കൊട്ടിഘോഷിച്ച് ആളെ എടുത്തു; ഒടുവില്‍ പ്രശ്നം വന്നപ്പോള്‍ ചട്ടം പറച്ചിലും നോട്ടപ്പിശകെന്ന ന്യായവും; വീടുകളില്‍ സൗരവൈദ്യുതി ഉല്‍പാദിപ്പിച്ച് കെഎസ്ഇബിക്ക് നല്‍കിയവര്‍ പെട്ടു; വാടക കരാറുള്ള കെട്ടിടങ്ങളില്‍ മിച്ച വൈദ്യുതി വിതരണം ചെയ്യാനാവില്ല; വരുമാന നഷ്ടമെന്ന പേരില്‍ വൈക്കം ഡിവിഷനില്‍ നിരവധി പേര്‍ക്ക് നോട്ടീസ്; 'പ്രധാനമന്ത്രി സൂര്യഘര്‍ പദ്ധതി' അട്ടിമറിക്കുന്നെന്ന് ആക്ഷേപം
പ്രധാനമന്ത്രി സൂര്യഘര്‍ പദ്ധതി അട്ടിമറിക്കുന്നെന്ന് ആക്ഷേപം
കോട്ടയം: സൂര്യഘര്‍ പദ്ധതിയില്‍ സൗരവൈദ്യുതി ഉല്‍പാദനം നടത്തി വിതരണം ചെയ്തവര്‍ക്ക് കെ. എസ്. ഇ. ബിയുടെ ഇരുട്ടടി. ഉല്‍പാദനം നടത്തിയ ശേഷം ബാക്കി വരുന്ന വൈദ്യുതി വിതരണം ചെയ്യുന്നവര്‍ക്കാണ് ബോര്‍ഡിന്റെ പുതിയ തീരുമാനം തിരിച്ചടിയാകുന്നത്. കെ. എസ്. ഇ. ബി. വൈക്കം ഡിവിഷനില്‍ നിരവധിയാളുകള്‍ക്ക് നോട്ടീസ് നല്‍കി. വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി സോളാര്‍ സംവിധാനം സ്ഥാപിച്ചവര്‍ ഇതോടെ പ്രതിസന്ധിയിലാകും.
കഴിഞ്ഞ ഏപ്രില്‍ വരെ ഉല്‍പാദിപ്പിച്ച വൈദ്യുതി കഴിഞ്ഞ ഏപ്രില്‍ വരെ കെ. എസ്. ഇ. ബിയ്ക്ക് തിരികെ നല്‍കി ഇവര്‍ വരുമാനം നേടിയിരുന്നു. ഇപ്പോള്‍ ഉല്‍പാദിക്കുന്ന വൈദ്യുതി സ്വന്തം ഉപയോഗം കഴിഞ്ഞ ശേഷം മറ്റൊരാളുടെ കണ്‍സ്യൂമര്‍ നമ്പറിലേയ്ക്ക് നല്‍കാന്‍ കഴിയില്ലെന്നാണ് കെ. എസ്. ഇ. ബി. നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. സ്വന്തം വീടിന് പുറമേ വാടക കരാറില്‍ ഏര്‍പ്പെട്ട കെട്ടിടങ്ങളിലേക്ക് സോളാര്‍ മിച്ച വൈദ്യുതി വിതരണം ചെയ്തവരാണ് പ്രശ്‌നത്തില്‍ പെട്ടത്.
വാടക കരാര്‍ നല്‍കിയിട്ടുള്ളവര്‍ ഓണര്‍ഷിപ്പ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നോട്ടീസിലുള്ളത്. ഇതോടെ വലിയ തോതില്‍ ഊര്‍ജ ഉല്‍പാദനം നടത്തി വാടക കരാര്‍ പ്രകാരമുള്ള കെട്ടിടത്തിലേയ്ക്ക് വിതരണം ചെയ്തവര്‍ക്കാണ് പ്രതിസന്ധി. സൗരവൈദ്യൂതി ഉല്‍പാദനം നടത്തി വാടക കരാര്‍ പ്രകാരമുള്ള കെട്ടിടത്തിലേയ്ക്ക് വിതരണം നടത്തുന്നത് വഴി പദ്ധതി ചിലര്‍ ചൂഷണം ചെയ്യുന്നതായും വൈദ്യുതി ബോര്‍ഡിന്റെ വരുമാനം കാര്യമായി കുറയുന്നതായും ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടിയെന്ന് കെ. എസ്. ഇ. ബി. അധികൃതര്‍ പറയുന്നു.
എന്നാല്‍ സബ്സിഡി ലഭിച്ചിരുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി സൂര്യഘര്‍ പദ്ധതി തന്നെ അട്ടിമറിക്കുന്നതിനുള്ള ഉദ്യോഗസ്ഥ ശ്രമമാണെന്ന് ആരോപിച്ച് ഉപേഭാകതാക്കള്‍ രംഗത്തെത്തി. വൈക്കം ഡിവിഷനില്‍ 47 പേര്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുള്ളതായാണ് വിവരാവകാശ രേഖയില്‍ ലഭിച്ചിരിക്കുന്ന മറുപടി. എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ടോയെന്ന് അറിയില്ലായെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു. വൈക്കം ഡിവിഷനില്‍ മാത്രം നടപടിക്കൊരുങ്ങുന്നതില്‍ ആശങ്കയുണ്ടായതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഉപഭോക്താക്കള്‍. സംസ്ഥാനമൊട്ടാകെ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
2019 ല്‍ നിബന്ധന ഉണ്ടെങ്കിലും 2020 (17)(1) ചട്ട പ്രകാരം വാടക എഗ്രിമെന്റ് പ്രകാരം വിതരണം ചെയ്യുന്നതിന് അനുമതി നല്‍കുന്നില്ലായെന്നത് ചൂണ്ടികാട്ടിയാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 2020 ല്‍ നിലവിലുണ്ടായിരുന്ന ചട്ടം മറച്ചു വച്ചാണ് 2024 ല്‍ പദ്ധതിയ്ക്ക് അനുമതി നല്‍കിയതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഇക്കാര്യം ചോദിച്ച് സമര്‍പ്പിച്ച വിവരാവകാശ അപക്ഷയില്‍ നോട്ടപിശക് ആണെന്ന വിചിത്രമായ മറുപടിയാണ് ലഭിച്ചത്. ഇത് വഞ്ചനയാണെന്നും തങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നുമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നത്.
2024 ല്‍ സര്‍ക്കാര്‍ പദ്ധതി അറിഞ്ഞ് അഞ്ച് ലക്ഷത്തോളം രൂപ മുടക്കി സോളാര്‍ ഘടിപ്പിച്ച് മാസം തോറും 10 കിലോ വാട്സ് വൈദ്യുതി ഉല്‍പാദിപ്പിക്കുകയും എഗ്രിമെന്റ് പ്രകാരമുള്ള കെട്ടിടത്തില്‍ വിതരണം ചെയ്യുകയും ചെയ്ത വൈക്കം സ്വദേശി ബിപിന്‍ ജിയാണ് കെ. എസ്. ഇ. ബിയുടെ നടപടി ചോദ്യം ചെയ്്തു കൊണ്ട് രംഗത്ത് വന്നത്. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി തന്റെ ഉപയോഗം കഴിഞ്ഞ് വിതരണം (വീല്‍) ചെയ്തതോടെ യൂണിറ്റ് നിരക്കില്‍ വീലിങ് ചാര്‍ജ് കെ. എസ്. ഇ. ബി ഈടാക്കുകയും വൈദ്യൂതി ഗാര്‍ഹിക വൈദ്യുതി ബില്ലില്‍ ഗണ്യമായ കുറവ് വരുകയും ചെയ്തു. ബാങ്ക് ലോണ്‍ എടുത്താണ് സൗരവൈദ്യുതി ഉല്‍പാദന സംവിധാനം ഒരുക്കിയത്. എല്ലാ കാര്യങ്ങളും കെ. എസ്. ഇ. ബി. ഉദ്യോഗസ്ഥര്‍ തന്നെ ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡിയും വാങ്ങിയതാണ്. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ വീലിങ് ചാര്‍ജ് വാങ്ങിയിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ പേരില്‍ ഇപ്പോള്‍ നോട്ടീസ് ലഭിച്ചിരിക്കുകയാണ്. കൂടുതല്‍ ആളുകളെ കൊണ്ട് ഇത്തരത്തില്‍ പദ്ധതിയ്ക്ക് പണം മുടക്കി നടപ്പിലാക്കുകയും മാസങ്ങള്‍ക്ക് ശേഷം പുതിയ തീരുമാനവുമായി രംഗത്തു വന്ന നടപടി പുനപരിശോധിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
രാജ്യമൊട്ടാകെ സൗരോര്‍ജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി സൂര്യ ഘര്‍ പദ്ധതി. സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയില്‍ കേരളത്തിന് മൂന്നാം സ്ഥാനം. 2024 ല്‍ പ്രഖ്യാപിച്ച പദ്ധതി 4 മാസം കൊണ്ട് 28 കോടി രൂപ സബ്സിഡി ഇനത്തില്‍ മാത്രം കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.