ബ്രിട്ടനില്‍ മലയാളി യുവതിയുടെ ഹിറ്റ് ആന്‍ഡ് റണ്‍; സൈക്കിള്‍ യാത്രികക്ക് ദാരുണ മരണം; കൊല്ലം സംഭവത്തിന്റെ തനിയാവര്‍ത്തനം; യുവതിയുടെ ഡ്രൈവിങ് ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ; ജയില്‍ ഉറപ്പായതോടെ നാല് മക്കളുടെ ഭാവിയില്‍ അനിശ്ചിതത്വം

ബ്രിട്ടനില്‍ മലയാളി യുവതിയുടെ ഹിറ്റ് ആന്‍ഡ് റണ്‍

Update: 2024-09-20 03:55 GMT

ലണ്ടന്‍: കൊല്ലത്തുണ്ടായ ഹിറ്റ് ആന്‍ഡ് റണ്‍ സംഭവത്തിന് സമനമായ സംഭവം യുകെയിലും. മലയാളി യുവതിയാണ് ഈ ഹിറ്റ് ആന്‍ഡ് റണ്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കൊല്ലത്തു സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന മലയാളി വനിതയെ കാര്‍ കയറ്റി കൊല്ലുക ആയിരുന്നെങ്കില്‍ മാഞ്ചസ്റ്ററില്‍ 62 കാരിയായ സൈക്കിള്‍ യാത്രികയെ ആണ് കാല്‍നടക്കാര്‍ക്കും സൈക്കിള്‍ സഞ്ചാരികള്ക്കും റോഡ് മുറിച്ചു കടക്കാന്‍ ഉള്ള പെഡസ്ട്രിയന്‍ ക്രോസിങ്ങില്‍ കാര്‍ ഇടിച്ചിട്ട് വേഗത്തില്‍ വാഹനമോടിച്ചു രക്ഷപെടാന്‍ മലയാളി യുവതി ശ്രമം നടത്തിയത്.

കൊല്ലത്തു കാര്‍ ഇടിച്ചു വീണ സ്ത്രീക്ക് മുകളിലൂടെ കാര്‍ കയറി ഇറങ്ങാന്‍ കാരണമായത് ഇടിച്ച കാറില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടറുടെ പ്രേരണ ആണെങ്കില്‍ മാഞ്ചസ്റ്ററില്‍ സൈക്കിളിനെ ഇടിച്ചിട്ട കാര്‍ ഓടിച്ചിരുന്ന മലയാളി വനിതാ കാര്‍ നിര്‍ത്താതെ കൊല്ലത്തുണ്ടായത് പോലെ തന്നെ ഡ്രൈവ് ചെയ്തു മുന്നോട്ടു പോകുക ആയിരുന്നു എന്ന് പറയപ്പെടുന്നു. കാറില്‍ കുടുങ്ങിയ സൈക്കിളുമായി ഏറെ ദൂരം മലയാളി യുവതി പോയെങ്കിലും പിന്നാലെ വന്ന വാഹനങ്ങള്‍ ഇവരെ തടഞ്ഞു കാര്‍ നിര്‍ത്തിക്കുക ആയിരുന്നു. കാര്‍ ഓടിച്ചിരുന്ന യുവതിക്ക് ലൈസന്‍സും ഇന്‍ഷുറന്‍സും ഉണ്ടായിരുന്നില്ല എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. ഇക്കാര്യത്തില്‍ പോലീസ് സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. മാഞ്ചസ്റ്ററില്‍ നിന്നും ഒന്‍പത് മൈല്‍ അകലെ ചെഷയറിലെ ഹാന്‍ഡ്ഫോര്‍ത് എന്ന ചെറുപട്ടണത്തിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്.

അപകടശേഷവും കാര്‍ നിര്‍ത്താതെ പോയത് കുറ്റത്തിന്റെ സ്വഭാവം ഗുരുതരമാക്കും

അപകടം നടന്ന സമയത്തു ഗുരുതരമായ പരുക്കേറ്റ സൈക്കിള്‍ യാത്രക്കാരി പിന്നീട് ചികിത്സയില്‍ ഇരിക്കെ മരിക്കുക ആയിരുന്നു. പോലീസ് അറസ്‌റ് ചെയ്ത വനിതയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിടുക ആയിരുന്നു. പിന്നീടാണ് സൈക്കിള്‍ യാത്രിക മരിച്ച വിവരം പുറത്തു വരുന്നത്. അപകട ശേഷം കാര്‍ നിര്‍ത്താതെ പോയതിനും ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ വാഹനമോടിച്ചു അപകടം വരുത്തിയതിനുമാണ് പോലീസ് തുടക്കത്തില്‍ കേസെടുത്തിരുന്നത്. സ്ത്രീ മരിച്ചതോടെ കൊലപാതക കുറ്റം കൂടി മലയാളി കാര്‍ ഡ്രൈവറുടെ മേല്‍ ചുമത്തപ്പെടും.

ശനിയാഴ്ച രാവിലെ പത്തരയോടെ നടന്ന അപകടത്തില്‍ ഉള്‍പ്പെട്ടത് സിട്രോണ്‍ സി ഫോര്‍ പിക്കാസോ കാര്‍ ആണെന്നും പോലീസ് കോടതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ പെട്ട സ്ത്രീ ചികിത്സയിലിരിക്കെ ചൊവാഴ്ചയാണ് മരണപ്പെടുന്നത്. സമാന സാഹചര്യത്തില്‍ മലയാളി യുവാവ് കാര്‍ നിര്‍ത്താതെ പോയത് അടക്കമുള്ള കുറ്റത്തിന് ബ്രൈറ്റന്‍ കോടതിയില്‍ ആറു വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധേയനായത് ഏതാനും മാസം മുന്‍പ് മാത്രമാണ് .

അതിനിടെ ഗള്‍ഫില്‍ നിന്നും കൂടുതല്‍ മികച്ച ജീവിതം തേടിയെത്തിയ മലയാളി കുടുംബത്തിന് ആണ് നിര്‍ഭാഗ്യകരമായ സംഭവങ്ങളെ യുകെയില്‍ നേരിടേണ്ടി വന്നിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവിന് ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് വീട്ടില്‍ കയറാനാകാത്ത സാഹചര്യം ഉണ്ടെന്നും പറയപ്പെടുന്നു. രണ്ടു വയസു മുതല്‍ കൗമാരം പിന്നിട്ട പ്രായത്തില്‍ ഉള്ള നാലു മക്കള്‍ ഉള്ള മലയാളി വനിത കെയര്‍ വിസ ലഭിച്ചതോടെയാണ് യുകെയില്‍ എത്തുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷമായി എത്തുന്ന മലയാളി കുടുംബങ്ങളെ പോലെ കുട്ടികള്‍ക്കു പൗരത്വം ലഭിക്കുമ്പോള്‍ പഠനം സൗജന്യം ആണല്ലോ എന്ന വാഗ്ദാനത്തില്‍ വീണു എത്തി അബദ്ധത്തില്‍ ചാടുന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട നിര്‍ഭാഗ്യമാണ് മാഞ്ചസ്റ്ററിലെ വനിതയെയും യുകെയില്‍ കാത്തിരുന്നത് . മക്കള്‍ക്ക് 18 തികയുകയും ആ ഘട്ടത്തില്‍ മാതാപിതാക്കള്‍ക്ക് യുകെ പൗരത്വം നേടാനാകാതെയും വന്നാല്‍ കുട്ടികള്‍ക്ക് യൂണിവേഴ്സിറ്റികളില്‍ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് അടയ്ക്കേണ്ടി വരും എന്ന ഇരട്ടക്കെണി അറിയാതെയാണ് ഇത്തരം കുടുംബങ്ങള്‍ യുകെയില്‍ എത്തുന്നത് . ഇത്തരത്തില്‍ മാനസിക സംഘര്‍ഷത്തില്‍ ജോലി സ്ഥാലത്തും സാമൂഹ്യ ജീവിതെത്തിലും അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പതിവിലേക്ക് എഴുതിച്ചേര്‍ക്കപ്പെടുകയാണ് ഇപ്പോള്‍ മാഞ്ചസ്റ്ററിലെ ഹിറ്റ് ആന്‍ഡ് റണ്‍ കേസും .

സമ്മര്‍ദത്തില്‍ കൈവിടുന്ന ജീവിതങ്ങള്‍

കെയര്‍ ഹോമില്‍ ഓടി നടന്നു ജോലി ചെയ്ത യുവതിക്ക് കെയര്‍ കോ ഓഡിനേറ്റര്‍ സ്ഥാനം ലഭിച്ചതോടെ കാര്യങ്ങള്‍ കൈപ്പിടിയില്‍ ഒതുങ്ങിയെന്നു വിചാരിക്കവെയാണ് ഭര്‍ത്താവിനെതിരെ കേസ് ഉണ്ടാകുന്നത്. ഇതോടെ രണ്ടു മക്കളെ നാട്ടില്‍ നിര്‍ത്തിയ വനിതയ്ക്ക് ഇപ്പോള്‍ കൂടെയുള്ള രണ്ടു മക്കളുടെ കാര്യങ്ങള്‍ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വരിക ആയിരുന്നു. ഈ സമ്മര്‍ദത്തില്‍ ഒരു കുട്ടിയെ ജോലി സ്ഥലത്തു കൊണ്ടുപോകാനുള്ള വെപ്രാളപ്പെട്ടുള്ള ഡ്രൈവിങ് ആണ് അപകടത്തിലേക്കും തുടര്‍ന്നുള്ള നിര്‍ഭാഗ്യ സംഭവങ്ങളിലേക്കും എത്തിച്ചത്. എന്നാല്‍ ലൈസന്‍സ് ഇല്ലാതെയും ഇന്‍ഷുറന്‍സ് ഇല്ലാതെയും ഇവര്‍ എന്തിനു വാഹനമോടിച്ചു എന്ന ചോദ്യത്തിന് യുകെയിലെ നിയമ സംവിധാനങ്ങളെ പുല്ലു വില കല്‍പ്പിക്കുന്ന പുതു തലമുറ മലയാളികളുടെ നിസ്സംഗതയും ഒന്നിനെയും ഗൗരവത്തില്‍ കാണേണ്ട കാര്യം ഇല്ലെന്ന മനോഗതിയുമാണ് ഉത്തരമായി ലഭിക്കുന്നത് .

കഴിഞ്ഞ ആഴ്ച നടന്ന സംഭമറിഞ്ഞു മലയാളി സമൂഹത്തില്‍ നിന്നുള്ളവര്‍ എന്തെങ്കിലും സഹായം ചെയ്യാനാകുമോ എന്ന അംനൗഷണവുമായി കേസില്‍ അകപ്പെട്ട സ്ത്രീയുടെ സഹപ്രവര്‍ത്തകരായ മലയാളികളെ ബന്ധപ്പെട്ടെങ്കിലും അത്തരം ഒരു കാര്യം മാഞ്ചസ്റ്ററില്‍ ഉണ്ടായിട്ടില്ല എന്ന തെറ്റായ വിവരമാണ് കൈമാറിയത് . എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മാഞ്ചസ്റ്ററിലെ പ്രാദേശിക മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ഹിറ്റ് ആന്‍ഡ് റണ്‍ സംഭവം വാര്‍ത്തയാക്കി മാറ്റിയിരിക്കുന്നത്.n

Tags:    

Similar News