കോഴിക്കോട് ഹിറ്റായ ആ ഐഎഎസുകാരന്‍ ഇപ്പോള്‍ മമതയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍; അന്‍വറിനെ തൃണമൂലുമായി അടുപ്പിച്ചതിന് പിന്നില്‍ മലയാളി സിവില്‍ സര്‍വ്വീസുകാരനും; രാജ്യസഭാ സീറ്റ് അടക്കം കിട്ടുമെന്ന മോഹം നിലമ്പൂരിലെ നേതാവിന് വന്നത് ബംഗാളിലെ ഉദ്യോഗസ്ഥ കരുത്തന്റെ ഉറപ്പില്‍; അന്‍വര്‍ ബംഗാളിലെ രാജകുമാരന്‍ ആകുമോ?

Update: 2025-01-13 04:30 GMT

കോഴിക്കോട്: പിവി അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിച്ചതിന് പിന്നില്‍ ഐഎഎസ് ഇടപെടലും. ബംഗാള്‍ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായ മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥനും അന്‍വറിനെ തൃണമൂലിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ കളക്ടറായിരുന്ന ഈ ഉദ്യോഗസ്ഥനും അന്‍വര്‍ എത്തിയാല്‍ കേരളത്തില്‍ തൃണമൂലിന് വേരോട്ടമുണ്ടാകുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതയെ അറിയിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അന്‍വറിനെ തൃണമൂലുമായി സഹകരിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിയത്. ബംഗാളില്‍ അതിനിര്‍ണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് ഈ ഐഎഎസുകാരന്‍. മമതയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന വിലയിരുത്തലും ഇദ്ദേഹത്തിനുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും മുന്നേ സമാജ്‌വാദി പാര്‍ട്ടിയുമായി (എസ്പി) നടത്തിയ ചര്‍ച്ചയില്‍ പി.വി. അന്‍വര്‍ എംഎല്‍എ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശില്‍നിന്നും തന്നെ രാജ്യസഭയിലേക്ക് എത്തിക്കണമെന്നായിരുന്നു അന്‍വറിന്റെ ആവശ്യം. ജെഡിഎസില്‍ നിന്നും അടുത്തിടെ എസ്പിയിലേക്ക് എത്തിയ മലയാളി നേതാവുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അന്‍വര്‍ രാജ്യസഭയിലേക്കുള്ള തന്റെ താല്‍പര്യം അറിയിച്ചത്. പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷമേ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്നായിരുന്നു മറുപടി. അന്‍വറിന്റെ കാര്യം ജനുവരി 20ന് ചര്‍ച്ച ചെയ്യാമെന്നായിരുന്നു അഖിലേഷ് യാദവ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനു മുന്നേ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തുകയായിരുന്നു. എംഎല്‍എ എന്നതില്‍ ഉപരി വ്യവസായി കൂടിയാണ് അന്‍വര്‍. ബംഗാളില്‍ അന്‍വറിന് വ്യവസായം നടത്താനും ഇനി സൗകര്യമുണ്ടാകും.

അന്‍വറിനു തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി വിവരമുണ്ട്. ഇക്കാര്യം തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ ഓഫിസ് കേരളത്തിലെ നേതാക്കളെ അറിയിച്ചു. അന്‍വര്‍ മുന്നോട്ടുവച്ച ഉപാധിയാണോ രാജ്യസഭാ സീറ്റ് എന്ന ചോദ്യത്തോടു പ്രതികരിക്കാന്‍ നേതാക്കള്‍ തയാറായില്ല. ഔദ്യോഗികമായി കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ലെന്നും പരിമിതികളുണ്ടെന്നും ആയിരുന്നു മറുപടി. ബംഗാളില്‍ ആകെയുള്ള 16 രാജ്യസഭാ സീറ്റുകളില്‍ 5 എണ്ണത്തില്‍ 2026 ഏപ്രിലില്‍ ഒഴിവുവരും. നിലവില്‍ 12 സീറ്റുകള്‍ തൃണമൂലിന്റെ കൈവശമാണുള്ളത്. അന്‍വറിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പുതിയ കമ്മിറ്റി നിലവില്‍ വരുമെന്നും ദേശീയ നേതൃത്വം അറിയിച്ചു. ഇതിനെല്ലാം പിന്നില്‍ ഐഎഎസുകാരന്റെ പ്രത്യേക താല്‍പ്പര്യമുണ്ട്. അതുകൊണ്ട് മാത്രമാണ് രാജ്യസഭാ സീറ്റ് അടക്കം അന്‍വറിന് കിട്ടാന്‍ കാരണം.

പാര്‍ട്ടിയില്‍ ചേരാനുള്ള ചര്‍ച്ചകള്‍ക്കിടെ അന്‍വര്‍ മുന്നോട്ടുവച്ച ഉപാധിയായിരുന്നു രാജ്യസഭാ സീറ്റ്. കേരളത്തില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കാമെന്നും പകരമായി തനിക്കു രാജ്യസഭാ സീറ്റ് നല്‍കണമെന്നുമാണ് അന്‍വര്‍ പറഞ്ഞത്. എംഎല്‍എ സ്ഥാനം രാജിവച്ച് അന്‍വറിനോട് ഒറ്റയ്ക്കു മത്സരിക്കാനാണു തൃണമൂല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തോറ്റാല്‍ കൈവിടില്ലെന്നും ഉറപ്പുനല്‍കി. വിജയിച്ചാല്‍ തൃണമൂല്‍ എംഎല്‍എയായി നിയമസഭയില്‍ തുടരാം. അല്ലെങ്കില്‍ രാജ്യസഭയിലേക്കു വിടാമെന്നാണു അന്‍വറിന്റെ ഉപാധിയോടുള്ള നിലപാട്. ഇന്ത്യ മുന്നണിക്കുള്ളില്‍ ഇടഞ്ഞുനില്‍ക്കുന്ന തൃണമൂലിനെ ഘടകക്ഷിയാക്കുന്നതില്‍ യുഡിഎഫില്‍ എതിര്‍പ്പുണ്ട്. എന്നാല്‍ അന്‍വര്‍ രാജിവച്ച് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമുണ്ടായാല്‍ യുഡിഎഫ് പിന്തുണയ്ക്കാനും സാധ്യതയുണ്ട്. ഇതിനൊപ്പം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ സീറ്റ് കോണ്‍ഗ്രസിന് അന്‍വര്‍ കൈമാറിയേക്കും. ്അങ്ങനെ എങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റൊരു സീറ്റില്‍ അന്‍വര്‍ യുഡിഎഫിനായി മത്സരിക്കും.

ഇപ്പോള്‍ യുഡിഎഫിലുള്ള ഒരു കക്ഷി നേതാവ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പേ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ ഘടകവുമായി ചര്‍ച്ച നടത്തിയിരുന്നു. അന്‍വറിനു സമാനമായി സംസ്ഥാനത്തു പാര്‍ട്ടി കെട്ടിപ്പടുക്കാനായിരുന്നു നീക്കം. എന്നാല്‍ ഒറ്റയ്ക്കു നില്‍ക്കണമെന്നും ഒരു മുന്നണിയുടെയും ഭാഗമാകരുതെന്നും ആയിരുന്നു തൃണമൂല്‍ നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇതോടെയാണു തൃണമൂല്‍ മോഹം ഉപേക്ഷിച്ച് ഈ നേതാവ് സ്വന്തം പാര്‍ട്ടി രൂപീകരിച്ചു യുഡിഎഫില്‍ ചേര്‍ന്നതെന്നാണ് സൂചന.

Tags:    

Similar News