ബദലി ജീവനക്കാരോട് കെഎസ്ആർടിസിയുടെ അവഗണന; 15 ദിവസം കൂടുമ്പോൾ ശമ്പളം അക്കൗണ്ടിലെത്തുമെന്നത് വാഗ്‌ദാനം മാത്രമായി; 45 ദിവസമായി ശമ്പളമില്ല; കാശ് ചോദിക്കുമ്പോഴുള്ള അധികാരികളുടെ ഒളിച്ചുകളിയിൽ നട്ടംതിരിഞ്ഞ് ജീവനക്കാർ

Update: 2024-12-31 07:59 GMT

തൃശൂർ: കോടികൾ ലാഭമുണ്ടാക്കിയതായി വാർത്തകൾ വരുമ്പോഴും ദിവസ വേദനക്കാരായ ജീനക്കാർക്ക് 45 ദിവസമായിട്ടും ശമ്പളം നൽകാതെ കെഎസ്ആർടിസി അധികാരികളുടെ ഒളിച്ചു കളി. ബദലി നിയമനത്തിലൂടെ ജോലിയിൽ പ്രവേശിച്ച ജീവനക്കാരോടാണ് അധികാരികളുടെ അവഗണന. പുതുക്കാട് ഡിപ്പോ ബദലി ഡ്രൈവറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

പുതുക്കാട് ഡിപ്പോയിൽ മാത്രം പതിനഞ്ചോളം ബദലി ജീവനക്കാർ ഉണ്ടെന്നും, ജോലി ചെയ്ത ശമ്പളം ലഭിക്കാത്തതിൽ ഇവരുടെ കുടുംബം വലിയ പ്രതിസന്ധിയിലുമാണെന്ന ഗുരുതരമായ ആരോപണനമാണ് ഉയർന്നു വരുന്നത്. 15 ദിവസം കൂടുമ്പോൾ ശമ്പളം അക്കൗണ്ടിൽ ലഭിക്കുമെന്നത് വെറും വാഗ്‌ദാനം മാത്രമായെന്നാണ് ജീവനക്കാർ പറയുന്നത്.

2024 നവംബർ 17 മുതലാണ് പരാതിക്കാരാനായ ഡ്രൈവർ ജോലി ചെയ്യുന്നത്. 715 രൂപയാണ് ഉത്തരവ് പ്രകാരം ജീവനക്കാരന് ലഭിക്കേണ്ടത്. ഈ തുക 15 ദിവസം കൂടുമ്പോൾ അക്കൗണ്ടിൽ എത്തുമെന്നതുമായിരുന്നു വാഗ്‌ദാനം. എന്നാൽ 45 ദിവസം കഴിഞ്ഞിട്ടും ശമ്പളം ലഭിച്ചിട്ടില്ല എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് തൃശൂർ ഡിപ്പോയിലെ അധികാരികളോട് പരാതി പറഞ്ഞപ്പോൾ ശമ്പളത്തിനായുള്ള പേപ്പറുകൾ അയച്ചിട്ടുണ്ടെന്നും, യൂണിയൻ നേതാക്കളുമായി ബന്ധപ്പെടാനുമായിരുന്നു നിർദ്ദേശം. തുടർന്ന് പരാതിക്കാരൻ ട്രാസ്പോർട്ട് മന്ത്രിയോട് പരാതി പറയാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ലെന്നും ആരോപണമുണ്ട്.

മന്ത്രിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഗൺമാനാണ് മറുപടി നല്കിയതെന്നാണ് ജീവനക്കാരൻ പറയുന്നത്. ഗൺമാനോട് പരാതി ബോധിപ്പിച്ചപ്പോൾ കെഎസ്ആർടി സിലെ മേലധികാരിയുടെ നമ്പർ നൽകുകയും ആ നമ്പറിൽ ബന്ധപ്പെടാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് മേലധികാരിയെ ബന്ധപ്പെട്ടിട്ടും അവഗണനയാനുണ്ടായതെന്നാണ് ജീവനക്കാരന്റെ ആരോപണം.

അതേസമയം, ബദലി ജീവനക്കാരോടുള്ള കെഎസ്ആർടിസിയുടെ സമീപനത്തിനെതിരെ പരാതികൾ ഉയർന്നുവരികയാണ്. ശബരിമല സ്പെഷ്യൽ സർവീസിനെടുത്ത ജീവനക്കാരെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കി ജോലിയിൽ പ്രവേശിച്ച് 7 ദിവസങ്ങൾക്ക് ശേഷം പറഞ്ഞു വിട്ടതായുള്ള ആരോപണവും മറുനാടൻ പുറത്ത് വിട്ടിരുന്നു. 7 ദിവസത്തെ ശമ്പളവും ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാർ ആരോപിച്ചത്. ജോലിക്ക് പ്രവേശിക്കുന്നതിനായി കൈപ്പറ്റിയ സെക്യൂരിറ്റി ഡെപ്പോസിറ്റായ 5000 രൂപയും തിരിച്ചു നൽകാൻ അധികൃതർ തയ്യാറാവുന്നില്ലെന്നായിരുന്നു ആരോപണം.

കാരണം കാണിക്കാതെ 7 ദിവസങ്ങൾക്ക് ശേഷം ശമ്പളം പോലും നൽകാതെ പിരിച്ചു വിട്ടതോടെ പ്രതിസന്ധിയിലാണ് ജീവനക്കാർ. പരാതിയുമായി കെഎസ്ആർടിസി അധികൃതരെ കാണാനെത്തിയപ്പോൾ മന്ത്രി ഗണേഷ് കുമാറിനെ കാണാനായിരുന്നു നിർദ്ദേശം. 7 ദിവസത്തിനായി 5000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകി ജോലിക്ക് കയറിയ തങ്ങളെ കബളിപ്പിക്കപ്പെട്ടതായാണ് ജീവനക്കാർ പറയുന്നത്.

Tags:    

Similar News