ആദിലയ്ക്കും ന്യൂറയ്ക്കും നെവിനും സാബു മാനും ഒപ്പം പങ്കെടുത്തേ മതിയാകൂ; പോരാത്തതിന് 'മണി വീക്കും'! ബിഗ് ബോസ് തന്ത്രത്തില്‍ പിണറായി ഷോയ്ക്ക് നോ പറഞ്ഞ് മോഹന്‍ലാല്‍; ആരോഗ്യ പ്രശ്‌നങ്ങളില്‍ പൊതു ചടങ്ങ് ഒഴിവാക്കേണ്ട അനിവാര്യത വിശദീകരിച്ച് മമ്മൂട്ടി; സര്‍ക്കാരിന്റെ 'അതിദരിദ്ര അജണ്ട'യില്‍ സൂപ്പര്‍ താരങ്ങള്‍ ഭാഗമാകില്ല; ആശമാരുടെ കണ്ണീര്‍ കത്ത് വിജയത്തിലേക്ക്

Update: 2025-10-28 05:42 GMT

തിരുവനന്തപുരം: നിയമസഭ- തദ്ദേശ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടത്താനൊരുങ്ങുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപന പരിപാടിയില്‍ നിന്നും മമ്മൂട്ടിയും മോഹന്‍ലാലും പിന്‍മാറുമെന്ന് സൂചന. പരിപാടിയില്‍ പങ്കെടുക്കരുതെന്നും സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ തങ്ങള്‍ ഇപ്പോഴും ദരിദ്രരായി തുടരുകയാണെന്നും സെക്രട്ടറിയേറ്റിനു മുന്നില്‍ മാസങ്ങളായി സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകര്‍ തുറന്ന കത്തിലൂടെ മോഹന്‍ലാലിനോടും മമ്മൂട്ടിയോടും കമല്‍ഹാസനോടും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് താരങ്ങളുടെ പിന്മാറ്റം.

233 രൂപ ദിവസവേതനം വാങ്ങുന്ന കേരളത്തിലെ 26,125 ആശമാര്‍ ദരിദ്രരാണെന്നും അതിനാല്‍ കേരളം അതിദാരിദ്ര്യ മുക്തമല്ലെന്നുമാണ് കത്തില്‍ പറയുന്നത്. മൂന്നുപേരും പങ്കെടുക്കുകയാണെങ്കില്‍ പരസ്യമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ആശ പ്രവര്‍ത്തകര്‍. സംഘര്‍ഷ സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിലെ അനൗചിത്യം സര്‍ക്കാരിനെ ഇരു നടന്‍മാരുമായും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നവംബര്‍ ഒന്നിനാണ് സര്‍ക്കാരിന്റെ പരിപാടി. അന്നൊരു ശനിയാഴ്ചയാണ്. ശനിയാഴ്ച മോഹന്‍ലാലിന് ബിഗ് ബോസിന്റെ ഷൂട്ടിംഗുണ്ട്. ബിഗ് ബോസ് അവസാന ഘട്ടത്തിലാണ്.

ചെന്നൈയിലാണ് ബിഗ് ബോസ് സെറ്റ്. ശനിയും ഞായറും ഈ പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുക്കേണ്ടതുണ്ട് അതിനാല്‍ ശനിയാഴ്ച മോഹന്‍ലാലിന് എത്താനാകില്ല. മമ്മൂട്ടിയും ഷൂട്ടിംഗ് തിരക്കുകളിലാണത്രേ. ബിഗ് ബോസില്‍ മണിവീക്കാണ് ഇനി. അതുകൊണ്ട് തന്നെ ശനിയാഴ്ചയേ ആ എപ്പിസോഡ് ഷൂട്ട് ചെയ്യാനും കഴിയൂ. ഇതും മോഹന്‍ലാല്‍ സര്‍ക്കാരിനെ അറിയിക്കും. ആദില, ന്യൂറ, അനു മോള്‍, അക്ബര്‍, നെവിന്‍, സാബു മാന്‍, ഷാനവാസ് എന്നിവരാണ് ബിഗ് ബോസിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയ താരങ്ങള്‍. ഇവരില്‍ ചിലരെ ശനിയാഴ്ച പുറത്താക്കേണ്ടതുമുണ്ട്. ഇതെല്ലാം വിശദമായി തന്നെ സര്‍ക്കാരിനെ മോഹന്‍ലാല്‍ അറിയിക്കും.

നവംബര്‍ ഒന്നിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സര്‍ക്കാര്‍ അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. വരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കമല്‍ഹാസനെയും ഒരുമിപ്പിച്ച് വേദിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൂവരും സമ്മതം അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ ആശ പ്രവര്‍ത്തകരുടെ പ്രതിഷേധമാണ് പരിപാടി നടത്തിപ്പ്് ആശങ്കയിലാക്കുന്നത്. സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശമാര്‍ അടുത്തുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. തുറന്ന കത്തിലൂടെ പ്രതിഷേധം അറിയിച്ചിട്ടും മൂന്നു നടന്‍മാരും വരുകയാണെങ്കില്‍ പരസ്യ പ്രതിഷേധത്തിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കാനും ആശമാര്‍ ലക്ഷ്യമിടുന്നുണ്ട്.

പരിപാടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനമല്ല, നുണ പ്രചരണ പ്രഖ്യാപനമാകും നടക്കുകയെന്ന് ആശമാര്‍ ആരോപിക്കുന്നു. പങ്കെടുക്കാന്‍ വരുകയാണെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപോരാളികളെ വന്ന് കാണണമെന്നും മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാന്‍ കഴിയാത്ത, മാരക രോഗം വന്നാല്‍ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത, കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരെ പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പിന്‍മാറണമെന്നാവശ്യപ്പെട്ട് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദന്‍, കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു എന്നിവരുടെ പേരില്‍ കത്ത് നടന്മാരുടെ ഇ-മെയില്‍ വിലാസത്തിലേക്കും അയച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ പിന്മാറുന്നത്. ആരോഗ്യ കാരണങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാകും മമ്മൂട്ടി വിട്ടു നില്‍ക്കുക. സര്‍ക്കാരിന്റെ പ്രധാന പരിപാടികളില്‍ എല്ലാം സ്ഥിരമായി കമലാഹസന്‍ എത്താറുണ്ട്. ഇത്തവണയും വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

ആശമാരുടെ ദിവസ വേതനം 233 രൂപയെന്ന തുച്ഛമായ തുക മാത്രമാണ്. ജോലി ചെയ്യാന്‍ ഏറ്റവും കുറഞ്ഞത് 100 രൂപയെങ്കിലും ദിവസേന ചെലവഴിക്കേണ്ടി വരും. കൈവശം അവശേഷിക്കുന്ന തുക കൊണ്ട് എങ്ങിനെയാണ് കുടുംബം പുലര്‍ത്തുക. നിലവിലുള്ള 233 രൂപ ദിവസവേതനം വര്‍ദ്ധിപ്പിക്കുക, അഞ്ചുലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ന്യായമായ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 1പത്തുമുതല്‍ സെക്രട്ടേറിയറ്റിന് മുന്നിലെ തെരുവിലാണ് രാപകല്‍ കഴിയുന്നത്.

260 ദിവസമായി സമരം തുടര്‍ന്നിട്ടും സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളുന്നില്ല. ആവശ്യങ്ങള്‍ അംഗീകരിക്കാതെ തുച്ഛവേതനം വര്‍ധിപ്പിക്കാതെ അതിദാരിദ്ര വിമുക്ത പ്രഖ്യാപനം നടത്തുന്നത് വലിയ നുണയാണെന്നും ആശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Tags:    

Similar News