പിളര്‍ന്നാലും ഒന്‍പത് സീറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കി യുഡിഎഫ്; തോറ്റാലും അധികാരത്തിന് വേണ്ടി ചാടാന്‍ ഇല്ലെന്ന് മന്ത്രി റോഷി; പാര്‍ട്ടിയെ പിളര്‍ത്തി ചാടിയാല്‍ നാണക്കേടാവുമോ എന്ന് ആശങ്കപ്പെട്ട് ജോസ് കെ മാണി; യുഡിഎഫിലേക്ക് പോയെ മതിയാവൂ എന്ന വാശിയില്‍ സീറോ മലബാര്‍ സഭ; വഴി മുടക്കി കോട്ടയത്തെ കോണ്‍ഗ്രസ്സുകാരും ജോസഫും; നേതാവ് തള്ളി പറഞ്ഞിട്ടും അവസാനിക്കാതെ മുന്നണി മാറ്റ ചര്‍ച്ച
കോട്ടയം: കേരള രാഷ്ട്രീയത്തില്‍ വീണ്ടും കേരളാ കോണ്‍ഗ്രസ് 'കുറുമാറ്റം' ചര്‍ച്ചകളില്‍. ജോസ് കെ മാണിയെയും സംഘത്തെയും തിരികെ യുഡിഎഫില്‍ എത്തിക്കാന്‍ തിരശീലയ്ക്ക് പിന്നില്‍ നാടകീയ നീക്കങ്ങള്‍ സജീവം. പാര്‍ട്ടി പിളര്‍ന്നാലും 9 സീറ്റുകള്‍ നല്‍കാമെന്ന ഉറപ്പാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ ജോസ് കെ മാണിക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ കൂടുമാറ്റം പാളിയാല്‍ രാഷ്ട്രീയ ഭാവി തന്നെ അവസാനിക്കുമോ എന്ന ഭയം ജോസിനുണ്ട്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സ്റ്റിയറിംഗ് കമ്മറ്റി യോഗം നിര്‍ണ്ണായകമാകും.
ജോസ് കെ മാണി യുഡിഎഫിലേക്ക് പോകണമെന്ന കാര്യത്തില്‍ ഏറ്റവും കൂടുതല്‍ നിര്‍ബന്ധം പിടിക്കുന്നത് സീറോ മലബാര്‍ സഭയാണ്. രാഷ്ട്രീയ നിലനില്‍പ്പിന് യുഡിഎഫ് ആണ് സുരക്ഷിതമെന്ന് സഭ കരുതുന്നു. എന്നാല്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഈ നീക്കത്തിന് വലിയ തടസ്സമാണ് നില്‍ക്കുന്നത്. 'തോറ്റാലും അധികാരത്തിന് വേണ്ടി ഇങ്ങനെ കൂടുമാറാന്‍ താനില്ല' എന്ന കര്‍ക്കശ നിലപാടിലാണ് റോഷി. പാര്‍ട്ടിയെ പിളര്‍ത്തി യുഡിഎഫിലേക്ക് പോയാല്‍ അത് വലിയ നാണക്കേടാവില്ലേ എന്ന ആശങ്ക ജോസിനെയും വേട്ടയാടുന്നുണ്ട്. പഴയ വൈരാഗ്യം മറന്ന് ജോസിനെ സ്വീകരിക്കാന്‍ കോട്ടയത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ല. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന് നഷ്ടം സംഭവിക്കുമെന്നതാണ് ഇവരുടെ പരാതി.
മുന്നണി മാറ്റ വാര്‍ത്തകളെ ജോസ് കെ മാണി പരസ്യമായി തള്ളുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. എല്‍ഡിഎഫില്‍ തുടരുന്നത് ആത്മഹത്യാപരമാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം നേതാക്കള്‍ ജോസിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. 9 സീറ്റെന്ന വാഗ്ദാനം കൈവിട്ടു പോകരുതെന്നാണ് ഇവരുടെ പക്ഷം. യുഡിഎഫിന്റെ വാഗ്ദാനവും സഭയുടെ സമ്മര്‍ദ്ദവും റോഷി അഗസ്റ്റിന്റെ എതിര്‍പ്പും ചേര്‍ന്ന് ജോസ് കെ മാണിയെ വല്ലാത്തൊരു രാഷ്ട്രീയ കുരുക്കിലാക്കിയിരിക്കുകയാണ്. യുഡിഫില്‍ ജോസിന്റെ വഴിമുടക്കി ജോസഫും കോട്ടയത്തെ കോണ്‍ഗ്രസ്സുകാരും സജീവമാണ്. ജോസ് കെ മാണി വരുന്നത് തടയാന്‍ യുഡിഎഫിനുള്ളില്‍ തന്നെ ഒരു വന്‍ മതില്‍ ഉയര്‍ന്നു കഴിഞ്ഞു. പി.ജെ ജോസഫ്: തനിക്ക് അര്‍ഹതപ്പെട്ട സീറ്റുകള്‍ ജോസിന് വീതം വെച്ചു നല്‍കുന്നതിനെ ജോസഫ് നഖശിഖാന്തം എതിര്‍ക്കുന്നു. ജോസ് വന്നാല്‍ തന്റെ സ്വാധീനം കുറയുമെന്ന് അദ്ദേഹം ഭയക്കുന്നു. പക്ഷേ മുസ്ലീം ലീഗ് ഉറച്ച നിലപാടിലാണ്.
കഴിഞ്ഞ തവണ ഇടതുമുന്നണിയില്‍ ലഭിച്ച അത്രയും സീറ്റുകള്‍ നല്‍കാന്‍ യുഡിഎഫ് തയ്യാറല്ലെങ്കിലും, ജയസാധ്യതയുള്ള 9 സീറ്റുകള്‍ ഉറപ്പായും നല്‍കാം എന്നതാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തലത്തില്‍ നടന്ന ചര്‍ച്ച. ജോസ് വിഭാഗം യുഡിഎഫിലേക്ക് വരുന്നത് മധ്യതിരുവിതാംകൂറില്‍ വോട്ട് ബാങ്ക് ഏകീകരിക്കാന്‍ സഹായിക്കുമെന്ന് വി.ഡി. സതീശനും കരുതുന്നു. റോഷി കൂടെയില്ലെങ്കില്‍ ഇടുക്കി മേഖലയില്‍ പാര്‍ട്ടി തകരുമെന്ന ബോധ്യം ജോസിനുണ്ട്. എന്നാല്‍ റോഷിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. ഇതിനിടെ സീറോ മലബാര്‍ സഭയുടെ സമ്മര്‍ദ്ദം ജോസിന് മേല്‍ കഠിനമാണ്. ക്രൈസ്തവ വോട്ടുകളില്‍ ഉണ്ടായ മാറ്റങ്ങള്‍ സഭ ഗൗരവത്തോടെ കാണുന്നു. കര്‍ഷക പ്രശ്‌നങ്ങളിലും ബഫര്‍ സോണ്‍ വിഷയത്തിലും പിണറായി സര്‍ക്കാര്‍ കാണിക്കുന്ന 'മെല്ലെപ്പോക്ക്' നയത്തോടു സഭയ്ക്ക് കടുത്ത വിയോജിപ്പുണ്ട്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മാത്രമേ സഭയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടൂ എന്ന് സഭ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്.
2020-ല്‍ വലിയ കൊട്ടിഘോഷിച്ചാണ് ജോസ് എല്‍ഡിഎഫിലേക്ക് പോയത്. ഇപ്പോള്‍ തിരിച്ചുവന്നാല്‍ 'അധികാരമോഹി' എന്ന വിളിപ്പേര് വീണ്ടും ഉറയ്ക്കുമെന്ന് ജോസ് ഭയക്കുന്നു. പിതാവ് കെ.എം. മാണി പടുത്തുയര്‍ത്തിയ പാര്‍ട്ടി വീണ്ടും പിളര്‍ന്നാല്‍ അത് തന്റെ രാഷ്ട്രീയ അന്ത്യമാകുമോ എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ആശങ്ക. കോട്ടയത്ത് നടക്കാനിരിക്കുന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി യോഗത്തില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് സാധ്യതയുണ്ട്. റോഷി അഗസ്റ്റിന്റെയും സഭയുടെയും ഇടയില്‍ പെട്ട ജോസ് കെ മാണി ഏത് വഴി തിരഞ്ഞെടുക്കുമെന്നത് ഈ യോഗത്തില്‍ തെളിയും.
