ഇന്‍ഡിഗോ ചിറക് വിടര്‍ത്തുന്നു; അടുത്ത മാസം മുതല്‍ മാഞ്ചസ്റ്ററില്‍ നിന്നും മുംബൈയിലേക്ക് ആഴ്ചയില്‍ നാലു വിമാനങ്ങള്‍; കൂടുതല്‍ വിമാനങ്ങള്‍ ലഭ്യമായാല്‍ എല്ലാ ദിവസവും സര്‍വീസ് വന്നേക്കും; ബഡ്ജറ്റ് വിമാന സര്‍വീസ് വന്നപ്പോള്‍ സീസണ്‍ ടിക്കറ്റ് പോലും കയ്യിലൊതുങ്ങുന്ന നിരക്കിലേക്ക്; ബ്രിട്ടണിലെ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത
ലണ്ടന്‍: മാഞ്ചസ്റ്ററില്‍ നിന്നും മുംബൈയിലേക്ക് നേരിട്ട് എത്തുന്ന ഇന്‍ഡിഗോ വിമാനം കണക്ഷന്‍ വിമാനത്തിന്റെ കാത്തിരിപ്പ് സമയം മൂലം കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഉള്ള യുകെ മലയാളികള്‍ക്കു പ്രയോജനപ്പെട്ടേക്കില്ല എന്ന തുടക്കത്തിലേ ആശങ്കകള്‍ ആസ്ഥാനത്താക്കി പുതിയ വിമാനത്തിന് ആരാധകരേറുന്നതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്ററിലെയും വടക്കന്‍ പട്ടണങ്ങളിലെയും മലയാളികള്‍ക്ക് വേഗത്തില്‍ നാട്ടില്‍ എത്താന്‍ ഒരു വിമാനമായി എന്നത് മാത്രമല്ല സ്‌കൂള്‍ അവധിക്കാലമായ വേനല്‍ക്കാലത്തും കഴുത്തറപ്പന്‍ നിരക്ക് ഈടാക്കാതെ യാത്ര ചെയ്യാനാകുന്നു എന്നതും ഇന്‍ഡിഗോയെ എളുപ്പത്തില്‍ ജനപ്രിയ വിമാനമാക്കി മാറ്റുകയാണ്. തുടക്കത്തില്‍ ടിക്കറ്റ് വില്പനയ്ക്ക് ടിക്കറ്റ് ഏജന്‍സികള്‍ മടിച്ചെങ്കിലും ഇപ്പോള്‍ ഒട്ടു മിക്ക മലയാളി ഏജന്‍സികളിലും ഇന്‍ഡിഗോ ടിക്കറ്റുകള്‍ ലഭ്യമാണ്. ടിക്കറ്റ് ക്യാന്‍സലേഷന്‍ പോലെയുള്ള അടിയന്തര ഘട്ടങ്ങളില്‍ ഓഫിസ് സേവനം ലഭിക്കാനുള്ള പ്രയാസം മൂലമാണ് തുടക്കത്തില്‍ ഏജന്‍സികളില്‍ നല്ലപങ്കും മുഖം തിരിച്ചതെങ്കിലും ഇപ്പോള്‍ ഇന്‍ഡിഗോ തങ്ങളുടെ ഓഫിസ് സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയതോടെ കൂടുതല്‍ യാത്രക്കാര്‍ ഈ വിമാനത്തെ ആശ്രയിച്ചു തുടങ്ങിയിരിക്കുകയാണ്.
ഇന്‍ഡിഗോ എത്തിയിട്ട് ഒരു മാസം പിന്നിടുന്ന വേളയിലും വിമാനത്തെ കുറിച്ച് കാര്യമായ നെഗറ്റീവ് ഫീഡ്ബാക്കുകള്‍ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ചും എയര്‍ ഇന്ത്യ പോലെ തുടര്‍ച്ചയായി വിമാനം വൈകുന്നതോ ക്യാന്‍സലേഷനോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും പ്രത്യേകതയാണ്. നിശ്ചിത എണ്ണം വിമാനങ്ങളുമായി സര്‍വീസ് നടത്തുമ്പോളാണ് ഇന്‍ഡിഗോ പോലെ ഒരു കമ്പനി പരാതികള്‍ ഉയരാതെ സേവനം മെച്ചപ്പെടുത്തുന്നത് എന്നത് പ്രത്യേകം ശ്രദ്ധ നേടുകയാണ്. ആഴ്ചയില്‍ മൂന്നു ദിവസത്തെ സര്‍വീസിനായി മാഞ്ചസ്റ്റര്‍ റൂട്ടിലേക്ക് പറന്നെത്തിയ ഇന്‍ഡിഗോ അടുത്ത മാസം മുതല്‍ സര്‍വീസുകളുടെ എണ്ണം നാലാക്കുകയാണ്. വാടകക്ക് എടുക്കുന്ന പുതിയ വിമാനങ്ങള്‍ കൂടി കിട്ടുന്നതോടെ ലണ്ടനിലേക്കും ഇന്‍ഡിഗോ വൈകാതെ എത്തും എന്ന സൂചനകള്‍ പുറത്തു വരുമ്പോള്‍ ആഴ്ചയില്‍ എല്ലാ ദിവസവും യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വീസ് ഉള്ള കമ്പനിയായി ഉയരുകയാണ് ഇന്‍ഡിഗോയുടെ ലക്ഷ്യം.
ആഴ്ചയില്‍ എല്ലാ ദിവസവും പറക്കാന്‍ പദ്ധതി; കൂട്ടിനു വമ്പന്മാര്‍
സെപ്റ്റംബര്‍ 20 മുതല്‍ ആഴ്ചയില്‍ ആറു സര്‍വീസുകള്‍ മാഞ്ചസ്റ്ററിലേക്കും ആംസ്റ്റര്‍ഡാമിലേക്കുമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള ബുക്കിങ്ങുകള്‍ ഇപ്പോള്‍ ഇന്‍ഡിഗോ ആരംഭിച്ചിരിക്കുയാണ്. ഒക്ടോബര്‍ 13 മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് എന്ന ലക്ഷ്യവും ഇന്‍ഡിഗോ സാക്ഷാല്‍ക്കരികും എന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്. സെപ്റ്റംബര്‍ 22 മുതല്‍ ആഴ്ചയില്‍ നാലു ദിവസവും മാഞ്ചസ്റ്ററില്‍ നിന്നും മുംബൈയിലേക്ക് വിമാനമുണ്ടാകും. സെപ്റ്റംബര്‍ പാതിയോടെ പുതിയ ഡ്രീം ലൈനര്‍ വിമാനം ഇന്‍ഡിഗോയ്ക്ക് ലഭിക്കും എന്ന ഉറപ്പ് വന്നതോടെയാണ് പുതിയ സര്‍വീസിലേക്കും കൂടിയുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. മാത്രമല്ല ഡെല്‍റ്റ എയര്‍, എയര്‍ ഫ്രാന്‍സ്, വിര്‍ജിന്‍ അറ്റ്ലാന്റിക് എന്നീ വമ്പന്മാരുമായി കോഡ് ഷെയറിങ് കൂടി ആരംഭിച്ചതോടെ യുകെ, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും കൂടുതല്‍ യാത്രക്കാരെ കണ്ടെത്താനാകും എന്നതും ഇന്‍ഡിഗോയുടെ പ്രതീക്ഷകള്‍ക്ക് കരുത്തു നല്‍കുന്ന ഘടകമാണ്. എയര്‍ ഫ്രാന്‍സുമായുള്ള ധാരണ കൊണ്ട് മാത്രം അധികമായി യൂറോപ്പിലെ 30 കേന്ദ്രങ്ങളിലേക്ക് കൂടി ഇന്‍ഡിഗോയ്ക്ക് തങ്ങളുടെ യാത്രക്കാരെ എത്തിക്കാനാകും. ഈ മാസം 11 മുതല്‍ ഈ സേവനം ലഭ്യമായി തുടങ്ങുകയാണ് എന്നതും നേട്ടമായി മാറും .
ഈ വേനല്‍ക്കാലത്തും മറ്റു വിമാന കമ്പനികള്‍ കഴുത്തറപ്പന്‍ നിരക്ക് ഈടാക്കുമ്പോള്‍ ഇന്‍ഡിഗോ യാത്രക്ക് 700 പൗണ്ടില്‍ താഴെ കൊച്ചിയിലേക്ക് പോലും ടിക്കറ്റ് ലഭിക്കുന്നു എന്നത് ബ്രിട്ടനില്‍ ദൂരെ ദിക്കില്‍ നിന്നുള്ള യാത്രക്കാരെ പോലും മാഞ്ചസ്റ്ററിലേക്ക് ആകര്‍ഷിച്ചേക്കും. മാത്രമല്ല ആകസ്മികമായി ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വന്നാല്‍ താരതമന്യേ കുറഞ്ഞ തുകയാണ് ഇന്‍ഡിഗോ ഈടാക്കുന്നത് എന്നതും വലിയ ആശ്വാസമാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. കസ്റ്റമര്‍ ഫ്രണ്ട്ലി എയര്‍ ലൈന്‍ എന്ന ഇമേജ് സൃഷ്ടിച്ചു മുന്നോട്ടു പോകാനുള്ള ഇന്‍ഡിഗോയുടെ പ്ലാന്‍ യാത്രക്കാരെ ആരാധകരാക്കി മാറ്റും എന്നുറപ്പാണ്. പ്രത്യേകിച്ചും സ്വകാര്യവത്കരണം നടന്നിട്ടും എയര്‍ ഇന്ത്യ ജീവനക്കാര്‍ പരുഷമായി പെരുമാറുന്നത് തുടരുകയാണ് എന്ന പരാതികള്‍ നിലനില്‍ക്കെ ഇന്‍ഡിഗോയ്ക്ക് യാത്രക്കാരെ കൂടുതലായി കണ്ടെത്തുക എന്നതിന് വലിയ അധ്വാനം പോലും വേണ്ടി വരില്ല.
ഒക്ടോബര്‍ മുതല്‍ കരുത്തുകാട്ടാന്‍ ഇന്‍ഡിഗോ തയാറാകും; കമ്പനിയുടെ കണ്ണ് എയര്‍ ബസില്‍
തുടക്കത്തിലെ പരാധീനതകള്‍ മാറ്റി വച്ച് സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളിലായി കൂടുതല്‍ വിമാനങ്ങള്‍ യുകെയിലേക്കും യൂറോപ്യന്‍ നഗരങ്ങളിലേക്കും എത്തിക്കാനാണ് ഇന്‍ഡിഗോയുടെ പ്ലാന്‍. ദീര്‍ഘദൂര സര്‍വീസുകളായി മാഞ്ചസ്റ്ററിലേക്കും ആംസ്റ്റര്‍ഡാമിലേക്കും ആശങ്കളോടെ പറന്നെത്തിയ ഇന്‍ഡിഗോ ഇപ്പോള്‍ ആത്മവിശ്വാസത്തോടെ കൂടുതല്‍ സര്‍വീസുകള്‍ കൈകാര്യം ചെയ്യാന്‍ കരുത്തു നേടുകയാണ് എന്ന് തെളിയിക്കുകയാണ് അവരുടെ ഭാവി പദ്ധതികള്‍. ബോയിങ് വിമാനങ്ങളെ ലോകം സംശയത്തോടെ കാണുന്ന ഘട്ടത്തില്‍ ഇന്‍ഡിഗോ കൂടുതലായി എയര്‍ ബസ് വിമാനങ്ങളെ ആശ്രയിക്കുന്നു എന്നതും പ്രധാനമായി മാറുകയാണ്. എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ് വിമാന അപകട ശേഷം ബോയിങ് വിമാനങ്ങള്‍ തുടര്‍ച്ചയായി ലോകത്തിലെ പല ഭാഗത്തും സാങ്കേതിക തകരാര്‍ മൂലം നിലത്തിറക്കുകയാണ്. പല കമ്പനികള്‍ക്കും സര്‍വീസ് തടസപ്പെടുന്ന സാഹചര്യവുമുണ്ട്. അറ്റ്ലാന്റിക് എയര്‍വെയ്സില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ വാടകക്ക് ലഭിക്കുന്ന സാഹചര്യത്തിലാണ് ഇന്‍ഡിഗോ കൂടുതല്‍ റൂട്ടുകളില്‍ പറക്കാന്‍ അവസരം ഒരുങ്ങുന്നത്.
മറ്റു കമ്പനികള്‍ ബോയിങ് വിമാനങ്ങളെ ആശ്രയിക്കാന്‍ തയ്യാറായപ്പോള്‍ ഇന്‍ഡിഗോ പുതിയ എയര്‍ ബസ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് അവര്‍ക്ക് ഗുണകരമായി മാറിയേക്കും. പുതിയ വിമാനങ്ങള്‍ അധികം വൈകാതെ ഇന്‍ഡിഗോയുടെ സ്വന്തം വിമാന നിരയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്. മികച്ച ഇരിപ്പിടവും വിശാലമായ ബിസിനസ് ക്‌ളാസ് സീറ്റുകളും മികച്ച ഭക്ഷണവും ഒക്കെയായി ആര്‍ക്കും പരാതിക്കിട നല്‍കാതെയാണ് ഒരു മാസമായി ഇന്‍ഡിഗോ യൂറോപ് യാത്ര ആസ്വാദ്യകരമാക്കി മാറ്റുന്നത്. ജേണലിസ്റ്റുകള്‍ ഉള്‍പ്പെടെ ആദ്യ വിമാനങ്ങളില്‍ പറന്നു സേവനം തൃപ്തിപ്പെട്ട പ്രതികരണം ട്രാവല്‍ ആന്‍ഡ് ടൂറിസം ബ്ലോഗുകളില്‍ ഫീച്ചറുകളായി എത്തി തുടങ്ങിയത് വമ്പന്‍ പരസ്യമാണ് ഇന്‍ഡിഗോയ്ക്ക് സമ്മാനിച്ചിരിക്കുന്നത് .