ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ചാക്കിട്ടു പിടിക്കാന്‍ കവന്‍ട്രി യൂണിവേഴ്സിറ്റി; കുടിയേറ്റ നിയമം കര്‍ക്കശമാക്കി വിദേശ വിദ്യാര്‍ത്ഥികളെ കിട്ടാതായതോടെ പരക്കം പായുന്ന യുകെ യൂണിവേഴ്സിറ്റികളില്‍ കവന്‍ട്രി മുന്‍ നിരയില്‍; അനേകായിരം വിദ്യാര്‍ഥികള്‍ ഒറ്റയടിക്ക് കൊഴിഞ്ഞതോടെ നേരെ പറന്നെത്തിയത് ഡല്‍ഹിയില്‍

Update: 2024-12-05 06:08 GMT

ലണ്ടന്‍: ചൈനക്കാരെ കടത്തി വെട്ടി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുകെയില്‍ ഒന്നാം സ്ഥാനം പിടിച്ചതോടെ വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറയ്ക്കണം എന്ന ചിന്തയിലായിരുന്നു അന്നത്തെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രധാനമായും യുകെയില്‍ പഠന ശേഷവും തുടരണം എന്ന ആഗ്രഹക്കാര്‍ ആയിരുന്നതിനാല്‍ ആയിരകണക്കിന് വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി പഠനം ഉപേക്ഷിക്കുകയും കെയര്‍ ഹോമുകളിലും മറ്റും വിസ കരസ്ഥമാക്കി ജോലിയിലേക്ക് മാറുകയും ചെയ്യുന്നത് ട്രെന്റായതോടെയാണ് നിയന്ത്രണം കടുപ്പിക്കണം എന്ന് അന്നത്തെ ആഭ്യന്തര സെക്രട്ടറി സ്യുവേല ബ്രെവര്‍മാന്‍ കര്‍ശന നിലപാട് എടുത്തത്.

ഇതോടെയാണ് ടോറി സര്‍ക്കാര്‍ പടിയിറങ്ങും മുന്‍പേ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഡിപെന്‍ന്റ് വിസ അനുവദിക്കണ്ട എന്ന തീരുമാനത്തിലേക്ക് യുകെ എത്തുന്നത്. വിദ്യാര്‍ത്ഥി വിസ ദുരുപയോഗം ചെയ്യുന്നതില്‍ ഇന്ത്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് മുന്നില്‍ നിന്നതു എന്ന കണക്കുകളും സര്‍ക്കാരിന്റെ മുന്നിലെത്തി. ഇതോടെ കുടിയേറ്റം ലക്ഷ്യമാക്കിയുള്ള വിദ്യാര്‍ത്ഥി വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യം മുഖം തിരിച്ചതും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തന്നെ ആണെന്നതും രസകരമായി.

പിടിച്ചു നില്‍ക്കാന്‍ യുകെ യൂണിവേഴ്സിറ്റികള്‍ ഇന്ത്യയിലേക്ക്; വിദ്യാര്‍ഥികള്‍ മുഖം തിരിക്കാനിട

അതിനിടെ വിദേശ വിദ്യാര്‍ത്ഥികളെ കൂടുതലായും ആശ്രയിച്ച യുകെ യൂണിവേഴ്സിറ്റികള്‍ വെള്ളം കുടിക്കും എന്ന മുന്നറിയിപ്പ് ഇപ്പോള്‍ ഒട്ടേറെ യൂണിവേഴ്സിറ്റിയുടെ നിലനില്പിനെ ബാധിക്കും വിധം ശക്തമായ പ്രഹരമായി മാറിയിയിരിക്കുകയാണ്. ജീവിത ചിലവ് കുറവും പാര്‍ട്ട് ടൈം ജോലിയും കിട്ടാന്‍ എളുപ്പമുള്ള കവന്‍ട്രി യൂണിവേഴ്ഡിറ്റിയില്‍ താരതമന്യേ ഫീസും കുറവായതോടെ ആയിരകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇടിച്ചെത്തിയത്. ഇക്കൂട്ടത്തില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണവും ബൃഹത്താണ്. പക്ഷെ വിസ റൂട്ടില്‍ ഇനി പിടിച്ചു നിലക്കാന്‍ കഴിയില്ല എന്ന് ഉറപ്പായതോടെ യുകെ തന്നെ ഉപേക്ഷിച്ചു കാനഡ, ജര്‍മനി എന്നീ പുതിയ ലാവണങ്ങള്‍ തേടുകയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ഇത് തിരിച്ചറിഞ്ഞതോടെ കൂടുതല്‍ ഓഫറുകള്‍ നല്‍കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പിടിച്ചെടുക്കാന്‍ ഉള്ള ശ്രമമാണ് ഇപ്പോള്‍ കവന്‍ട്രി യൂണിവേഴ്ട്‌സിറ്റി നടത്തുന്നത്. ഇതിന്റെ ഭാഗമായി റിക്രൂട്‌മെന്റ് വേഗത്തിലാക്കാന്‍ ഡല്‍ഹിയില്‍ ഹബ് എന്ന പേരില്‍ റിസോഴ്സ് സെന്റര്‍ ആരംഭിച്ചിരിക്കുകയാണ്.

എന്നാല്‍ എത്ര വലിയ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാലും പഠന ശേഷം യുകെയില്‍ തുടരാനാകില്ല എന്ന സാധ്യത മുന്നില്‍ നില്‍ക്കുബോള്‍ പ്രയോഗികമതികളായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ജീവിതം പച്ച പിടിപ്പിക്കാന്‍ സാധ്യമായ പുതിയ ഇടം തേടും എന്നതാണ് വിദേശ വിദ്യാഭ്യസ രംഗത്തെ നൂതന ട്രെന്റ്. യുകെ യൂണിവേഴ്സിറ്റികളുടെ റാങ്കിങ്ങും ഗുണനിലവാരവും ഒക്കെ നോക്കി പഠിക്കാന്‍ എത്തുന്നത് വളരെ കുറച്ചു വിദ്യാര്‍ഥികള്‍ മാത്രമാണ് എന്ന സത്യം മുന്നില്‍ നില്‍ക്കെയാണ് വിദേശ വിദ്യാര്‍ത്ഥികളെ ചാക്കിട്ടു പിടിക്കാന്‍ ഇപ്പോള്‍ പാഴ്വേലയുമായി യുകെ യൂണിവേഴ്സിറ്റികള്‍ ഇറങ്ങിത്തിരിക്കുന്നത്. മൂന്നു വര്ഷം മുന്‍പ് 2580 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മാത്രം ഉണ്ടായിരുന്ന കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ രണ്ടു വര്‍ഷം മുന്‍പത്തെ എണ്ണം ഇരട്ടിയായി വളര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം ഇപ്പോള്‍ ലഭ്യമല്ല.

സ്റ്റുഡന്റ് അപ്പാര്‍ട്‌മെന്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു; റസ്റ്റോറന്റുകളില്‍ തിരക്കും കുറഞ്ഞു;ജോലി കിട്ടുന്നത് വെയര്‍ ഹൗസില്‍ മാത്രം

ഈ വര്‍ഷം നിയമ മാറ്റം ഉണ്ടായതോടെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം ഭയപ്പെടുത്തും വിധം കുറഞ്ഞിരിക്കുകയാണ് എന്നതിന് സാക്ഷി ഒഴിഞ്ഞു കിടക്കുന്ന സ്‌റുഡന്റ് അപ്പാര്‍ട്‌മെന്റുകള്‍ തന്നെയാണ്. യൂണിവേഴ്സിറ്റി ആക്കമോടെഷനുകള്‍ ആവശ്യത്തിലേറെ ഒഴിഞ്ഞു കിടക്കുകയാണ് എന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തുന്നു. വിദ്യാര്‍ഥികള്‍ കൂട്ടം ആയി എത്തിയിരുന്ന സമയത്തു റസ്റ്റോറന്റുകളിലും ടാക്‌സിയിലും ഒക്കെ ഉണ്ടായിരുന്ന തിരക്കും ഇപ്പോള്‍ കവന്‍ട്രി നഗരത്തില്‍ കാണാനില്ല.

പഠന ശേഷം ജോലി കണ്ടെത്താന്‍ ശ്രമിച്ചവരൊക്കെ ഇപ്പോള്‍ ആമസോണ്‍ അടക്കമുള്ള വെയര്‍ ഹൌസ് കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്തു എങ്ങനെയും പോസ്റ്റ് സ്റ്റഡി വിസ തീരും മുന്‍പേ പഠിക്കാന്‍ വന്ന വകയില്‍ ഉള്ള കടം വീട്ടിയെടുക്കാന്‍ ഉള്ള തന്ത്രപ്പാടിലാണ്. പഠിച്ചു കഴിഞ്ഞാല്‍ ഉടനെ ജോലി എന്ന മോഹന വാഗ്ദനം ഒന്നും സാധാരാണ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുകുന്ന കോഴ്സുകള്‍ക്ക് ശേഷം യാഥാര്‍ഥ്യമായി മാറുന്നില്ല എന്നതാണ് വിദ്യാര്‍്ത്ഥികളുടെ അനുഭവം. ഡാറ്റ സയന്‍സും ലോജിസ്റ്റിക്സും ബിസിനസ് മാനേജ്മെന്റും ഇന്റര്‍നാഷണല്‍ ബിസിനസും തുടങ്ങി ലോകത്തെവിടെയും ലഭ്യമായ കോഴ്സുകള്‍ യുകെയില്‍ വന്നു പഠിച്ചിട്ടു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലെന്നും മുന്‍ വര്‍്ഷം പഠിച്ചു പോയവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

യുകെയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റികളില്‍ ഒന്നായ കവന്‍ട്രിയില്‍ 30000 ലേറെ വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇതില്‍ 13000 പേരും വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരുമാണ്. 2021-22 കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ സ്വന്തമാക്കിയതും കവന്‍ട്രി യൂണിവേഴ്സിറ്റിയാണ്. പല യൂണിവേഴ്‌സിറ്റികളെയും കടത്തി വെട്ടി മുന്നേറിയ കവന്‍ട്രി യൂണിവേഴ്സിറ്റിക്ക് ആ നേട്ടം തന്നെ ഇപ്പോള്‍ പാരയായി മാറുന്ന കാഴ്ചയാണ് ലഭ്യമാകുന്നത്. ഒരു പരിധി വിട്ടുള്ള ആശ്രയം മൂലം തിരിച്ചടി ഉണ്ടായപ്പോള്‍ അതിനുള്ള പരിഹാരം എന്ത് എന്ന നെട്ടോട്ടമാണ് യൂണിവേഴ്സിറ്റി അധികൃതര്‍ ഇപ്പോള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ ഹബ് തുറന്നു വിദ്യാര്‍ത്ഥികളെ ആകര്ഷിക്കാനുള്ള ശ്രമം.

ഇന്ത്യയെ കൂടാതെ ബ്രസല്‍സ്, ആഫ്രിക്ക, ചൈന, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും കവന്‍ട്രി യൂണിവേഴ്സിറ്റി ഹബ് തുറന്നിരിക്കുകയാണ്. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍, സിഇഒ, എന്നിവരടക്കമുള്ള ഉന്നത തല സംഘം നേരിട്ടെത്തിയാണ് ''ഡല്‍ഹി ഓപ്പറേഷന് ''ചുക്കാന്‍ പിടിക്കുന്നത്. 70 ജീവനക്കാരെ നിയമിച്ചു പരമാവധി വിദ്യാര്‍ഥികളിലേക്ക് എത്തുക എന്ന ലക്ഷ്യമാണ് ഹബ്ബിലൂടെ കവന്‍ട്രി യൂണിവേഴ്സിറ്റി ഉദ്ദേശിക്കുന്നത്.

Similar News