ഗള്‍ഫ് നാടുകളില്‍ പറന്ന് കളിച്ച് പിണറായി; സംസ്ഥാന ഭരണം സ്തംഭനത്തില്‍; കൂട്ട അവധിയിലും ആലസ്യത്തിലും സെക്രട്ടറിയേറ്റ്; തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്ന പ്രതീക്ഷയില്‍ ഫയലുകള്‍ തുറക്കാതെ ഉദ്യോഗസ്ഥര്‍; തീര്‍പ്പാകുന്നത് പാര്‍ട്ടിക്ക് താല്‍പര്യമുള്ള പദ്ധതികള്‍ മാത്രം

Update: 2025-10-20 10:49 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിനിടെ സംസ്ഥാനത്ത് ഭരണ സ്തംഭനം. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും അഭാവവും അടുത്ത മാസം പ്രതീക്ഷിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനവും കാരണവും സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുന്ന മെല്ലെപ്പോക്ക് നയമാണ് ഭരണ സ്തംഭനത്തിന് കാരണം. സര്‍ക്കാരിന്‍െ്റ കാലാവധി ആറുമാസം മാത്രം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥരെ പിണക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. കൂട്ട അവധിയെടുത്തും ഫയലുകള്‍ വൈകിപ്പിച്ചും വിവിധ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ നീങ്ങുമ്പോള്‍, ഭരണകക്ഷി സംഘടനയ്ക്ക് താല്‍പര്യമുള്ള ഫയലുകള്‍ മാത്രമാണ് തീര്‍പ്പാകുന്നത്.

ഒക്ടോബര്‍ 15 മുതലാണ് മുഖ്യമന്ത്രി ഗള്‍ഫ് പര്യടനം ആരംഭിച്ചത്. ബഹ്റിന്‍, മസ്‌കറ്റ്, സലാല, ഖത്തര്‍, കുവൈത്ത്, അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ ഡിസംബര്‍ ഒന്നുവരെ വിവിധ ഘട്ടങ്ങളിലായി സന്ദര്‍ശനം നടത്താനാണ് തീരുമാനം. ഇടയ്ക്കിടെ കേരളത്തില്‍ തിരിച്ചെത്തുകയും വീണ്ടും പോകുകയും ചെയ്യുന്ന തരത്തിലാണ് യാത്രകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി ഇല്ലാത്തതു കൊണ്ട് മറ്റു വകുപ്പു മന്ത്രിമാരും വികസന പ്രവര്‍ത്തനങ്ങള്‍ ഗൗരവമായി കാണുന്നില്ലെന്നാണ് ആരോപണം. രണ്ടു മാസത്തിനുള്ളില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി അടുത്ത മാസത്തോടെ വരാനിരിക്കുന്ന വിജ്ഞാപനമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ആലസ്യത്തിലാക്കുന്ന മറ്റൊരു ഘടകം. പാര്‍ട്ടിക്ക് താല്‍പര്യമുള്ള ഫയലുകള്‍ ഭരണകക്ഷി സംഘടന വഴി നീക്കുന്നതു മാത്രമാണ് സജീവമായി നടക്കുന്നത്.

ഡിസംബര്‍ അവസാനത്തോടെ പുതിയ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നിലവില്‍ വരും. അതുവരെ അത്യാവശ്യ കാര്യങ്ങള്‍ മാത്രം ചെയ്തു പോയാല്‍ മതിയെന്ന നിലപാടിലാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ലക്ഷ്യമിട്ട് ആകര്‍ഷകമായ പ്രഖ്യാപനങ്ങള്‍ നടത്താന്‍ മാത്രമാണ് സര്‍ക്കാര്‍ താല്‍പര്യമെടുക്കുന്നത്. ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം, ക്ഷേമ പെന്‍ഷന്‍ വര്‍ധന, മുടങ്ങിക്കിടക്കുന്ന ക്ഷാമാശ്വാസ (ഡിഎ) കുടിശ്ശികയുടെ ഒരു ഭാഗം വിതരണം ചെയ്യല്‍ എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ നവംബര്‍ ഒന്നിന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, 12 ാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കാത്തതില്‍ ഭരണ-പ്രതിപക്ഷ സര്‍വീസ് സംഘടനകളില്‍ നിന്ന് സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുന്‍പ് പ്രഖ്യാപനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

12ാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായേക്കും. കമ്മീഷനോട് വേഗത്തില്‍ റിപ്പോര്‍ട്ട് വാങ്ങി ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ശമ്പള വര്‍ധന നടപ്പാക്കാനും സാധ്യതയുണ്ട്. ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള 17 ശതമാനം ഡിഎ കുടിശ്ശികയില്‍ നിന്ന് നാലുശതമാനം അനുവദിച്ചേക്കും. എന്നാല്‍, മുന്‍കാല കുടിശ്ശിക തുക പൂര്‍ണ്ണമായി ലഭിക്കാന്‍ സാധ്യതയില്ല. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുക, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിലെ പ്രതിസന്ധി പരിഹരിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ ബാക്കിയുള്ള ഗഡുക്കള്‍ പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുന്ന തീയതി പ്രഖ്യാപിക്കുക എന്നിവയും പരിഗണനയിലുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്നതിന് പകരം, ശമ്പളത്തിന്റെ പകുതിയെങ്കിലും പെന്‍ഷന്‍ ഉറപ്പുനല്‍കുന്ന 'അഷ്വേഡ് പെന്‍ഷന്‍' പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം വീണ്ടും ഉണ്ടായേക്കാം. പ്രഖ്യാപനങ്ങളിലൂടെ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പിന്തുണ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രതിപക്ഷവുമായി യാതൊരു കൂടിയാലോചനയും നടത്താതെ നവംബര്‍ ഒന്നിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിച്ചാണ് സമ്മേളനം വിളിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കി. നിയമസഭാ നടപടിക്രമങ്ങളിലെ ചട്ടപ്രകാരം, ശനിയാഴ്ച പോലുള്ള പൊതു അവധി ദിവസങ്ങളില്‍ സഭാ സമ്മേളനം നടത്തണമെങ്കില്‍ അതിന് സഭയുടെ മുന്‍കൂട്ടിയുള്ള അംഗീകാരം ആവശ്യമാണ്. എന്നാല്‍, ഇത്തരമൊരു തീരുമാനം നിലവില്‍ സഭ കൈക്കൊണ്ടിട്ടില്ല.

Tags:    

Similar News