കാലപ്പഴക്കമുള്ള ഫ്‌ളൈഓവറില്‍ 75ല്‍ അധികം കുട്ടികള്‍ കയറിയാല്‍ തകരുമെന്ന ഭയം ശക്തം; റോഡ് മുറിച്ചു കടക്കുന്ന കുട്ടികളില്‍ ആര്‍ക്കെങ്കിലും അപകടമുണ്ടായാല്‍ ആര് ഉത്തരവാദിത്തം പറയും? കൊച്ചി നേവല്‍ ബേസ് കേന്ദ്രീയ വിദ്യാലയങ്ങളിലെക്ക് കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്കുള്ള പുതിയ ട്രാഫിക് സിസ്റ്റം തീര്‍ത്തും അപ്രായോഗികം; വെണ്ടുരുത്തിയില്‍ കുട്ടികളുടെ ജീവന്‍ വച്ച് ആരും കളിക്കരുത്
കൊച്ചി: കൊച്ചി വെണ്ടുരുത്തി കേന്ദ്രീയ വിദ്യാലയത്തിലെ പുതിയ പരിഷ്‌കാരം ദുരന്തമായി മാറിയേക്കും. കുട്ടികളുമായി വരുന്ന വാഹനം സ്‌കൂളിന് സമീപം പ്രവേശിപ്പിക്കരുതെന്ന നിര്‍ദ്ദേശമാണ് വിവാദമാകുന്നത്. കേന്ദ്രീയ വിദ്യാലയങ്ങളില്‍ വരുന്നതില്‍ ഏറെയും സ്വകാര്യ വാഹനങ്ങളിലാണ്. വെണ്ടുരുത്തിയിലെ ഐഎന്‍സ് ഹോള്‍ഡിംഗ് ഗ്രൗണ്ടില്‍ ഇനി കുട്ടികളുമായി എത്തുന്ന സ്വകാര്യ വാഹനം നിര്‍ത്തണം. അതിന് ശേഷം അവര്‍ റോഡ് ക്രോസ് ചെയ്ത് സ്‌കൂളില്‍ എത്തണം. ഏറെ ഗതാഗത കുരുക്കുള്ളിവിടെ ഈ നിര്‍ദ്ദേശം അപകടമായി മാറാന്‍ ഇടയുണ്ട്. സ്‌കൂളിന് ഉള്ളിലേക്ക് വാഹനം നിര്‍ത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതിന് കാരണവും വ്യക്തമാക്കുന്നില്ല അധികൃതര്‍.
കൊച്ചി നേവല്‍ബേസ് കേന്ദ്രീയ വിദ്യാലയം നമ്പര്‍ 1, 2 എന്നീ സ്‌കൂളുകളില്‍ നിന്നും പുറത്ത് വിട്ട പ്രൈവറ്റ് വാഹനങ്ങള്‍ക്കുള്ള ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ രക്ഷിതാക്കളില്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മതാപിതാക്കള്‍ പറയുന്നു. ഈ മാസം പതിനൊന്ന് മുതല്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്‌കൂള്‍ ബസുകള്‍ക്കായുള്ള നിര്‍ദ്ദേശം പ്രൈവറ്റ് വാഹനങ്ങള്‍ ഇപ്പോള്‍ കുട്ടികളെ ഇറക്കുന്ന സ്‌കൂളിന് സമീപത്ത് ഇറക്കരുതെന്നും പകരും പ്രധാന റോഡിന് സമീപത്തായി അതായത് കൊച്ചി നേവല്‍ബേയിസിന്റെ പ്രധാന ഗേറ്റിന് സമീപമുള്ള പാര്‍ക്കിംഗ് ഗൗണ്ടില്‍ കുട്ടികളെ ഇറക്കണമെന്നുമാണ്. ഈ നിര്‍ദ്ദേശം ഈ സ്‌കൂളിലേക്ക് എത്തുന്ന ഭൂരിപക്ഷം കുട്ടികളുടെ സുരക്ഷയെയും ബാധിക്കുമെന്ന് ഉറപ്പാണ്.
കാരണം വളരെ തിരക്കേറിയ റോഡിന്റെ സമീപത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നും കുട്ടികള്‍ റോഡ് മുറിച്ച് കടക്കാനും ഇവിടെ മതിയായ ട്രാഫിക് സുരക്ഷ ഉറപ്പാക്കേണ്ടതും ആവശ്യമാണ്. കൂടാതെ നിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്ന് പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നും കെവി 2 വിലേക്ക് ഉള്ള ഫളൈ ഓവര്‍ വഴി കുട്ടികളെ കയറ്റി വിടണം. എന്നതാണ്. ഈ ഫ്‌ളൈഓവര്‍ വളരെ കാലപ്പഴക്കം ഉള്ളതിനാല്‍ ഒരേ സമയം 75 പേരില്‍ കൂടുതല്‍ കയറാന്‍ സാധിക്കില്ല. ഏകദേശം മൂവായിരത്തിനടുത്ത് കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളുകളിലേക്ക് ഈ ഫളൈ ഓവര്‍ വഴി കുട്ടികളെ കടത്തിവിടാനുള്ള നിര്‍ദ്ദേശവും രക്ഷിതാക്കളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തിരിച്ച് സ്‌കൂള്‍ വിട്ട് ഒരേ സമയം കുട്ടികള്‍ ഈ ഫ്ലൈ ഓവര്‍ വഴി ഒരുമിച്ച് വരുമ്പോള്‍ അപകട സാധ്യതയും കൂടുതലാണ്.
വിദ്യാലയത്തിന്റെ ചെയര്‍മാന്‍ കൂടിയായ ഐ.എന്‍.എസ് വെണ്ടൂരുത്തിയുടെ കമാന്‍ഡിംഗ് ഓഫീസറുടേതാണ് ഉത്തരവ്. 11/11/2025, ചൊവ്വാഴ്ച മുതല്‍ വാടകക്കെടുത്ത എല്ലാ വാഹനങ്ങളും വിദ്യാര്‍ത്ഥികളെ ഐ.എന്‍.എസ് വെണ്ടൂരുത്തിയിലെ ഹോള്‍ഡിംഗ് ഗ്രൗണ്ടില്‍ ഇറക്കണം. വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിലേക്ക് വരാനും സ്‌കൂളിന് ശേഷം തിരികെ പോകാനും കാല്‍നടമേല്‍പ്പാലം ം ഉപയോഗിക്കണം. ബാല്‍വാടിക വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ക്ക് നേരിട്ട് വിദ്യാലയത്തില്‍ കൊണ്ടുവന്ന് വിടാവുന്നതാണ്. പൊതുഗതാഗത മാര്‍ഗ്ഗങ്ങളില്‍ വരുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കള്‍ സ്വന്തം വാഹനങ്ങളില്‍ കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികളും കട്ടാരി ബാഗ് പ്രവേശന കവാടത്തില്‍ നിന്നുള്ള ആക്‌സസ് റോഡ് തുടര്‍ന്നും ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. ഇത് വാടകക്കെടുത്ത ബസുകളിലോ/വാനുകളിലോ/ഓട്ടോറിക്ഷകളിലോ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമുള്ളതാണ്. എല്ലാ ക്ലാസ്സ് ടീച്ചര്‍മാരും ചെയര്‍മാന്റെ കത്തും ഈ സന്ദേശവും ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നായിരുന്നു സ്‌കൂളിന്റെ വിചിത്ര ഉത്തരവ്.
കാല്‍നട മേല്‍പ്പാലം ഉപയോഗിക്കണമെന്ന ഉപദേശം ഉണ്ടെങ്കിലും അത് ചിലപ്പോഴെങ്കിലും കുട്ടികള്‍ അവഗണിക്കും. ഇത് അപകടങ്ങളും ഉണ്ടാക്കും. ഇതിനൊപ്പം കൊച്ചിയിലെ മയക്കു മരുന്ന് മാഫിയെ ഈ സ്‌കൂളിനെ അടക്കം ലക്ഷ്യമിടുന്നുണ്ട്. സ്‌കൂളിലേക്ക് നടന്നു പോകുന്ന കുട്ടികളെ പല പ്രലോഭനങ്ങളില്‍ വീഴ്ത്താന്‍ മാഫിയയും എത്തും. ഇതിനൊപ്പം റോഡ് മുറിച്ച് കടക്കുന്ന കുട്ടികള്‍ക്ക് ഉണ്ടാകാവുന്ന അപകട സാധ്യതയും. ഇതോടെ കുട്ടികളുടെ സുരക്ഷിതത്വ ആശങ്കയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. നേവിയുടെ അധീനതയിലാണ് ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം. ഇവിടെ സ്‌കൂള്‍ പിടിഎ പോലും നിലവിലില്ല. ഈ സാഹചര്യത്തില്‍ ഏകപക്ഷീയമായ ഉത്തരവ് അംഗീകരിക്കുന്നതില്‍ മതാപിതാക്കള്‍ അടക്കം വിയോജിപ്പുണ്ട്.
പ്രതിഷേധത്തിനും മതാപിതാക്കള്‍ ഒരുങ്ങുന്നുണ്ട്. കേന്ദ്രീയ വിദ്യാലയത്തിന്റെ ഉയര്‍ന്ന അധികാരികളെ ഇക്കാര്യം അറിയിക്കാനുള്ള ഓണ്‍ലൈന്‍ പരാതി അറിയിക്കലും തുടങ്ങിയിട്ടുണ്ട്. വലിയ പ്രതിഷേധം ഇക്കാര്യത്തില്‍ നടത്താനാണ് തീരുമാനം. കുട്ടികളെ കൊണ്ടു വരുന്ന സ്വകാര്യ വാഹനങ്ങളിലേ ഏതോ ഒരു ഡ്രൈവറും ഉന്നത നേവി ഉദ്യോഗസ്ഥനും തമ്മില്‍ വ്യക്തിപരമായ പ്രശ്‌നം ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇതാണ് പുതിയ ഉത്തരവിന് കാരണമെന്നാണ് വിലയിരുത്തല്‍. ഈ വിദ്യാലയങ്ങളിലേക്ക് ഏകദേശം 100 മുകളില്‍ പ്രൈവറ്റ് വാഹനങ്ങളാണ് കുട്ടികളെ എത്തിക്കാനായി വരുന്നത്. ഇത്രയും വാഹനങ്ങള്‍ തിരക്കേറിയ ഈ റോഡിന് സമിപത്തായി കുട്ടികളെ ഇറക്കാനായി പാര്‍ക്ക് ചെയ്യുന്നതും ഗതാഗത കുരുക്കിന് കാരണമാകും.
ഇത്രയധികം കുട്ടികള്‍ റോഡ് ക്രോസ് ചെയ്യുന്നത് വീണ്ടും കുട്ടികളെ ഇറക്കാനായി എത്തുന്ന വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തിരക്കും മൂലം വന്‍ ഗതാഗത കുരുക്ക് ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് കുട്ടികളുടെ സ്‌കൂള്‍ സമയത്തെ അടക്കം ബാധിക്കുമെന്ന് ഉറപ്പാണ്. പുതിയ പരിഷ്‌കരണത്തെ കുറിച്ച് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളുമായി യാതൊരുവിധത്തിലുള്ള അഭിപ്രായങ്ങള്‍ തേടിയിട്ടില്ല എന്നതും രക്ഷിതാക്കളെ ചൊടിപ്പിക്കുന്നുണ്ട്. ഇതിനെതിരെ രക്ഷിതാക്കള്‍ പെറ്റീഷന്‍ ആരംഭിക്കുകയും പരാതികള്‍ വേണ്ട അധികൃതരിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. കെവി എറണാകുളം റീജയണല്‍ ഹെഡ്, കലക്ടര്‍ എന്നിവര്‍ക്കും പരാതി നല്കാനാണ് തീരുമാനം.
