നവീന്‍ ബാബുവിന്റെ മരണം ഡ്രൈവര്‍ അറിഞ്ഞത് രാവിലെ ഏഴു മണിക്ക് മുമ്പ്; കണ്ണൂര്‍ സിറ്റി പോലീസിനെ ഷംസുദ്ദീന്‍ കാര്യം അറിയിച്ചത് മൂന്ന് മണിക്കൂര്‍ കഴിഞ്ഞും; മരണ കാര്യത്തില്‍ മറ്റ് സംശയമില്ലെന്ന എഫ് ഐ ആര്‍ പരാമര്‍ശവും ദുരൂഹം; എഡിഎമ്മിന്റെ അസ്വാഭാവിക മരണം പോലീസിനെ അറിയിക്കാന്‍ വൈകിയത് എന്തിന്? ആ എഫ് ഐ ആറിലുള്ളത് അന്വേഷണ അട്ടിമറി സാധ്യത
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹത കൂട്ടി സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ എഫ് ഐ ആര്‍. 15ന് രാവിലെ ഏഴു മണിക്ക് മുമ്പേ എഡിഎമ്മിന്റെ മരണം അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഷംസുദ്ദീന്‍ അറിഞ്ഞിരുന്നു. നവീന്‍ ബാബുവിനെ കാത്തു നിന്ന ഭാര്യയും മക്കളും ചെങ്ങന്നൂരില്‍ തീവണ്ടി ഇറങ്ങാത്തതിനെ തുടര്‍ന്ന് ഡ്രൈവറെ അറിയിച്ചു. ഇത് അറിഞ്ഞ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ ഡ്രൈവര്‍ വീട് തുറന്നു കിടക്കുന്നത് കണ്ടു. അകത്തേക്ക് കയറിയപ്പോള്‍ മരിച്ച നവീന്‍ ബാബുവിനെയാണ് കണ്ടത്. ഇതാണ് പുറത്തു വന്ന വിവരം. വീട്ടുകാരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രാവിലെ ഏഴു മണിക്ക് മുമ്പ് ഇക്കാര്യം ഡ്രൈവര്‍ അറിഞ്ഞെങ്കിലും അത് പോലീസിനെ അറിയിച്ചത് 9.40ന് മാത്രം. നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ് തയ്യാറാക്കിയ ആദ്യ എഫ് ഐ ആറില്‍ ഇക്കാര്യം വ്യക്തമാണ്.
നവീന്‍ ബാബുവിന്റെ മരണം നടക്കാന്‍ സാധ്യതയുള്ള സമയമായി എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 14ന് വൈകിട്ട് 6.40 മുതല്‍ അടുത്ത ദിവസം രാവിലെ എട്ടു മണിവരെയാണ്. രാവിലെ 9.40ന് പോലീസ് സ്‌റ്റേഷനില്‍ വിരവം അറിയിച്ചു. ഇത് ഡ്രൈവര്‍ ഷംസുദ്ദീനായിരുന്നു. പത്തേകാലിനാണ് എഫ് ഐ ആര്‍ ഇട്ടതും. അതായത് എഡിഎമ്മിന്റെ മരണം ഷംസുദ്ദീന്‍ അറിഞ്ഞെന്ന് പറഞ്ഞ് ഏതാണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് പോലീസിനെ അറിയിച്ചതെന്നാണ് എഫ് ഐ ആര്‍ പറയുന്നത്. ഈ കാലതാമസം ദൂരൂഹമാണ്. തെളിവ് നിശീകരണത്തിനുള്ള സമയം ഇതിനിടെയിലുണ്ട്. സാധാരണ ഒരാള്‍ തുങ്ങി നില്‍ക്കുന്നത് കണ്ടാല്‍ അപ്പോള്‍ തന്നെ പോലീസിനെ അറിയിക്കണം. ഇവിടെ തൂങ്ങി നിന്നിരുന്നത് എഡിഎമ്മാണ്. കളക്ടറെ അടക്കം അത് അറിയിക്കുകയും ചെയ്തു. എന്നിട്ടും എന്തു കൊണ്ടാണ് പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയാന്‍ കാലതാമസമെന്ന ചോദ്യം പ്രസക്തമാണ്. നവീനിന്റെ കുടുംബം കണ്ണൂരില്‍ എത്തും മുമ്പ് തന്നെ ഇന്‍ക്വസ്റ്റും പൂര്‍ത്തിയാക്കി. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടവും നടന്നു. ഇതെല്ലാം പലതലത്തില്‍ ചര്‍ച്ചയായിരുന്നു.
ആത്മഹത്യയാണ് മരണമെന്ന തരത്തിലാണ് എഫ് ഐ ആര്‍. അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ നടത്തിയ വ്യക്തി അധിക്ഷേപം ഡ്രൈവര്‍ക്കും അറിയാവുന്നതായിരുന്നു. എന്നിട്ടും ഇതൊന്നും പോലീസില്‍ പറയാത്തതും ദുരൂഹമാണ്. ഏതോ മാനസിക വിഷമത്തില്‍ തമാസിച്ചു വന്നിരുന്ന പള്ളിക്കുന്ന് കൃഷ്ണമേനോന്‍ വനിതാ കോളേജിന് സമീപമുള്ള ക്വട്ടേഴ്‌സിനകത്തുള്ള ബെജ് റൂമിലെ ഫാനില്‍ ഒരു പ്ലാസ്റ്റിക് കയറില്‍ കെട്ടിതൂങ്ങി മരിച്ചുവെന്നും മരണകാരണത്തില്‍ മറ്റു സംശയമൊന്നും ഇല്ലെന്നുമാണ് എഫ് ഐ ആര്‍. കൊലപാതക സാധ്യത അപ്പോഴേ പോലീസ് തള്ളി. ക്വാറി മാഫിയയ്ക്ക് എതിരെ പോലും നടപടികള്‍ എടുത്ത എഡിഎമ്മിനുണ്ടായിരുന്ന ശത്രുക്കളെ കുറിച്ച് എല്ലാവര്‍ക്കും കണ്ണൂരില്‍ അറിയാം. എന്നിട്ടും മറ്റു സംശയമൊന്നുമില്ലെന്ന് എഫ് ഐ ആര്‍ ഇട്ട പോലീസ് ഉദ്യോഗസ്ഥന്‍ വിലയിരുത്തി എന്നതാണ് വസ്തുത. ഡ്രൈവര്‍ ഷംസൂദ്ദീനായിരുന്നു ഇക്കാര്യം പോലീസില്‍ അറിയിച്ചതെന്നും എഫ് ഐ ആറില്‍ വ്യക്തമായി പറയുന്നുണ്ട്.
വസ്തുതാപരമാണ് എഫ് ഐ ആര്‍ എങ്കില്‍ തെളിവ് നശീകരണത്തിന് ഏറെ സമയം ബന്ധപ്പെട്ടവര്‍ക്ക് കിട്ടിയിട്ടുണ്ട്. നവീന്‍ ബാബു ആത്മഹത്യ ചെയ്തതാണെങ്കില്‍ ആത്മഹത്യാ കുറിപ്പ് ഉണ്ടാകേണ്ടതാണ്. അതും നശിപ്പിക്കാനുള്ള സാധ്യതയാണ് പോലീസ് എത്തുന്നതില്‍ എടുത്ത കാലതാമസം വ്യക്തമാക്കുന്നത്. കൊലപാതക സാധ്യതകളിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള തെളിവ് നശിപ്പിക്കല്‍ നടക്കാനും സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് പെട്രോള്‍ പമ്പിലെ വ്യാജ അഴിമതി ആരോപണത്തിന് അപ്പുറത്തേക്ക് കാര്യ കാരണങ്ങളുണ്ടാകാനുള്ള സാധ്യത തെളിയുന്നത്. പെട്രോള്‍ പമ്പിലെ ബിനാമി അന്വേഷണം പോലും പിപി ദിവ്യയിലേക്ക് എത്താതിരിക്കാനുള്ള കരുതല്‍ വ്യക്തമാണ്. എഫ് ഐ ആര്‍ രേഖപ്പെടുത്തുമ്പോള്‍ മുതല്‍ അട്ടിമറിയുടെ സാധ്യത വായിച്ചെടുക്കാമെന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഇതിലേക്കൊന്നും ഇനിയും അന്വേഷണം എത്തില്ലെന്നാണ് സൂചന.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇപ്പോഴും അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. സിപിഎം നേതൃത്വവുമായും പിപി ദിവ്യയുമായും ഇവര്‍ക്കെല്ലാം അടുത്ത ബന്ധവുമുണ്ടെന്നത് ഏവര്‍ക്കും അറിയാവുന്ന വസ്തുതയുമാണ്. അതിനിടെ എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിഷ്യനായ ടി.വി.പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. ആരോഗ്യസെക്രട്ടറി ഡോ.രാജന്‍ ഖോബ്രഗഡെയും ജോയിന്റ് ഡിഎംഒയും അടങ്ങിയ സമിതി റിപ്പോര്‍ട്ട് നല്‍കി. പ്രശാന്ത് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. പ്രശാന്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. പ്രശാന്ത് സര്‍വീസില്‍ ഇരിക്കെ പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയതിനെക്കുറിച്ചാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സമിതി പരിയാരത്തെത്തി അന്വേഷണം നടത്തിയത്.
പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ഡിഎംഇ അറിയിച്ചതിനാലാണ് തുടരന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. പ്രശാന്ത് സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ഉണ്ടായിരുന്ന ജീവനക്കാരനാണെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. പ്രശാന്തിനെ റെഗുലറൈസ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞിരുന്നു. പെട്രോള്‍ പമ്പിന് നിരാക്ഷേപ പത്രം (എന്‍ഒസി) നല്‍കാത്തത്തില്‍ അഴിമതി നടന്നതായി യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്.
ചെങ്ങളായി പഞ്ചായത്തിലെ നെടുവാലൂര്‍ ചേരന്‍കുന്നിലാണ് പെട്രോള്‍ പമ്പിനായി പ്രശാന്ത് അനുമതി തേടിയത്. ചേരന്‍കുന്ന് സെന്റ് ജോസഫ്സ് പള്ളിയുടെ ഇടതുവശത്തായുള്ള 40 സെന്റ് സ്ഥലമാണ് പെട്രോള്‍ പമ്പ് തുടങ്ങാനായി പ്രശാന്ത് പാട്ടത്തിനെടുത്തിരുന്നത്. ചെങ്ങളായിയില്‍ പെട്രോള്‍ പമ്പ് തുടങ്ങാന്‍ നാലരക്കോടി രൂപ വേണ്ടിവരുമെന്നാണു വിലയിരുത്തല്‍. പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ഇലക്ട്രിഷ്യനായ ടി.വി.പ്രശാന്തന് ഇത്രയും പണമുണ്ടോയെന്നാണ് ഉയര്‍ന്ന ചോദ്യം. പ്രശാന്തനെ മുന്നില്‍നിര്‍ത്തി ആരോ പണം മുടക്കാനിരുന്നെന്നാണ് ആക്ഷേപം.