എം.പിമാര്‍ക്ക് വഴങ്ങി ഹൈക്കമാന്‍ഡ്; സുധാകരനും അടൂര്‍ പ്രകാശിനും 'സ്‌പെഷ്യല്‍ ഇളവ്': കണ്ണൂരിലും കോന്നിയിലും സിറ്റിംഗ് എം.പിമാര്‍ തന്നെ അങ്കത്തിന്; ഹൈക്കമാണ്ട് തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ വാര്‍ത്താ സമ്മേളനം ഒഴിവാക്കി സുധാകരന്‍; കോണ്‍ഗ്രസില്‍ അനുനയ തീരുമാനം വരും; ആലപ്പുഴയില്‍ കെസി മത്സരിക്കുമോ? ക്ലൈമാക്‌സില്‍ ട്വിസ്റ്റിന് സാധ്യതയോ?

Update: 2026-03-18 06:39 GMT

ന്യൂഡല്‍ഹി: സിറ്റിംഗ് എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കടുത്ത നിലപാടില്‍ നിന്ന് ഒടുവില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പിന്നോട്ട്. കെ. സുധാകരന്റെയും അടൂര്‍ പ്രകാശിന്റെയും കടുംപിടിത്തത്തിന് മുന്നില്‍ വഴങ്ങിയ പാര്‍ട്ടി നേതൃത്വം ഇരുവര്‍ക്കും പ്രത്യേക ഇളവ് നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചു. ഇതോടെ കണ്ണൂരില്‍ കെ. സുധാകരനും കോന്നിയില്‍ അടൂര്‍ പ്രകാശും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാകുമെന്ന് ഉറപ്പായി. സുധാകരന്‍ ഉയര്‍ത്തിയ കടുത്ത ഭീഷണിയും പ്രാദേശിക വികാരവും കണക്കിലെടുത്ത് നടത്തിയ ഈ വിട്ടുവീഴ്ചയുടെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിയിരിക്കുകയാണ് അടൂര്‍ പ്രകാശ്.

അനുനയ നീക്കങ്ങള്‍ക്കിടയിലും മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന സൂചന നല്‍കി സുധാകരന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. എം.പിയെന്ന നിലയില്‍ കേരള ഹൗസിലും ഡല്‍ഹി സി.പി.ഡബ്ല്യു.ഡിയിലുമുള്ള മുഴുവന്‍ കുടിശ്ശികകളും അദ്ദേഹം തീര്‍ത്തു. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ട ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും നല്‍കിക്കഴിഞ്ഞു. ഡല്‍ഹിയിലെ തന്റെ ഔദ്യോഗിക വസതിയായ 'ഗോദാവരി'യില്‍ വെച്ച് മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ താന്‍ നിര്‍ദ്ദേശിച്ച പേരുകള്‍ വെട്ടിനിരത്തിയതിലുള്ള കടുത്ത അമര്‍ഷം അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഹൈക്കമാണ്ട് അനുനയ തീരുമാനത്തില്‍ എത്തി.

എം.പിമാര്‍ മത്സരിക്കേണ്ട എന്ന മാനദണ്ഡം മാറ്റാന്‍ സുധാകരന്‍ നടത്തിയ പോരാട്ടം കോന്നിയില്‍ അടൂര്‍ പ്രകാശിനും വഴിതുറന്നു. സുധാകരന് മാത്രം ഇളവ് നല്‍കിയാല്‍ അത് മറ്റ് എം.പിമാരുടെ പ്രതിഷേധത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് അടൂര്‍ പ്രകാശിനും പച്ചക്കൊടി കാട്ടാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. കണ്ണൂര്‍ സീറ്റ് നിലനിര്‍ത്താന്‍ സുധാകരന്‍ തന്നെ വേണമെന്ന പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാദവും ഹൈക്കമാന്‍ഡിനെ ഈ തീരുമാനത്തിലേക്ക് നയിച്ചു.

കഴിഞ്ഞ ദിവസം രാത്രി വൈകി കെ.സി. വേണുഗോപാലിന്റെ വിശ്വസ്തര്‍ സുധാകരനുമായി നടത്തിയ ചര്‍ച്ച നിര്‍ണ്ണായകമായിരുന്നു. പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും ഹൈക്കമാന്‍ഡ് അനുകൂല തീരുമാനം എടുക്കുമെന്നുമുള്ള ഉറപ്പിലാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ നിന്ന് താല്ക്കാലികമായി പിന്മാറിയത്. ചൊവ്വാഴ്ച പുറത്തിറക്കിയ 55 പേരുടെ ആദ്യ പട്ടികയില്‍ കണ്ണൂരും കോന്നിയും ഒഴിവാക്കിയത് ഈ ഇളവ് നല്‍കുന്നതിന്റെ ഭാഗമായിരുന്നു. വരും ദിവസങ്ങളില്‍ ഇരുവര്‍ക്കുമുള്ള ഔദ്യോഗിക ഇളവും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഡല്‍ഹിയില്‍ നിന്നുണ്ടാകും.

കണ്ണൂരില്‍ സുധാകരനും കോന്നിയില്‍ അടൂര്‍ പ്രകാശും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാകുമെന്ന് ഉറപ്പായി. ഈ വിട്ടുവീഴ്ചയുടെ തുടര്‍ച്ചയായി ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും അങ്കത്തിനിറങ്ങിയേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നതോടെ കേരള രാഷ്ട്രീയത്തില്‍ വന്‍ ക്ലൈമാക്‌സ് ട്വിസ്റ്റുകള്‍ക്ക് വഴിതുറക്കുകയാണ്. ബുധനാഴ്ച രാവിലെ ഡല്‍ഹിയില്‍ നടത്താനിരുന്ന നിര്‍ണ്ണായക വാര്‍ത്താ സമ്മേളനം അവസാന നിമിഷം കെ. സുധാകരന്‍ ഒഴിവാക്കി. ഹൈക്കമാന്‍ഡില്‍ നിന്ന് അനുകൂലമായ ഉറപ്പ് ലഭിച്ചതാണ് ഈ പിന്മാറ്റത്തിന് പിന്നിലെന്നാണ് വിവരം.

എം.പി സ്ഥാനത്തെ ബാധ്യതകള്‍ തീര്‍ത്ത് പത്രിക സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ അദ്ദേഹം നേരത്തെ തന്നെ തുടങ്ങിയിരുന്നു. താന്‍ മത്സരിച്ചില്ലെങ്കില്‍ കണ്ണൂര്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്ന ഭീഷണിയും പ്രാദേശിക വികാരവും ഫലം കണ്ടുവെന്നാണ് സൂചന. സുധാകരന് ഇളവ് നല്‍കാന്‍ തീരുമാനിച്ചതോടെ സമാനമായ ആവശ്യം ഉന്നയിച്ച അടൂര്‍ പ്രകാശിനെയും തഴയാന്‍ നേതൃത്വത്തിന് കഴിയില്ല. ഇതോടെ കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് മുന്നിലുണ്ടായിരുന്ന തടസ്സങ്ങളും നീങ്ങി. ഈഴവ പ്രാതിനിധ്യവും ശിവഗിരി മഠം അടക്കമുള്ള കേന്ദ്രങ്ങളുടെ താല്പര്യവും പരിഗണിച്ചാണ് ഈ 'രട്ട ഇളവ്' എന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള സംസാരം.

എം.പിമാര്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനിച്ചതോടെ എ.ഐ.സി.സി സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും മത്സരിക്കുമോ എന്നതാണ് പുതിയ ചര്‍ച്ച. ആലപ്പുഴയില്‍ വേണുഗോപാല്‍ മത്സരിച്ചാല്‍ അത് യു.ഡി.എഫിന് വലിയ മേല്‍ക്കൈ നല്‍കുമെന്ന റിപ്പോര്‍ട്ടും നേതൃത്വത്തിന് മുന്നിലുണ്ട്. താന്‍ മത്സരത്തിനില്ലെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും, സംസ്ഥാനത്തെ സമവാക്യങ്ങള്‍ മാറിയതോടെ കെ.സി. വേണുഗോപാലിനെ അങ്കത്തിനിറക്കി ഒരു 'മാസ്റ്റര്‍ സ്‌ട്രോക്ക്' പരീക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്. പക്ഷേ സീറ്റ് വേണ്ടെന്നാണ് കെസി ഇപ്പോള്‍ പറയുന്നത്.

Tags:    

Similar News