ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ 'കാണാതായ' വാഹനം കണ്ടെത്തി; നിസ്സാന്‍ പട്രോള്‍ വാഹനം കണ്ടെത്തിയത് ദുല്‍ഖറിന്റെ കസിന്റെ ഫ്‌ളാറ്റില്‍ നിന്ന്; വാഹനത്തിന്റെ മുന്നിലെ നമ്പര്‍ പ്ലേറ്റ് എടുത്തുമാറ്റിയത് ഒളിപ്പിക്കാന്‍ ലക്ഷ്യമിട്ടെന്ന് സംശയം; ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ കേസിലെ സുപ്രധാന വാഹനം; ആദ്യ ഉടമ ഇന്ത്യന്‍ ആര്‍മി എന്നും കസ്റ്റംസ്

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ കാണാതായ വാഹനം കണ്ടെത്തി

Update: 2025-09-27 11:51 GMT

കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ കേസിലെ ഏറ്റവും പ്രധാനപ്പെട്ട വാഹനം കസ്റ്റംസ് പിടിച്ചെടുത്തു. ദുല്‍ഖര്‍ സല്‍മാന്റെ കസിനായ അംജദ് കരീമിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഈ വാഹനം കണ്ടെത്തിയിരിക്കുന്നത്.



നിസ്സാന്‍ പട്രോള്‍ എന്ന വാഹനമാണ് കണ്ടെത്തിയത്. ഈ വാഹനത്തിന്റെ ഫസ്റ്റ് ഓണര്‍ ( ആദ്യ ഉടമ) ഇന്ത്യന്‍ ആര്‍മിയായിരുന്നു. സെക്കന്‍ഡ് ഓണര്‍, ഹിമാചല്‍ പ്രദേശ് സ്വദേശിയായ സഞ്ജയ് എന്നയാളായിരുന്നു. മൂന്നാമത്തെ ഉടമയാണ് ദുല്‍ഖര്‍ സല്‍മാന്‍.




ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ കസ്റ്റംസ് സ്ഥലത്തെത്തി, പരിശോധന നടത്തിയാണ് വാഹനം കണ്ടെത്തിയത്. ഓപ്പറേഷന്‍ നുംഖോറിന്റെ ആദ്യ ദിവസം ഈ വാഹനം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലു സാധിച്ചിരുന്നില്ല. ഈ വാഹനത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നെങ്കിലും, വാഹനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.



 നിസ്സാന്‍ പട്രോളിന്റെ മുന്നിലെ നമ്പര്‍ പ്ലേറ്റ് എടുത്തുമാറ്റിയ നിലയില്‍ കാണപ്പെട്ടത് ദുരൂഹമാണ്. പിന്നിലെ നമ്പര്‍ പ്ലേറ്റുണ്ട്. അതുകൊണ്ട് തന്നെ വാഹനം ഒളിച്ചുവച്ചു എന്ന സംശയവും കസ്റ്റംസിനുണ്ട്.



സൈന്യത്തിന്റെ വ്യാജരേഖകള്‍ ഉപയോഗിച്ച് കടത്ത്

ഭൂട്ടാനില്‍ നിന്നുള്ള വാഹനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പേരിലുള്ള വ്യാജരേഖകളുപയോഗിച്ച് ഇന്ത്യയില്‍ വില്‍പ്പന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കരസേനയുടെ ലോജിസ്റ്റിക്‌സ് കൈകാര്യം ചെയ്യുന്ന ഹിമാചലിലെ '9 ഫീല്‍ഡ് ഓര്‍ഡിനന്‍സ് ഡിപ്പോ' (9 എഫ്ഒഡി) വിറ്റതായി വ്യാജരേഖകളുണ്ടാക്കി ഭൂട്ടാന്‍ വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിയെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് കസ്റ്റംസ്, കേന്ദ്ര പ്രതിരോധ മന്ത്രാലയങ്ങള്‍ക്ക് വിവരം കൈമാറിയിട്ടുണ്ട്.

കരസേനയുടെ വ്യാജ സീലും ഒപ്പും ഉപയോഗിച്ചതിനാലാണ് ഇത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളുന്നത്. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയും (എന്‍ഐഎ) വിഷയത്തില്‍ അന്വേഷണം നടത്തിയേക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സൂചനകളുണ്ട്. ഹിമാചലിലെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ സ്വാധീനം ചെലുത്തിയാണ് വാഹനങ്ങള്‍ ലേലത്തില്‍ വിറ്റതായി വ്യാജരേഖകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയിലേക്കുള്ള എസ്യുവികളുടെ ഈ കടത്തിന് പിന്നില്‍ ഭൂട്ടാനിലെ ഒരു വാഹനവ്യാപാരിയാണെന്ന് കസ്റ്റംസ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള വാഹനക്കള്ളക്കടത്ത് സംഘം ഈ വ്യാപാരിയുടെ ഇന്ത്യന്‍ ബന്ധങ്ങളിലെ ഒരു കണ്ണി മാത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, പല പ്രമുഖരും മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സംസ്ഥാന അതിര്‍ത്തി കടത്തി രഹസ്യ കേന്ദ്രങ്ങളില്‍ ഒളിപ്പിച്ചതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ സംഭവം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിലയിരുത്തപ്പെടുന്നു.

ദുല്‍ഖര്‍ ഹൈക്കോടതിയില്‍

അതേസമയം, വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്നുവെന്ന സംശയത്തെ തുടര്‍ന്ന് കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ജീപ്പ് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് . വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ കസ്റ്റംസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വിഷയം പരിഗണിച്ച ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്‍, കസ്റ്റംസിന്റെ നിലപാട് തേടുകയും ഹര്‍ജി വീണ്ടും  30ന് പരിഗണിക്കാനായി മാറ്റിവെക്കുകയും ചെയ്തു.

ഇവിടെ ഉപയോഗിക്കുന്നതിനായി റെഡ്‌ക്രോസ് ആണ് 2004 മോഡല്‍ വാഹനം ഇറക്കുമതി ചെയ്തതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കൈവശമുള്ള എല്ലാ രേഖകളും ശരിയാണെന്ന വിശ്വാസത്തിലാണ് വാഹനം വാങ്ങിയതെന്നും, നല്‍കിയ രേഖകള്‍ പരിശോധിക്കാതെയാണ് കസ്റ്റംസ് വാഹനം പിടിച്ചെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി വാഹനം ഉപയോഗിച്ചു വരുന്നു. വാഹനം പിടിച്ചെടുത്ത ശേഷമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസമെടുത്തേക്കാമെന്നും, കസ്റ്റംസിന്റെ കസ്റ്റഡിയിലിരിക്കുമ്പോള്‍ ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ ഉപയോഗിക്കാതെ കിടന്ന് കേടായിപ്പോകാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

'ഓപ്പറേഷന്‍ നുംഖോര്‍' എന്ന പേരില്‍ ഭൂട്ടാനില്‍ നിന്ന് ആഡംബര വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തുന്നതിനെതിരായ പരിശോധനയുടെ ഭാഗമായാണ് ഒരു ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെ ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തത്. നിയമവിരുദ്ധമായി എത്തിച്ച വാഹനങ്ങള്‍ ദുല്‍ഖര്‍ സല്‍മാന്റെ കൈവശമുണ്ടെന്ന സംശയവും കസ്റ്റംസ് ഉന്നയിച്ചിരുന്നു. ഇതുവരെ 38 വാഹനങ്ങള്‍ ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. മലയാള സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ സ്വന്തമാക്കിയതായി രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇതിനെ തുടര്‍ന്ന് പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഭൂട്ടാനില്‍ നിന്ന് രാജ്യത്തേക്ക് വാഹനങ്ങള്‍ കടത്തുന്നത് ഒരു വലിയ തട്ടിപ്പ് സംഘമാണെന്നും, പരിവാഹന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടെ ഇവര്‍ തിരിമറി നടത്തുന്നുണ്ടെന്നും കസ്റ്റംസ് കമ്മീഷണര്‍ ടി.യു. തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Tags:    

Similar News