പിസി ജോര്‍ജിനെ ആശുപത്രിയിലേക്ക് അയച്ചതിന് പിന്നില്‍ സ്വാധീനമെന്ന് പറഞ്ഞ എടുത്തു ചാട്ടം വാദി ഭാഗത്തെ പ്രതിരോധത്തിലാക്കി; ആശുപത്രി വാസത്തിനിടെ കണ്ടെത്തിയത് ഹൃദയത്തിലെ ബ്ലോക്കുകള്‍; ആരു പറഞ്ഞാലും ആശുപത്രിയില്‍ പോകാത്ത പൂഞ്ഞാറിലെ നേതാവ് റിമാന്‍ഡിനിടെ വിധേയനായത് എല്ലാവിധ പരിശോധനകള്‍ക്കും

Update: 2025-02-28 06:41 GMT

തിരുവനന്തപുരം: പിസി ജോര്‍ജിന് ജാമ്യം കിട്ടാന്‍ സഹായകരമായത് പരാതിക്കാരന്റെ വാദങ്ങളിലെ പിഴവോ. വിദ്വേഷ പരമാര്‍ശ കേസില്‍ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പിസി ജോര്‍ജിനെ ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇതിനെ സ്വാധീനത്തിന് വഴങ്ങിയുള്ള തീരുമാനമെന്നാണ് പരാതിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ ഇത് അക്ഷരാര്‍ത്ഥത്തില്‍ പൊളിഞ്ഞു. കോടതിയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള തീരുമാനം എടുത്തത്. അതേ കോടതിക്ക് മുമ്പിലാണ് രണ്ടാമതും പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ എത്തിയത്. സ്വാധീനത്തിന് വഴങ്ങിയെന്ന വാദം അതേ ജഡ്ജിക്ക് മുമ്പില്‍ നിലനില്‍ക്കാതെ പോയി. ഇതേ ജഡ്ജിയായിരുന്നു വസ്തുതകള്‍ പരിശോധിച്ച് ആശുപത്രിയിലേക്ക് ജോര്‍ജിനെ മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. പരാതിക്കാരന്റെ അഭിഭാഷകന്റെ 'സ്വാധീന' പരാമര്‍ശത്തെ കോടതിയും ഗൗരവത്തില്‍ എടുത്തു. അഭിഭാഷകനെതിരെ നടപടികളിലേക്ക് കോടതി കടന്നില്ലെന്നതും ശ്രദ്ധേയമാണ്.

ഇതിനൊപ്പം രസകരമായ നിരീക്ഷണങ്ങളും പിസി ജോര്‍ജിന്റെ മകന്‍ നടത്തുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറെയുണ്ടെങ്കിലും ആശുപത്രിയില്‍ പോകുന്ന പ്രകൃതം പിസി ജോര്‍ജിനുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വിശദ പരിശോധനകളൊന്നും ഒരിക്കലും നടത്തിയില്ല. ഇപ്പോള്‍ കോടതി ഉത്തരവ് പ്രകാരം മെഡിക്കല്‍ കോളേജില്‍ റിമാന്‍ഡ് തടവുകാരനായി കിടന്നു. ഈ സമയം പിസി ജോര്‍ജിനെ വിശദ പരിശോധനകള്‍ക്ക് വിധേയനാക്കാന്‍ കഴിഞ്ഞു. എല്ലാ അവയവങ്ങളുടെ പ്രവര്‍ത്തനം അടക്കം പരിശോധിച്ചു. വ്യക്തമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും എല്ലാം ഡോക്ടര്‍മാര്‍ പിസിയ്ക്ക് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ അച്ഛനെ ആരോഗ്യപരിശോധനകള്‍ക്ക് വിധേയനാക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് മകന്‍ ഷോണ്‍ ജോര്‍ജ്. ഇതിനൊപ്പം ഒരു ദിവസം പോലും ജയിലില്‍ കിടക്കാതെ ജാമ്യവും കിട്ടി. അതുകൊണ്ടാണ് പരാതിക്കാരന് അടക്കം ഷോണ്‍ ജോര്‍ജ് നന്ദി പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ അച്ഛന് കിട്ടിയ പരിചരണം അദ്ദേഹത്തെ കൂടുതല്‍ ആരോഗ്യവാനാക്കിയെന്നാണ് ഷോണ്‍ വിലയിരുത്തുന്നത്.

ഈ കേസില്‍ പിസിയെ അറസ്റ്റു ചെയ്യാനും ഒരു ദിവസമെങ്കിലും കസ്റ്റഡിയില്‍ വയ്ക്കാനും പോലീസ് ആഗ്രഹിച്ചിരുന്നു. പോലീസ് പിടി കൂടിയാല്‍ 24 മണിക്കൂര്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. ഇതുപയോഗിച്ച് ഒരു രാത്രിയെങ്കിലും കസ്റ്റഡിയില്‍ വയ്ക്കാനായിരുന്നു ആലോചന. തന്ത്രപരമായി കോടതിയ്ക്ക് മുമ്പില്‍ പിസി കീഴടങ്ങി. മകന്‍ ഷോണ്‍ ജോര്‍ജ് ഇല്ലാതെ പോലീസിന് മുന്നിലേക്കോ കോടതിയിലോ പോകില്ലെന്ന് പോലീസ് കരുതി. അന്ന് മകന്‍ വീട്ടിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പിസിയെ പിടിക്കാനായി പോലീസ് വീട്ടിന് മുന്നില്‍ നിരന്നു. ബിജെപിക്കാരും അന്ന് തടിച്ചു കൂടിയത് വീട്ടിലായിരുന്നു. ഇതോടെ പിസി വീട്ടിലെത്തുമെന്ന് പോലീസ് കരുതി. അറസ്റ്റ് ചെയ്യാമെന്നും വിചാരിച്ചു. എന്നാല്‍ മകനെ വീട്ടിലിരുത്തി അച്ഛന്‍ കോടതിയില്‍ എത്തി. അങ്ങനെ പോലീസ് കസ്റ്റഡി അടക്കം കോടതി തീരുമാനിക്കുന്ന സ്ഥിതി വന്നു. അന്ന് ആറു മണി വരെ പോലീസ് കസ്റ്റഡിയില്‍ ജോര്‍ജിനെ വിട്ടു. അതിന് ശേഷം റിമാന്‍ഡ് ചെയ്തു. ആരോഗ്യ കാരണങ്ങള്‍ പരിശോധിച്ച് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും നിര്‍ദ്ദേശിച്ചു.

രണ്ടു ദിവസം കഴിഞ്ഞ് അതേ കോടതിയില്‍ തന്നെ വീണ്ടും ജാമ്യ ഹര്‍ജി നല്‍കി. പോലീസ് തെളിവെടുപ്പും മറ്റും കഴിഞ്ഞുവെന്ന വിലയിരുത്തലിലായിരുന്നു പിസി ജോര്‍ജിന് വേണ്ടിയുള്ള ഈ നീക്കം. പോലീസ് റിപ്പോര്‍ട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടും അടക്കം കോടതി പരിശോധിച്ചു. ആരോഗ്യ സ്ഥിതി മോശമാണെന്നും ആന്‍ജിയോഗ്രാം ഉള്‍പ്പെടെ ചെയ്യേണ്ടതുണ്ടെന്നും മികച്ച ചികിത്സ ലഭിക്കാന്‍ ജാമ്യം നല്‍കണമെന്നും ജോര്‍ജിന് വേണ്ടി വാദിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലവുമുണ്ടായിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ വേണമെങ്കിലും ലഭിക്കുമെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ ഇതിന് മറുപടി നല്‍കിയത്. എന്നാല്‍,ഈ വാദം കോടതി തള്ളി. സര്‍ക്കാര്‍ വിരുദ്ധ പക്ഷത്തുള്ള നേതാവാണ് പിസി ജോര്‍ജ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും തട്ടിപ്പ് സര്‍ട്ടിഫിക്കറ്റുകളൊന്നും പിസി ജോര്‍ജിന് കിട്ടില്ലെന്ന് ഉറപ്പായിരുന്നു.

ഹൃദയത്തിലെ ബ്ലോക്ക് അടക്കം കണ്ടെത്താന്‍ ഈ കേസിലൂടെ കഴിഞ്ഞുവെന്നതും പിസി ജോര്‍ജിന്റെ ആരോഗ്യത്തില്‍ ഇനി നിര്‍ണ്ണായകമാകും. അതായത് ഉള്ള അസുഖമെല്ലാം കണ്ടെത്തി തുടര്‍ ചികില്‍സയിലേക്ക് കടക്കാനുള്ള അവസരമായി ആശുപത്രി വാസം മാറി. ജാമ്യ ഹര്‍ജിയില്‍ ഇന്നലെ വാദം കേട്ട കോടതി വിധി പറയാന്‍ ഇന്നത്തേക്കു മാറ്റുകയായിരുന്നു. കേസില്‍ റിമാന്‍ഡിലായ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസില്‍ നേരത്തെ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഈരാറ്റുപേട്ട പൊലീസ് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. എന്നാല്‍ കോടതിയിലെത്തിയാണ് പി സി ജോര്‍ജ് കീഴടങ്ങിയത്. 14 ദിവസത്തെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസ് അന്വേഷണം പൂര്‍ത്തിയായെന്നാണ് പോലീസ് റിപ്പോര്‍ട്ട്. തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയായെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പി.സി. ജോര്‍ജിന്റെ മുന്‍ കേസുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ വിവരിച്ചു. പി.സി. ജോര്‍ജ് ജാമ്യവ്യവസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണ്. ഭരണഘടനയുടെ ആമുഖത്തെ തന്നെ നിഷേധിക്കുന്ന പരാമര്‍ശമാണ് പ്രതി നടത്തിയത്. നാട്ടില്‍ സാഹൂഹിക സ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ളതാണ് പരാമര്‍ശം. 30 വര്‍ഷം എം.എല്‍.എ. ആയിരുന്ന ആളില്‍ നിന്നാണ് ഇങ്ങനെ ഉണ്ടായിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പൊതുപ്രവര്‍ത്തകന്‍ ആയാല്‍ കേസ് ഉണ്ടാകുമെന്ന് പി.സി ജോര്‍ജിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇന്ത്യയിലെ പല പൊതുപ്രവര്‍ത്തകര്‍ക്കും കേസുകള്‍ ഉണ്ട്. അത്തരം കേസുകളേ പി.സി ജോര്‍ജിനും ഉള്ളൂ. പി.സി. ജോര്‍ജ് കോടതി വിധി തെറ്റിച്ചു എന്നതിന് തെളിവ് ഇല്ല. കേസില്‍ അന്വേഷണം പൂര്‍ത്തിയായി എന്ന് പോലീസ് തന്നെ പറഞ്ഞു. ഇതും കോടതി മുഖവിലയ്‌ക്കെടുത്തു.

Tags:    

Similar News