'മതത്തില്‍ ആളെ ചേര്‍ക്കാന്‍ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടോ? മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗ ലബ്ധി സാധ്യമാകുമെന്ന് അസ്സന്നിഗ്ദ്ധമായി പറയുമായിരുന്നു; മറ്റ് മതങ്ങള്‍ മോശമെന്ന് പറയാന്‍ നമ്മള്‍ക്ക് അവകാശമില്ല'; അഭിമുഖത്തില്‍ തുറന്നുപറഞ്ഞ് കെ ടി ജലീല്‍

ഒരു സൂഫി വര്യനെ പോലെ ജീവിച്ച മനുഷ്യനാണ് മഹാത്മാ ഗാന്ധി

Update: 2024-10-17 11:36 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുകളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ഇസ്ലാം മതത്തിലേക്കുള്ള പരിവര്‍ത്തനം അടക്കമുള്ള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി കെ ടി ജലീല്‍ എം എല്‍ എ. ഇസ്ലാം കാര്യവും ഈമാന്‍ കാര്യവുമാണ് ഇസ്ലാമിന്റെ അടിസ്ഥാനം. നമ്മുടെ മതത്തിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ട് വരണമെന്ന് ചില ആളുകള്‍ ആഗ്രഹിക്കും. പക്ഷെ അവിടെയും ഖുര്‍ആന്‍ ഇടപെടുന്നുണ്ടെന്ന് കെ ടി ജലീല്‍ പറയുന്നു. മറ്റ് മതങ്ങള്‍ മോശമാണെന്ന് പറയാന്‍ നമ്മള്‍ക്ക് അവകാശമില്ല. കാരണം അങ്ങനെ അവകാശം നല്‍കിയിരുന്നു എങ്കില്‍ മത പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗ ലബ്ധി സാധ്യമാകും എന്ന് ഖുറാന്‍ അസ്സന്നിഗ്ദ്ധമായി പറയേണ്ടിയിരുന്നു. അങ്ങനെ പറഞ്ഞിട്ടില്ലെന്നും കെ ടി ജലീല്‍ പറയുന്നു. മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സക്കറിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കെ ടി ജലീല്‍ തന്റെ നിലപാട് വിശദീകരിക്കുന്നത്.

സ്വര്‍ഗ്ഗസ്ഥനായ ഗാന്ധിജി എന്നാണ് പുസ്തകത്തിന്റെ പേര്. ഞാന്‍ ആ പുസ്തകം എഴുതാന്‍ വേണ്ടി തീരുമാനിച്ചത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രധാന മന്ത്രി ഒരു പ്രസ്താവന നടത്തി. അത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ആ പ്രസ്താവന മറ്റൊന്നും ആയിരുന്നില്ല, റിച്ചാര്‍ഡ് ആറ്റന്‍ബൊറോയുടെ സിനിമ പുറത്തുവന്നതിനു ശേഷമാണ് ലോകര്‍ ഗാന്ധിജിയെ കുറിച്ച് അറിയാന്‍ വേണ്ടി തുടങ്ങിയത് എന്നായിരുന്നു. ഒരു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അങ്ങനെ ഒരു പ്രസ്താവന അപ്രസക്തമാണ്. എന്തായിരിക്കുമതിന്റെ കാരണം എന്ന് ഞാന്‍ ഇങ്ങനെ നോക്കിയപ്പോള്‍ എനിക്ക് തോന്നിയത് മഹാത്മാ ഗാന്ധിയെ കാലാന്തരത്തില്‍ ഇന്ത്യന്‍ മനസ്സുകളില്‍ നിന്ന് പൂര്‍ണമായും ഉന്മൂലനം ചെയ്യുക, തല്‍സ്ഥാനത്ത് ഗോല്‍വാല്‍ക്കറെയും, അല്ലെങ്കില്‍ സവര്‍ക്കറിനെയോ ഒക്കെ പുനര്‍പ്രതിഷ്ഠിക്കുക എന്ന ഒരു ഗൂഢമായ ലക്ഷ്യം അതിന്റെ പിന്നിലുണ്ട്.



Full View

അങ്ങനെയാണ് വീണ്ടും ഗാന്ധിജിയെ വായിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഒരു ചരിത്ര വിദ്യാര്‍ത്ഥി എന്ന നിലയിലും ഒരു അദ്ധ്യാപകന്‍ എന്ന നിലയിലും ഗാന്ധിജിയെ ഓരോ തവണ വായിക്കുമ്പോഴും മതിപ്പും ആധരവും എനിക്ക് കൂടി കൂടി വന്നിട്ടേ ഉള്ളു. പ്രവാചകത്വം കല്പിക്കപ്പെടാത്ത മനുഷ്യന്‍ പ്രഥമസ്ഥാനത്ത് നിങ്ങള്‍ ആരെ നിര്‍ത്തും എന്ന് എന്നോട് ആരെങ്കിലും ചെയ്തിച്ചാല്‍ എനിക്ക് ഒരൊറ്റ ഉത്തരമേ ഉള്ളു അത് മഹാത്മാ ഗാന്ധിയാണ്. അത് ഗാന്ധിജിയുടെ ജീവിതം അതേപടി മനസ്സിലാക്കിയത് കൊണ്ടാണ്. ലോകത്തില്‍ ഏതെങ്കിലും ഒരു നേതാവ് മറ്റുള്ളവരുടെ വിസര്‍ജി ചുമന്ന് ദൂരെ കൊണ്ടു പോയി അത് കളഞ്ഞ് ആ വലിയ മണ്‍പാത്രം കഴുകി വൃത്തിയാക്കി തല്‍സ്ഥാനത്തു കൊണ്ട് വെച്ച് പിറ്റേ ദിവസവും ഇത് തന്നെ തുടര്‍ന്നു. ലോകത്തില്‍ ഏതെങ്കിലും ഒരു മനുഷ്യന്‍ ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് മഹാത്മാ ഗാന്ധി മാത്രമാണ്.

അത്രയും ഒരു സൂഫിവര്യനെ പോലെ ജീവിച്ച മനുഷ്യനാണ് മഹാത്മാ ഗാന്ധി. ഒരാളെയും ഉപദ്രവിക്കാത്ത ഓരോ അടിയും ഏറ്റുവാങ്ങി അത് തിരിച്ചു നല്‍കാന്‍ കഴിയുമായിരുന്നിട്ട് കൂടിയും ചെയ്യാത്ത, കളവു പറയാത്ത, ആരോടും യുദ്ധം പ്രഖ്യാപിക്കാത്ത, തന്റേത് മാത്രമാണ് ശരിയെന്ന ശഠിച്ചുകൊണ്ട് ലോകത്തൊരു മനുഷ്യനോടും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടാത്ത, ലോകം കണ്ട ഏറ്റവും വലിയ മഹത് വ്യക്തത്തിനു ഉടമയാണ് മഹാത്മാ ഗാന്ധി.

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ലക്ഷ്യം സ്വര്‍ഗ്ഗലബ്ധിയാണ്. ഇവിടെ സല്‍കൃത്യങ്ങള്‍ ചെയ്യുന്നത് സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നത് ദൈവത്തെ ഭയന്ന് ജീവിക്കുന്നത് മറ്റുള്ളവര്‍ക്ക് ഉപദ്രവം ഏല്‍പ്പിക്കാതെ മുന്നോട്ട് പോകുന്നത്. ഇതൊക്കെ ദൈവ കല്‍പ്പനയില്‍ ആ ഒരു സ്വാധീനത്തില്‍ അടിപ്പെട്ടുകൊണ്ട് കൂടിയാണ്. അപ്പൊ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരാള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ അംഗീകാരം എന്ന പറയുന്നത് സ്വര്‍ഗ്ഗലബ്ധിയാണ്. ഒരാള്‍ക്ക് സാധ്യമാകുമോ ഇല്ലയോ എന്നതിനെ സംബന്ധിച്ച അവനവന്റെ ഒരു അഭിപ്രായ പ്രകടനമാണ്.

മഹാത്മാ ഗാന്ധി ചിലപ്പോ ഇസ്ലാമിനെ കുറിച്ച വേണ്ടത് പോലെ മനസ്സിലാക്കിയിട്ടുണ്ടാവില്ല, എല്ലാ മതങ്ങളിലെയും മതങ്ങളിലെ നന്മകളെ ഉള്‍ക്കൊണ്ട മനുഷ്യനാണ് മഹാത്മാ ഗാന്ധി. സര്‍വ മത സത്യ വാദം എന്ന് പറയുന്നത് ജീവിതത്തില്‍ അംഗീകരിക്കുകയും അത് പ്രാവര്‍ത്തികം ആക്കുകയും ചെയ്ത ആളാണ്. ഗാന്ധി സ്വര്‍ഗ്ഗ പ്രവേശനം നേടിയിട്ടേ ഈ ലോകത്തിന് തന്നെ പ്രവാചകത്വം കല്പിക്കപെടാത്ത ഏതെങ്കിലും ഒരാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കൂ എന്നാണ് എന്റെ വിശ്വാസം അതിന് ഇസ്ലാമിന്റെ വിശ്വാസമാണ് എന്നല്ല, എന്റെ വാദമാണ്.



 



ഇസ്ലാമിനെ ഞാന്‍ മനസ്സിലാക്കിയത് പരിമിതമായിട്ടാകും എന്നാല്‍ ആ പരിമിതിക്കുള്ളില്‍ നിന്നും ഞാന്‍ ഇങ്ങനെ വായിച്ചെടുത്തപ്പോള്‍, അത് മനസ്സിലാക്കിയപ്പോള്‍ ഗാന്ധിജി ഇതൊന്നും ചെയ്തത് ഒന്നിനും വേണ്ടിയിട്ടല്ല, അധികാരത്തിന് വേണ്ടിയല്ല ആരുടെയെങ്കിലും സൗകര്യങ്ങളും സാമ്പത്തിക സഹായങ്ങളും ലഭിക്കാന്‍ വേണ്ടിയല്ല. ഏറ്റവും ലളിതമായിട്ടാണദ്ദേഹം എപ്പോഴും ജീവിച്ചത്. തന്റെ കൂടെയുള്ള തന്റെ ശ്രേണിക്ക് ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യരുടെ ജീവിത നിലവാരത്തോട് എങ്ങനെ ഒട്ടി നില്‍ക്കാം എന്നതിനെ കുറിച്ചാണ് അദ്ദേഹം ചിന്തിച്ചത്. അതുകൊണ്ടാണ് ഗാന്ധിജി എന്തുകൊണ്ടാണ് കുപ്പായമിടാത്തതെന്ന് ചോദിച്ചപ്പോള്‍ ഇന്ത്യയിലെ അവസാന മനുഷ്യനും കുപ്പായമിടുമ്പോഴേ താനും കുപ്പായമിടുള്ളൂ എന്നുപറഞ്ഞ രാഷ്ട്ര നേതാവാണദ്ദേഹം.

ഏത് മതക്കാര്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുണ്ട്. മുസ്ലീമുകള്‍ വിശ്വസിക്കുന്നു, ഇസ്ലാം മതത്തില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം ചെയ്തവര്‍ക്കും മാത്രമാണ് സ്വര്‍ഗം. ക്രൈസ്തവരും അങ്ങനെ തന്നെയാണ്. ഹിന്ദു മതത്തിനു വളരെ പ്രാചീനത കൂടുതലാണ് അതികൊണ്ട് തന്നെ അവര്‍ മോക്ഷ മാര്‍ഗ്ഗത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. ആ മോക്ഷം സനാതന ധര്‍മം പുലര്‍ത്തി ജീവിച്ചവര്‍ക്കാണ് എന്നവര്‍ വിശ്വസിക്കുന്നു. പക്ഷെ ലോകത്ത് നന്മ ചെയ്ത് ജീവിക്കുകയും ഒരു മനുഷ്യനും ഒരു ഉറുമ്പിന്റെ കടിയുടെ പോലും വേദനയേല്‍പ്പിക്കാതെ കടന്നു പോകുകയും ചെയ്ത ആളുകളുണ്ട് അവര്‍ക്കെല്ലാവര്‍ക്കും ഉള്ളതാണ് സ്വര്‍ഗ്ഗം എന്നതാണ് ഞാന്‍ കരുതുന്നത്. അങ്ങനെയാണ് ഞാന്‍ വായിച്ച വേദ ഗ്രന്ഥങ്ങളുടെ ആന്തരാര്‍ത്ഥങ്ങള്‍ തേടുമ്പോള്‍ എനിക്ക് മനസ്സിലായിട്ടുള്ളത്.

ഒരിക്കല്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ അടുത്ത് രണ്ട് ആളുകളുടെ ഉദാഹരണം പറയുകയുണ്ടായി ഒരു വ്യക്തി എന്ന് പറയുന്നത് സ്ത്രീയാണ്. ആ സ്ത്രീ അഭിസാരികയായിരുന്നു. ആ സ്ത്രീ സ്വര്‍ഗ്ഗത്തിലേക്ക് എങ്ങനെയാണ് പ്രവേശിക്കുക എന്ന് പ്രവാചകനോട് ചോദിച്ചു. അപ്പൊ അനുചാരകന്മാരും ചോദിച്ചു എങ്ങനെയാണ് പ്രവാചകനെ ഒരു അനുസാരിക സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. ഒരു നായ വെള്ളം കിട്ടാതെ വലഞ്ഞ് വന്ന സമയത്ത് തന്റെ ഷൂ കയറില്‍ കെട്ടി കിണറ്റിലേക്കിറക്കി അതില്‍ നിന്നും വെള്ളം കോരിയെടുത്തു ആ നായക്ക് കൊടുത്തു. അതിന്റെ പേരില്‍ സ്വര്‍ഗ്ഗ ലബ്ധി നേടിയെടുത്തു.

മറ്റൊരു പ്രവാചകനെ കുറിച്ചും പ്രവാചകന്‍ പറഞ്ഞു സദാ സമയവും ആരാധനാലയങ്ങളില്‍ ആരാധനയില്‍ മുഴുകി ജീവിച്ചിരുന്ന ആ സ്ത്രീ നരകത്തിലാവും എന്ന പ്രവാചകന്‍ പറഞ്ഞു. എന്താണ് പ്രവാചകനെ അതിനു കാരണം, സാധാ സമയവും ആരാധനയില്‍ മുഴുകി ഇരുന്ന ആ സ്ത്രീ എങ്ങനെ നരകത്തില്‍ പ്രവേശിക്കും. അപ്പൊ പ്രവാചകന്‍ മറുപടി പറഞ്ഞു അകാരണമായി ഒരു പൂച്ചയെ കെട്ടിയിട്ട് വെള്ളം കൊടുക്കാതെ ഭക്ഷണം കൊടുക്കാതെ ഉപദ്രവിച്ചു ദ്രോഹിച്ചു. അവസാനം ആ പൂച്ച ചത്ത് പോയി ആ കാരണത്താല്‍ ആ സ്ത്രീ ആരാധനയില്‍ മുഴുകി ജീവിച്ചിരുന്നവളായിട്ടും നരകത്തിലേക്കായിരുക്കും പ്രവേശിക്കപ്പെടുക. ഈ ഉദാഹരങ്ങള്‍ മാത്രം മതി നല്ല മനുഷ്യര്‍ക്ക് നന്മ മാത്രം ചെയ്ത ജീവിച്ചവര്‍ക്ക് ഒന്നും പ്രതീക്ഷിക്കാതെ മനുഷ്യര്‍ക്ക് വേണ്ടി ജീവിക്കുന്നവര്‍ക്ക് വേണ്ടിയാണ് സ്വര്‍ഗം.

സ്വര്‍ഗ്ഗസ്ഥനായ ഗാന്ധിജി എന്ന പുസ്തകം എന്റെ ലേഖനങ്ങളുടെ സമാഹാരമാണ് 55 പേജുകളുള്ള ആദ്യത്തെ ലേഖനമാണ് സ്വര്‍ഗ്ഗസ്ഥനായ ഗാന്ധിജി, ഗാന്ധിജിയുടെ ജീവിതമാണ് വരച്ച് കാണിക്കുന്നത്. സ്വര്‍ഗ്ഗ ലബ്ധി സാധ്യമാകുന്ന മനുഷ്യരില്‍ പ്രധമ പട്ടികയില്‍ ഇടം നേടുന്ന വ്യക്തികളില്‍ ഗാന്ധിജി കൂടിയുണ്ടാവും അതെനിക്ക് ഉറപ്പാണ് എന്നാണ്. ഇത് കൈരളി ബുക്സാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്നുവരെ ആരും സാധാരണ ഗതിയില്‍ പറഞ്ഞു കേട്ടിട്ടില്ലാത്ത തലത്തിലോ നിന്ന് കൊണ്ടുമാണ് അവതരിപ്പിക്കാനാണ് ശ്രമിച്ചത്.

അങ്ങ് ഒരു മുസ്ലിം മത വിശ്വാസമാണ് ഇസ്ലാമിക വിശ്വാസത്തില്‍ സ്വാഭാവികമായും ഇത് മതത്തിന്റെ ആശയവുമായി ക്ലാശ് ആവുകയും ചെയ്യുകയില്ലേ, കാരണം ഗാന്ധി മുസ്ലിം മത വിശ്വാസി ആകേണ്ട സ്വര്‍ഗ്ഗത്തില്‍ പോകാന്‍ എന്ന് പ്രഖ്യാപിക്കുകയാണോ?

സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്നാണല്ലോ യേശു ക്രിസ്തുവിനെക്കുറിച്ച് ക്രൈസ്തവര്‍ പറയുന്നത്. അങ്ങനെ ഒരു വാക്കില്‍ ഒരു പക്ഷെ അങ്ങനെ ഒരു തലവാചകത്തില്‍ ഗാന്ധിജിയെക്കുറിച്ച് ആദ്യം ഇറങ്ങിയിട്ടുള്ളൊരു ലേഖനമാവും ഇത്. പലരും പറയാന്‍ ധൈര്യപ്പെടാത്തതോ അല്ലെങ്കില്‍ ആ നിലക്ക് വിശ്വാസപരമായി ഗാന്ധിജിയെ കാണാന്‍ ശ്രമിച്ചവര്‍ ഉണ്ടാകില്ല. ഇങ്ങനെ ഒരു പേരില്‍ ഒരു പുസ്തകം വരുമ്പോള്‍ സ്വാഭാവികവുമാണ് അതിനു എതിര്‍പ്പുകള്‍ വരാന്‍ സാധ്യതയുണ്ട്. പക്ഷെ എന്നാലും ആ എതിര്‍പ്പുകളെ വളരെ മാന്യമായി തന്നെയാണ് മുസ്ലിം പണ്ഡിതന്മാരടക്കം അതില്‍ പ്രതികരിച്ചത്. അവര്‍ അവരുടേതായിട്ടുള്ള നിരീക്ഷണങ്ങള്‍ പറയുന്നു എന്ന് കരുതി എന്നെ ഇസ്ലാമില്‍ നിന്നും പുറത്താക്കാനോ ഇവന്‍ ഇനി മേലില്‍ ഇനി മുസ്ലിം ആവില്ല പറയാനോ ഒന്നിനും അവര്‍ നിന്നിട്ടില്ല. അവര്‍ പറഞ്ഞത് വിശ്വാസവും വേണം സല്‍ക്കര്‍മ്മവും വേണം എങ്കിലേ സ്വര്‍ഗ്ഗ ലബ്ധി സാധ്യമാകു. ഇത് തന്നെയാണ് എല്ലാ മതക്കാരും പറയുന്നത്. എന്നാല്‍ അതിനപ്പുറത്തേക്ക് ഒരു തലം ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു വെച്ചപ്പോ സഹിഷ്ണുത പൂര്‍ണമായി സംവദിക്കുവാനാണ് മുസ്ലിം പണ്ഡിതന്മാര്‍ ശ്രമിച്ചത്.


 



യഥാര്‍ത്ഥത്തില്‍ മതങ്ങള്‍ തമ്മിലുള്ള ഈ ഭിന്നത പരിഹരിക്കാന്‍, എന്റേത് മാത്രമാണ് ശരി എന്ന തോന്നലാണ് ഭിന്നതകള്‍ക്ക് കാരണം അതിന് എങ്ങനെ പരിഹാരമുണ്ടാകും?

അതിനു പരിഹാരം എന്ന് പറയുന്നത് ഓരോ മതത്തിനും പിറവിയുടെ ഒരു കാലദൈര്‍ഖ്യം ഉണ്ടാവുമല്ലോ, ഹിന്ദു മതം ഏറ്റവും പ്രാചീനമായിട്ടുള്ള മതമാണ്. അതിനു ശേഷമുള്ള മതമാണ് ബുദ്ധ മതം ജൈന മതം അതും കഴിഞ്ഞാണ് മറ്റ് മതങ്ങള്‍ വരുന്നത്. സാമാന്യേണ പ്രായം കുറഞ്ഞ മതമാണ് ഇസ്ലാം മതം. പ്രായം കുറയുംതോറും മതങ്ങള്‍ക്ക് കുറച്ച കൂടി യുക്തി ഭദ്രത കൂടും. പിന്നെ വര്‍ത്തമാന സംഭവ വികാസങ്ങളോടുള്ള പ്രതികരണങ്ങള്‍ അതിനോടുള്ള സമീപനങ്ങള്‍ ഇതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അതിലുണ്ടാകും.

ടോയ്ലെറ്റില്‍ പോകുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ മുതല്‍ ഒരു രാഷ്ട്ര നേതാവിനോട് പുലര്‍ത്തേണ്ട മര്യാദകള്‍ വരെ ഇസ്ലാമില്‍ മത ശാസനകളായി പ്രവാചകന്റെ കര്‍മ്മങ്ങളായി, കൃത്യങ്ങളായി രേഖപ്പെടുത്തുന്നുണ്ട്. സിഖ് മതം എന്ന പറയുമ്പോള്‍ മത സത്യാ വാദം അംഗീകരിച്ചൊരു മതമാണ്. അവര്‍ക്ക് പ്രേത്യകമായിട്ടുള്ളൊരു ആരാധന മൂര്‍ത്തിയൊന്നുമില്ല. ഞാന്‍ പഞ്ചാബില്‍ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. എംഎല്‍എ എന്ന നിലയില്‍ ഒരു ടൂര്‍ പോയതായിരുന്നു. അപ്പൊ ഞങ്ങളതിന്റെ ഉള്ളില്‍ കടന്നപ്പോള്‍ ഒരു മഞ്ഞ തൂവാല തന്നു അത് തലയില്‍ അണിയുന്നത് നല്ലതാണെന്ന് പറഞ്ഞു. ഏത് മതത്തിലുള്ളവര്‍ക്കും സുവര്‍ണ്ണ ക്ഷേത്രത്തില്‍ കയറാം. അപ്പൊ അത് ഞങ്ങളില്‍ വല്ലാത്തൊരു അതിശയമുണ്ടാക്കി. അങ്ങനെ ഞാനാണ് എല്ലാ ദൃശ്യങ്ങളും കണ്ട അവിടെ നിന്ന് ഭക്ഷണവും കഴിച്ച് നടന്ന വരുമ്പോള്‍ ഞങ്ങള്‍ക്ക് വഴികാട്ടിയായി നേരത്തെ നിശ്ചയിച്ച തന്നിരുന്ന ഒരു പുരോഹിതനോട് പറഞ്ഞു ഞങ്ങള്‍ക്ക് വല്ലാത്തൊരു അത്ഭുതം തോന്നുന്നു ഇവിടെ വരുമ്പോള്‍ ഞങ്ങള്‍ക്കൊരു അന്യതാ ബോധം തോന്നുന്നില്ല.

മറ്റേതൊരു ആരാധാനാലയത്തില്‍ പോകുമ്പോളും, അന്യമതസ്ഥര്‍ക്ക് ഒരു പരിധി കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് പ്രവേശനമുണ്ടാകില്ല. അവരുടെ പേര് അവരുടെ മാറ്റ് കാര്യങ്ങള്‍ നോക്കിയാവും പ്രവേശനം അനുവദിക്കുക. അപ്പൊ ഇതൊന്നും അല്ലാതെ ഒരു സിഖ് കാരന് എത്ര അധികാരമുണ്ടോ അത്രമാത്രം അധികാരം മറ്റ് മതത്തിലുള്ളവര്‍ക്കും ആ ആരാധാനാലയത്തില്‍ ഉണ്ട് എന്നത് ഞങ്ങള്‍ക്ക് അത്ഭുതം ഉണ്ടാക്കിയെന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞു ഈ ആരാധനാലയം എത്ര മാത്രം ഞങ്ങളുടേതാണോ അത്രമാത്രം നിങ്ങളുടേതും കൂടെയാണ്. ഏതൊരു ആരാധനാലയത്തില്‍ ഏതൊരാള്‍ പോയാലും കേള്‍ക്കാനാഗ്രഹിക്കുന്ന ഒരു വാചകമായിരുന്നു അത്. പക്ഷെ ഒരിക്കലും കേള്‍ക്കാനാവാത്ത വാക്കുകള്‍. അത് നമുക്ക് സുവര്‍ണ്ണ ക്ഷേത്രത്തില്‍ മാത്രമേ കേള്‍ക്കാന്‍ കഴിയു. ഇങ്ങനെ ഒരു വാചകം അവിടെ നിന്ന് കേള്‍ക്കാനായത് സിഖ് മതം ഏറ്റവും നവീനമായൊരു മതം ആയത് കൊണ്ടാണ്. മാത്രമല്ല സുവര്‍ണ്ണ ക്ഷേത്രത്തിന് തറക്കല്ലിട്ടത്ത് മുസ്ലിം പുരോഹിതനാണ്, ഒരു സൂഫിയാണ്. അങ്ങനെ ഒരു പ്രത്യേക കൂടി അതിനുണ്ട്.

അങ്ങനെ സൗഹാര്‍ത്തത്തിന്റെയും മൈത്രിയുടെയും തലങ്ങളാണ് മതങ്ങള്‍ രൂപപ്പെടുത്തേണ്ടത്. എന്നാണ് മതം ആളുകള്‍ക്കിടയില്‍ ഒരു ലഹരിയായി മാറുകയും വിധ്വേഷവും വെറുപ്പുമായി ആരാധനാലയങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്ന ഒരു കാലത്ത് സൗഹൃദത്തിന്റെയും സനേഹത്തിന്റെയും വിശാലമായ ഒരു ഭൂമികയാണ് മനുഷ്യര്‍ക്കിടയില്‍ മതം സൃഷ്ടിക്കുന്നത് എന്നുള്ള ബോധം മനുഷ്യര്‍ക്കിടയില്‍ ഉണ്ടാക്കാണം.

അവനവന്റെ മതത്തില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ മറ്റുള്ളവരോട് സഹിഷ്ണതയോടെ പെരുമാറാനും അവരെ അധിക്ഷേപിക്കുന്നത് ഒഴിവാക്കാനും മത പണ്ഡിതന്മാര്‍ തന്നെ പറയ്യുന്നില്ലേ ?

തീര്‍ച്ചയായും അങ്ങനെ തന്നെ അവര്‍ പറയണം. ഞാന്‍ ഒരു ഇസ്ലാം മത വിശ്വാസിയാണ് ആചാരാനുഷ്ഠാനങ്ങള്‍ പ്രകാരം ജീവിക്കുന്ന ഒരാളാണ്. പക്ഷെ എനിക്ക് ഇന്നുവരെ മറ്റൊരു മതത്തോട് ദര്‍ശനങ്ങളോട് വെറുപ്പ് തോന്നിയിട്ടില്ല. കാണണം ഖുറാനില്‍ തന്നെ ഒരു വചനമുണ്ട് ആരാണ് മുസ്ലിം. ഖുറാന്‍ പറയുന്ന ഒരു മറുപടി മുഹമ്മദ് നബിയെ താങ്കള്‍ക്ക് ഇറക്കപ്പെട്ട ഗ്രന്ഥത്തില്‍ മാത്രം വിശ്വസിക്കുന്നവരല്ല മുസ്ലിം താങ്കള്‍ക്ക് മുന്‍പ് ഇറക്കപ്പെട്ട ഗ്രന്ഥങ്ങളിലും അവര്‍ വിശ്വസിക്കുന്നു. ഖുറാനില്‍ മാത്രം വിശ്വസിച്ചാല്‍ ഒരു യഥാര്‍ത്ഥ മുസ്ലീമാകാന്‍ കഴിയില്ല എന്ന് തുറന്ന് പറയുകയാണ് ഖുറാന്‍. അതിനുമുന്‍പ് അവതീര്‍ണമായ ഗ്രന്ഥങ്ങളിലും അവര്‍ വിശ്വസിക്കുന്നു. മുന്‍പ് അവതീര്‍ണരായിട്ടുള്ള ഒരു പ്രവാചകനെയും ഇസ്ലാം തള്ളി പറഞ്ഞിട്ടില്ല. മുഹമ്മദ് നബി മോശക്കാരനായിട്ട് പ്രഖ്യാപിച്ചിട്ടില്ല. ജീസസിനെ, മോസ്സസ്സിനെ അബ്രഹാമിനെ എല്ലാവരെയും അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.

പക്ഷെ ഇത് പലപ്പോഴും വേണ്ട രീതിക്ക് മുസ്ലിം സമുദായത്തിലേക്ക് അറിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ. ഇസ്ലാമാഫോബിയ ഒരു യാഥാര്‍ഥ്യമാണ്, അത് ഉണ്ടാകാന്‍ കാരണം പലപ്പോഴും ഇസ്ലാം സമുദായത്തിന്റെ തന്നെ ചില ആളുകള്‍ ഭീകര വാദത്തിലേക്ക് പോകുന്നു അതിനു ഒരു മതത്തിന്റെ മറ സൃഷ്ടിക്കുന്നു മറ്റൊരു മതത്തിലേക്കുള്ള ആളെ എന്റെ മതത്തിലേക്ക് കൊണ്ട് വന്നാല്‍ അത് സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ കൂടുതല്‍ സഹായകരമാകും. ഇതിനൊക്കെ എതിരെ ശബ്ദത്തിനെതിരെ സംഘടനാപരമായി ഒരു എതിര്‍ത്ത സമുദായത്തില്‍ വരാത്തതിന് കാരണമല്ലേ ഇസ്ലാമാഫോബിയ വളരാന്‍ കാരണമായത്

അത് എല്ലാ മതങ്ങളിലും ഉണ്ട്. ഓരോ മതങ്ങളിലും അവരവര്‍ ചെയ്യുന്നതാണ് ശരി, അവരവരുടെ ദൈവം മാത്രമാണ് ശെരി. എന്നുള്ള ഒരു സങ്കല്പം നിലനില്‍ക്കുന്നുണ്ട്. ഓരോ മതത്തിനു വേണ്ടിയിട്ടും ഓരോരുത്തരും പ്രവര്‍ത്തിക്കണം, ചെയ്യണം, മരിക്കണം അങ്ങനെ മരിച്ചാല്‍ അവര്‍ക്ക് സ്വര്‍ഗ്ഗ ലബ്ധി സാധ്യമാണ് എന്നുള്ള രൂപത്തില്‍ അത് വ്യത്യസ്ത രൂപത്തിലുള്ള ഭാവത്തില്‍ എല്ലാ മതക്കാരിലും നിലനില്‍ക്കുന്നുണ്ട്. വിവിധ മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ച മുസ്ലീമുകള്‍ക്കിടയിലും ഇത്തരത്തിലുള്ള ധാരണകള്‍ നിലനിക്കുന്നുണ്ട്.

ഞാന്‍ ക്രിസ്തുമത വിശ്വാസിയാണ് എന്ത് കാര്യത്തിനാണേലും എനിക്കൊരാളെ കൊല്ലാന്‍ പറ്റത്തില്ല ഭീകരവാദികള്‍ ഇസ്ലാമിന് വേണ്ടി കൊല്ലുന്നത് തോക്കെടുക്കുന്നത് സ്വര്‍ഗത്തില്‍ പോകാന്‍ വേണ്ടി കൂടിയാണെന്ന ഒരു സാഹചര്യം നിലനില്‍ക്കുന്നില്ലേ ?

ഒരിക്കലും അല്ല. അത് തെറ്റിധാരണയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന് വന്ന ഒരു കാര്യമാണ്. ഇസ്ലാമില്‍ അധസ്ഥിതര്‍ക്ക്, പാവപ്പെട്ടവര്‍ക്ക്, ഇവര്‍ക്കൊക്കെ വേണ്ടിയിട്ടാണ് എന്ത് തരത്തിലുള്ള ചെറുത് നില്‍പ്പ് നടക്കേണ്ടതും നടത്തേണ്ടതും. നിങ്ങള്‍ എന്തുകൊണ്ടാണ് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടി പ്രതിരോധ കവചം തീര്‍ക്കാത്തത്. നിങ്ങള്‍ എന്തുകൊണ്ടാണ് അവര്‍ക്ക് വേണ്ടി യുദ്ധം ചെയ്യാത്തത്. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടി എന്ന് ഖുറാന്‍ പറഞ്ഞപ്പോ അടിച്ചമര്‍ത്തപ്പെട്ട മുസ്ലിം സ്ത്രീകള്‍ക്കോ മുസ്ലിം കുട്ടികള്‍ക്കോ മുസ്ലിം പുരുഷന്മാര്‍ക്കോ വേണ്ടിയെന്ന് ഖുറാന്‍ പറഞ്ഞിട്ടില്ല.

അപ്പൊ ലോകത്തുള്ള എല്ലാ വിപ്ലവ പ്രസ്ഥാനങ്ങളും അടിച്ചമര്‍ത്തപ്പെടുന്ന ആളുകളുടെ കൂടെ നില്‍ക്കുകയും അടിച്ചവര്‍ത്തുന്നവര്‍ക്കെതിരായി യുദ്ധം ചെയ്തിട്ടുള്ളവരുമാണ്. അതിനെയാണ് നമ്മള്‍ വിപ്ലവം എന്ന് പറയുന്നത്. ലോകത്ത് ഫ്രഞ്ച് വിപ്ലവം ആവട്ടെ, റഷ്യന്‍ വിപ്ലവമാവട്ടെ, ചൈനീസ് വിപ്ലവമാവട്ടെ ഇതിലൊക്കെ ലക്ഷകണക്കിന് ആളുകള്‍ മരിച്ചിട്ടുണ്ട്. അപ്പോള്‍ ഓരോ മാറ്റം ഉണ്ടാകുന്നത് ഒരു വിപ്ലവം ഉണ്ടാകുന്നത് അനീതിക്കെതിരായി ആ അനീതിക്ക് പത്രമാവുന്ന അതിശക്തമായ ചെറുത്ത് നില്‍പ്പിലൂടെയാണ്. ഫ്രഞ്ച് വിപ്ലവം സമത്വത്തെ കുറിച്ച് ജനാധിപത്യത്തെ കുറിച്ച ബോധം ലോകത്തുണ്ടാക്കിയിട്ടുള്ള ഒരു മഹാ വിപ്ലവമാണ്. ആ വിപ്ലവത്തിലും അവസാനം അതിലെ തീവ്രവാദികളും മിതവാദികളും തമ്മില്‍ ശക്തമായിട്ടുള്ള പോരാട്ടം നടന്നു. ആ പോരാട്ടത്തില്‍ മരിച്ച ലക്ഷകണക്കിന് മനുഷ്യരുണ്ട്. റഷ്യന്‍ വിപ്ലവം കഴിഞ്ഞു ബോള്‍ഷെവിക്സും മെന്‍ഷെവിക്സും തമ്മില്‍ വീണ്ടും പോരാട്ടമുണ്ടായി ലക്ഷക്കണക്കിന് ആളുകള്‍ അവിടെയും മരണപ്പെട്ടു. മതങ്ങളുമായി ബന്ധപ്പെട്ട ഉണ്ടായ സംഘര്‍ഷങ്ങളില്‍ മരിക്കപ്പെട്ട ലക്ഷക്കണക്കിനാളുകള്‍ വേറെയുമുണ്ട്.

പക്ഷെ മനുഷ്യ ജീവന് ഇസ്ലാം വലിയ വിലയാണ് കല്പിച്ചിരിക്കുന്നത്. മുഹമ്മദ് നബി തന്റെ 23 വര്‍ഷത്തെ ജീവിതത്തിനിടയില്‍ നടത്തിയ യുദ്ധങ്ങള്‍. ഈ യുദ്ധങ്ങളില്‍ മുസ്ലിം പക്ഷത്തും എതിര്‍ പക്ഷത്തും സംഭവിച്ച മരണങ്ങളുടെ എണ്ണം ആയിരത്തിലും താഴെയാണ്. അത്രെയും കുറഞ്ഞ മനുഷ്യ ജീവനുകളുടെ പിന്‍ബലത്തിലാണ് ഒരു രാഷ്ട്രം മുഹമ്മദ് നബി സ്ഥാപിച്ചത്. നിങ്ങള്‍ ഒരാളെ അന്യായമായി വധിക്കുന്നു എങ്കില്‍ നിങ്ങള്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരേയുമാണ് വധിക്കുന്നത് എന്ന് പറയുന്നു ഖുറാന്‍.

പക്ഷെ ഇത്തവര്‍ക്ക് മനസ്സിലാകുന്നുണ്ടോ ?

അത് മനസ്സിലാക്കണം, മനസ്സിലാക്കി കൊടുക്കണം. മത പണ്ഡിതന്മാര്‍ അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. ഇസ്ലാം കാര്യത്തിലോ ഈമാന്‍ കാര്യത്തിലോ, ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാനമായിട്ടുള്ള രണ്ട് പ്രമാണങ്ങള്‍. അതില്‍ ഖുറാനിലെ ഏതെങ്കിലും വചനം ഉദ്ധരിച്ച് കൊണ്ട് നിങ്ങള്‍ക്ക് പറയാന്‍ പറ്റുമോ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗ ലബ്ധി സാധ്യമാവണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ജീവിത കാലത്ത് ഒരാളെ മറ്റ് ഏതെങ്കിലും മതത്തില്‍ നിന്ന് നിങ്ങളുടെ മതത്തിലേക്ക് കൊണ്ട് വരണം എന്ന ഖുറാന്‍ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ.

എവിടെയും ഇല്ല. ഇസ്ലാം കാര്യവും ഈമാന്‍ കാര്യവുമാണ് ഇസ്ലാമിന്റെ അടിസ്ഥാനം. നമ്മുടെ മതത്തിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ട് വരണമെന്ന് ചില ആളുകള്‍ ആഗ്രഹിക്കും പക്ഷെ അവിടെയും ഖുറാന്‍ ഇടപെടുന്നുണ്ട്. മുഹമ്മദ് നബിയെ ഏറ്റവും കൂടുതല്‍ സംരക്ഷിച്ച ആളാണ് അദ്ദേഹത്തിന്റെ പിതൃസഹോദരന്‍. മുഹമ്മദ് നബി ഇസ്ലാം ആധര്‍വുമായി വന്ന സമയത്ത് ഖുറേഷി പ്രമാണിമാരില്‍ നിന്ന് ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. ആ സമയത് അദ്ദേഹത്തിന്റെ കൂടെ നിന്ന ആളാണ് അബുത്താലി. അബൂതാലി പോയി ഇസ്ലാം മതം സ്വീകരിച്ചാല്‍ തരക്കേടില്ല എന്ന മുഹമ്മദ് നബിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ അബൂഥാലിബ് രോഖ ശയ്യയില്‍ കിടക്കുന്ന സമയത്ത് മുഹമ്മദ് നബി അടുത്ത ചെല്ലുന്നുണ്ട്. എന്നിട്ട് പറഞ്ഞു. നിങ്ങള്‍ ഇസ്ലാം സ്വീകരിക്കണം അപ്പൊ അബൂഥാലിബ് പറയുന്നുണ്ട് മുഹമ്മദേ നിനക്ക് നിന്റെ മതം പ്രചരിപ്പിക്കാനുള്ള എല്ലാ സൗകര്യവും ഞാന്‍ ചെയ്തു തരും.

പക്ഷെ എന്നോട് നീ മുസ്ലീമാവണം എന്ന് നീ പറയരുത്. ഞാന്‍ എന്റെ പൂര്‍വീകന്മാര്‍ ഏത് മതമാണോ പിന്തുടര്‍ന്നിരുന്നത് ആ മതം പുലര്‍ത്തി മരണപ്പെട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. അത് കേട്ട് നിരാശനായ മുഹമ്മദ് നബി അബൂത്താലിബിന്റെ ദേഹമാസകലം തടവുകയാണ്. മുഹമ്മദ് നബിയുടെ കൈ അബൂഥാലിബിന്റെ കഴുത്തിന്റെ ഭാഗത്തു വന്നപ്പോ മാലാഖ വന്ന് ആ കൈ തട്ടി മാറ്റി. വിശുദ്ധ ഖുറാനിലെ ഒരു വചനം ആണ് അവിടെ അവതീര്‍ണമാകുന്നത്.


 



മുഹമ്മദേ നിന്റെ ജോലി ആളുകളെ മുസ്ലിം ആക്കുക എന്നതല്ല പ്രബോധനം ചെയ്യുക എന്നുള്ളതാണ്. ആര് വിശ്വാസിയാകുന്നു ആര് അവിശ്വാസിയാകുന്നു എന്ന കാര്യം നീ ശ്രദ്ധിക്കേണ്ട ആവശ്യമേ ഇല്ല. നിന്റെ ഉത്തരവാദിത്വം പ്രബോദനമാണ്. ആരെങ്കിലും വിശ്വസിച്ചില്ല എന്ന് കരുതി നീ ദുഖിക്കണ്ട. ദൈവം ഉദ്ദേശിക്കുന്നുവെങ്കില്‍ ലോകത്തുള്ള എല്ലാ മനുഷ്യരെയും ഒരേ വിശ്വാസത്തിന്റെ ധാരയില്‍ കൊണ്ട് വരാന്‍ നിഷ്പ്രയാസം സാധിക്കുമായിരുന്നു. അപ്പൊ അതില്‍ നിന്നും മനസ്സിലാക്കേണ്ടത് മത പരിവര്‍ത്തനം എന്ന് പറയുന്നത് ഇസ്ലാം എവിടെയും പറയുന്നതല്ല. ആളുകള്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കട്ടെ. ഒരാള്‍ക്ക് ഇസ്ലാം മതമാണ് നല്ലതെന്ന തോന്നുന്നതെങ്കില്‍ അവര്‍ ഇസ്ലാം മതം സ്വീകരിക്കട്ടെ. നമ്മളെ ഇതിലൊന്നും ഇടപെടാന്‍ പോകണ്ട. നമ്മളുടെ മതമാണ് ശരിയായിട്ടുള്ള ദര്‍ശനമെന്ന് നമ്മള്‍ക്ക് വിശ്വസിക്കാം. അതേസമയം മറ്റ് മതങ്ങള്‍ മോശമാണെന്ന് പറയാന്‍ നമ്മള്‍ക്കും അവകാശമില്ല. കാരണം അങ്ങനെ അവകാശം നല്‍കിയിരുന്നു എങ്കില്‍ മത പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗ ലബ്ധി സാധ്യമാകും എന്ന് ഖുറാന്‍ അസ്സന്നിഗ്ദ്ധമായി പറയേണ്ടിയിരുന്നു. അങ്ങനെ പറഞ്ഞിട്ടില്ല.

എന്നാല്‍ ഇത് വേണ്ടത് പോലെ ചര്‍ച്ചയാകുന്നുണ്ടോ പണ്ഡിതന്മാര്‍ ഇങ്ങനെ പറയുന്നുണ്ടോ എന്നാണെന്റെ സംശയം ?

പണ്ഡിതന്മാര്‍ അത് വേണ്ടത് പോലെ പറയുന്നുണ്ട്, എന്നാല്‍ അത് ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് സത്യം. പിന്നെ ഇതൊക്കെ തന്നെ ഏത് ധാരയെടുത്താലും അവരുടെയൊക്കെ ഒരു ഉപജീവന മാര്‍ഗ്ഗം കൂടിയാണല്ലോ ഇത്. ഇതൊക്കെ നിലനില്‍ക്കുന്നു എന്നത് കൊണ്ട് മാത്രം ഉപജീവനം നടത്തുന്ന വലിയൊരു വിഭാഗം തന്നെ ഉണ്ടല്ലോ നമ്മുടെ നാട്ടില്‍. സ്ഥാപനങ്ങളായിട്ട് അതല്ലെങ്കില്‍ മറ്റ് തരത്തിലുള്ള ജീവിത പദവികള്‍ ആയിട്ട്. അപ്പൊ ഇത്തരത്തിലുള്ളൊരു സംഘര്‍ഷം വിവിധ മതങ്ങള്‍ക്കിടയില്‍ സംഭവിച്ചാല്‍ ഞങ്ങള്‍ക്ക് ആഡംബര പൂര്ണമായ ജീവിതം നയിക്കാന്‍ സഹായകമാവും എന്ന് കരുതുന്നു എന്നതുകൊണ്ടും അല്പസ്വല്പമൊക്കെ ഇതൊക്കെ ഇങ്ങനെ ആയിക്കോട്ടെ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല

Tags:    

Similar News