കോയിപ്രത്തെ കഞ്ചാവ് കേസ് പ്രതിയുടെ ദൂരുഹ തൂങ്ങിമരണം; സുരേഷിനെ മര്‍ദിച്ചുവെന്നൊരു മൊഴിയെടുത്ത് പുതിയ എഫ്ഐആര്‍ ഇട്ടു; പ്രതിയുടെ ബൈക്കിന് പിഴ ഒടുക്കേണ്ടി വന്നത് മര്‍ദന കാരണം; പോലീസിനെ വെള്ള പൂശാനുള്ള എഫ്ഐആര്‍ തിരച്ചടിച്ചേക്കും; തിടുക്കത്തിലുള്ള നടപടികള്‍ വിരല്‍ ചൂണ്ടുന്നത് പോലീസ് മര്‍ദനത്തിലേക്കോ?

Update: 2025-05-24 05:22 GMT

പത്തനംതിട്ട: കഞ്ചാവ് വലിച്ചതിന് കോയിപ്രം പോലീസ് കസ്റ്റഡിയില്‍ എടുത്ത വരയന്നൂര്‍ മുട്ടപ്പള്ളിയില്‍ കോളനി വാലുപറമ്പില്‍ വീട്ടില്‍ കെ.എം. സുരേഷിന്റെ (58) ദുരൂഹ മരണം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത വിട്ടയച്ചതിന് ശേഷം സുരേഷിനെ മുന്‍വിരോധം കാരണം മറ്റൊരാള്‍ മര്‍ദിച്ചുവെന്ന് സുഹൃത്തിന്റെ മൊഴി വാങ്ങി ഇന്നലെയാണ് കോയിപ്രം പോലീസ് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സുരേഷിന്റെ ശരീരത്തിലുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന പരുക്കുകള്‍ ഈ സംഭവത്തില്‍ നിന്നുണ്ടായത് എന്ന് വരുത്തി തീര്‍ക്കാനുള്ളതാണ് പുതിയ കേസ് എന്നാണ് സംശയം.

പക്ഷേ, ഈ കേസ് പോലീസിനെ കൂടുതല്‍ കുഴപ്പത്തിലാക്കുകയാണ്. മാര്‍ച്ച് 16 നാണ് കഞ്ചാവ് ബീഡി വലിച്ചതിന് രണ്ടംഗ പോലീസ് പട്രോളിങ് സംഘം സുരേഷിനെ കസ്റ്റഡിയില്‍ എടുത്തത്. അന്ന് തന്നെ എന്‍ഡിപിഎസ് കേസെടുത്ത് വിട്ടയച്ചു. പിന്നീട് 19 ന് വീണ്ടും പോലീസ് ഇയാളെ വിളിച്ചു കൊണ്ടു പോയി. 22 ന് സുരേഷിന്റെ മൃതദേഹം കോന്നിക്കും കുമ്പഴയ്ക്കുമിടയില്‍ ഇളകൊള്ളൂരിലെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കോന്നി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടില്‍ സുരേഷ് തൂങ്ങി മരിച്ചതാണെന്ന് തെളിഞ്ഞു. പക്ഷേ, നാലു വാരിയെല്ലുകള്‍ക്ക് ഒടിവുണ്ടെന്നും ശരീരത്ത് പരുക്കുണ്ടെന്നും പുറത്തും ചന്തിക്കും ചൂരല്‍ കൊണ്ട് അടിച്ച പാടുണ്ടെന്നും കണ്ടെത്തി. ഈ പരുക്കള്‍ുകള്‍ പോലീസ് മര്‍ദനത്തില്‍ ഉണ്ടായതാണെന്ന സംശയമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.

മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ പോലീസ് പ്രതിക്കൂട്ടിലായി. പോലീസ് മര്‍ദനം നടന്നുവെന്ന സംശയം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അന്വേഷണത്തിന് പ്രത്യേക സംഘത്തിനെ നിയോഗിച്ചു. ഇതിന് മുന്‍പ് അഡീഷണല്‍ എസ്.പി ആര്‍. ബിനു സ്വന്തംനിലയില്‍ അന്വേഷിച്ച് സുരേഷ് തൂങ്ങി മരിച്ചതാണെന്ന് ഉറപ്പിച്ചു. ഇയാള്‍ പോയ വഴികളും കണ്ടെത്തി. അപ്പോഴും പോലീസ് മര്‍ദനമെന്ന സംശയം നിലനില്‍ക്കുന്നു. മര്‍ദിച്ചുവെന്ന പഴി പോലീസിന്റെ തലയില്‍ നിന്ന് മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ എഫ്ഐആര്‍ എന്നാണ് സൂചന. കോയിപ്രം സ്വദേശി ട്യൂട്ടര്‍ എന്ന് വിളിക്കുന്ന അരീഷ് എന്നയാളെ പ്രതിയാക്കിയാണ് കേസ്. സുരേഷിന്റെ കൂട്ടുകാരന്‍ വരയന്നൂര്‍ കൈരളിപ്പടി വില്ലോത്ത് പറമ്പില്‍ വീട്ടില്‍ അനില്‍കുമാറിന്റെ മൊഴി എടുത്താണ് ഇന്നലെ കോയിപ്രം പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബി.എന്‍.എസിലെ 296, 126(2), 115(2), 117(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

എഫ്.ഐ.ആറില്‍ പറയുന്നതനുസരിച്ച് അരീഷിന്റെ ബൈക്ക് പോലീസ് പിടികൂടി വലിയ തുക പിഴ ഈടാക്കാന്‍ കാരണക്കാരനായത് സുരേഷാണ്. ഇതിന്റെ വിരോധം നിമിത്തം സുരേഷിനെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവത്രേ. ഇതിന് സാക്ഷിയാണ് അനില്‍കുമാര്‍. മാര്‍ച്ച് 16 ന് ബോട്ട് എന്ന് വിളിക്കുന്ന സുരേഷ് കഞ്ചാവ് വലിച്ചു കൊണ്ടിരുന്നപ്പോള്‍ അവിടെയെത്തിയ പോലീസ് പ്രതിയുടെയും കൂട്ടുകാരുടെയും ബൈക്കുകള്‍ പിടിച്ചെടുത്ത് കേസെടുത്തു. ഇതിന് പിന്നീട് അദാലത്തില്‍ വന്‍ തുക അടയ്ക്കേണ്ടി വന്നു. ഇതിന് കാരണമായത് സുരേഷ് തങ്ങളുടെ അടുത്ത് നിന്ന് കഞ്ചാവ് വലിച്ചതാണ്. 19 ന് രാത്രി 8.30 ന് അനില്‍കുമാറും പ്രതി അരീഷും ഒരു ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സുരേഷ് എതിരേ വരുന്നത് കണ്ടു. ബൈക്കിന് വന്‍ തുക പിഴ ഒടുക്കേണ്ടി വന്ന വിരോധം നിമിത്തം അരീഷ് സുരേഷുമായി വാക്കു തര്‍ക്കമുണ്ടായി. അനില്‍ തടസം പിടിച്ചെങ്കിലും അരീഷ് മുഷ്ടി ചുരുട്ടി സുരേഷിന്റെ മുതുകത്തും നെഞ്ചത്തും ഇടിച്ചു. നെഞ്ചിന് താഴെ ചവിട്ടത്തളളി താഴെയിടുകയും ചെയ്തുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

ഈ എഫ്ഐആറും അതില്‍ പറയുന്ന മൊഴിയും സംശയാസ്പദമാണ്. അനിലിന്റെ മൊഴി അനുസരിച്ചാണെങ്കില്‍ അരീഷിന്റെ ബൈക്ക് പിടിച്ചു കൊണ്ടു പോയതിന് പിഴ അദാലത്തില്‍ ആണ് അടയ്ക്കേണ്ടി വന്നത്. തലേന്ന് പിടിച്ച ബൈക്കിന് പിറ്റേന്ന് അദാലത്ത് നടത്തി പിഴ അടയ്ക്കുന്നത് എങ്ങനെയെന്ന ചോദ്യമാണ് പ്രസക്തം. പിന്നീടാണ് അദാലത്ത് നടന്നതെങ്കില്‍ അപ്പോഴും സുരേഷ് ജീവനൊടുക്കിയിരുന്നു. ഇതിലെല്ലാമുപരി മാര്‍ച്ച് 19 ന് തന്റെ സാന്നിധ്യത്തില്‍ നടന്ന ഒരു അടിപിടിയുടെ മൊഴി നല്‍കാന്‍ അനില്‍കുമാര്‍ എന്തിന് മേയ് 23 വരെ കാത്തിരുന്നുവെന്നതും ദുരൂഹമാണ്. സുരേഷിനെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്നത് ഏതാണ്ട് ഉറപ്പായ സ്ഥിതിക്ക് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് അനില്‍കുമാറിനെ വിളിച്ചു വരുത്തി മൊഴി എടുത്തിട്ടുള്ളത്.

കേസില്‍ പോലീസ് മര്‍ദനം സംശയിക്കപ്പെടുന്നത് ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്. മരണമടഞ്ഞ സുരേഷിന്റെ ബന്ധുക്കളോ സമുദായ സംഘടനയോ വലിയ പ്രക്ഷോഭവുമായി രംഗത്തു വരാതിരിക്കുന്നത് പോലീസിന് തുണയാണ്. എസ്.ഡി.പിഐ ഒഴികെ രാഷ്ട്രീയ പാര്‍ട്ടികളും ഇതേപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. ഈ അനുകൂല സാഹചര്യം മുതലാക്കിയാണ് കേസ് അന്വേഷണം വഴി തിരിച്ചു വിടാനുളള നീക്കം നടക്കുന്നത്. തന്നെ അരീഷ് മര്‍ദിച്ചിരുന്നാതായി സുരേഷ് മരിക്കുന്നതു വരെ ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍, പോലീസ് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് സുരേഷ് വാഹനമോടിക്കുന്ന വീട്ടിലെ വീട്ടമ്മയോട് പറഞ്ഞിരുന്നു. ശരീരമാസകലം മര്‍ദനമേറ്റുവെന്നും തന്നെ ഇനി ഒന്നിനും കൊള്ളില്ലെന്നുമാണ് സുരേഷ് പറഞ്ഞതെന്നാണ് കോന്നി പോലീസിന്റെ ആദ്യ അന്വേഷണത്തില്‍ വീട്ടമ്മ മൊഴി കൊടുത്തത്. ഇപ്പോഴും അവര്‍ ഈ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്. നാലു വാരിയെല്ലുകള്‍ ഒടിഞ്ഞുവെന്നും ചന്തിക്കും പുറത്തും ചൂരല്‍ കൊണ്ട് അടിയേറ്റിരുന്നുവെന്നും ഈ പരുക്കുകള്‍ക്കെല്ലാം സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത ദിവസം മുതല്‍ പഴക്കമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. പോലീസ് മര്‍ദനത്തില്‍ മനംനൊന്ത് സുരേഷ് ജീവനൊടുക്കിയെന്നാണ് സംശയിക്കുന്നത്. സുരേഷ് സ്വയം തൂങ്ങി മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പക്ഷേ, അതിലേക്ക് നയിച്ച മര്‍ദനം പോലീസിന്റെ തലയില്‍ നിന്ന് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്.

അഡീഷണല്‍ എസ്.പി. ആര്‍. ബിനു നടത്തിയ അന്വേഷണത്തില്‍ പോലീസ് വിട്ടയച്ച ശേഷം സുരേഷ് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ കയറി മധുരയ്ക്ക് പോയെന്നും അവിടെ നിന്ന് പുനലൂര്‍ എത്തി പത്തനംതിട്ടയിലേക്ക് വരുമ്പോള്‍ കോന്നി ഇളകൊള്ളൂരില്‍ ഇറങ്ങി റോഡു വക്കത്തെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ ജീവനൊടുക്കിയെന്നുമാണ് കണ്ടെത്തല്‍. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം ഇതിന്റേതായി ലഭിച്ചിട്ടുണ്ട്. സുരേഷിന്റേത് ആത്മഹത്യയാണെന്നുള്ളത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കേ ഈ കണ്ടെത്തലില്‍ പുതുമയില്ല. പക്ഷേ, ആത്മഹത്യയിലേക്ക് നയിച്ച പോലീസ് മര്‍ദനമാണ് അന്വേഷിക്കപ്പേടേണ്ടത്. പോലീസ് മര്‍ദനം നടന്നുവെന്ന കാര്യം സുരേഷിന്റെ വാക്കുകളില്‍ നിന്ന് തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതിന് സാക്ഷികളുമുണ്ട്. ഈ സാഹചര്യത്തിലാണ് മര്‍ദനം പോലീസില്‍ നിന്നല്ല എന്ന് വരുത്തി തീര്‍ക്കാന്‍ നീക്കം നടക്കുന്നത്.

Tags:    

Similar News