ബിഗ് ബോസിനോട് 2024ല്‍ നോ പറഞ്ഞ മോഹന്‍ലാല്‍ 'എമ്പുരാന്‍ പാക്കേജില്‍' വീണ്ടും അവതാരകനാക്കാന്‍ സമ്മതിച്ചു; സാറ്റലൈറ്റ്-ഒടിടി അവകാശങ്ങള്‍ ഏഷ്യാനെറ്റ് എന്റര്‍ടെയിന്റ്മെന്റ് ചാനലും ഒടിടി ജിയോ ഹോട്സ്റ്റാറും ഏറ്റെടുത്തത് ഈ ധാരണയില്‍; വിവാദങ്ങള്‍ കാരണം ടിവി റൈറ്റില്‍ ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ'യുടെ ഗതി എമ്പുരാന് വരുമോ? സിനിമയുടെ എച്ച് ഡി പതിപ്പ് ലീക്കായതും വെല്ലുവിളി; 'ബിഗ് ബോസ്' തുണച്ചില്ലെങ്കില്‍ പണിയുറപ്പ്

'ബിഗ് ബോസ്' തുണച്ചില്ലെങ്കില്‍ പണിയുറപ്പ്

Update: 2025-03-29 09:28 GMT

തിരുവനന്തപുരം: എമ്പുരാന്റെ നഷ്ടം കുറയ്ക്കാന്‍ സാറ്റലൈറ്റിലും ഒടിടിയിലും പരമാവധി തുക നേടേണ്ടത് അനിവാര്യതയാണ്. ഇപ്പോഴുണ്ടായ വിവാദങ്ങളും സിനിമയുടെ എച്ച് ഡി പതിപ്പിന്റെ ചോര്‍ച്ചയും ഈ ഇടപാടിനേയും പ്രതിസന്ധിയിലാക്കുകയാണ്. ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം ഏഷ്യാനെറ്റ് എന്റര്‍ടൈന്‍മെന്റ് ചാനലും ഒടിടി അവകാശം ജിയോ ഹോട്സ്റ്റാറും നേടി കഴിഞ്ഞു. ഏഷ്യാനെറ്റ് ചാനലിന്റേയും ജിയോ ഹോട്സ്റ്റാറിന്റേയും ഉടമ ഒരാളാണ്. മുകേഷ് അംബാനി. ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശതകോടീശ്വരനാണ് അംബാനി. ഗുജറാത്തിന്റെ പാരമ്പര്യം ഉയര്‍ത്തി പിടിക്കുന്ന അംബാനി. അതുകൊണ്ട് തന്നെ ഈ സിനിമയുടെ വിമര്‍ശനങ്ങള്‍ അംബാനി എങ്ങനെ എടുക്കുമെന്നതാണ് നിര്‍ണ്ണായകം. പ്രത്യേകിച്ച് ആര്‍ എസ് എസ് മുഖമാസികയായ ഓര്‍ഗനൈസര്‍ തന്നെ സിനിമയെ അതിരൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തില്‍. ഇതിനൊപ്പം സാറ്റലൈറ്റ് കരാറില്‍ ഇനി എന്തു സംഭവിക്കുമെന്ന ആശങ്കയും ശക്തമാണ്.

ഉണ്ണിമുകുന്ദന്‍ സിനിമയായ മാര്‍ക്കോയ്ക്ക് സെന്‍സര്‍ഷിപ്പ് തടസ്സമില്ലാതെ കിട്ടി. എന്നാല്‍ വിവാദങ്ങളില്‍ അത് കുടുങ്ങി. ഓവര്‍ വയലന്‍സിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സാറ്റലൈറ്റിനുള്ള അനുമതി സെന്‍സര്‍ ബോര്‍ഡ് പിന്‍വലിച്ചു. മാര്‍ക്കോയ്ക്ക് തിയേറ്ററില്‍ നിന്ന് തന്നെ വമ്പന്‍ ലാഭം കിട്ടി. അതുകൊണ്ട് സാറ്റലൈറ്റ് ഇല്ലാതെ തന്നെ സിനിമയുടെ അണിയറക്കാര്‍ ലാഭമുണ്ടാക്കി. എന്നാല്‍ 225 കോടിക്ക് മുകളില്‍ മുടക്കു മുതലുള്ള സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് അനിവാര്യതയാണ്. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് സാറ്റലൈറ്റിനും ഒടിടിയ്ക്കും ചേര്‍ന്ന് 35 കോടിക്ക് മുകളിലാണ് കരാര്‍. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സാറ്റലൈറ്റ് റൈറ്റ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയില്ലെങ്കില്‍ അതില്‍ നിന്നുള്ള വരുമാനം കുറയും. ഇതിനൊപ്പം സിനിമയുടെ പകര്‍പ്പ് ചോര്‍ന്നത് മൂലം ഒടിടിയ്ക്കും പ്രതിസന്ധിയുണ്ടാകും.

എമ്പുരാന്റെ എച്ച് ഡി പകര്‍പ്പാണ് ചോര്‍ന്നത്. അതു വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തു. സാധാരണ നിലയില്‍ ഒടിടി റിലീസിന് ശേഷം മാത്രമേ മലയാള സിനിമകള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ എത്താറുള്ളൂ. അതു പോലും ഒടിടി കമ്പനികള്‍ ഗൗരവത്തിലാണ് എടുക്കാറുള്ളത്. ഇതു കൊണ്ട് കൂടിയാണ് മലയാള സിനിമകളോട് കമ്പനികള്‍ക്ക് താല്‍പ്പര്യം കുറഞ്ഞത്. വമ്പന്‍ ബാനറിലെ ചിത്രങ്ങള്‍ മാത്രമേ ഒടിടി എടുക്കാറുമുള്ളൂ. ഈ സാഹചര്യത്തില്‍ വളരെ നേരത്തെ ഇന്റര്‍നെറ്റിലെത്തിയ എമ്പുരാന്‍ കാരണം തങ്ങള്‍ക്ക് ഗുണമുണ്ടാകുമോ എന്ന ചിന്ത ജിയോ ഹോട്സ്റ്റാറിനുമുണ്ട്. ഉയര്‍ന്ന തുകയില്‍ സിനിമ എടുത്താല്‍ നഷ്ടമുണ്ടാക്കുമോ എന്നതാണ് ആശങ്ക. മോഹന്‍ലാലിന്റെ അറബിക്കടലിന്റെ സിംഹം അടക്കം ഹോട് സ്റ്റാറിന് വലിയ നഷ്ടമായി മാറിയിട്ടുണ്ട്. ഏഷ്യാനെറ്റും ഹോട് സ്റ്റാറും ഒരു ഗ്രൂപ്പിന്റേതാണ്. ഡിസ്നിക്കാരായിരുന്നു രണ്ടും കുറച്ചു കാലം മുമ്പ് വരെ നിയന്ത്രിച്ചിരുന്നത്. മലയാളിയായ കെ മാധവനായിരുന്നു അതിന്റെ എല്ലാം എല്ലാം.

അതുകൊണ്ടു തന്നെ മോഹന്‍ലാലുമായുള്ള വ്യക്തിബന്ധമുള്ള മാധവന്റെ ഇടപെടലില്‍ മിക്ക ലാല്‍ ചിത്രങ്ങളും ഹോട് സ്റ്റാറിലെത്തി. എന്നാല്‍ ഡിസ്നിയില്‍ നിന്നും ജിയോ ഏഷ്യാനെറ്റും ഹോട്സ്റ്റാറും ഏറ്റെടുത്തു. ഇതോടെ മാധവനും മാറി. ഈ സാഹചര്യത്തില്‍ ബിഗ് ബോസ് ഷോയിലെ അവതാരകന്‍ ആയാല്‍ മാത്രമേ എമ്പുരാനില്‍ കരാറുണ്ടാക്കാന്‍ താല്‍പ്പര്യം ഉള്ളൂവെന്ന നിലപാട് ജിയോ എടുത്തത്. ഇതിന് വഴങ്ങിയാണ് ബിഗ് ബോസില്‍ മോഹന്‍ലാല്‍ സമ്മതം മൂളിയത്. 2024ല്‍ ബിഗ് ബോസ് ഷോ വലിയ വിവാദങ്ങളുണ്ടാക്കി. കേസു പോലുമായി. ഈ സാഹചര്യത്തിലാണ് ബിഗ് ബോസില്‍ നിന്നും മാറാന്‍ ലാല്‍ ആഗ്രഹിച്ചത്. മാധവിന്‍ ആ ചാനലിനൊപ്പമില്ലാത്തതും ഈ തീരുമാനത്തെ സ്വാധീനിച്ചു. എന്നാല്‍ എമ്പുരാനില്‍ വിട്ടുവീഴ്ചയ്ക്ക് ലാല്‍ തയ്യാറായി. അങ്ങനെ ബിഗ് ബോസില്‍ അവതാരകനാകാന്‍ സമ്മതം മൂളി. എമ്പുരാനില്‍ ഇപ്പോഴത്തേതിന് സമാനമായ വിവാദങ്ങള്‍ ആ ഘട്ടത്തില്‍ ജിയോ ഗ്രൂപ്പ് സ്വപ്നം പോലും കണ്ടില്ല.

ആര്‍ എസ് എസിനോടും ബിജെപിയോടും ചേര്‍ന്ന് നിന്ന പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് അംബാനി. ഇന്ത്യന്‍ സംസ്‌കാരം ഉയര്‍ത്തി പിടിക്കുന്ന വ്യവസായി. ഈ സാഹചര്യത്തില്‍ ആര്‍ എസ് എസ് പരസ്യമായി തള്ളി പറഞ്ഞ സിനിമയെ ജിയോ ഏറ്റെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സിനിമയോട് എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. മോദിയുടെ മനസ്സ് എതിരായാല്‍ ജിയോ പതിയെ പിന്‍വലിയും. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സിനിമയുടെ സാറ്റൈലറ്റ് അവകാശ ലബ്ദിയേയും സ്വാധീനിക്കും. മാര്‍ക്കോയെ പോലെ സാറ്റലൈറ്റ് അനുവാദമില്ലെന്ന തീരുമാനം സെന്‍സര്‍ ബോര്‍ഡ് എടുത്താല്‍ ജിയോയ്ക്ക് കരാറില്‍ നിന്നും പിന്മാറാനാകും. സിനിമ ഇന്‍ര്‍നെറ്റില്‍ ചോര്‍ന്നത് അണിയറക്കാരുടെ കഴിവുകേടായി പറഞ്ഞ് ഒടിടിയിലും ഏറ്റെടുക്കാതിരിക്കാം. ഏതായാലും ഡല്‍ഹിയിലെ ഉന്നത കേന്ദ്രങ്ങള്‍ എടുക്കുന്ന തീരുമാനം എമ്പുരാനെ സ്വാധീനിക്കും. ഇത് തിരിച്ചറിഞ്ഞാണ് നിര്‍മ്മതാവ് ഗോകുലം ഗോപാലന്‍ മാറ്റങ്ങള്‍ക്കുള്ള ആഹ്വാനം നല്‍കിയത്.

എമ്പുരാന്‍ എന്ന സിനിമ ആരെയും വേദനിപ്പിക്കാന്‍ എടുത്തതല്ല എന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്‍ പറയുന്നത്. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ സംവിധായകന്‍ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും പ്രേക്ഷകര്‍ സ്‌നേഹിക്കുന്ന താരങ്ങള്‍ അഭിനയിച്ച സിനിമ നിന്ന് പോകരുത് എന്ന് കരുതിയാണ് സിനിമയുമായി സഹകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിനിമയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തന്നെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും സിനിമ കാണുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ വരുത്താന്‍ സംവിധായകനോട് പറഞ്ഞിട്ടുണ്ടെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

'ഞാന്‍ അവസാനമാണല്ലോ ഈ സിനിമയുമായി സഹകരിക്കുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച എല്ലാവരും തന്നെ ഇതുവരെയും ആര്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ലാത്ത ആളുകളാണ്. ആരെയും ബുദ്ധിമുട്ടിക്കാന്‍ നമുക്ക് ആര്‍ക്കും ആഗ്രഹമില്ല. ആര്‍ക്കും ഒരു ബുദ്ധിമുട്ടും തോന്നാത്ത വിധത്തില്‍ സിനിമ കാണണം. സിനിമ സെന്‍സര്‍ ചെയ്താണല്ലോ വന്നത്. അപ്പോഴൊന്നും ഒരു പ്രശ്‌നവും ഇല്ലായിരുന്നു. പക്ഷെ സിനിമ കാണുന്നവര്‍ പല ചിന്താഗതിക്കാര്‍ ആണല്ലോ, അതില്‍ വന്ന പ്രശ്‌നം ആണ്. മോഹന്‍ലാലിന് ആയാലും എനിക്ക് ആയാലും ആരെയും വിഷമിപ്പിക്കാന്‍ താല്‍പര്യം ഇല്ലാത്തവരാണ്. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷികളുമായും നമുക്ക് ബന്ധമില്ല. രാഷ്ട്രീയം എന്നാല്‍ സേവനം എന്നാണ് ഞാന്‍ കാണുന്നത്. വലിയൊരു സിനിമ എടുത്തത് റിലീസ് ചെയ്യാന്‍ കഴിയാതെ നിന്ന് പോകാന്‍ പാടില്ല എന്നതുകൊണ്ടാണ് ഞാന്‍ അതില്‍ സഹകരിച്ചത്. നമ്മള്‍ കാരണം ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്.' ഗോപാലന്‍ പറഞ്ഞു.

'സോഷ്യല്‍ മീഡിയയില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഔദ്യോഗികമായി ആരും ഒന്നും അറിയിച്ചിട്ടില്ല. മാനസികമായി ആര്‍ക്കെങ്കിലും നമ്മുടെ സിനിമ കാരണം ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടെങ്കില്‍ അതിന്മേല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കുന്നുണ്ട്. പറ്റുമെങ്കില്‍ ചെയ്യണം എന്ന് ഞാന്‍ സംവിധായകനോട് വിളിച്ച് പറഞ്ഞിട്ടുണ്ട്, അദ്ദേഹവും ആരെയും വേദനിപ്പിക്കുന്ന ആളല്ല. എന്തായാലും ഞങ്ങള്‍ക്ക് ആരെയും ബുദ്ധിമുട്ടിക്കാന്‍ ഒരു ഉദ്ദേശവും ഇല്ല, ഇതില്‍ അഭിനയിച്ചവരും സംവിധായകനും പ്രൊഡ്യൂസര്‍മാരും എല്ലാം ജനങ്ങളുടെ മനസ്സില്‍ കുടിയിരിക്കുന്നവരാണ്. എന്തായാലും ചില കാരണങ്ങള്‍ കൊണ്ട് ഈ സിനിമ ആരും കാണാതെ ഇരിക്കാന്‍ പാടില്ല അതിനുവേണ്ട നടപടികള്‍ ആണ് ചെയ്യാന്‍ ശ്രമിക്കുന്നത്. അതില്‍ സാങ്കേതികമായി എന്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നു എനിക്ക് അറിയില്ല, സംവിധായകന് അത് അറിയാന്‍ പറ്റും. അദ്ദേഹം ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കട്ടെ. എല്ലാരുടെയും സന്തോഷമാണ് നമ്മുടെ ലക്ഷ്യം.' ഗോകുലം ഗോപാലന്‍ പറയുന്നു.

Tags:    

Similar News