പത്മനാഭസ്വാമി ക്ഷേത്രത്തിലെ 'നിധി' കാക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഭൂതം! ശബരിമലയിലെ ഒറ്റ വസ്തുവും ഇനി പുറത്തു പോകില്ലെന്ന് ഉറപ്പിക്കാന്‍ തേടുന്നത് അതിവിശ്വസ്തരെ; ചീഫ് കമ്മീഷണറായിരുന്നപ്പോള്‍ സെക്രട്ടറിയായിരുന്ന ഓഫീസര്‍ വിആര്‍എസ് വാങ്ങി രക്ഷപ്പെട്ടു; കളവ് രേഖകള്‍ പുറത്തു പോകുമോ എന്ന ആശങ്കയില്‍ മുരാരിമാര്‍; ദേവസ്വം മാഫിയ നെട്ടോട്ടത്തില്‍

Update: 2025-11-09 00:58 GMT

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടക്കുന്നത് കള്ളക്കളികളാണ്. ശബരിമല കൊള്ളയിലെ ചില രേഖകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് പിടിച്ചെടുക്കേണ്ട അവസ്ഥ പോലും ഉണ്ടായി. ഇതിനിടെയാണ് ദേവസ്വം ബോര്‍ഡിന്റെ നിയുക്ത പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസ് എത്തുന്നത്. മുന്‍ ചീഫ് സെക്രട്ടറിയായ ജയകുമാര്‍ വഴങ്ങില്ലെന്ന് ദേവസ്വം ബോര്‍ഡിലെ 'മുരാരി ബാബു'മാര്‍ക്ക് അറിയാം. ഈ സാഹചര്യത്തിലും സംഘടിത ശക്തി ഉപയോഗിച്ച് ജയകുമാറിനെ നേരിടാനാണ് തീരുമാനം. സര്‍ക്കാരിനെ പോലും വെട്ടിലാക്കുന്ന ദേവസ്വം ഫയലുകള്‍ ഹൈക്കോടതിയ്ക്ക മുന്നിലെത്തുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട്. അതിനിടെ ദേവസ്വം ബോര്‍ഡിലെ തന്റെ പ്രവര്‍ത്തന പദ്ധതികള്‍ എങ്ങനെയാകണമെന്ന പദ്ധതി തയ്യാറാക്കലിലാണ് ജയകുമാര്‍. ശബരിമല സീസണ്‍ തുടങ്ങാന്‍ ദിവസങ്ങളേ ഉള്ളൂ. അതുകൊണ്ട് തന്നെ തുടക്ക ദിവസങ്ങളില്‍ ഉത്സവ ക്രമീകരണത്തിലാകും ശ്രദ്ധ. അതിന് ശേഷം ശബരിമല കൊള്ളയിലും ജയകുമാര്‍ വിശദ പരിശോധനകള്‍ നടത്തും. ബോര്‍ഡ് പ്രസിഡന്റായതു കൊണ്ട് തന്നെ എല്ലാ രേഖകളും വിളിച്ചു വരുത്തി പരിശോധിക്കാനും കഴിയും. ഈ സാഹചര്യത്തെയാണ് പലരും ആശങ്കയോടെ കാണുന്നത്.

മുമ്പ് ജയകുമാര്‍ ചീഫ് കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കിടെയാണ് ഈ ജോലി ചെയ്തത്. അന്ന് ദേവസ്വം ബോര്‍ഡിലെ പരിചയ സമ്പന്നനും അഴിമതി വിരുദ്ധ പ്രതിച്ഛായയുമുള്ള വ്യക്തിയെ സെക്രട്ടറിയാക്കി. ഈ വ്യക്തിയിലൂടെയായിരുന്നു ദേവസ്വം ഭരണം ജയകുമാര്‍ നടത്തിയത്. ഫയലുകളിലും മറ്റും എടുത്ത കരുതല്‍ ജയകുമാറിന് തുണയായി. പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സാഹചര്യം മാറിയതോടെ ഈ ഉദ്യോഗസ്ഥന്‍ സ്വയം വിരമിക്കല്‍ വാങ്ങി പുറത്തേക്ക് പോയി. അഴിമതിക്കാരുടെ ചതിക്കുഴികളില്‍ പെടാതിരിക്കാനായിരുന്നു മുന്‍ കരുതല്‍. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ തുലോം കുറവാണ് ഇന്ന്. അതുകൊണ്ട് ദേവസ്വം ബോര്‍ഡില്‍ നിന്നും വിശ്വസ്തരെ ഉണ്ടാക്കുക ജയകുമാറിന് പ്രതിസന്ധിയാകും. എന്നാല്‍ ഇന്ന് ജയകുമാറിന് മറ്റ് പ്രധാന ചുമതലയൊന്നുമില്ല. ചീഫ് സെക്രട്ടറിയായി വിരമിച്ച ജയകുമാര്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി. ഇപ്പോല്‍ ഐഎംജിഎന്ന പരിശീലന സ്ഥാപന ചുമതല മാത്രമാണുള്ളത്. അതും ഒഴിഞ്ഞേക്കും. അതില്‍ നിന്നും മാറിയില്ലെങ്കിലും ദേവസ്വം ബോര്‍ഡില്‍ മുഴുവന്‍ സമയം ജയകുമാറിന്റെ സാന്നിധ്യം ഉണ്ടാകും. ഈ തീര്‍ത്ഥാടന കാലത്ത് സന്നിധാനത്തും നിറയും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തില്‍ മോഷണം നടക്കുന്നുവെന്ന ആരോപണം അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തി. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ആസ്തികള്‍ കണക്കെടുക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ആ സമതിയിലും ജയകുമാര്‍ ഉണ്ടായിരുന്നു. പത്മനാഭ സ്വാമി ക്ഷേത്ത്രിലെ ശതകോടീകളുടെ സ്വത്ത് കൃത്യമായി എണ്ണി തിട്ടപ്പെടുത്തി സുരക്ഷിതമാക്കിയ വ്യക്തിയായ ജയകുമാറിന് ശബരിമല സ്വര്‍ണ്ണ കൊള്ളയുടെ കാലത്തും ദേവസ്വം സ്വത്ത് സംരക്ഷിക്കാനുള്ള നിയോഗം വരികയാണ്. സര്‍ക്കാരാണ് ഈ നിയോഗം ഏല്‍പ്പിച്ചതെന്ന് പറയുന്ന ജയകുമാര്‍ അതിന്റെ പിന്നില്‍ ഈശ്വര സ്വാധീനവും എടുത്തു കാട്ടുന്നു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കണം, ശബരിമല തീര്‍ത്ഥാടനം സുഗമമാക്കണം, ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം പ്രൊഫഷണലാക്കണം, അതാണ് ലക്ഷ്യമെന്ന് നിയുക്ത തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ചുമതല ദൈവ നിയോഗമാണെന്ന് കരുതുന്നതായി മുന്‍ ഐഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ പദവിയിലുള്ളിടത്തോളം കാലം ശബരിമലയിലെ വസ്തുക്കള്‍ സംരക്ഷിക്കുന്ന നിധി കാക്കും ഭൂതമായി ജയകുമാര്‍ മാറുമെന്ന് തന്നെയാണ് ഏവരുടേയും പ്രതീക്ഷ.

കെ. ജയകുമാര്‍ നേരത്തേയും ശബരിയുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം ശബരിമല ഹൈ പവര്‍ കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. രണ്ട് തവണ സ്പെഷ്യല്‍ കമ്മീഷണര്‍ പദവി വഹിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സി.പി.എം സെക്രട്ടറിയേറ്റില്‍ അഞ്ച് പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും കൂടുതല്‍ മുന്‍തൂക്കം കിട്ടിയത് കെ. ജയകുമാറിനായിരുന്നു. നിലവിലെ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും അംഗം എ. അജികുമാറിന്റെയും കാലാവധി ഈമാസം 12 വരെയാണ്. 16ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ കാലാവധി 2026 ജൂണ്‍ വരെ നീട്ടാനായിരുന്നു നീക്കം. ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായതോടെയാണ് കാലാവധി നീട്ടാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. കാലാവധി നീട്ടാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ആലോചിച്ചിരുന്നെങ്കിലും ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കുന്ന വീഴ്ചകളിലേക്കും ഹൈകോടതി വീണ്ടും വിരല്‍ചൂണ്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ക്ലീന്‍ ഇമേജുള്ള ഐ.എ.എസ് ഓഫിസറായ കെ. ജയകുമാറിനെ പ്രസിഡന്റാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എത്തിയത്.

നിലവില്‍ വിവാദങ്ങള്‍ നിറഞ്ഞ ബോര്‍ഡിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജയകുമാരിന്റെ നിയമനം. മുന്‍ ചീഫ് സെക്രട്ടറിയുടെ നിയമനം ശബരിമല വിഷയത്തില്‍ അടക്കം പ്രതിരോധത്തിലായ സര്‍ക്കാറിന് ആശ്വാസമായി മാറുമെന്നാണ് കരുതുന്നത്. മികച്ചതും കുറ്റമറ്റതുമായ ഒരു സിസ്റ്റത്തിന്റെ അഭാവമാണ് ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന കെ ജയകുമാര്‍ പറഞ്ഞു കഴിഞ്ഞു. ദേവസ്വം ബോര്‍ഡിന് ഘടനാപരമായ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും സ്വര്‍ണക്കടത്ത് തന്നെ അതിശയപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'ശബരിമലയിലെ നിലവിലെ സിസ്റ്റം വളരെ ദുര്‍ബലമാണ്. ലൂപ്പ് ഹോള്‍സ് ഒരുപാടുണ്ട്. കോടതിയുടെ മേല്‍നോട്ടം ഉണ്ടെന്നത് വലിയ ആശ്വാസമാണ്. ബോര്‍ഡ് നടത്തിക്കൊണ്ടുപോകുന്നവരുടെ പ്രൊഫഷണലിസവും വലിയൊരു ഘടകമാണ്. സാങ്കേതിക വിദ്യ കൂടുതല്‍ നടപ്പിലാക്കിയാല്‍ നിരവധി പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ കഴിയും. സ്പോണ്‍സര്‍ഷിപ്പ് നല്ലൊരു കാര്യമാണ്. എന്നാല്‍ സ്പോണ്‍സര്‍മാരുമായി ഡീലുചെയ്യാനുള്ള സംവിധാനം ശബരിമലയില്‍ ഇല്ല. അതുകൊണ്ടാണ് ഇടനിലക്കാര്‍ വരുന്നത്. ശബരിമലയിലെ നിലവിലെ സിസ്റ്റം ഇടനിലക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ്. നിഷ്പക്ഷവും കുറ്റമറ്റതുമായ ഒരു സിസ്റ്റം വന്നാല്‍ ശബരിമല പ്രശ്നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാനാവും -കെ ജയകുമാര്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ ഭരണം കൂടുതല്‍ ആധുനിക വത്കരിക്കണം. ആചാരവുമായി ബന്ധപ്പെട്ടതായതുകൊണ്ട് സര്‍ക്കാരോഫീസുപോലെ ശബരിമലയെ നടത്തിക്കൊണ്ടുപോവുക ബുദ്ധിമുട്ടാണ്. ഭക്തരുമായി സംവാദം, വസ്തുനിഷ്ഠത, സുതാര്യത എന്നിവ ഉണ്ടാകണം. തീര്‍ച്ചയായും ബോര്‍ഡിന്റെ ഭരണം നവീകരിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി ആധുനികവല്‍ക്കരണത്തിനുള്ള അവസരമായി മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.സിസ്റ്റങ്ങള്‍ എല്ലാം സുതാര്യമായ രീതിയില്‍ അഴിച്ചുപണിയണം. ഒരു സീസണ്‍ കഴിഞ്ഞാല്‍ അടുത്ത സീസണുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങണം. ഇതിനുവേണ്ടിയുള്ള ഫുള്‍ടൈം സംവിധാനങ്ങള്‍ ഉണ്ടാവണം. ബോര്‍ഡിന്റെ കീഴിലുളള മൊത്തം ക്ഷേത്രങ്ങളില്‍ ഒന്ന് എന്നനിലയില്‍ ശബരിമലയെ കാണരുത്. അങ്ങനെ കണ്ടാല്‍ ഒരിക്കലും പ്രശ്നങ്ങള്‍ തീരില്ല. ഭക്തരുടെ പൈസകാെണ്ടാണ് ബാേര്‍ഡ് നടത്തിക്കൊണ്ടുപോകുന്നത് എന്ന ധാരണവേണം. അതിനാല്‍ ഭക്തരുടെ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് ബോര്‍ഡിന്റെ ജോലിയാണ്. ഒന്നിലും മായംചേര്‍ക്കാന്‍ പാടില്ല. എല്ലാത്തിലും വിശ്വാസത്തിന്റെ ഒരു നൈര്‍മല്യം ഉണ്ടാവണം.വഴിപാടുകളുടെ പവിത്രതയും ഗുണനിലവാരവും അവര്‍ ഉറപ്പാക്കണം'- അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു.

Tags:    

Similar News