തനിക്കെതിരെയുള്ള പടയൊരുക്കം തടയാന്‍ ഹൈക്കമാന്‍ഡിനെ സമീപിച്ച് കെ.സി വേണുഗോപാല്‍; ഗ്രൂപ്പ് പോരുകള്‍ക്ക് കര്‍ശന വിലക്ക് പ്രഖ്യാപിക്കും; നേതാക്കളുടെ യോഗം വിളിക്കാന്‍ ദീപാദാസ് മുന്‍ഷി; ചെന്നിത്തലയെ വെട്ടാന്‍ ഡല്‍ഹിയിലെ കരുത്തുപയോഗിക്കാന്‍ കെസി; കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകളുടെ കഥ തുടരുന്നു

Update: 2025-10-17 06:40 GMT

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലേക്കുള്ള കെ.സി വേണുഗോപാലിന്‍െ്റ കടന്നുവരവ് തടയാനുള്ള എ, ഐ ഗ്രൂപ്പുകളുടെ ശ്രമം പ്രതിരോധിക്കാന്‍ ഹൈക്കമാന്‍ഡിനെ സമീപിച്ച് കെ.സി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സജീവമാകുന്ന ഗ്രൂപ്പ് പോരുകള്‍ ഇത്തവണ ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കി തനിക്കെതിരെയുള്ള നീക്കങ്ങള്‍ ഇല്ലാതാക്കാനാണ് കെ.സിയുടെ ശ്രമം. അതിന്‍െ്റ ഭാഗമായി കേരളത്തിന്‍െ്റ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിക്കും. കെ. കരുണാകരന്‍െ്റ രാഷ്ട്രീയ കളരിയില്‍ ഒപ്പമുണ്ടായിരുന്ന രമേശ് ചെന്നിത്തലയാണ് ഇപ്പോള്‍ കെ.സി വേണുഗോപാലിനെതിരെ പടയൊരുക്കം നടത്തുന്നത്.

വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം കേരളത്തില്‍ സജീവമാകാന്‍ ഒരുങ്ങിയ കെ.സി വേണുഗോപാലിന് പാര്‍ട്ടിക്കുള്ളില്‍ നിന്നും ശക്തമായ എതിര്‍പ്പുകളാണ് നേരിടേണ്ടി വരുന്നത്. ഇത്തവണ ഭരണം നേടാനാകുമെന്ന വിശ്വാസത്തില്‍ കോണ്‍ഗ്രസ് മൂന്നേറുമ്പോള്‍ ഡെല്‍ഹിയില്‍ നിന്നുമെത്തി കേരളത്തില്‍ കെ.സി നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനെയാണ് വിവിധ ഗ്രൂപ്പുകള്‍ എതിര്‍ക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍െ്റത് ഉള്‍പ്പെടെയുള്ള നിയമനങ്ങളില്‍ കെ.സിയുടെ അഭിപ്രായമാണ് ഹൈക്കമാന്‍ഡ് പരിഗണിച്ചത്. എ ഗ്രൂപ്പ് കെ.എം.അഭിജിത്തിനു വേണ്ടിയും ഐ ഗ്രൂപ്പ് അബിന്‍ വര്‍ക്കിക്കു വേണ്ടിയും ശക്തമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇരുവരെയും വെട്ടി ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത് കെ.സി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയാണെന്ന് ചില നേതാക്കള്‍ ആരോപിക്കുന്നു. പോഷക സംഘടനകളെ കെ.സി അനുകൂലമാക്കുകയാണെന്നും എ, ഐ ഗ്രൂപ്പുകള്‍ വിമര്‍ശിക്കുന്നു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കളം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.സിയുടെ നീക്കങ്ങള്‍. ലോക്‌സഭാ എംപിയായ വേണുഗോപാലിനു നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എഐസിസി നേതൃത്വം അനുമതി നല്‍കിയതായും വിവരമുണ്ട്. കെ.സിയും ഐ ഗ്രൂപ്പിന്‍െ്റ തന്നെ ഭാഗമാണെങ്കിലും ദേശീയതലത്തില്‍ പിടിമുറുക്കിയശേഷം കേരളത്തില്‍ ഒപ്പം നില്‍ക്കുന്ന നേതാക്കളുടെ എണ്ണം കൂട്ടാന്‍ ശ്രമിച്ചിരുന്നില്ല. എ.പി അനില്‍കുമാര്‍ മാത്രമാണ് കെ.സിയോടൊപ്പം വര്‍ഷങ്ങളായി നില്‍ക്കുന്ന നേതാവ്. ഇപ്പോള്‍ യുവ നേതാക്കളെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ സജീവമായി കെ.സി നടത്തുന്നുണ്ട്. രാഹുല്‍ ഗാന്ധിയുമായുള്ള അടുത്ത ബന്ധവും കെ.സി ഇതിനായി വിനിയോഗിക്കുന്നു. യൂത്ത് കോണ്‍ഗ്രസിനെ കൂടെ കൂട്ടി ശക്തി വര്‍ധിപ്പിക്കാനും കെ.സി ഗ്രൂപ്പ് ശ്രമിക്കുന്നുണ്ട്. ഗ്രൂപ്പു പോരുകള്‍ അവസാനിപ്പിക്കാന്‍ ഹൈക്കമാന്‍ഡിനെ കൊണ്ട് നിര്‍ദ്ദേശം നല്‍കാനാണ് കെ.സി ശ്രമിക്കുന്നത്. ഇതേത്തുടര്‍ന്ന് കേരളത്തിന്‍െ്റ ചുമതലയുള്ള ദീപാദാസ് മുന്‍ഷി മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിക്കും.

കെ.സിക്കെതിരെ ഒന്നിച്ചു നീങ്ങാനുള്ള ശ്രമവും എ, ഐ ഗ്രൂപ്പുകള്‍ പരിശോധിക്കുന്നുണ്ട്. ഐ ഗ്രൂപ്പ് വിശാലമായി പുനരുജ്ജീവിപ്പിക്കാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. ഐയില്‍ തന്നെ അഞ്ചിലധികം ഗ്രൂപ്പുകളാണ് നിലവിലുള്ളത്. കെ.സിയുടെ ഗ്രൂപ്പിനു പുറമേ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍െ്റ നേതൃത്വത്തിലാണ് രണ്ടാം ഗ്രൂപ്പ് ഉള്ളത്. എറണാകുളത്ത് അപ്രമാദിത്യമുള്ള ഈ ഗ്രൂപ്പിന് മറ്റ് ജില്ലകളിലും സ്വാധീനമുണ്ട്. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഗ്രൂപ്പായതിനാല്‍ ആളൊഴുക്കുണ്ട്. കെ. സുധാകരന്‍െ്റ നേതൃത്വത്തിലാണ് മറ്റൊരു ഗ്രൂപ്പുള്ളത്. കെ.സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായശേഷം ഉയര്‍ന്നുവന്ന ഗ്രൂപ്പാണിത്.

എം. ലിജുവാണ് ഈ ഗ്രൂപ്പിലെ പ്രമുഖന്‍. ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് ഇല്ലെന്ന് എപ്പോഴും പറയുന്നുണ്ടെങ്കിലും കെ. മുരളീധരന്‍െ്റ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും സ്വാധീനമുള്ള ഒരു ഗ്രൂപ്പുണ്ട്. കെ. കരുണാകരനോട് അടുപ്പമുണ്ടായിരുന്ന നിരവധി നേതാക്കള്‍ ഈ ഗ്രൂപ്പിലുണ്ട്. ഇതിനെല്ലാം പുറമേയാണ് കെ. കരുണാകരന്‍ പാര്‍ട്ടി വിട്ടപ്പോള്‍ വിശാല ഐ ഗ്രൂപ്പുണ്ടാക്കി ശക്തി തെളിയിച്ച രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് ഉള്ളത്. അന്‍വര്‍ സാദത്ത്, ജോസഫ് വാഴക്കന്‍, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങി നിരവധി നേതാക്കള്‍ എന്തുവില കൊടുത്തും ചെന്നിത്തലയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒപ്പം നില്‍ക്കുന്നവരാണ്.

എ.കെ.ആന്റണിയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി പോറ്റിവളര്‍ത്തിയ എ ഗ്രൂപ്പ്. ഉമ്മന്‍ചാണ്ടിയുടെ അവസാനകാലത്ത് ശിഥിലമായി. കേഡര്‍ സ്വഭാവമുള്ള ഗ്രൂപ്പ് പല നേതൃതട്ടുകളിലാണ്. എം.എം.ഹസന്‍, കെ.സി.ജോസഫ്, ബെന്നി ബെഹനാന്‍, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങി ഇപ്പോള്‍ ചാണ്ടി ഉമ്മനില്‍ വരെ എത്തിനില്‍ക്കുന്ന ഗ്രൂപ്പാണത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െ്റയും ടി.സിദ്ദിഖിന്‍െ്റയും നേതൃത്വത്തില്‍ രണ്ടു വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേയാണ് ശശി തരൂരിനൊപ്പം നില്‍ക്കുന്ന ചില നേതാക്കള്‍ അടങ്ങിയ ഒരു വിഭാഗമുള്ളത്. ശശി തരൂര്‍ മുഖ്യമന്ത്രിയാകണമെന്നു മാത്രം സ്വപനം കാണുന്ന ഫാന്‍സ് അസോസിയേഷന്‍ മാതൃകയിലുള്ള ഒരു വിഭാഗം മാത്രമാണിതെന്നും ആക്ഷേപമുണ്ട്.

കെ.സിയുടെയും വി.ഡി സതീശന്‍െ്റയും ശശി തരൂരിന്‍െ്റയും ഗ്രൂപ്പുകള്‍ ഒഴിവാക്കി മറ്റുള്ളവരെ ഒരുമിപ്പിക്കാനാണ് രമേശ് ചെന്നിത്തല ഇപ്പോള്‍ ശ്രമിക്കുന്നത്. കെ.സിക്കെതിരെ പോരാടണമെങ്കില്‍ ഗ്രൂപ്പിന്റെ ശക്തി വര്‍ധിപ്പിക്കണമെന്ന തിരിച്ചറിവിലാണ് ഈ നീക്കങ്ങള്‍.

Tags:    

Similar News