പോലീസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തത് എസ് ഐ; ഇരയെ സഹായിച്ചതും കേസെടുക്കാന്‍ കാരണക്കാരനുമായത് ഡിവൈഎസ്പി ആയിരുന്ന ഉദ്യോഗസ്ഥന്‍; പ്രതിക്കൊപ്പം ചേര്‍ന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ചതിച്ചപ്പോള്‍ നീതിമാന് സസ്‌പെന്‍ഷന്‍; കേരളാ പോലീസില്‍ സംഭവിക്കുന്ന നീതികേടിന്റെ കഥ!

പോലീസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തത് എസ് ഐ

Update: 2025-05-19 09:30 GMT

തിരുവനന്തപുരം: സഹപ്രവര്‍ത്തകയായ പോലീസുകാരിയെ ബലാത്സംഗംചെയ്ത സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയായ സബ് ഇന്‍സ്പെക്ടറില്‍നിന്ന് 25 ലക്ഷം രൂപ പണം ആവശ്യപ്പെട്ടെന്ന് ആക്ഷേപത്തില്‍ അസിസ്റ്റന്റ് കമന്‍ഡാന്റിനും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെയും സസ്‌പെന്റ് ചെയ്ത വാര്‍ത്തയാണ് ഇന്ന് പുറത്തുവന്നത്. കെഎപി മൂന്നാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമന്‍ഡാന്റ് സ്റ്റാര്‍മോന്‍ ആര്‍. പിള്ള, സൈബര്‍ ഓപ്പറേഷനിലെ ഓഫീസ് റൈറ്റര്‍ അനു ആന്റണി എന്നിവരെയാണ് ആഭ്യന്തരവകുപ്പ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ഈ കേസില്‍ ഉന്നത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ ലഭിച്ച വിവരത്തെ കുറിച്ച് അന്വേഷിച്ച മറുനാടന് മനസ്സിലായത് മറ്റൊരു കഥയാണ്. ഇരയാക്കപ്പെട്ട വനിതാ പോലീസുകാരിക്ക് നീതി ലഭിക്കാന്‍ വേണ്ടി രംഗത്തിറങ്ങിയ ഉദ്യോഗസ്ഥന്‍ ചതിക്കപ്പെട്ട് സസ്‌പെന്റ് ചെയ്യപ്പെടുകയാണ് ഉണ്ടായതെന്ന നീതികേടിന്റെ കഥ. മുന്‍പ് ഡിവൈഎസ്പിയും ഇപ്പോള്‍ കെഎപി മൂന്നാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമന്‍ഡാന്റ് സ്റ്റാര്‍മോന്‍ ആര്‍. പിള്ളയാണ് പോലീസ് വകുപ്പിലെ നീതിരാഹിത്യത്തിന് ഇരയായി മാറിയത്.

പുരസ്‌ക്കാരം കൊടുത്ത ആദരിക്കേണ്ട ഉദ്യോഗസ്ഥനെയാണ് ആഭ്യന്തര വകുപ്പ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ബാലാത്സംഗ കേസില്‍ പ്രതിയായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ഉദ്യോഗസ്ഥന്‍ തിരികെ കയറാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി നല്‍കിയ പരാതിയിലാണ് കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ നടപടികള്‍ ഉണ്ടായിരിക്കുന്നത്. ബലാത്സംഗ കേസില്‍ ഇരയായ പരാതിക്കാരിയുമായി മറുനാടന്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് നീതി വാങ്ങിത്തരാന്‍ ഒപ്പം നിന്നത് സ്റ്റാര്‍മോന്‍ ആര്‍ പിള്ളയാണ് എന്നാണ് പ്രതികരിച്ചത്. കേസ് അട്ടമറിക്കാനായി പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

ആറ് മാസം മുമ്പ് മറ്റൊരു പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് വനിതാ പോലീസുകാരി ബലാത്സംഗത്തിന് ഇരയാകുന്നത്. ആരോഗ്യ പ്രശ്‌നങ്ങളുള്ള പോലീസുകാരി ഡ്യൂട്ടിക്കിടെ തളര്‍ന്നു വീഴുകയായിരുന്നു. ഇതോടെ അന്ന് ഗ്രേഡ് എസ്‌ഐ ആയിരുന്ന വില്‍ഫര്‍ ഫ്രാന്‍സിസ് പോലീസുകാരിയെ താമസ സ്ഥലത്തു കൊണ്ടുചെന്നാക്കാന്‍ എത്തി അവിടെ വെച്ചു ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിക്ക് പരിക്കേല്‍ക്കുന്ന വിധത്തില്‍ ക്രൂരമായ ബലാത്സംഗമാണ് വില്‍ഫര്‍ ഫ്രാന്‍സിസ് നടത്തിയത്. തുടര്‍ന്ന് ഇരയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.


Full View

അടുത്ത ദിവസം വനിതാ പോലീസുകാരി ഡ്യൂട്ടിക്കിടെ തളര്‍ന്നു വീണപ്പോള്‍ സഹായിക്കാന്‍ എത്തിയ അനു ആന്റണി എന്ന സിവില്‍ പോലീസ് ഓഫീസറെ താന്‍ ആക്രമിക്കപ്പെട്ട വിവരം അറിയിച്ചു. ഇതോടെ വിവരം അന്നത്തെ എസ്എച്ച്ഒ ഹരിലാലും അറിഞ്ഞു. ഇതോടെ പരാതി ഉണ്ടെങ്കില്‍ എഴുതി തരൂ കേസെടുക്കാം എന്നാണ് ഹരിലാല്‍ പ്രതികരിച്ചത്. ഇത്തരം സംഭവം അറിഞ്ഞപ്പോള്‍ കേസെടുക്കേണ്ട ഉദ്യഗസ്ഥനാണ് ഈ നിലപാട് സ്വീകരിച്ചത്. ഇതോടെയാണ് യുവതി മറ്റൊരു സഹപ്രവര്‍ത്തകയുടെ സഹായത്തോടെ താന്‍ അറിയുന്ന ആള്‍ എന്ന നിലയില്‍ ഡിവൈഎസ്പി സ്റ്റാര്‍മോന്‍ പിള്ളയെ വിവരം അറിയിച്ചത്. അദ്ദേഹം പാഞ്ഞെത്തുകയും യുവതിയെ ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കുകയും ചെയ്തു. ഇതോടെയാണ് ബലാത്സംഗ കേസ് തുടങ്ങുന്നതും.

ആശുപത്രിയില്‍ നിന്നും തിരിച്ചു വരവെയാണ് യുവതിയുടെ ഫോണിലേക്ക് അനു ആന്റണി എന്ന സിവില്‍ പോലീസ് ഓഫീസില്‍ വിളിക്കുന്നത്. വില്‍ഫര്‍ ഫ്രാന്‍സിസിനെ രക്ഷിക്കാന്‍ വേണ്ടിയുള്ള ഇടപെടലായിരുന്നു ഇത്. സുഹൃത്താണ് സഹായിക്കണം എന്നു പറഞ്ഞതിന് ശേഷം സമ്മര്‍ദ്ദം ചെലുത്തി വേണമെങ്കില്‍ പണം നല്‍കാമെന്നും പറഞ്ഞു. ഇര അടക്കം ഇക്കാര്യം അപ്പോള്‍ തന്നെ തള്ളി. കേസില്‍ പ്രതിയായ എസ് ഐ വില്‍ഫര്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലില്‍ കഴിയുകയും ചെയ്തു. സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെടുകയും ചെയ്തു.

ഇതിന് ശേഷം കാര്യങ്ങള്‍ തകിടം മറിയുന്നത് പ്രതിയായ വില്‍ഫര്‍ പണം ചോദിച്ചു എന്ന ആരോപണവുമായി മേല്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമ്പോഴാണ്. ഈ ആരോപണത്തെ സാധൂകരിക്കുന്ന വിധത്തില്‍ അനു ആന്റണിയും പ്രതിസ്ഥാനത്തായി. കൂട്ടത്തില്‍ സ്റ്റാര്‍മോന്‍ പിള്ളയും ആക്ഷേപം കേള്‍ക്കേണ്ടി വന്നു. തുടര്‍ന്നാണ് കൃത്യമായ അന്വേഷണം നടത്താതെ സ്റ്റാര്‍മോന്‍ പിള്ളയെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ബലാത്സംഗ കേസില്‍ പ്രതിസ്ഥാനത്തുള്ള ആളുടെ പരാതിയില്‍ നീതിമാനായി ഉദ്യോഗസ്ഥനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

നവംബര്‍ 16-ന് നടന്ന സംഭവം ഇരയായ പോലീസ് ഉദ്യോഗസ്ഥ അനു ആന്റണിയെ അറിയിച്ചിരുന്നു. ഇരയായ ഉദ്യോഗസ്ഥ തന്റെ സുഹൃത്തായ മറ്റൊരു ഉദ്യോഗസ്ഥ വഴി സ്റ്റാര്‍മോന്‍ ആര്‍. പിള്ളയെയും വിവരം അറിയിച്ചു. തുടര്‍ന്ന് സ്റ്റാര്‍മോന്‍ ആര്‍. പിള്ള കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു വില്‍ഫറില്‍നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണമാണ് നേരിടേണ്ടി വന്നത്. ഈ ആരോപണം പരാതിക്കാരിയും സ്റ്റാര്‍മോന്‍ പിള്ളയും ഒരുപോലെ നിഷേധിക്കുന്നു. ഇരുവര്‍ക്കുമെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News