പാര്‍ട്ടി പ്രതിസന്ധിയില്‍ എങ്കില്‍ രാജിയ്ക്ക് സമ്മതമെന്ന് പിണറായിയോട് മുകേഷ്; ഉപതിരഞ്ഞെടുപ്പ് ജയസാധ്യത നോക്കി തീരുമാനം; കൊല്ലം സിപിഎമ്മിന് തലവേദന

കൊല്ലം സിപിഎമ്മിന് തലവേദന

Update: 2024-08-29 06:53 GMT

കൊല്ലം: മുകേഷിന്റെ രാജിയെ കുറിച്ച് സിപിഎമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍. വേണമെങ്കില്‍ രാജി വയ്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ മുകേഷ് അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ഇന്ന് ഉച്ചയോടെ തീരുമാനം ഇടതുമുന്നണിയിലെ ഘടകകക്ഷികളെ സിപിഎം അറിയിക്കുമെന്നാണ് സൂചന. അതിന് ശേഷം സിപിഐയും യോഗം ചേരും.

ലൈംഗികാരോപണം നേരിടുന്ന നടനും എംഎല്‍എയുമായ എം മുകേഷിനെ തള്ളാതെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ രംഗത്തു വന്നിരുന്നു. തെറ്റുചെയ്ത ആരേയും ഇടതുപക്ഷം സംരക്ഷിക്കില്ലെന്നും കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും പറഞ്ഞ അദ്ദേഹം കേരള സംസ്‌കാരത്തെയും കേരളത്തിന്റെ കലയെയും സിനിമയെയും അപകീര്‍ത്തിപ്പെടുത്തി ലോകത്തിനു മുന്നില്‍ ഇടിച്ചുതാഴ്ത്തരുതെന്നും പറഞ്ഞു. അപ്പോഴും മുകേഷ് രാജി വയ്ക്കുന്നത് രാഷ്ട്രീയ ഗുണമാകുമോ എന്ന് സിപിഎം പരിശോധിക്കുന്നുണ്ട്.

മുകേഷ് രാജിവെക്കുമോയെന്ന ചോദ്യത്തിന് എല്ലാ എം.എല്‍.എമാര്‍ക്കും നിയമങ്ങളും ചട്ടങ്ങളും ഒരുപോലെ ബാധകമാണെന്നും സമാന ആരോപണം നേരിടുന്ന രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാരുണ്ടല്ലോ, അവര്‍ രാജിവെക്കണമെന്ന വാദം ഉന്നയിക്കാതെ അതു മറച്ചുവയ്ക്കരുതെന്നും ഇ.പി. ചോദിക്കുന്നു. ഇതിന് പിന്നിലും സിപിഎമ്മിന്റെ തന്ത്രമുണ്ട്. മുകേഷിന്റെ രാജി ഉണ്ടായാല്‍ അത് സിപിഎമ്മിന്റെ ധാര്‍മികതയായി ചര്‍ച്ചയാക്കും. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചെയ്യാത്തത് മുകേഷിനെ കൊണ്ട് ചെയ്യിച്ചുവെന്ന് സിപിഎമ്മിന് വാദമുയര്‍ത്താനാകും. എന്നാല്‍ കൊല്ലത്തെ ഉപതിരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന ചര്‍ച്ച സിപിഎമ്മില്‍ ഉയരുന്നുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ ജയം ഉറപ്പുണ്ടെങ്കില്‍ മാത്രം മുകേഷ് രാജിവച്ചാല്‍ മതിയെന്നതാണ് പൊതുവികാരം.

സിപിഎമ്മിന്റെ ഉറച്ച സീറ്റാണ് കൊല്ലം. ഇവിടെ മുതിര്‍ന്ന നേതാവ് പികെ ഗുരുദാസനെ മാറ്റിയാണ് മുകേഷിനെ 2016ല്‍ മത്സരിപ്പിച്ചത്. ഏറെ പ്രതിസന്ധിയുണ്ടായിട്ടും മുകേഷ് ജയിച്ചു. രണ്ടാ വട്ടം മുകേഷിന് ഭൂരിപക്ഷം കുറഞ്ഞു. കോണ്‍ഗ്രസിനായി മത്സരിച്ച ബിന്ദു കൃഷ്ണ ഏറെ മുന്നിലായി. ഇപ്പോഴും കൊല്ലത്ത് കോണ്‍ഗ്രസ് സജീവമാണ്. ബിജെപിയും സ്വാധീനം തെളിയിക്കാന്‍ കൊല്ലത്ത് നിറയുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍കെ പ്രേമചന്ദ്രന്‍ വന്‍വിജയം നേടി. ബിജെപിക്കും വോട്ടു കൂടി. സിപിഎമ്മിനായി മത്സരിച്ച മുകേഷിന് ചലനമുണ്ടാക്കാനും കഴിയില്ല. ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യം നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ എന്തും സംഭവിക്കാമെന്ന ചിന്ത സിപിഎമ്മിനുള്ളിലും ഉണ്ടാക്കുന്നുണ്ട്.

സിപിഎം സിനിമയുമായി ബന്ധപ്പെട്ട് കര്‍ക്കശ നിലപാടെടുത്തു. ഹേമാകമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല, വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി നടപടികള്‍ക്കനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. ധാര്‍മികതയും നീതിയും സ്ത്രീസംരക്ഷണവും ഉയര്‍ത്തിപിടിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അതിനനുസരിച്ചുള്ള എല്ലാ നടപടികളും സ്വീകരിക്കും. സര്‍ക്കാര്‍ ശരിയെ ചെയ്യുകയുളളൂ കാത്തിരിക്കുവെന്നും ഇപി ജയരാജന്‍ പറഞ്ഞതില്‍ ചില സൂചനകളുമുണ്ട്. മുകേഷുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുകയും ചെയ്തു. പാര്‍ട്ടിയ്ക്ക് പ്രതിസന്ധിയുണ്ടാകാതിരിക്കാന്‍ രാജി വയ്ക്കാമെന്ന് മുഖ്യമന്ത്രിയെ മുകേഷ് അറിയിച്ചിട്ടുണ്ട്.

മുകേഷിന്റെ രാജി ആവശ്യപ്പെടുന്നത് ശരിയാണോ എന്ന കാര്യത്തിലാണ് സിപിഎമ്മില്‍ ചര്‍ച്ച നടക്കുന്നത്. മുകേഷിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സിപിഐ നേതാവ് ആനിരാജ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ധാര്‍മികത ഉയര്‍ത്തി രാജി എന്നായിരുന്നു ആനിരാജ പറഞ്ഞത്. എന്നാല്‍ ഇത് പാര്‍ട്ടിയുടെ നിലപാടല്ലെന്നാണ് സംസ്ഥാന നേതൃത്വം പ്രതികരിച്ചത്. ഇതില്‍ നിലപാട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇതിനുശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കും. സിപിഎം നേതൃത്വത്തെ കാര്യങ്ങള്‍ സിപിഐ അറിയിച്ചിട്ടുണ്ട്. ഉച്ചയോടെ എല്ലാത്തിനും സിപിഎം വ്യക്തത വരുത്തുമെന്ന സന്ദേശമാണ് സിപിഐയ്ക്ക് കിട്ടിയിരിക്കുന്നത്.

നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ മുകേഷിനെതിരെ കേസെടുത്തു. മരട് പൊലീസാണ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നടന്‍ ലൈംഗികാതിക്രമം നടത്തിയതായി നടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 26ാം തീയതിയാണ് മുകേഷ് ഉള്‍പ്പെടെ സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ നടി ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഭാരതീയ നിയമസംഹിത 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമ്മയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ തനിക്ക് ലൈംഗികമായി വഴങ്ങണമെന്ന് മുകേഷ് ആവശ്യപ്പെട്ടതായി നടി ആരോപിച്ചിരുന്നു. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്. എന്നാല്‍, രാഷ്ട്രീയപരമായ ആരോപണമാണ് തനിക്കെതിരെയെന്നും നടി മുമ്പ് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചുവെന്നും മുകേഷ് ആരോപിച്ചിരുന്നു.

Tags:    

Similar News