രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ഓഡിയോയുടെ ആധികാരികത ഉറപ്പിച്ച് പോലീസ്; ആ യുവതിയെ പോലീസിന് പിടികിട്ടി; മൊഴി നല്‍കിയാല്‍ ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കും; ഗര്‍ഭഛിദ്ര സമ്മര്‍ദ്ദ കുറ്റം ചുമത്താന്‍ ആ ഓഡിയോയില്‍ ശാസ്ത്രീയ പരിശോധന അനിവാര്യം; പാലക്കാട്ടെ എംഎല്‍എയെ അകത്താക്കാന്‍ സാധ്യത ഏറെ

Update: 2025-08-22 05:51 GMT

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ഓഡിയോയുടെ ആധികാരികത പോലീസ് ഉറപ്പിച്ചു. ആ എഡിറ്റ് ചെയ്ത ഓഡിയോയുടെ ഉടമയായ യുവതിയെ പോലീസ് ബന്ധപ്പെടും. മൊഴി എടുക്കാനും ശ്രമിക്കും. അതിനിടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദംചെലുത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാനാകുമോ എന്നതില്‍ നിയമോപദേശം പോലീസ് തേടുകയും ചെയ്തിരുന്നു. രാഹുലിനെതിരെ നിരവധി സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തു വന്നു. അതെല്ലാം പോലീസ് ശേഖരിച്ചു. അത് പുറത്തു വിട്ട മാധ്യമ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇരകളെ കണ്ടെത്തിയത്. ആരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ പാലക്കാട്ടെ ട്രാന്‍സ് വുമണ്‍ പരാതി നല്‍കുമെന്നാണ് സൂചന. അങ്ങനെ എങ്കില്‍ മാങ്കൂട്ടത്തിലിനെതിരെ കേസു വരും. ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയ യുവതിയുടെ പരാതി കിട്ടിയാല്‍ ബലാത്സംഗ കുറ്റവും ചുമത്തും. പരാതി വന്നില്ലെങ്കില്‍ ഇതിന് കഴിയുകയുമില്ലെന്ന് പോലീസ് തിരിച്ചറിയുന്നുണ്ട്. എന്നാല്‍ ഗര്‍ഭിച്ഛിദ്രത്തില്‍ കാര്യം അങ്ങനെ ആകില്ല. നിയമ പ്രകാരം ഗര്‍ഭച്ഛിദ്രത്തില്‍ ചില പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഓഡിയോ സത്യസന്ധമാണെങ്കില്‍ കേസെടുക്കാം.

ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദംചെലുത്തിയത് ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതിനല്‍കിയിരുന്നത്. എന്നാല്‍ പരാതിയില്‍ അവ്യക്തതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയെന്ന് പറയുന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി. ഈ ശബ്ദ സന്ദേശം രാഹുല്‍ മാങ്കൂട്ടത്തിലിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കേണ്ടി വരും. കൂടാതെ മറുവശത്തുള്ള ആളെ സംബന്ധിച്ചും വ്യക്തവരേണ്ടതുണ്ട്. ഇതേത്തുടര്‍ന്നാണ് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയില്‍ പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്. പരാതിയില്‍ പറയുന്ന യുവതി ആരെന്നോ എപ്പോള്‍, എവിടെവെച്ച് നടന്നുവെന്നോ തുടങ്ങിയ കാര്യങ്ങള്‍ പറയുന്നില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ യുവതിയെ പോലീസ് പിന്നീട് തിരിച്ചറിഞ്ഞിട്ടുണ്ട്. അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യന്‍ ബാലാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.

നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടെന്ന നിലപാടും പോലീസിലുണ്ട്. രാഹുലിനെതിരേ മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതി. അതിനപ്പുറം തെളിവുകള്‍ പരാതിക്കാരന്‍ ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ കേസെടുത്താല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്നാണ് ചിലര്‍ പറയുന്നു. കൂടുതല്‍ തെളിവുകള്‍ പരാതിക്കാരന്‍ നല്‍കുകയോ പുറത്തുവന്ന ശബ്ദ സംഭാഷണത്തിലെ ഇര പരാതിയുമായി സമീപിക്കുകയോ ചെയ്താല്‍ മാത്രം തുടര്‍നടപടി മതിയെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഈ സാഹചര്ത്തിലാണ് യുവതിയെ തിരിച്ചറിഞ്ഞത്. വിഷയത്തില്‍ രാഹുലിനെതിരേ യുവതി ഇനിയും പരാതി നല്‍കിയിട്ടില്ല. യുവതിയുടെ പരാതി കിട്ടിയാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ കേസെടുക്കും. അറസ്റ്റിനും സാധ്യത ഏറെയാണ്.

എംഎല്‍എ സ്ഥാനം കൂടി രാജിവയ്ക്കാന്‍ എല്‍ഡിഎഫില്‍നിന്നും ബിജെപിയില്‍നിന്നും രാഷ്ട്രീയ സമ്മര്‍ദമുണ്ടെങ്കിലും കോണ്‍ഗ്രസിലും മറ്റു പാര്‍ട്ടികളിലും അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നു കണ്ടാണു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനം നിലനിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇപ്പോള്‍ നിയമസഭയിലുള്ള എല്‍ദോസ് കുന്നപ്പള്ളി, എം.വിന്‍സന്റ് എന്നിവരുടെ കാര്യത്തിലെടുത്ത സമീപനം തന്നെ രാഹുലിനോടും സ്വീകരിച്ചാല്‍ മതിയെന്നു ധാരണയായി. ഇവര്‍ക്കു രണ്ടുപേര്‍ക്കുമെതിരെ കേസും കുറ്റപത്രവുമുണ്ടെങ്കില്‍ രാഹുലിനെതിരെയുള്ളത് ആരോപണം മാത്രമാണെന്നതും കണക്കിലെടുത്തു. എംഎല്‍എ സ്ഥാനം ഒഴിയണമെന്ന അഭിപ്രായം രാഹുല്‍ വിഷയം നേതൃത്വവുമായി ചര്‍ച്ച ചെയ്ത നേതാക്കളാരും ഉന്നയിച്ചില്ല

എം.വിന്‍സന്റിനെതിരെയുള്ള ലൈംഗികാതിക്രമക്കേസില്‍ അദ്ദേഹം ജയിലില്‍ കിടന്നിരുന്നു. കുറ്റപത്രം നല്‍കിയ കേസ് വിചാരണയിലേക്കു കടക്കാനിരിക്കുകയാണ്. ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകശ്രമം എന്നിവയ്ക്കുള്ള കേസില്‍ എല്‍ദോസ് മുന്‍കൂര്‍ ജാമ്യത്തിലാണ്. കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. രണ്ടുപേരെയും അല്‍പകാലം പാര്‍ട്ടി പരിപാടികളില്‍നിന്നു മാറ്റി നിര്‍ത്തിയെന്നതല്ലാതെ മറ്റു നടപടികളൊന്നുമുണ്ടായിട്ടില്ല. എംഎല്‍എ സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി നിര്‍ദേശിച്ചുമില്ല.

സിപിഎമ്മിന്റെ എം.മുകേഷ് എംഎല്‍എക്കെതിരെ നടിയുടെ വെളിപ്പെടുത്തലില്‍ ലൈംഗികാതിക്രമത്തിനും വഞ്ചനയ്ക്കും കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്നും കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയാല്‍ രാജിക്കാര്യം ആലോചിക്കാമെന്നുമായിരുന്നു സിപിഎമ്മിന്റെ നിലപാട്. ദുരനുഭവമുണ്ടായെന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയപ്പോള്‍ അതില്‍ ഉള്‍പ്പെട്ട കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എക്കും സിപിഎം ഈ ആനുകൂല്യം നല്‍കി. ഈ സാഹചര്യത്തിലാണ് രാഹുല്‍ എംഎല്‍എ പദവി രാജിവയ്ക്കാത്തത്.

Tags:    

Similar News