നവ്യ മോള്‍ എന്നെ കാണാന്‍ വരില്ലേ, എന്നാ വരിക എന്ന് ആകാംക്ഷയോടെ കാത്തിരുന്ന രാധേച്ചി ഹാപ്പി! ഗുരുവായൂരില്‍ നൃത്തത്തിനിടെ കണ്ണീരണിഞ്ഞ നവ്യയെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച ആ അമ്മയെ കാണാന്‍ താരം എത്തി; സ്‌നേഹാന്വേഷണത്തിന് ഒടുവില്‍ പാരിതോഷികവും നല്‍കി മടക്കം
രാധേച്ചിയെ കാണാന്‍ നവ്യ എത്തി
തൃശൂര്‍: ഇക്കഴിഞ്ഞ ഗുരുവായൂര്‍ ഉത്സവത്തിന് ( മാര്‍ച്ച് 18 ന്) നൃത്തം ചെയ്യുന്നതിനിടയില്‍ വികാരാധീനയായ നടി നവ്യ നായരെ കാണികള്‍ക്കിടയില്‍ നിന്നെത്തിയ ഒരു അമ്മ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന വീഡിയോ വൈറലായിരുന്നു. ഗുരുവായൂര്‍ ഉത്സവ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെയാണ് കൃഷ്ണ സ്തുതി കേട്ട് നവ്യ കണ്ണീരണിഞ്ഞത്. വിതുമ്പി കരയുന്ന നവ്യയെ ആശ്വസിപ്പിക്കാനായി കാണികള്‍ക്കിടയില്‍ നിന്ന് ഒരു അമ്മ ഓടിയെത്തുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ അമ്മയെ വേദിക്കരികില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചെങ്കിലും നടിയുടെ അരികിലേക്ക് എത്താന്‍ ശ്രമിക്കുകയായിരുന്നു.
രാവിലെ ഒന്‍പത് മണിയോടെയായിരുന്നു നവ്യ ക്ഷേത്രത്തിലെത്തിയത്. തലേ ദിവസം തന്നെ ക്ഷേത്ര ഭാരവാഹികളോട് രാവിലെ എത്തുമെന്ന് അറിയിച്ചിരുന്നു. ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ നവ്യയയെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. ഏറെ നേരം രാധേച്ചിയോട് കുശലാന്വേഷണം നടത്തിയ ശേഷം കയ്യില്‍ കരുതിയ സ്നേഹോപഹാരം നല്‍കി മടങ്ങി.
മാര്‍ച്ച് 18 ന് നടന്ന നൃത്ത പരിപാടിക്കിടെ വികാരാധീനയായി വിതുമ്പിയ നവ്യയുടെ അടുത്തേക്ക് എത്തിയ രാധേച്ചിയെ വേദിക്കരികില്‍ നിന്നും മാറ്റാന്‍ സുരക്ഷാ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും നടിയുടെ അടുത്തേക്ക് എത്താന്‍ ശ്രമിക്കുകയായിരുന്നു അവര്‍. ഇതു കണ്ട നവ്യ മുത്തശ്ശിയുടെ കൈകളില്‍ പിടിച്ച് മുഖത്തോട് ചേര്‍ത്തു. വികാരാധീനമായ ഈ രംഗം കണ്ട് കാണികളും കണ്ണീരണിഞ്ഞു.
എനിക്ക് പറയാന്‍ വാക്കുകളില്ല, സര്‍വ്വം കൃഷ്ണാര്‍പ്പണം എന്നാണു മുത്തശ്ശിക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നവ്യ കുറിച്ചത്.
സംഭവത്തില്‍ നടി നവ്യ നായരെ പ്രശംസിച്ച് ഭാമ പോസ്റ്റിട്ടിരുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ നൃത്തം ചെയ്യുന്നതിനിടെ വിതുമ്പിയ നവ്യയെ ഒരു അമ്മ ആശ്വസിപ്പിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ഭാമയുടെ പ്രതികരണം. 'ഒരു കലാകാരിക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം' എന്നായിരുന്നു ഈ ചിത്രം പങ്കുവെച്ച് ഭാമ കുറിച്ചത്
സിനിമയേക്കാള്‍ നൃത്തത്തില്‍ സജീവമാവുകയാണ് ഇപ്പോള്‍ നവ്യ നായര്‍. സ്വന്തം നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവര്‍ത്തനങ്ങളുമായും തിരക്കിലാണ് താരം. റത്തീന സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ആണ് നടിയുടെ പുതിയ പ്രോജക്ട്. സൗബിന്‍ ഷാഹിര്‍ ആണ് ചിത്രത്തിലെ നായകന്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിര്‍മാണം.