറു മാസം അവിടെയായിരുന്നു ജോലി. പിന്നീടാണ് തിരുവനന്തപുരത്ത് വഞ്ചിയൂരിലുള്ള ത്രീവേണിയില്‍ എത്തിയത്. നല്ല ശമ്പളവും നല്ല ജീവിത സാഹചര്യവും ഇതോടെ കൈവന്നു. അതുകൊണ്ട് തന്നെ സാമ്പത്തികമായ പ്രതിസന്ധികളൊന്നും ഇന്ദുജയ്ക്കുണ്ടായിരുന്നില്ല. ഭര്‍തൃവീട്ടുകാരുടെ ക്രൂരതകള്‍ കഴിഞ്ഞ തവണ അമ്മയെ കണ്ടപ്പോള്‍ അക്കമിട്ട് നിരത്തുകയും ചെയ്തു. ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്ത് സിപിഎമ്മുകാരനാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സഖാവയ അഭിജിത്തിനെ പോലീസ് രക്ഷിക്കുമെന്ന ആശങ്കയും അവര്‍ക്കുണ്ട്. എങ്കിലും എല്ലാ അര്‍ത്ഥത്തിലും നിയമ നടപടികളുമായി അവര്‍ മുമ്പോട്ട് പോകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടം വസ്തുകള്‍ പുറത്തു കൊണ്ടു വരുമെന്നാണ് അവരുടെ പ്രതീക്ഷ.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു ഇന്ദുജ ലാബ് ടെക്നിഷ്യന്‍ കോഴ്‌സ് പടിച്ചത്. റേഡിയോളജി കോഴ്സ് മികച്ച മാര്‍ക്കോടെ ഇന്ദുജ പാസായത്. സഹപാഠികള്‍ക്കും കൂടെ ജോലി ചെയ്തിരുന്നവര്‍ക്കും പ്രിയങ്കരിയായിരുന്നു ഇന്ദുജ. എല്ലാവരോടും ചെറു പുഞ്ചിരിയോടെ സംസാരിച്ചിരുന്ന ഇന്ദുജ കുറച്ച് കാലങ്ങളായി മനോവിഷമത്തില്‍ ആയിരുന്നു എന്നാണ് വിവരം. പഠനം കഴിഞ്ഞ് നെടുമങ്ങാടുള്ള രണ്ട് സ്ഥാപനങ്ങളില്‍ ഇന്ദുജ ജോലി ചെയ്തിരുന്നു. നെടുമങ്ങാട്ടെ ജോലി സമയത്താണ് നെടുമങ്ങാട് തന്നെ പ്രവര്‍ത്തിച്ചിരുന്ന കാര്‍ ഷോറൂമില്‍ ജീവനക്കാരനായിരുന്ന അഭിജിത്തുമായി പ്രണയിത്തിലാവുന്നത്. വീട്ടുകാരെ എതിര്‍ത്തും പ്രണയത്തിന് വേണ്ടി നിലയറുപ്പിച്ചു. എന്നാല്‍ അത് അവസാനം മരണത്തിലേക്കുള്ള യാത്രയുമായി.
ഇന്നലെയാണ് ഭര്‍തൃവീട്ടിലെ രണ്ടാമത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ജോലി കഴിഞ്ഞ് മടങ്ങിവന്ന അഭിജിത്ത് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെന്നാണ് പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ അഭിജിത്തിനും അമ്മയ്ക്കുമെതിരെ ഇന്ദുജയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിക്കു ഭര്‍തൃവീട്ടില്‍നിന്ന് ഭീഷണിയും മാനസിക പീഡനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം പരാതിയില്‍ ആരോപിക്കുന്നു. വിവാഹശേഷം ഇന്ദുജയെ ഭര്‍തൃവീട്ടില്‍ ചെന്ന് കാണാന്‍ തങ്ങളെ അനുവദിച്ചിരുന്നില്ല. ഇന്ദുജ തന്നെ ഇത് പല ദിവസങ്ങളില്‍ ഫോണ്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്. മരണത്തിനു പിന്നില്‍ അഭിജിത്തിനും മാതാവിനും പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും ഇന്ദുജയുടെ പിതാവ് ശശിധരന്‍ കാണി പാലോട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
രണ്ട് ദിവസമായി ഇന്ദുജ ജോലിക്ക് പോയിരുന്നില്ല. അഭിജിത്തിന്റെ മുത്തശ്ശി മാത്രം വീട്ടിലുള്ള സമയത്താണ്, ഇന്ദുജ ആത്മഹത്യ ചെയ്തതെന്ന് വരുത്താനാണ് അഭിജിത്തിന്റെ വീട്ടുകാരുടെ ശ്രമം. തൂങ്ങിയ നിലയില്‍ കാണുമ്പോള്‍ ഇന്ദുജക്ക് ജീവനുണ്ടായിരുന്നെന്നും ജില്ലാ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ ആണ് മരണം സംഭവിച്ചതെന്നുമാണ് അഭിജിത്തിന്റെ കുടുംബം പോലീസിന് നല്‍കിയ വിവരം. നാലുമാസംമുന്‍പാണ് ഇന്ദുജയുടെയും അഭിജിത്തിനെയും വിവാഹം നടന്നത്. ഇന്ദുജയെ വീട്ടില്‍നിന്ന് ഇറക്കി കൊണ്ടുപോയി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഇന്ദുജ പട്ടികവര്‍ഗക്കാരിയും അഭിജിത്ത് പട്ടികജാതി വിഭാഗക്കാരനുമാണ്. ജാതി മാറിയുള്ള വിവാഹത്തിന് അഭിജിത്തിന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നുവെന്നാണ് ഇന്ദുജയുടെ കുടുംബം പറയുന്നത്. രണ്ടാഴ്ച മുമ്പ് സ്വന്തം വീട്ടിലെത്തിയ ഇന്ദുജയുടെ മുഖത്ത് മര്‍ദനമേറ്റതിന്റെ പാടുണ്ടായിരുന്നു.