രണ്ടു പേര്‍ ഒരുമിച്ച് മുറിയില്‍ കയറുന്നത് സിസിടിവിയില്‍ കണ്ടവരുടെ മനസ്സില്‍ പൊട്ടിയത് 'ലഡു'! അമിതാവേശത്തില്‍ ഓടിയെത്തിയ പോലീസ് കണ്ടത് 'കുടുംബത്തെ'; ഷാനി മോളും ബിന്ദു കൃഷ്ണയും അപമാന ഭാരത്തില്‍; ബിജെപി വനിതാ നേതാക്കളുടെ മുറിയിലും പോലീസ് മുട്ടി; ഇത് 'ഹേമാ കമ്മറ്റിയിലെ കതകു തട്ടല്‍'! റഹിം പറഞ്ഞ പെട്ടെന്ന് കിട്ടിയ ആ വിവരം ചീറ്റി പോയ കഥ
പാലക്കാട്ട്: കെപിഎം റീജന്‍സിയിലെ ഹോട്ടല്‍ റെയ്ഡിന് പിന്നില്‍ വന്‍ ഗൂഡാലോചന. ഹോട്ടലില്‍ എത്തുന്നവരുടെ നീക്കങ്ങളെല്ലാം പരിശോധിച്ചാണ് റെയ്ഡ് തിരക്കഥ ഒരുക്കിയത്. വനിതാ നേതാക്കളെ പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതുകൊണ്ടാണ് 'ഹേമാ കമ്മറ്റിയിലെ കതകു തട്ടല്‍' പരാമര്‍ശം വിമര്‍ശനത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഉള്‍പ്പെടുത്തിയത്. വനിതാ നേതാക്കളെ 'സദാചാര' കുരുക്കില്‍ പെടുത്തി കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുകയായിരുന്നു ലക്ഷ്യം. അതിവേഗം പോലീസിനെ ഇവിടേക്ക് എത്തിച്ചതും സദാചാര റെയ്ഡിന് വേണ്ടിയാണ്. എന്നാല്‍ വിവാദം കൈവിട്ടപ്പോള്‍ മറ്റു മാര്‍ഗ്ഗമില്ലാതെ അതിനെ കള്ളപ്പണ റെയ്ഡാക്കി പോലീസ് മാറ്റുകയും ചെയ്തു. ഹോട്ടലില്‍ എത്തിയ പോലീസ് ആദ്യമെത്തിയത് വനിതാ നേതാക്കളുടെ മുറിയിലായിരുന്നു. ബിജെപിയുടെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന മുറിയിലും പോലീസ് എത്തിയിരുന്നു.
വനിതാ പോലീസ് ഇല്ലായിരുന്നുവെങ്കില്‍ കൂടി പെട്ടെന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയിട്ടുണ്ടാവുക. ആ സമയം ഷാനിമോള്‍ മുറിയില്‍നിന്ന് മാറി നിന്നുകൊടുത്താല്‍ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. അവിടെയാണ് സംശയം. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും. ആ സമയം വന്നുപോയവര്‍ ആരൊക്കെ എന്നതൊക്കെ പരിശോധിക്കണമെന്നും റഹിം പറഞ്ഞു. ഇതിലും ഒളിച്ചിരിക്കുന്നത് കള്ളപ്പണത്തിന് അപ്പുറത്തേക്കുള്ള കണ്ടെത്തല്‍ ആസൂത്രണം ഉണ്ടായി എന്നത് തന്നെയാണ്. ഹേമ കമ്മിറ്റി പറഞ്ഞ രാത്രിയില്‍ കതകു മുട്ടുന്ന ജോലി ഇപ്പോള്‍ പിണറായി പോലീസ് ഏറ്റെടുത്തെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍ പറയുന്നു. പാലക്കാട്ടെ പാതിരാ റെയ്ഡ് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ അപമാനിക്കാനാണെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. പണ്ടുകാലത്തെ പാതിരാ റെയ്ഡ് സദാചാര ലംഘനങ്ങള്‍ കണ്ടെത്താന്‍ വേണ്ടിയായിരുന്നു. ഇതേ ഓപ്പറേഷനായിരുന്നു കഴിഞ്ഞ ദിവസം 12 മണിക്ക് ശേഷം പാലക്കാട്ട് നടന്നത്. സാംസ്‌കാരിക കേരളത്തിന് അപമാനമാണ് പോലീസ് റെയ്ഡ് എന്ന അഭിപ്രായമാണ് കോണ്‍ഗ്രസില്‍ മൊത്തത്തിലുള്ളത്.
വനിതാ നേതാക്കളുടെ മുറിയില്‍ ആരെല്ലാം കയറുന്നുവെന്ന് സിസിടിവി ഉപയോഗിച്ച് സിപിഎമ്മിലെ ചിലര്‍ പരിശോധിച്ചിരുന്നു. ഈ സമയം രണ്ടു പേര്‍ ഒരു മുറിയില്‍ കയറുന്നത് കണ്ടു. അവര്‍ ആരെന്ന് അറിയാത്ത ചിലരാണ് റെയ്ഡിലേക്ക് കാര്യങ്ങള്‍ കൊണ്ടു പോയത്. പോലീസ് എത്തിയപ്പോഴാണ് അതൊരു കുടുംബമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ റെയ്ഡിന്റെ ഉദ്ദേശം കള്ളപ്പണമാണെന്ന വിശദീകരണത്തിലേക്ക് എത്തിയത്. എല്ലാ അര്‍ത്ഥത്തിലും പോലീസിന്റെ പൊളിഞ്ഞ റെയ്ഡായി മാറി. ആയിരം രൂപ പോലെ റെയ്ഡ് നടത്തിയ 12 മുറിയില്‍ നിന്നും കണ്ടെത്താന്‍ പോലീസിന് കഴിയാത്തതും നാണക്കേടായി. ഇതോടെ രഹസ്യ വിവരം കള്ളത്തരമാണെന്നും വ്യക്തമായി. സിപിഎം സ്ഥാനാര്‍ത്ഥിയായി പെരിന്തല്‍മണ്ണല്‍ മത്സരിച്ച് തോറ്റ് കെപിഎം മുസ്തഫയുടേതാണ് ഈ ഹോട്ടലെന്നതും ശ്രദ്ധേയമാണ്. ഏതായാലും പാലക്കാട് കോണ്‍ഗ്രസിന് ഹോട്ടല്‍ റെയ്ഡ് മറ്റൊരു പ്രചരണായുധമാകുകയാണ്.
സ്ത്രീ എന്ന നിലയില്‍ അഭിമാനത്തെ ചോദ്യംചെയ്യുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചതും പോലീസ് റെയ്ഡിലെ ഗൂഡാലോചന തിരിച്ചറിഞ്ഞാണ്. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ അന്തസ്സിന് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടിന് രാഷ്ട്രീയ നേതൃത്വത്തേക്കൊണ്ട് മറുപടി പറയിക്കുമെന്നും അവര്‍ പറഞ്ഞു. രാത്രി 12 മണിക്ക് ശേഷം വാതിലില്‍ മുട്ടിയ നടപടി കേരളാ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത് അത്യന്തം ഗുരുതരമായ തെറ്റാണ്. അസമയത്ത് വന്ന് മുറിയുടെ കോളിങ് ബെല്ലടിച്ചാല്‍ തുറക്കേണ്ട കാര്യമില്ല. അത്യാവശ്യമുണ്ടെങ്കില്‍ റിസപ്ഷനില്‍ നിന്ന് ഫോണില്‍ വിളിക്കാം. അതല്ല പോലീസ് ചെയ്തത്, ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
പുരുഷ പോലീസുകാരെ പറഞ്ഞുവിടുകയാണ് ചെയ്തതെന്നും പിന്നീട് വനിതാ പോലീസ് എത്തി മുറി പരിശോധിച്ചെന്നും അവര്‍ പറഞ്ഞു. മുറി പരിശോധിച്ചെങ്കില്‍ എന്ത് ലഭിച്ചു എന്ന് രേഖാമൂലം അറിയിക്കണം. തോന്നുമ്പോള്‍ കയറിവന്ന് പരിശോധിക്കാനും ഇറങ്ങിപ്പോകാനും മാര്‍ക്കറ്റൊന്നുമല്ല ഇതെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. സ്ത്രീ എന്ന നിലയില്‍ അഭിമാനത്തെ ചോദ്യംചെയ്യുന്ന നിലപാടാണ് യൂണിഫോം ഇട്ടവരും ഇടാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണെങ്കില്‍ ഏത് ഉദ്യോഗസ്ഥരാണ് വന്നത്. അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് എവിടെ. അത് കാണിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവായ ബിന്ദുകൃഷ്ണയുടെ മുറിയിലാണ് പോലീസ് ആദ്യം പരിശോധന നടത്തിയത്. പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയിലും പരിശോധന നടത്തി. സ്വാഭാവിക പരിശോധനയെന്നാണ് പോലീസ് പറയുന്നതെങ്കില്‍ എന്തുകൊണ്ട് എല്ലാ മുറികളും പോലീസ് പരിശോധിക്കാതിരുന്നതെന്നാണ് ബിന്ദു കൃഷ്ണ ചോദിക്കുന്നത്. തന്റെ മുറിയല്ലാതെ മറ്റൊരു മുറിയും പോലീസ് തുറന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. എല്ലാ മറികളിലും പണമുണ്ടോയെന്ന്് പോലീസ് പരിശോധിക്കണമെന്നും പണം കണ്ടെത്തിയോ എന്ന കാര്യം എഴുതി നല്‍കണമെന്നും വി.കെ ശ്രീകണ്ഠന്‍ എം.പിയും ഷാഫി പറമ്പില്‍ എം.പിയും ആവശ്യപ്പെട്ടെങ്കിലും ഇതിന് പോലീസ് തയ്യാറായില്ല.
സ്ത്രീകളെന്ന രീതിയില്‍ വലിയ അഭിമാനക്ഷതമുണ്ടായെന്ന് ബിന്ദു കൃഷ്ണയും പ്രതികരിച്ചു. ഉറങ്ങി കിടന്നപ്പോള്‍ മുറിക്ക് പുറത്ത് പുരുഷന്മാരുടെ വലിയ ബഹളം കേട്ടു. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു. ആരോ ബെല്ലടിച്ചു. വാതില്‍ തുറന്നപ്പോള്‍ പൊലീസായിരുന്നു. മുറി പരിശോധിക്കണമെന്ന് പറഞ്ഞു. ഞാനും ഭര്‍ത്താവുമാണ് മുറിയിലുണ്ടായിരുന്നത്. പൊലീസ് മുറിയിലേക്ക് ഇരച്ചുകയറി. നാലു പെട്ടികള്‍ മുറിയിലുണ്ടായിരുന്നു. വസ്ത്രം മുഴുവന്‍ വലിച്ച് പുറത്തിട്ടു. എല്ലാം പരിശോധിക്കാന്‍ ഞാന്‍ പറഞ്ഞു. പരിശോധന കഴിഞ്ഞപ്പോള്‍ ഒന്നും കിട്ടിയില്ലെന്ന് എഴുതി തരാന്‍ പറഞ്ഞു. വലിയ ഗൂഢാലോചനയാണ് നടന്നത്. അങ്ങേയറ്റം നീതി നിഷേധമാണുണ്ടായതെന്നും ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് വ്യക്തമാക്കി.
നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.എസ്.പി. അശ്വതി ജിജി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികള്‍ പരിശോധിച്ചതായും എ.എസ്.പി. പറഞ്ഞു. പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ല. ആരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അല്ല പരിശോധന നടന്നത്. സാധാരണനടക്കുന്ന പതിവ് പരിശോധനയാണിത്. ഈ ഹോട്ടല്‍ മാത്രമല്ല, നഗരത്തിലെ പല ഹോട്ടലുകളിലും കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിട്ടുണ്ട്. കള്ളപ്പണം കൊണ്ടുവന്നതായോ പണമിടപാട് നടക്കുന്നതായോ വിവരമൊന്നും കിട്ടിയിട്ടില്ല. പരിശോധനയ്ക്കിടെ ഒരു സ്ത്രീ വനിതാ ഉദ്യോഗസ്ഥയുടെ സഹായം ആവശ്യപ്പെട്ടു. മറ്റൊരു സ്ത്രീയ്ക്കൊപ്പം അവരുടെ ഭര്‍ത്താവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍വെച്ചാണ് പരിശോധന നടന്നത്.
ഹോട്ടലിലെ 12 മുറികളും പരിശോധിച്ചു. ഇതില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളുടെ മുറികളുണ്ട്. എന്തെങ്കിലും പരാതി ലഭിച്ചാല്‍ ഹോട്ടലിലെ സിസിടിവി പരിശോധിക്കും. സംഭവം ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. സംഘര്‍ഷാവസ്ഥയില്ല. പുറത്തുവന്നകാര്യങ്ങളില്‍ പലതും അഭ്യൂഹങ്ങളാണെന്നും എ.എസ്.പി. വ്യക്തമാക്കിയത് ഇങ്ങനെയാണ്.