'ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു! ഇപ്പോള്‍ നിങ്ങള്‍ തുടങ്ങി; ഇതിന്റെ അവസാനം ഇനി നിങ്ങളുടെ നിയന്ത്രണത്തിലല്ല'; യുഎസിനും ഇസ്രയേലിനും കഠിനമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍; പശ്ചിമേഷ്യ യുദ്ധഭീതിയില്‍; ഇറാനിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി എംബസി
ടെഹ്റാന്‍: അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. കഠിനമായ മറുപടി തന്നെയായിരിക്കും അതെന്നും ഇറാനിയന്‍ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. ഇതിന്റെ അവസാനം നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ലെന്ന് ഇറാനിയന്‍ പാര്‍ലമെന്റിലെ ദേശീയ സുരക്ഷാ കമ്മിറ്റിയുടെ തലവന്‍ ഇബ്രാഹിം അസീസി എക്സിലൂടെ പ്രതികരിച്ചു.
'ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു! ഇപ്പോള്‍ നിങ്ങള്‍ ഒരു പാതയിലൂടെ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു, അതിന്റെ അവസാനം ഇനി നിങ്ങളുടെ നിയന്ത്രണത്തിലല്ല' ഇബ്രാഹിം അസീസി കുറിച്ചു.
മേഖലയിലെ എല്ലാ യു എസ്, ഇസ്രായേല്‍ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ തന്നെ ഇക്കാര്യം ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിന് പിന്നാലെ അയല്‍രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലേക്കും യുദ്ധം വ്യാപിക്കുന്നത് പശ്ചിമേഷ്യയെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് മാറ്റുമെന്ന് ഉറപ്പാണ്.
ഇസ്രയേലില്‍ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്‌റൈനിലും ഇറാന്‍ ആക്രമണം നടത്തി. ബഹ്‌റൈനിലെ യു എസ് അഞ്ചാം കപ്പല്‍ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ബഹ്‌റൈനില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായും അപായ സൈറണുകള്‍ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ബഹ്‌റൈനില്‍ ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നെന്നാണ് വ്യക്തമാകുന്നത്.
അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലേക്ക് മിസൈലുകള്‍ തൊടുത്ത് ഇറാന്‍ തിരിച്ചടി തുടങ്ങിയിരുന്നു. ഇസ്രയേലിലെ വിവിധ നഗരങ്ങളില്‍ മിസൈലുകള്‍ പതിച്ചതായും അപായ സൈറണുകള്‍ മുഴങ്ങുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ മിസൈലുകള്‍ ഇസ്രയേലില്‍ പതിച്ചെന്ന് ഇസ്രയേല്‍ സേനയും വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണ ശ്രമം ഉണ്ടായെന്നാണ് ഇസ്രയേല്‍ പറയുന്നത്.
എന്നാല്‍ ആക്രമണത്തിന്റെ തോതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മുന്‍കാലങ്ങളിലെ പോലെ കൂട്ടത്തോടെയുള്ള മിസൈന്‍ ആക്രമണമാണ് ഇറാന്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇറാന്റെ തിരിച്ചടി ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് ഇസ്രയേല്‍ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇറാന്റെ പ്രത്യാക്രമണം അതിശക്തമായിരിക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്ന സാഹചര്യത്തില്‍, മേഖലയില്‍ വന്‍ യുദ്ധത്തിനുള്ള സാധ്യതയാണ് നിലവിലുള്ളത്.
അതേസമയം ഇറാനിയന്‍ സര്‍ക്കാര്‍ ആക്രമണത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആക്രമണത്തില്‍ ഉന്നത ഉദ്യോഗസ്ഥരോ നേതാക്കളോ കൊല്ലപ്പെട്ടതായി സ്ഥിരീകരണമില്ല. ഇറാന്റെ ഇന്റലിജന്‍സ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ഇറാന്‍ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫീസ്,പാര്‍ച്ചിന്‍ സൈനിക സമുച്ചയം എന്നിവ ലക്ഷ്യമിട്ടാണ് യുഎസ്-ഇസ്രയേല്‍ ആക്രമണം നടന്നത്.
ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ സൈനിക നടപടിയുടെ ലക്ഷ്യമടക്കം യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനിലെ ഭരണമാറ്റം തന്നെയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാന്‍ സൈന്യം ആയുധം താഴെ വയ്ക്കണമെന്നും ഇറാന്‍ ഭരണകൂടത്തെ വീഴ്ത്തുമെന്ന് ട്രംപ് വ്യക്തമാക്കി. ആയുധം വെച്ച് കീഴടങ്ങണമെന്ന് ഇറാന്‍ സേനയോട് ട്രംപ് ആവശ്യപ്പെട്ടു. ഇറാനില്‍ ഭരണമാറ്റത്തിനും ആഹ്വാനം ചെയ്തു. കീഴടങ്ങുക, അല്ലെങ്കില്‍ മരണമെന്ന അന്ത്യശാസനം ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനും യു എസ് പ്രസിഡന്റ് നല്‍കി.
ഇറാന്‍ നാവികസേനയെ ഇല്ലാതാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇറാന്‍ തങ്ങളുടെ ആണവ പദ്ധതി പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതാണ് ആക്രമണത്തിലേക്ക് പൊടുന്നനെ കടക്കാന്‍ യു എസിനെ പ്രേരിപ്പിച്ചതെന്നും പ്രസിഡന്റ് വിവരിച്ചു. അമേരിക്കയില്‍ എത്താന്‍ കഴിയുന്ന മിസൈലുകള്‍ ഇറാന്‍ വികസിപ്പിക്കുകയാണെന്നും ആരോപിച്ചു. യു എസില്‍ എത്തുന്ന മിസൈലുകള്‍ ഇറാന്‍ നിര്‍മിക്കുന്നതുവരെ കാത്തിരിക്കാന്‍ ആകില്ലെന്നും അതുകൊണ്ടാണ് ഇപ്പോള്‍ ആക്രമണം തുടങ്ങിയതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വിഡിയോ സന്ദേശത്തിലൂടെയാണ് ഇറാനിലെ സൈനിക നടപടി ട്രംപ് സ്ഥിരീകരിച്ചത്. ഇറാന്‍ ഭരണകൂടത്തില്‍നിന്ന് അമേരിക്കന്‍ ജനതക്കുള്ള ഭീഷണി ഇല്ലാതാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്:
ഇറാനിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി. സുരക്ഷിതരായിരിക്കണമെന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും എംബസിയുടെ മുന്നറിയിപ്പില്‍ പറയുന്നു. വാര്‍ത്തകള്‍ കൃത്യമായി ശ്രദ്ധിക്കാനും രാജ്യത്ത് സംഭവിക്കുന്നതിനെ കുറിച്ച് ബോധവാന്മാരാകാനും എംബസിയില്‍നിന്നുള്ള കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കാനും എംബസി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. ഇറാനില്‍ യു.എസിന്റെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണം നടന്നതിനു പിന്നാലെയാണ് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയത്. നേരത്തെ, ഇറാനിലെ സൈനിക നടപടി സ്ഥിരീകരിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തുവന്നിരുന്നു. ഇറാന്‍ ഭരണകൂടത്തില്‍നിന്നുള്ള ഭീഷണി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് സൈനിക നടപടിയെന്നും ട്രംപ് ന്യായീകരിച്ചു.
ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനം നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ടെഹ്‌റാനിലെ യൂനിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൂരി മേഖലയിലും നിരവധി മിസൈലുകള്‍ പതിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഇലി ഖാംനഇയുടെ വസതിക്കു സമീപവും മിസൈല്‍ പതിച്ചതായി വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പ്രസിഡന്റിന്റെ വസതിയും ആയുധ കേന്ദ്രങ്ങളും ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.
