'ഇറാന്റെ നാവികസേനയേയും മിസൈല്‍ കേന്ദ്രങ്ങളേയും തകര്‍ക്കും; യുഎസിനെ ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ ഇറാന്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു; പലതവണ മുന്നറിയിപ്പ് നല്‍കി; ഇറാന്‍ ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്ക ഉറപ്പുവരുത്തും; ഇത് വന്‍ സൈനിക നടപടി; ലക്ഷ്യം ഇറാന്റെ ആണവ നിരായുധീകരണം'; ട്രംപിന്റെ വാക്കുകളില്‍ നിറയുന്നത് സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് തന്നെ

'ഇറാന്റെ നാവികസേനയേയും മിസൈല്‍ കേന്ദ്രങ്ങളേയും തകര്‍ക്കും; യുഎസിനെ ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ ഇറാന്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു

Update: 2026-02-28 08:57 GMT

വാഷിങ്ടണ്‍: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നീങ്ങുന്നത് സമ്പൂര്‍ണ യുദ്ധത്തിലേക്ക് തന്നെ. ഇക്കാര്യം ട്രംപിന്റെ വാക്കുകളില്‍ തന്നെ വ്യക്തമാണ്. ഇറാന്റെ ഭരണകൂടത്തെ ഇല്ലായ്മ ചെയ്യുമെന്നാണ് പറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണി ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഇറാനെതിരേ യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയത്.

അമേരിക്കന്‍ ജനതയ്ക്ക് പ്രതിരോധം തീര്‍ക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് വീഡിയോയില്‍ പറഞ്ഞു. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച വീഡിയോയിലാണ് ട്രംപിന്റെ പ്രതികരണം. ആരംഭിച്ചിരിക്കുന്നത് വന്‍ സൈനിക നടപടിയാണെന്നും ഇറാന്റെ ആണവനിരായുധീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് വീഡിയോ സന്ദേശത്തില്‍ പറയുന്നു. കുറച്ചുകാലം മുമ്പ് യുഎസ് സൈന്യം, ഇറാനില്‍ പ്രധാനമായൊരു പോരാട്ടം ആരംഭിച്ചു. ഇറാനിയന്‍ ഭരണകൂടത്തില്‍നിന്നുള്ള ഭീഷണികള്‍ ഇല്ലാതാക്കിയതായി ട്രംപ് പഞ്ഞു.

ഇറാനെ ആക്രമിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനത്തില്‍ എത്തിയിരുന്നില്ലെന്നായിരുന്നു വെള്ളിയാഴ്ച ട്രംപ് പറഞ്ഞത്. ഇറാന്റെ ആണവ ചര്‍ച്ചകള്‍ക്കിടെ അവരുടെ നിലപാടില്‍ താന്‍ സന്തുഷ്ടനല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎസ്-ഇസ്രയേല്‍ സംയുക്തമായി ഇറാനില്‍ ആക്രമണം നടത്തിയിരിക്കുന്നത്.

'ഇറാന്റെ നാവികസേനയേയും മിസൈല്‍ കേന്ദ്രങ്ങളേയും തകര്‍ക്കും. യുഎസിനെ ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ ഇറാന്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചു. ചെയ്യരുതെന്ന് പലതവണ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്ക ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സായുധസേനയുടെ ശക്തിയെ ആരും വെല്ലുവിളിക്കരുതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഈ നടപടി അനിവാര്യമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മിസൈല്‍ ആക്രമണം നടത്തിയത് ഇസ്രായേല്‍- അമേരിക്കന്‍ സംയുക്ത നീക്കമായിരുന്നു. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഓഫീസിന് തൊട്ടടുത്താണ് സ്ഫോടനം നടന്നത്. നഗരത്തില്‍ ഖമനേയിയുടെ ഓഫീസിന് സമീപത്ത് നിന്നും പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഖമനേയി സ്ഫോടന സമയം ഓഫീസില്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അമേരിക്കയുമായുള്ള തര്‍ക്കം രൂക്ഷമായതോടെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

മൂന്ന് സ്ഫോടനങ്ങളാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായത്. യൂണിവേഴസിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും മിസൈലുകള്‍ പതിച്ചു. ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് സൂചന. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് സമ്മര്‍ദ്ദം ചെലുത്താനായി അമേരിക്ക ഈ മേഖലയില്‍ വലിയ തോതില്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.ഇറാന് മേല്‍ നടത്തിയത് ഭീഷണികള്‍ ഒഴിവാക്കാനുള്ള നീക്കമാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വിശേഷിപ്പിച്ചു.

എന്നാല്‍ ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ടെഹ്‌റാനില്‍ സ്ഫോടനം നടന്നതിന് പിന്നാലെ ഇസ്രയേലിലുടനീളം അപായ സൈറണുകള്‍ മുഴങ്ങി. ഇറാനില്‍ നിന്ന് മിസൈല്‍ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി പൊതുജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദ്ദേശിച്ചു. അടിയന്താരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേല്‍ വ്യോമപാത അടച്ചു.

Tags:    

Similar News