ലോക്കര്‍ റൂമില്‍ നിന്നും ശ്രീപദ്മനാഭന്റെ 13.5 പവന്‍ സ്വര്‍ണ്ണ ദണ്ഡ് കൊണ്ടു പോയവര്‍ പോലീസ് വെബ് സ്റ്റില്‍ നിന്നും ആ എഫ് ഐ ആറും മോഷ്ടിച്ചു! മോഷണ കേസ് എഫ് ഐ ആര്‍ ആയിട്ടും ക്ഷേത്ര കവര്‍ച്ചയിലെ എഫ് ഐ ആര്‍ അതീവ രഹസ്യം; ലോക്കര്‍ പൊളിക്കാതെ ആ സ്വര്‍ണ്ണം എടുത്തത് ആര്? സ്‌ട്രോങ്ങ് റൂമിന്റെ ഓടുകള്‍ പഴകിയ നിലയില്‍; തിരിച്ചറിയുന്നത് വന്‍ സുരക്ഷാ വീഴ്ച

Update: 2025-05-11 04:56 GMT

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ കവര്‍ച്ചയ്ക്ക് പിന്നില്‍ ക്ഷേത്രവുമായി ബന്ധപെട്ടവര്‍ തന്നെയെന്ന് പൊലീസ് നിഗമനം. സി സി ടി വി ഉള്‍പ്പെടെയുള്ള സുരക്ഷ ഉള്ളതിനാല്‍ പുറത്തുള്ളവര്‍ മോഷണം നടത്താന്‍ സാധ്യതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ലോക്കര്‍ പൊളിച്ചിട്ടിലെന്ന് പരിശോധനയില്‍ കണ്ടെത്തിയാതായി പൊലീസ് പറഞ്ഞു. കൂടുതല്‍ ക്ഷേത്രം ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തു വിട്ടയച്ചു. ക്ഷേത്ര ഭരണസമിതിയുടെ ലോക്കേറിനുള്ളില്‍ വെച്ച 13 പവന്‍ സ്വര്‍ണത്തില്‍ കുറവെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും എഫ് ഐ ആര്‍ പുറത്തേക്ക് വിട്ടിട്ടില്ല. പോലീസിന്റെ എഫ് ഐ ആര്‍ സൈറ്റില്‍ ഈ കേസിന്റെ വിവരങ്ങളില്ല. എന്തുകൊണ്ടാണ് ഈ മോഷണ കേസിലെ എഫ് ഐ ആര്‍ പോലീസ് രഹസ്യമാക്കി വച്ചതെന്നും സൂചനയുണ്ട്. തുണ വെബ് സൈറ്റില്‍ കഴിഞ്ഞ ദിവസം ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ കാണാനില്ല. എന്നാല്‍ സൂക്ഷമ പരിശോധനയില്‍ ഒരു എഫ് ഐ ആര്‍ സൈറ്റില്‍ അപ് ലോഡ് ചെയ്തില്ലെന്നും മനസ്സിലാക്കാം. ഇത് ഈ കേസാകാനാണ് സാധ്യത. ഏന്തിനാണ് ഇങ്ങനെ കേസ് വിവരം ഒളിപ്പിക്കുന്നതെന്ന് വ്യക്തമല്ല.

നിലവില്‍ ശ്രീകോവിലിന്റെ താഴികക്കുടം സ്വര്‍ണം പൂശുന്ന ജോലിയാണ് നടന്നുവന്നത്. സ്വര്‍ണം അളന്നാണ് ഓരോ ദിവസവും തൊഴിലാളികള്‍ക്ക് നല്‍കുന്നത്. മൊത്തം തൂക്കിയശേഷമാണ് ജോലിക്കാര്‍ക്ക് നല്‍കുക. ഈ മാസം ഏഴിനാണ് അവസാനം ജോലി നടന്നത്. ഇന്നലെ രാവിലെ ജോലിക്കാര്‍ക്ക് നല്‍കാന്‍ സ്വര്‍ണം തൂക്കുമ്പോഴാണ് സ്വര്‍ണം നഷ്ടമായ വിവരം അറിയുന്നത്. മെയ് ഏഴിലെ ജോലി കഴിഞ്ഞു ലോക്കര്‍ പൂട്ടുന്നതിന് മുന്‍പ് മോഷണം നടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന് വിലയിരുത്തല്‍. സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്. റൂമിലും പരിസരത്തും സിസിടിവി ക്യാമറകളും, സെക്യൂരിറ്റി ജീവനക്കാരുമില്ല. സ്‌ട്രോങ്ങ് റൂമിന്റെ ഓടുകള്‍ പഴകിയ നിലയിലെന്നും പൊലീസ് കണ്ടെത്തി. കരാറുകാരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തല്‍ തുടരുകയാണ്. ക്ഷേത്രകവാടം നിര്‍മിക്കാനായി സംഭാവന ലഭിച്ച സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്.

ശ്രീകോവിലിനു മുന്നിലെ വാതിലില്‍ സ്വര്‍ണം പൊതിയാനായി പുറത്തെടുത്ത ദണ്ഡുകളിലൊന്നാണ് ശനിയാഴ്ച രാവിലെ കാണാതായത്. പോലീസും ക്ഷേത്രസുരക്ഷാ ഉദ്യോഗസ്ഥരും പകല്‍ മുഴുവനും നടത്തിയ പരിശോധനയില്‍ ദണ്ഡ് കണ്ടെത്താനായിട്ടില്ല. ശ്രീകോവിലിലെ അനന്തശയന വിഗ്രഹത്തിനു മുന്നില്‍ ശിരസ്സ്, ഉടല്‍, പാദം എന്നിവ തൊഴാന്‍ മൂന്നു വാതിലുകളുണ്ട്. ഇവയില്‍ ആദ്യത്തെ നടയിലെ വാതിലിന്റെ പഴയ സ്വര്‍ണം മാറ്റി പുതിയ സ്വര്‍ണത്തകിട് ചേര്‍ക്കുന്ന ജോലി നടക്കുകയാണ്. ഇതിനായി സുരക്ഷാമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം പുറത്തെടുത്തിരുന്നു. ബുധനാഴ്ചയാണ് അവസാനദിവസം ജോലി നടന്നത്. ഇതിനുശേഷം സ്വര്‍ണം മുറിയിലേക്കു മാറ്റിയിരുന്നു. ശനിയാഴ്ച രാവിലെ ജോലി തുടരാനായി സ്വര്‍ണം തൂക്കിനോക്കി കണക്കെടുത്തപ്പോഴാണ് ദണ്ഡ് ഇല്ലെന്ന വിവരം കണ്ടെത്തിയത്. സ്വര്‍ണത്തകിട് വിളക്കിച്ചേര്‍ക്കാനുള്ള കാഡ്മിയം ചേര്‍ന്നതാണ് കാണാതായ സ്വര്‍ണദണ്ഡ്.

ക്ഷേത്രത്തിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷാവിഭാഗം പോലീസിന്റെയും സാന്നിധ്യത്തിലാണ് ദിവസവും സ്വര്‍ണം പുറത്തെടുത്തിരുന്നത്. ശ്രീകോവിലിനു മുന്നിലെ ഒറ്റക്കല്‍മണ്ഡപത്തില്‍ െവച്ചാണ് വാതിലിന്റെ ജോലികള്‍ നടത്തിയിരുന്നത്. നിര്‍മാണം നടക്കുന്ന സ്ഥലമുള്‍പ്പെടെ ക്ഷേത്രപരിസരത്ത് സിസിടിവി ക്യാമറകളുണ്ട്. രാവിലെ പുറത്തെടുക്കുന്ന സ്വര്‍ണം ഉപയോഗത്തിനുശേഷം അളന്ന് രേഖപ്പെടുത്തി സുരക്ഷാമുറിയിലേക്കു മാറ്റിയിരുന്നതായി എക്സിക്യുട്ടീവ് ഓഫീസര്‍ ബി. മഹേഷ് അറിയിച്ചു. ഈ നിലയില്‍ ആരും സ്വര്‍ണദണ്ഡ് എടുത്തതായി സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷാമുറി ഇരുള്‍ നിറഞ്ഞതാണ്. ദണ്ഡ് താഴെവീണതാണോയെന്ന പരിശോധനയും ക്ഷേത്രപരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ക്ഷേത്രം അധികൃതര്‍ നല്‍കിയ പരാതിയില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്തു.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വലിയ മാഫിയ പിടിമുറുക്കിയിരുന്നു. ഇത് പലവിധ പ്രശ്‌നങ്ങള്‍ക്കും ഇട നല്‍കി. ക്ഷേത്രത്തില്‍ എത്തുന്ന പട്ട് അനധികൃതമായി ലേലത്തില്‍ കൊണ്ടു പോകുന്ന സംഭവം അടക്കം ഉണ്ടായി. ക്ഷേത്ര ഭരണസമിതിയുടെ അധ്യക്ഷന്‍ ഇടപെട്ടാണ് ഇതെല്ലാം അവസാനിപ്പിച്ചത്. അതിനിടെ ക്ഷേത്ര സിഇഒയെ തല്ലിയ വിവാദം ചര്‍ച്ചകളിലെത്തി. അതിനിടെ ക്ഷേത്രത്തിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ സിഇഒ അസഭ്യം പറഞ്ഞുവെന്ന കേസുമെത്തി. ഇങ്ങനെ ഏറെ വിവാദങ്ങള്‍ നടക്കുന്ന സമയത്താണ് മോഷണം നടക്കുന്നത്.

Similar News