കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസര്‍; ഡിജിപി റാങ്കിലെത്തുന്ന ആദ്യ ഐപിഎസുകാരി; ഇനി കാത്തിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ അപൂര്‍വ്വ നേട്ടം; ബിജെപിയുടെ ആദ്യ വനിതാ മേയറായി ആര്‍ ശ്രീലേഖയെത്തും; തിരുവനന്തപുരത്തെ നയിക്കാന്‍ ശാസ്തമംഗലത്തെ താരം; മോദി വരുമ്പോള്‍ സ്വീകരിക്കാന്‍ വനിതാ മേയര്‍
തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയറാകും. ശ്രീലേഖയെ മേയറാക്കുന്നതിനോടാണ് ബിജെപി ദേശീയ നേതൃത്വത്തിന് താല്‍പ്പര്യം. ഇക്കാര്യത്തില്‍ ഉടന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപനം നടത്തും. തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച മുന്‍ ഡിജിപിയായ ശ്രീലേഖ മറ്റൊരു ചരിത്രത്തിന് തൊട്ടടുത്താണ്. ഐപിഎസ് നേടിയ ആദ്യ മലയാളി വനിതയാണ് ശ്രീലേഖ. ഡിജിപി റാങ്കിലെത്തിയ കേരളത്തിലെ ആദ്യ ഐപിഎസുകാരിയും ശ്രീലേഖയാണ്. ഇത്തവണ തലസ്ഥാനം ഭരിക്കാന്‍ പോകുന്നത് എന്‍ഡിഎ ആണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീലേഖ ഇതിന് മുന്‍പ് ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ക്കും ഈ ലീഡ് കിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്‍ എസ് എസ് പ്രചരണം അടക്കം അതിജീവിച്ചാണ് ശ്രീലേഖ വിജയിച്ചത്.
ഇപ്പോഴെങ്കിലും ഈ അവസരം തന്നതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ ആര്‍.ശ്രീലേഖ വാഗ്ദാനങ്ങളൊന്നും പാഴ്വാക്കാകില്ലെന്ന് വ്യക്തമാക്കി. മേയറാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ബിജെപിയുടെ അധ്യക്ഷന്‍ തീരുമാനിക്കുമെന്നായിരുന്നു ശ്രീലേഖയുടെ മറുപടി. തിരുവനന്തപുരത്തെ ബിജെപിയുടെ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ആര്‍.ശ്രീലേഖയുടെ സ്ഥാനാര്‍ഥിത്വം. എന്‍ഡിഎ ഭരണം പിടിച്ചാല്‍ മേയറാക്കും എന്ന് സാധ്യത തള്ളാതെയായിയുന്നു ശ്രീലേഖയുടെ പ്രചാരണം. നിലവില്‍ ബിജെപിയുടെ വാര്‍ഡാണ് ആര്‍.ശ്രീലേഖ വിജയിച്ച ശാസ്തമംഗലം. ശ്രീലേഖയുടെ സ്ഥാനാര്‍ഥിത്വത്തിനൊപ്പം വിവാദങ്ങളും കൂടെയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ പേരിനൊപ്പം ഐപിഎസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങള്‍ ശ്രീലേഖക്കെതിരെ ഉയര്‍ന്നിരുന്നു. ചട്ടവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരുന്നു. മാത്രമല്ല വോട്ടെടുപ്പ് ദിനത്തില്‍ ചട്ടവിരുദ്ധമായി തിരഞ്ഞെടുപ്പ് സര്‍വേ ഫലം പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു. എന്നാല്‍ ഇതൊന്നും ശ്രീലേഖയുടെ വിജയത്തെ ബാധിച്ചില്ല. വ്യക്തിമികവാണ് ഇതിന് കാരണമെന്ന് ബിജെപി വിലയിരുത്തുന്നു.
ശ്രീലേഖ കന്നി പോരാട്ടത്തിലാണ് വിജയം നേടിയത്. തിരഞ്ഞെടുപ്പിനിടെ ഉണ്ടായ രാഷ്ട്രീയ വിവാദങ്ങളെ മറികടന്നാണ് ജയം. ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം വിശ്വാസത്തിന്റെ പേരിലുള്ള കുറ്റകൃത്യമാണെന്ന ആര്‍.ശ്രീലേഖയുടെ പഴയ കുറിപ്പ് കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കിയിരുന്നു. കുട്ടികള്‍ക്ക് ശാരീരികയും മാനസികവുമായി കടുത്ത പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നുവെന്ന് ശ്രീലേഖ കുറിപ്പ് എഴുതിയതിനു പിന്നാലെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. താന്‍ സ്ഥാനാര്‍ഥി ആയതിന്റെ പേടി കൊണ്ടാണ് ഇത്തരത്തില്‍ പ്രചാരണങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നും അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നുമായിരുന്നു ആര്‍.ശ്രീലേഖയുടെ പ്രതികരണം. ഇതിനു പിന്നാലെ ആര്‍.ശ്രീലേഖയുടെ വോട്ട് അഭ്യര്‍ഥിച്ചുള്ള ചുവരെഴുത്തുകളില്‍ പേരിനൊപ്പമുണ്ടായിരുന്ന 'ഐപിഎസ്' എന്നത് കറുത്ത മഷി കൊണ്ടു മായ്ച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചു. ആം ആദ്മി പാര്‍ട്ടിയിലെ ടി.എസ്.രശ്മി പരാതി ഉന്നയിച്ചതിനു പിന്നാലെയാണ് ഇവ മായ്ച്ചത്. മായ്ക്കാന്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയെങ്കിലും എതിര്‍ സ്ഥാനാര്‍ഥി ഇതേക്കുറിച്ചു പരാതിപ്പെട്ട സാഹചര്യത്തില്‍ ആ സ്ഥാനാര്‍ഥിയുടെ വീടിനു മുന്നിലെ ചുവരെഴുത്തുകളില്‍നിന്ന് 'ഐപിഎസ്' മായ്ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടു ശ്രീലേഖ നിര്‍ദേശിച്ചിരുന്നു.
ആദ്യ മലയാളി വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖയെ മേയറാക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന് കൂടുതല്‍ താല്‍പ്പര്യം. പോലീസില്‍ അടക്കമുള്ള ശ്രീലേഖയുടെ പ്രവര്‍ത്തന പരിചയം മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷ. ശാസ്തമംഗലം വാര്‍ഡില്‍ മികച്ച വിജയമാണ് ശ്രീലേഖ നേടിയത്. 1774 വോട്ടുകള്‍ ശ്രീലേഖയ്ക്ക് കിട്ടിയപ്പോള്‍ സിപിഎമ്മിന്റെ യുവ നേതാവ് അമൃതയ്ക്ക് 1066 വോട്ട് മാത്രമാണ് കിട്ടിയത്. പലവിധ വിവാദങ്ങളുയര്‍ത്തി ശ്രീലേഖയെ തോല്‍പ്പിക്കാന്‍ പല കേന്ദ്രങ്ങള്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ലെന്നതാണ് മികച്ച ഭൂരിപക്ഷം നല്‍കുന്ന സൂചന. ഈ സാഹചര്യത്തില്‍ കൂടിയാണ് മേയറായി ശ്രീലേഖയെ പരിഗണിക്കുന്നത്.
സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയായിരുന്നു ആര്‍ ശ്രീലേഖ. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. ചേര്‍ത്തല, തൃശൂര്‍ എന്നിവിടങ്ങളില്‍ എഎസ്പിയായും തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ എസ്പിയായും സേവനമനുഷ്ഠിച്ചു. നാലുവര്‍ഷത്തോളം സിബിഐ കൊച്ചി യൂണിറ്റില്‍ ജോലി ചെയ്തിരുന്നു. റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്നീ പൊതുമേഖല സ്ഥാപനങ്ങളില്‍ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഈ പരിചയങ്ങളെല്ലാം തിരുവനന്തപുരത്തെ കോര്‍പ്പറേഷന്‍ ഭരണത്തില്‍ മുതല്‍ക്കൂട്ടാക്കാനാണ് ശ്രീലേഖയെ താക്കോല്‍ സ്ഥാനത്തു നിയോഗിക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പരസ്യമായി പിന്തുണച്ചവരില്‍ പ്രമുഖയായിരുന്നു ശ്രീലേഖ. ദിലീപിന്റെ കുറ്റവിമുക്തിയുമായി ബന്ധപ്പെട്ട കോടതി വിധിയിലും ശ്രീലേഖയുടെ നിലപാടുകള്‍ തെളിഞ്ഞു നിന്നിരുന്നു. ശ്രീലേഖയെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രധാന സ്ഥാനത്തേക്ക് നിയോഗിക്കുന്നതിലൂടെ കൂടുതല്‍ പ്രമുഖ വ്യക്തിത്വങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
