നാടൻപാട്ട് സംഘത്തിന്റെ അവസരം കേരളയുവജന ക്ഷേമ ബോർഡ് നഷ്ടമാക്കുന്നതായി പരാതി; സംഘത്തെ അധികാരികൾ കൈയൊഴിഞ്ഞത് തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലിരിക്കെ; ദേശീയ തലത്തിൽ മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി; സ്വന്തം ചിലവിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും അവഗണന
തിരുവനന്തപുരം: നാടൻപാട്ട് സംഘത്തിന്റെ ദേശീയതലത്തിലേക്കുള്ള അവസരം കേരള യുവജന ക്ഷേമ ബോർഡ് നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപണം. യുവജനക്ഷേമ വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് നടന്ന യുവജനോത്സവത്തിൽ നാടോടിപാട്ടിൽ മത്സരിച്ച് ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടീമിന്റെ അവസരമാണ് നഷ്ടപ്പെടുത്തിയതായാണ് ആരോപണം ഉയരുന്നത്. കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച താമരശ്ശേരി പഞ്ചായത്ത് നാടൻപാട്ട് ടീമാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകിയെങ്കിലും അധികാരികളിൽ നിന്നും മറുപടി ലഭിച്ചില്ലെന്നും സംഘം പറയുന്നു.
തിരുവനന്തപുരത്ത് 2025 ജനുവരി 2-ന് നടന്ന യുവജനോത്സവത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച ടീം ഒന്നാം സ്ഥാനം നേടിയിരുന്നു. തൂടർന്ന് ദേശീയ തലത്തിലേക്ക് യോഗ്യത നേടിയ സംഘം മത്സരത്തിനായുള്ള അവസാന ഘട്ടത്തിലാണ് തയ്യാറെടുപ്പുകളിലായിരിക്കെയാണ് നിരാശയായി കേരളയുവജന ക്ഷേമ ബോർഡിന്റെ അറിയിപ്പെത്തുന്നത്. ജനുവരി 13ന് ഡൽഹിയിലെ ഭാരതമണ്ഡപത്തിൽ വെച്ച് നാടൻപാട്ട് മത്സരം നടക്കാനിരിക്കെ സംഘത്തെ അയക്കാൻ കഴിയില്ലെന്നാണ് ബോർഡിന്റെ അറിയിപ്പ്.
അതേസമയം ദേശീയ തലത്തിൽ മത്സരം റദ്ദാക്കിയിട്ടില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. മറ്റ് കാരണങ്ങൾ പറഞ്ഞ് നാടൻ പാട്ട് സംഘത്തെ അയക്കാതിരിക്കാനാണ് ബോർഡ് ശ്രമിക്കുന്നതെന്നാണ് ആരോപണം. ദേശീയ തലത്തിലെ നടക്കുന്ന യുവജനോത്സവം മത്സരമെന്ന നിലയിൽ പരിഗണിച്ചിട്ടില്ലെന്നും സാംസ്കാരിക പരിപാടികൾ മാത്രമാണെന്നും അതിനാൽ സംഘത്തിനായി ചെലവ് വഹിക്കാൻ കഴിയില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നതെന്നാണ് ആരോപണം. എന്നാൽ ടിക്കറ്റ് അടക്കമുള്ള ചിലവുകൾ സ്വയം വഹിച്ച് പരിപാടിയിൽ പങ്കെടുക്കണമെന്ന താല്പര്യം നാടൻപാട്ട് സംഘം അറിയിച്ചിട്ടും കേരള സംസ്ഥാന അധികാരികൾ സംഘത്തെ അയക്കാൻ താൽപ്പര്യം കാണിക്കുന്നില്ലെന്നാണ് പരാതിക്കാർ പറയുന്നത്.