ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ വയര്‍ലെസ് ഉപകരണങ്ങള്‍ വാങ്ങിയ 'ഷാഡോ പോലീസ്' കുതന്ത്രം; ബലപ്രയോഗം തടയാന്‍ കുരുമുളക് സ്‌പ്രേ! മിഥുന്‍ എന്തും ആയുധമാക്കും വാലിബന്‍! മോളിവുഡിലെ 'അധോലോകം' വീണ്ടും ചര്‍ച്ചകളില്‍; നടിയെ മാഫിയാ സംഘത്തിന്റെ കൂട്ടുകാരിയാക്കിത് ആര്? ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം കൊടുത്തില്ലെങ്കില്‍ ലക്ഷ്മി മേനോന് കേസ് കടുക്കും; അവന്‍ 'ദിവാന്‍ജിമൂല'യിലെ വില്ലന്‍

Update: 2025-08-28 05:33 GMT

കൊച്ചി: ബാറില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിന്റെ പകയില്‍ ഐ.ടി ജീവനക്കാരനെ കടത്തിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി ഉപേക്ഷിച്ച് കടന്നുകളഞ്ഞ കേസിലെ മൂന്നാംപ്രതി നടി ലക്ഷ്മി മേനോനൊപ്പം ഉണ്ടായിരുന്നത് കൊടും ക്രിമനല്‍ എന്ന തിരിച്ചറിവ് ഉയര്‍ത്തുന്നത് സിനിമാ-മാഫിയാ സംഘങ്ങള്‍ തമ്മിലെ ബന്ധം. എറണാകുളം സ്വദേശിനിയായ നടി ഒളിവിലാണ്. നടിയുടെ ഫോണ്‍ സ്വിച്ച്ഓഫാണ്. ഇവരെ അറസ്റ്റു ചെയ്യുന്നത് കോടതി തടഞ്ഞിട്ടുണ്ട്. കേസില്‍ കൂട്ടുപ്രതികളായ പറവൂര്‍ വെടിമറ സ്വദേശി മിഥുന്‍, പറവൂര്‍ ഗോതുരുത്ത് സ്വദേശി അനീഷ്, കുട്ടനാട് സ്വദേശിനി സോന എന്നിവരെ ചൊവ്വാഴ്ച നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇതില്‍ മിഥുന്‍ കൊടും ക്രിമിനലാണ്. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന മലയാളി നടിക്ക് മിഥുനും അനീഷുമെല്ലാം കൂട്ടുകാരായി എന്നത് ഞെട്ടിക്കുന്നതാണ്. മയക്കുമരുന്ന് സംഘങ്ങളുമായി പല നടിനടന്മാര്‍ക്കും പങ്കുണ്ട്. അതില്‍ ചിലതില്‍ നടന്മാരും പ്രതികളായി. ഇതെല്ലാം സിനിമയെ അധോലോകം വിഴുങ്ങിയിതന് തെളിവായി ചര്‍ച്ചകളില്‍ എത്തി. ഇതിനിടെയാണ് ലക്ഷ്മി മേനോനും കൂട്ടുകാരായ അധോലോക നായകരും വെലോസിറ്റി ബാറില്‍ പ്രശ്‌നക്കാരാകുന്നത്.

വെലോസിറ്റി ബാറിലെ തര്‍ക്കത്തിനെ തുടര്‍ന്നുള്ള കേസില്‍ നടി ഒഴികെയുള്ളവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ചോദ്യംചെയ്യലിലാണ് നടിയും ഒപ്പമുണ്ടായെന്ന് വെളിപ്പെടുത്തിയത്. പരാതിക്കാരന്‍ തെളിവായി നല്‍കിയ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാള്‍ നടിയാണെന്ന് അപ്പോഴാണ് പൊലീസ് തിരിച്ചറിഞ്ഞത്. കാറില്‍ ഇരിക്കുന്ന യുവാവിനോട് സോന തര്‍ക്കിക്കുന്നതും ലക്ഷ്മി വാഹനം തടയുന്നതും ദൃശ്യത്തില്‍ വ്യക്തം. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. മിഥുന്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസിലെ പ്രതിയാണ്. അനീഷിനെതിരെയും കേസുകളുണ്ട്. ലക്ഷ്മി മേനോന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി പരിഗണിച്ച കോടതി അടുത്തമാസം 17വരെ അറസ്റ്റ് വിലക്കി. ഈ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ നടിയ്ക്കും ജയിലില്‍ പോകേണ്ടി വരും. സര്‍ക്കാരിന്റെ വിശദീകരണവും തേടി. ആലുവ സ്വദേശിയും സദര്‍ലാന്‍ഡ് ഐ.ടി കമ്പനിയിലെ ജീവനക്കാരനുമായ അലിയാര്‍ഷാ സലീമിനെയാണ് ഞായറാഴ്ച രാത്രി കടത്തിക്കൊണ്ടുപോയത്. അലിയാര്‍ഷായും തായ്ലാന്‍ഡ് സ്വദേശിനിയും രണ്ട് ആണ്‍ സുഹൃത്തുക്കളുമടങ്ങുന്ന ടീമും നടിയുള്‍പ്പെടുന്ന കടത്തിക്കൊണ്ടുപോയ സംഘവും ബാറില്‍വച്ചാണ് വാക്കുതര്‍ക്കമുണ്ടാകുന്നത്. നടിയോട് മോശമായി സംസാരിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. അപ്പോഴും മിഥുന്‍ മോഹന്‍ എന്ന് അറിയപ്പെടുന്ന മിഥുന്‍ നടിക്കൊപ്പം ഉണ്ടായി എന്നത് ഞെട്ടിക്കുന്ന സംഭവമായി.

നേരത്തെ സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസില്‍ മിഥുന്‍ പിടിയിലായിട്ടുണ്ട്. ഇതില്‍ പ്രധാന പ്രതിയായിരുന്നു മിഥുന്‍. ക്വട്ടേഷന്‍ ടീമിന്റെ ക്യാപ്ടന്‍. സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കാനായി ഉരുക്കിയ 244 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ച്ച ചെയ്ത സംഘത്തിലെ മൂന്നുപേര്‍ തൃശൂര്‍ സിറ്റി പൊലീസിന്റെ പിടിയിലായിയത് തന്ത്രപരമായ നീക്കത്തിലൂടെയാണ്. 2023ഇക്കഴിഞ്ഞ നവംബര്‍ 17 വൈകീട്ട് 7.30 മണിക്കാണ് കേസിനാസ്പദമായ സംഭവം. തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വില്‍പ്പന നടത്തുന്നതിനായി കൊണ്ടുപോയിരുന്ന 244 ഗ്രാം ഉരുക്കിയ സ്വര്‍ണമാണ് പ്രതികള്‍ കവര്‍ച്ച ചെയ്തത്. എറണാകുളം നോര്‍ത്ത് പറവൂര്‍ ഓലിയത്ത് വീട്ടില്‍ ബിനോയ് (52), നോര്‍ത്ത് പറവൂര്‍ പള്ളിത്താഴം മണപ്പാട്ടുപറമ്പില്‍ മിഥുന്‍ മോഹന്‍ (33), തൃശൂര്‍ ചേറൂര്‍ ചേര്‍പ്പില്‍ വീട്ടില്‍ വിനീഷ് കുമാര്‍ (45) എന്നിവരെയാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസും, ഈസ്റ്റ് പൊലീസും ചേര്‍ന്ന് ഏതാണ്ട് രണ്ടു വര്‍ഷം മുമ്പ് പിടികൂടിയത്. ആലുവ സ്വദേശിയായ വ്യാപാരി തൃശൂരില്‍ നിന്നും സ്വര്‍ണാഭരണവുമായി വരുന്നുണ്ടെന്ന് മനസ്സിലാക്കി, തൃശൂര്‍ ദിവാന്‍ജിമൂലയില്‍ പ്രതികള്‍ കാത്തിരുന്നു. തങ്ങള്‍ പൊലീസുകാരാണെന്നും, വ്യാപാരിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ മയക്കുമരുന്ന് ആണെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും, അത് പരിശോധിക്കണമെന്നും പറഞ്ഞാണ് വ്യാജ പൊലീസെത്തിയത്. വ്യാപാരി ബാഗ് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ ഇയാളെ ബലമായി പിടിച്ച് മര്‍ദ്ദിച്ച്, കാറില്‍കയറ്റി, തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിന് സമാനമായ രീതിയിലാണ് കഴിഞ്ഞ ഞായറാഴ്ച അലിയാര്‍ഷായേയും തട്ടിക്കൊണ്ടു പോയതെന്നാണ് പരാതി.

2023ലെ കേസില്‍ ജാമ്യത്തിലാണ് മിഥുന്‍. സമാന കുറ്റകൃത്യമാണ് ഇപ്പോഴത്തേത്. അതുകൊണ്ട് തന്നെ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ പോലീസിന് ശ്രമിക്കാം. 2023ല്‍ തട്ടിക്കൊണ്ടു പോയ വ്യാപാരിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്ത്, പരാതിക്കാരനെ വരാപ്പുഴ ഭാഗത്തെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, തൃശൂര്‍ - എറണാകുളം ജില്ലകളിലെ നൂറില്‍പ്പരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ എറണാകുളം പറവൂര്‍, പാലാരിവട്ടം എന്നീ സ്ഥലങ്ങളില്‍ നിന്നും പിടിയിലായത്. ഈ കേസിലെ പരാതിക്കാരന്റെ ദീര്‍ഘകാല സുഹൃത്തും, ബിസിനസ്സിലെ പങ്കാളിയുമായിരുന്നു കേസിലെ ആറാം പ്രതിയായ വിനീഷ് കുമാര്‍. പരാതിക്കാരന്‍ തൃശൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് സ്ഥിരമായി സ്വര്‍ണം കൊണ്ടുപോകുന്നുണ്ടെന്ന വിവരം അറിഞ്ഞ വിനീഷ്‌കുമാര്‍, അത് തട്ടിയെടുക്കാനായി ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

തട്ടിക്കൊണ്ടുപോയി വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട പരാതിക്കാരന്‍ ഇക്കാര്യം ആദ്യം അറിയിച്ചത് വിനീഷ്‌കുമാറിനെ ആയിരുന്നു. പിറ്റേന്ന് വിനീഷ്‌കുമാറുമൊന്നിച്ചാണ് പരാതിക്കാരന്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. അന്ന് കുറ്റകൃത്യം നടത്താന്‍ പദ്ധതിയിട്ടപ്പോള്‍ തന്നെ പ്രതികള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഓര്‍ഡര്‍ ചെയ്ത് വയര്‍ലെസ് ഉപകരണങ്ങള്‍ വാങ്ങിയിരുന്നു. ഷാഡോ പോലീസുദ്യോഗസ്ഥര്‍ കൈവശം കരുതുന്ന വയര്‍ലെസ് ആണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനായിരുന്നു ഇത്. ഏതെങ്കിലും കാരണവശാല്‍ തട്ടിക്കൊണ്ടുപോകപ്പെടുന്നയാള്‍ ബലപ്രയോഗം നടത്തിയാല്‍ ഉപയോഗിക്കാനായി കുരുമുളക് സ്‌പ്രേയും ഇവര്‍ കരുതിയിരുന്നു. വാഹനങ്ങള്‍ മോഷ്ടിച്ചെടുത്ത്, എഞ്ചിന്‍ നമ്പറും ചേസിസ് നമ്പറും മാറ്റി വില്‍പ്പന നടത്തിയതിന് ഈ സംഘത്തിലെ പ്രധാനിക്കെതിരെ തൃശൂര്‍ ജില്ലയിലെ കൊടകര, പുതുക്കാട്, വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനുകളിലും, എറണാകുളം കടവന്ത്ര, ആലുവ, തിരുവനന്തപുരം വര്‍ക്കല പൊലീസ് സ്റ്റേഷനുകളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും വ്യാജസ്വര്‍ണം പണയം വെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസുകളില്‍ പ്രതിയാടിരുന്നു വിനീഷ് കുമാര്‍. ഇയാള്‍ക്കെതിരെ കുന്നംകുളം, വരന്തരപ്പിള്ളി, വെഞ്ഞാറമൂട് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. ആ ഘട്ടത്തില്‍ തന്നെ പ്രതി മിഥുനെതിരെ അടിപിടി കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു.

ഈ സംഘത്തിലെ പ്രാധാനിയായ മിഥുനാണ് വെലോസിറ്റിയിലെയും വില്ലന്‍. അലിയാര്‍ ഷായും സുഹൃത്തുക്കളും ബാര്‍വിട്ടശേഷം നടിയും സംഘവും ഇവരെ പിന്തുടര്‍ന്ന് നോര്‍ത്ത് പാലത്തില്‍വച്ച് തടഞ്ഞുനിറുത്തി. പിന്നീട് കാറില്‍ നിന്ന് വലിച്ചിറക്കി യുവാവിനെ കടത്തിക്കൊണ്ടുപോകുകയായിരുന്നുവെന്നുംകാറില്‍ വച്ച് മുഖത്തും ദേഹത്തുമെല്ലാം മര്‍ദിച്ചെന്നുമാണ് അലിയാര്‍ ഷായുടെ പരാതി. പറവൂര്‍വഴി ആലുവയിലേക്കുപോയ സംഘം പരാതിക്കാരനെ പറവൂര്‍ കവലയില്‍ ഇറക്കിവിടുകയായിരുന്നു.തിങ്കളാഴ്ച യുവാവ് നോര്‍ത്ത് സ്റ്റേഷനിലെത്തി പരാതി നല്‍കുമ്പോഴാണ് സംഭവം പൊലീസ് അറിയുന്നത്. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മിഥുനേയും അനീഷിനേയും സോനയേയും അറസ്റ്റ് ചെയ്തത്. കാറുടമയായ കുട്ടനാട് സ്വദേശിയെ ചോദ്യംചെയ്ത് വിട്ടയച്ചു. ഇയാളുടെ സുഹൃത്താണ് നടി.അതേസമയം പരാതിക്കാരന്റെ സംഘം ബിയര്‍കുപ്പിക്ക് ആക്രമിച്ചെന്ന് കാട്ടി അറസ്റ്റിലായ സോന നല്‍കിയ പരാതിയില്‍ നോര്‍ത്ത് പൊലീസ് കേസെടുത്തു. കണ്ണിന് പരിക്കേറ്റെന്നാണ് പരാതി.

തമിഴ് സിനിമാ മേഖലയില്‍ ഏറെ ജനപ്രീതിയുള്ള നടിയായിരുന്നു ലക്ഷ്മി മേനോന്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി നടി സിനിമാ രംഗത്ത് സജീവമല്ല. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം 2023ല്‍ പുറത്തിറങ്ങിയ 'ചന്ദ്രമുഖി 2' എന്ന സിനിമയിലാണ് ലക്ഷ്മി മേനോനെ പ്രേക്ഷകര്‍ കണ്ടത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ 'രഘുവിന്റെ സ്വന്തം റസിയ' എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് ലക്ഷ്മി സിനിമാരംഗത്തെത്തുന്നത്. പിന്നീട് 'ഐഡിയല്‍ കപ്പിള്‍' എന്ന മലയാള സിനിമയിലും പ്രധാനവേഷം ചെയ്തു. എന്നാല്‍ ഈ സിനിമകളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.പിന്നീട് കുംകി, സുന്ദരപാണ്ഡ്യന്‍ എന്നീ തമിഴ് സിനിമകളിലൂടെയാണ് ലക്ഷ്മി മേനോന്‍ അറിയപ്പെട്ടത്. തമിഴില്‍ ഇപ്പോഴും ലക്ഷ്മിക്ക് ആരാധകരേറെയാണ്. 2016 മുതലാണ് നടി സിനിമയില്‍ നിന്ന് മാറിനില്‍ക്കാന്‍ തുടങ്ങിയത്.

ഗ്രാമീണ യുവതിയായി അഭിനയിച്ച് മടുത്തതിനാലാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ലക്ഷ്മി നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'ഇനിയെങ്കിലും ഒന്ന് നന്നാകൂ' എന്ന് അമ്മ പറയാറുണ്ടെന്നും അവര്‍ പറഞ്ഞു. ഈ സമയം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നടിയെത്തേടി പിന്നീട് അവസരങ്ങളൊന്നും എത്തിയില്ല.

Tags:    

Similar News