ദിവസ വരുമാനമില്ലാത്ത 1.16 ലക്ഷം ആദിവാസി കുടുംബങ്ങള്‍ അതി ദരിദ്രര്‍ അല്ലേ? മറ്റൊരു തെരഞ്ഞെടുപ്പ് തട്ടിപ്പായി അതി ദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനം; സര്‍ക്കാര്‍ പ്രഖ്യാപനം യാതൊരു പഠനവും ഡാറ്റയുമില്ലാതെ; സിനിമാ താരങ്ങളോടൊപ്പം കളര്‍ഫുള്ളായി അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് പിണറായി സര്‍ക്കാര്‍

Update: 2025-10-31 07:23 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ അതി ദാരിദ്ര്യ വിമുക്ത കേരളമായി ഇടതു സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ അതിന്‍െ്റ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ചോദ്യമുയരുന്നു. ലോകബാങ്കിന്റെ നിര്‍വചനമനുസരിച്ച് പ്രതിദിനം 180 രൂപയില്‍ താഴെ വരുമാനത്തോടെ ജീവിക്കുന്നവരാണ് അതി ദാരിദ്ര്യ വിഭാഗത്തില്‍പ്പെടുന്നത്. റേഷന്‍ കാര്‍ഡും ദിവസ വരുമാനവുമില്ലാതെ കേരളത്തിലുള്ള 1.16 ആദിവാസി കുടുംബങ്ങള്‍ അതി ദാരിദ്ര്യത്തില്‍ നിന്നും വിമുക്തരാകാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടത്തുന്ന തട്ടിപ്പ് പ്രഖ്യാപനമാണിതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍. ഔദ്യോഗികമായി ഇതുസംബന്ധിച്ച് യാതൊരു പഠനവും ഡാറ്റാ ശേഖരണവും നടത്താതെയുള്ള പ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ആരോപണം.

ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും താങ്ങാനാവാത്ത അവസ്ഥയാണ് അതിദാരിദ്ര്യമെന്നാണു സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു കുടുംബം പോലും ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. സര്‍വേയിലൂടെ കേരളത്തിലെ 64006 അതി ദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഈ സര്‍വേ സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 64006 കുടുംബങ്ങളില്‍ 4421 കുടുംബങ്ങള്‍ മരിച്ചു. നാടോടികളായി കഴിയുന്ന 261 കുടുംബങ്ങളെ കണ്ടെത്താനായിട്ടില്ല. ബാക്കിയുള്ള എല്ലാ കുടുംബങ്ങളെയും അതി ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിച്ചെന്നും ഇത് സര്‍ക്കാര്‍ നിഗൂഢമായി ചെയ്ത പദ്ധതിയല്ലെന്നുമാണ് സര്‍ക്കാര്‍ വാദം. ഇതിന്‍െ്റ ആധികാരികതയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

അതി ദാരിദ്ര്യമുക്ത കേരളമാണോ അതോ അഗതിമുക്ത കേരളമാണോ നിലവിലുള്ളതെന്ന ചോദ്യമാണ് ഇന്നലെ തുറന്ന കത്തിലൂടെ സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരും സര്‍ക്കാരിനോട് ചോദിച്ചത്. അതി ദരിദ്രരെ കണ്ടെത്തിയ ആധികാരിക പഠന റിപ്പോര്‍ട്ടും ഡാറ്റയും സര്‍ക്കാര്‍ പുറത്തുവിടണം. സംസ്ഥാനത്തുള്ള 1.16 ലക്ഷം ആദിവാസി കുടുംബങ്ങളുടെ അതിദാരിദ്ര്യം മാറ്റിയോ എന്നും ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്‌കീം വര്‍ക്കേഴ്സും അസംഘടിത മേഖലകളിലെ തൊഴിലാളികളും അതിദരിദ്രരല്ലേ എന്നും കത്തിലുണ്ട്. ആര്‍.വി.ജി.മേനോന്‍, ഡോ.എം.എ.ഉമ്മന്‍, ഡോ.കെ.പി.കണ്ണന്‍, എം.കെ.ദാസ്, ഡോ.ജി.രവീന്ദ്രന്‍, ഡോ.എം.പി.മത്തായി, ഡോ.സി.പി രാജേന്ദ്രന്‍, പ്രഫ.കെ.അരവിന്ദാക്ഷന്‍, ഡോ.മേരി ജോര്‍ജ്, ആര്‍.രാധാകൃഷ്ണന്‍, ഡോ.സുനില്‍ മാണി, ഡോ.വി.രാമന്‍കുട്ടി, ഡോ.ജോണ്‍ കുര്യന്‍, ഡോ.എം.കബീര്‍,. ഡോ.ജെ.ദേവിക, ഡോ.എം.വിജയകുമാര്‍, ഡോ.എന്‍.കെ.ശശിധരന്‍ പിള്ള, ജോസഫ് സി.മാത്യു, ഡോ കെ.ജി.താര, ഡോ.കെ.ടി.റാംമോഹന്‍, എം.ഗീതാനന്ദന്‍, പ്രഫ പി.വിജയകുമാര്‍, സരിത മോഹനന്‍ ഭാമ തുടങ്ങിയവരാണു കത്തില്‍ ഒപ്പിട്ടത്.

ഏറ്റവും ദരിദ്രരെന്ന വിഭാഗത്തില്‍ മഞ്ഞ റേഷന്‍ കാര്‍ഡ് ഉള്ള അന്ത്യോദയ അന്ന യോജനയില്‍ ഉള്‍പ്പെട്ടവര്‍ 5.92 ലക്ഷം കുടുംബങ്ങളാണെങ്കില്‍ എന്തു കൊണ്ടാണ് സര്‍ക്കാര്‍ കണ്ടെത്തിയ അതി ദരിദ്ര വിഭാഗത്തില്‍ 64,006 കുടുംബങ്ങള്‍ മാത്രമായത്. മറ്റുള്ളവര്‍ അതിദാരിദ്ര്യത്തില്‍ നിന്നു കരകയറിയോയെന്നും അങ്ങനെയെങ്കില്‍ മഞ്ഞ കാര്‍ഡ് ഉള്ളവര്‍ക്കുള്ള കേന്ദ്ര സഹായം നഷ്ടപ്പെടില്ലേയെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ ചോദിക്കുന്നു. സര്‍ക്കാര്‍ മുന്‍പ് പുറത്തിറക്കിയ കുറിപ്പ് പ്രകാരമുള്ള അതിദരിദ്രര്‍ അഗതികളാണ്. 2002 ല്‍ ആശ്രയ പദ്ധതി പ്രകാരം കണ്ടെത്തിയ അഗതി കുടുംബങ്ങള്‍ 1,18,309 ആയിരുന്നു. അത്തരം കുടുംബങ്ങള്‍ എങ്ങനെയാണ് 64,006 ആയി ചുരുങ്ങിയതെന്ന ചോദ്യവും ഉയരുന്നു.

അതിദാരിദ്ര്യം അനുഭവിക്കുന്ന മറ്റു ജനവിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അവരുടെ യഥാര്‍ഥ ജീവിതസ്ഥിതി അടങ്ങിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്‍െ്റ കൈവശമുണ്ടോയെന്നും അവര്‍ ചോദിക്കുന്നു. നാളെ വൈകിട്ട് നാലുമണിക്കാണ് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സര്‍ക്കാരിന്‍െ്റ അതി ദാരിദ്ര്യ വിമുക്ത കേരളം പദ്ധതി പ്രഖ്യാപനം.

Tags:    

Similar News