സരിന് പിന്നാലെ സന്ദീപ് കൂടി എത്തുന്നതില്‍ ആധി കയറിയ ഡിഫി നേതാക്കള്‍; ഒരാളെ കൂടി കൂട്ടണോ എന്ന് ചോദിച്ചവര്‍ പതിരാ റെയ്ഡിനിടെ നടത്തിയ അമിതാവേശം ഇനി ആരും പുറത്ത് നിന്ന് സിപിഎമ്മില്‍ വരാതിരിക്കാനുള്ള കരുതലോ? ബാലേട്ടന്റെ 'ഓപ്പറേഷന്‍ സന്ദീപ് വാര്യര്‍' തകര്‍ച്ചയിലേക്ക്; 'ട്രോളി ബാഗിലെ വില്ലനെതിരെ' പാര്‍ട്ടി അന്വേഷണത്തിന് സാധ്യത
പാലക്കാട്: കെപിഎം റിജന്‍സിയിലെ റെയ്ഡിന് പിന്നില്‍ സിപിഎമ്മിലെ രണ്ട് യുവനേതാക്കളുടെ പങ്ക് സംശയിച്ച് ഇടതു നേതാക്കളും. പാലക്കാട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി സരിന്‍ എത്തുന്നതിനെ ചില യുവനേതാക്കള്‍ എതിര്‍ത്തിരുന്നു. സിപിഎം മൂന്നാമതുള്ള മണ്ഡലത്തിലെ ആ പരീക്ഷണത്തില്‍ അവര്‍ ക്ഷുഭിതരായിരുന്നുവെങ്കിലും പരസ്യമായ രോഷ പ്രകടനം നടത്തിയില്ല. കോണ്‍ഗ്രസില്‍ നിന്ന് എത്തിയ പി സരിനുമായി മുമ്പ് പല സംവാദങ്ങളിലും സോഷ്യല്‍ മീഡിയയില്‍ പോരടിച്ച ഡിവൈഎഫ് ഐ പ്രമുഖരായിരുന്നു ഈ നേതാക്കള്‍. സരിന്‍ എത്തിയതിന് പിന്നാലെ ബിജെപിയില്‍ നിന്നും സന്ദീപ് വാര്യരുടെ പിണക്കം മുതലാക്കി ഇടതുപക്ഷത്തേക്ക് കൊണ്ടു വരാന്‍ മുന്‍മന്ത്രി എകെ ബാലന്‍ ശ്രമിച്ചു. പാലക്കാട്ടെ സിപിഎമ്മിന് കരുത്ത് നല്‍കുകയായിരുന്നു ലക്ഷ്യം. ഈ നീക്കം ഏതാണ്ട് പൂര്‍ണ്ണതയില്‍ എത്തുമ്പോഴാണ് ട്രോളി ബാഗ് തേടി പോലീസ് ഹോട്ടല്‍ കെപിഎം റിജന്‍സിയിലെത്തിയത്. ആ പാളിയ നീക്കം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി. സന്ദീപ് വാര്യരെ സിപിഎമ്മില്‍ എത്തിക്കാനുള്ള നീക്കവും ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണ്.
സരിനെ എടുത്തത് തന്നെ ചില യുവനേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് സിപിഎമ്മിലെ നേതാക്കളുടെ മത്സര സാധ്യത കുറയ്ക്കുന്നുവെന്ന് അവര്‍ പരാതി പറഞ്ഞിരുന്നു. സരില്‍ മോഡല്‍ വിജയിച്ചാല്‍ കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ അതൃപ്തര്‍ സിപിഎമ്മിലേക്ക് എത്തും. അവര്‍ക്കെല്ലാം സീറ്റ് കൊടുത്താല്‍ സിപിഎമ്മിലുള്ളവര്‍ എന്തു ചെയ്യുമെന്ന ചോദ്യമാണ് ഉയര്‍ത്തിയത്. പാലക്കാട്ടെ മൂന്നാം സ്ഥാനം കണക്കിലെടുത്താണ് പരീക്ഷണമെന്നായിരുന്നു നേതൃത്വം ഇവര്‍ക്ക് നല്‍കിയ മറുപടി. ജയിക്കുമെന്ന് ഉറപ്പില്ലാത്ത സീറ്റില്‍ സ്വതന്ത്രനെ അവതരിപ്പിച്ച് പരമാവധി വോട്ടാണ് ലക്ഷ്യമിടുന്നതെന്നും വിശ്വസിപ്പിച്ചു. പാലക്കാട് തോറ്റാലും സരിന് ഒറ്റപ്പാലം സീറ്റ് അടുത്ത തിരഞ്ഞെടുപ്പില്‍ നല്‍കുമെന്ന് പ്രചരണവും എത്തി. ഇതെല്ലാം സിപിഎമ്മില്‍ പുകച്ചിലായി. ഇതിനൊപ്പമാണ് സന്ദീപ് വാര്യരേയും ബാലന്‍ നല്ല പയ്യനായി അവതരിപ്പിച്ചത്. ഇതോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണ്ണൂരിലും ഒറ്റപ്പാലത്തും കണ്ണുവച്ചവര്‍ പ്രതിസന്ധിയിലായി. ഇതിനെ മൂപ്പിക്കാന്‍ ചില സംസ്ഥാന നേതാക്കളുമുണ്ടായിരുന്നു. പാലക്കാട് റെയ്ഡിനിടെ വലിയ ഇടപെടലാണ് ഈ നേതാക്കള്‍ നടത്തിയത്. ഇതാണ് വിവാദം ആളിക്കത്തിച്ചത്. ഇതോടെയാണ് പുറത്തു നിന്നുള്ളവര്‍ ഇനി സിപിഎമ്മുമായി അടുക്കാതിരിക്കാനുള്ള ഗൂഡാലോചന സിപിഎമ്മിനുള്ളില്‍ തന്നെ ചര്‍ച്ചയായി മാറുന്നത്. എകെ ബാലനെ ബാലേട്ടന്‍ എന്ന് വിളിച്ച് സിപിഎമ്മിനൊപ്പം ചേരുമെന്ന സൂചനകള്‍ സന്ദീപ് നല്‍കുകയും ചെയ്തു.
എന്നാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. അതുകൊണ്ട് തന്നെ സന്ദീപ് വാര്യര്‍ വിവാദത്തില്‍ ആര്‍ എസ് എസിന്റെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്' ഫലം കണ്ടേക്കും എന്ന വിലയിരുത്തല്‍ സജീവമാകുകയാണ്. ബിജെപി നേതൃത്വം ക്രിയാത്മകമായി ഇടപെട്ടാല്‍ പ്രതിസന്ധിയ്ക്ക് അയവുണ്ടാക്കും. ആര്‍ എസ് എസിന്റെ ദേശീയ നേതാവായ എ ജയകുമാര്‍ നേരിട്ടെത്തി സന്ദീപ് വാര്യരുമായി സംസാരിച്ചതാണ് മഞ്ഞുരുക്കലിന് വഴിയൊരുക്കിയത്. പരിവാര്‍ നേതൃത്വത്തോടൊപ്പം സന്ദീപ് ഉണ്ടാകണമെന്ന സന്ദേശമാണ് ജയകുമാറിന്റെ വരവോടെ നല്‍കിയത്. ഇതിന് ശേഷം വിവാദ പരാമര്‍ശം ഒഴിവാക്കണമെന്ന് സന്ദീപിനോട് ആര്‍ എസ് എസ് നേതൃത്വം ആവശ്യപ്പെട്ടു. അത് അംഗീകരിക്കാമെന്ന് സന്ദീപും നിലപാട് എടുത്തു. ആര്‍ എസ് എസ് നേതൃത്വത്തെ ധിക്കരിച്ച് ഒരു തീരുമാനം എടുക്കില്ലെന്ന സൂചനകള്‍ തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് സന്ദീപ് നല്‍കി കഴിഞ്ഞു. വിവാദ പരാമര്‍ശങ്ങളും ഒഴിവാക്കി. ആര്‍ എസ് എസ് ഇത്രയും അനുകൂലത കാട്ടിയിട്ടും കടുത്ത നിലപാട് എങ്ങനെ എടുക്കുമെന്ന ആശയക്കുഴപ്പം സന്ദീപിനുണ്ട്. അതിനിടെ സന്ദീപ് വാര്യര്‍ തിരിച്ചു വരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പരസ്യമായി ആവശ്യപ്പെട്ടു. ഇതോടെ സന്ദീപും ആലോചനകളിലേക്ക് മാറും. സിപിഎമ്മിന്റെ 'ഓപ്പറേഷന്‍ സന്ദീര് വാര്യര്‍' ഏതാണ്ട് തകര്‍ന്നുവെന്ന് സാരം.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്ന് സന്ദീപ് വാര്യര്‍ പ്രതികരിക്കുകയും ചെയ്തു. 2012ല്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മണ്ണാര്‍ക്കാട് മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിലെത്തിയ സന്ദീപ് കരുതലോടെയാണ് പ്രതികരിച്ചത്. പാലക്കാട് ബി.ജെ.പി ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിലവിലുള്ള വിഷയം ആത്മാഭിമാനത്തിനുമേല്‍ ഏല്പിച്ച ആഘാതമാണ്. അത് പരിഹരിക്കാതെ വിഷയത്തെ വഷളാക്കി പാപഭാരം അടിച്ചേല്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. താന്‍ പോയാലും ഒന്നുമില്ലെന്ന തരത്തില്‍ ബോധപൂര്‍വം അപമാനിക്കുന്ന സമയത്ത് ആത്മാഭിമാനം നഷ്ടപ്പെട്ടയാളോട് അച്ചടക്കമെന്ന് പറഞ്ഞ് ഭയപ്പെടുത്തരുത്.തന്നെ അപമാനിച്ച ആളുകള്‍ക്ക് നേരെയാണ് നടപടിയെടുക്കേണ്ടത്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംഘടനയിലെ നേതാക്കള്‍ രണ്ടുതട്ടിലാണെന്ന് സൂചിപ്പിക്കും വിധത്തിലും പ്രവര്‍ത്തകരെ മാനസികമായി പ്രയാസപ്പെടുത്തുന്ന തരത്തിലും ഒരുസംഭവമുണ്ടാക്കി തീര്‍ത്തനേതാക്കളാണ് അച്ചടക്കലംഘനം നടത്തിയത്. കോണ്‍ഗ്രസ്, സി.പി.എം നേതാക്കള്‍ സന്ദീപ് നല്ലൊരു വ്യക്തിയാണെന്ന് പറഞ്ഞതിന്റെ പൂര്‍ണ അംഗീകാരം തന്റെ അച്ഛനും അമ്മയ്ക്കുമാണ്. രാഷ്ട്രീയമാറ്റമെന്നത് പ്രസക്തമല്ല. രാഷ്ട്രീയമായി ബി.ജെ.പിക്കാരനാണെന്നും ബി.ജെ.പി ആരുടെയും സ്വത്തല്ലെന്നും സന്ദീപ് വിശദീകരിച്ചിട്ടുണ്ട്. പാതിരാ റെയ്ഡ് വിവാദം അടക്കം സന്ദീപിന്റെ ഈ കരുതലിന് കാരണമായിട്ടുണ്ട്.
പാലക്കാട്ടെ ഹോട്ടലില്‍ രാത്രിയില്‍ നടന്ന പോലീസ് റെയ്ഡ് ഷാഫി പറമ്പിലിന്റെ മാസ്റ്റര്‍ പ്ലാനാണോയെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി. സരിന്‍ പറയുന്നത് തന്നെ അട്ടിമറി സംശയത്തിന്റെ പുറത്താണ്. സിപിഎം - ബിജെപി ബന്ധം ആരോപിക്കാന്‍ പ്ലാറ്റ്ഫോമുണ്ടാക്കാനുള്ള നീക്കമാണോ ഇതെന്നും മറ്റൊരു വിഷയം ഉണ്ടാക്കി താല്‍ക്കാലിക ലാഭമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമമെന്നും ആരുടെ മാസ്റ്റപ്ലാനാണെന്ന് പരിശോധിക്കണമെന്നും പറഞ്ഞു. അടിക്കടി വേഷംമാറുന്നവരെയും, വേഷങ്ങള്‍ കൊണ്ടുനടക്കുന്നവരെയും പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയുമെന്നും പ്രതികൂട്ടില്‍ ആരൊക്കെ ഉണ്ടാകുമെന്ന് ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പാലക്കാട് കാണിച്ചുതരുമെന്നും പറഞ്ഞു. സത്യം തുറന്നുകാണിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അന്വേഷണം ഒരു വ്യക്തിയിലേക്ക് ചുരുങ്ങരുതെന്നും അങ്ങനെ ചെയ്താല്‍ രക്ഷപ്പെടുന്നത് മറ്റ് പലരുമാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്നും വ്യത്യസ്തമാണ് സരിന്റെ തുറന്നു പറച്ചില്‍.
യുഡിഎഫിന്റെ ക്യാമ്പില്‍ നിന്ന് ബോധപൂര്‍വം വിഷയങ്ങള്‍ വഴിതിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സരിന്‍ ആരോപിച്ചു. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നത്. നിയമവിരുദ്ധമായി നടത്തുന്ന ഇടപാടുകള്‍ ചര്‍ച്ച ചെയ്യുന്ന വിധം ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ രീതി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നവരെ പുറത്തുകൊണ്ടുവരും. അതിനായി ഏതറ്റം വരെയും പോകുമെന്നും സരിന്‍ വിശദീകരിച്ചു. അതിനിടെ പതിരാറെയ്ഡ് ഷാഫിയുടെ നാടകമെന്ന സരിന്റെ നിലപാട് പാര്‍ട്ടിയുടെതല്ലെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബു വിശദീകരിച്ചിട്ടുണ്ട്. ഷാഫിയുടെ എല്ലാ കള്ളക്കളിയും അറിയുന്നതിനാലാണ് സരിന്‍ അങ്ങനെ പറഞ്ഞതെന്ന് സുരേഷ് ബാബു വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ വിഷയത്തില്‍ സിപിഎമ്മിന് സരിന്‍ പരാതി നല്‍കിയേക്കും. അങ്ങനെ വന്നാല്‍ ഈ വിഷയത്തില്‍ സിപിഎം അന്വേഷണവും നടത്തും.