രാജേഷ് കൃഷ്ണയെ മധുരയില്‍ നിന്നും 'നാടു കടത്തിയത്' സാക്ഷാല്‍ പിണറായി തന്നെ; അന്‍വറിന്റെ അടുത്ത സുഹൃത്തിനെതിരെ പിണറായിയുടെ മനസ്സ് അറിഞ്ഞ് ഇപിയും ബേബിയും ഒരുമിച്ചു; ഗോവിന്ദന്റെ കേന്ദ്രകമ്മറ്റിയിലെ നിശബ്ദയ്ക്ക് കാരണവും മുഖ്യമന്ത്രിയുടെ 'പക' അറിഞ്ഞ്; ആ വരവിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം വന്നേക്കും; ഇനി സിപിഎമ്മില്‍ ആരും 'ലണ്ടന്‍ ബ്രിഡ്ജിന്' കൈകൊടുക്കില്ല
മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍നിന്ന് മലയാളിയായ വിദേശപ്രതിനിധിയെ മടക്കി അയച്ചതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പ്പര്യവും. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി യുകെയില്‍നിന്ന് എത്തിയ രാജേഷ് കൃഷ്ണയെയാണു മടക്കിയയച്ചത്. മുഖ്യമന്ത്രി അറിയാതെയാണ് ഇയാള്‍ സമ്മേളന പ്രതിനിധിയായത്. പി.വി.അന്‍വറുമായുള്ള രാജേഷിന്റെ അടുപ്പവും സാമ്പത്തിക പരാതികളും ഏറെ വിവാദമായിരുന്നു. സിനിമാ നിര്‍മാതാവ് കൂടിയായ രാജേഷ് കൃഷ്ണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയിരുന്നു. പത്തനംതിട്ട സ്വദേശിയായ രാജേഷ് കൃഷ്ണ ബ്രിട്ടനിലെ സിപിഎം സംഘടനയായ എഐസിയെ പ്രതിനിധീകരിച്ചാണു പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിയത്. പത്തനംതിട്ടയിലെ മുന്‍ എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയായ രാജേഷ് ബ്രിട്ടനില്‍ സ്ഥിര താമസക്കാരനാണ്. എങ്ങനെയാണ് രാജേഷ് സമ്മേളന പ്രതിനിധി ആയതെന്നത് അടക്കം സിപിഎം പരിശോധിക്കും. സിപിഎം നേതാക്കള്‍ ലണ്ടനിലെത്തിയാല്‍ എല്ലാം ഒരുക്കുന്നത് രാജേഷാണ്. ഇനി ആ സൗഹൃദം പാടില്ലെന്ന് പാര്‍ട്ടി സഖാക്കള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശമായി മാറുകയാണ് മധുരയില്‍ നിന്നുള്ള തിരിച്ചയയ്ക്കല്‍.
കേന്ദ്ര കമ്മറ്റിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ മടക്കി അയയ്ക്കാന്‍ സംഘടനാ ചുമതലയുള്ള എം.എ.ബേബി നിര്‍ദേശിച്ചതെന്നാണു വിവരം. രാജേഷിനെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കല്ലെന്ന് ഇ.പി.ജയരാജന്‍ നിലപാടെടുത്തെന്നും അത് എം.എ.ബേബി നടപ്പിലാക്കിയെന്നുമാണു വിവരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി അടുത്ത ബന്ധമുള്ള ആളാണ് രാജേഷ് കൃഷ്ണ. മുഖ്യമന്ത്രി പിണറായിയും രാജേഷ് കൃഷ്ണയുടെ കാര്യത്തില്‍ ഉറച്ച നിലപാട് എടുത്തു. ഈ സാഹചര്യത്തിലാണ് അതിവേഗ തീരുമാനങ്ങളുണ്ടായത്. സിനിമ സംവിധായികയെ സാമ്പത്തികമായി കബളിപ്പിച്ചു എന്നുകാട്ടി സംവിധായികയുടെ ഭര്‍ത്താവ് രാജേഷിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. ഇത് ഉള്‍പ്പെടെ രാജേഷിനെതിരായ പരാതികള്‍ കേന്ദ്ര കമ്മിറ്റിക്ക് മുന്‍പിലെത്തിയിരുന്നു. ചൊവ്വാഴ്ച നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണ് രാജേഷിനെ തിരിച്ചയയ്ക്കാന്‍ തീരുമാനമുണ്ടായത്. തുടര്‍ന്നാണ് പ്രതിനിധി സമ്മേളനത്തില്‍നിന്ന് ഇയാളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. അതിനിടെ പോളിറ്റ് ബ്യൂറോ ആണ് തീരുമാനം എടുത്തതെന്ന വ്യാഖ്യാനം എളമരം കരിം നല്‍കുകയും ചെയ്തു. അവതാരമെന്ന തിരിച്ചറിവ് ഇയാളെ കുറിച്ച് മുഖ്യമന്ത്രിക്ക് അടക്കം ഉണ്ടായി കഴിഞ്ഞുവെന്നാണ് സൂചന. ഒരു മന്ത്രിയെ ഇത്തവണ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കുക പോലും ചെയ്യാത്തതും രാജേഷ് കൃഷ്ണുമായുള്ള ബന്ധം കണക്കിലെടുത്താണെന്നും വിലയിരുത്തലുണ്ട്.
സിനിമ നിര്‍മാതാവ് കൂടിയായ രാജേഷ് കൃഷ്ണയ്ക്കെതിരെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് പരാതി ലഭിച്ചതായി സൂചനയുണ്ട്. മമ്മൂട്ടി നായകനായ 'പുഴു' എന്ന ചിത്രത്തിന്റെ നിര്‍മാണത്തില്‍ രാജേഷ് പങ്കാളിയായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക പരാതികള്‍ ചിത്രത്തിന്റെ സംവിധായികയുടെ മുന്‍ ഭര്‍ത്താവ് ഉന്നയിച്ചിരുന്നു. ഇതോടെയാണ് തിരിച്ചയക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. കഴിഞ്ഞദിവസം മധുരയില്‍ എത്തിയ രാജേഷ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സജീവമായിരുന്നു. ചൊവ്വാഴ്ച നടന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ രാജേഷിനെതിരായ സാമ്പത്തിക ആരോപണങ്ങളും പാര്‍ട്ടിക്കെതിരായ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയായി. തുടര്‍ന്നാണ് പ്രതിനിധി സമ്മേളനത്തില്‍നിന്ന് ഇയാളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഷര്‍ഷാദിന്റെ പോരാട്ടമാണ് വിജയം കണ്ടത്. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിനിടെ അടികൊണ്ടു മടങ്ങിയ മുഹമ്മദ് ഷര്‍ഷാദ്. രാജേഷ് കൃഷ്ണയ്ക്കെതിരെ പിന്നീട് നടത്തിയ സമാനതകളില്ലാത്ത നിയമ പോരാട്ടമാണ്. ബിനാമി പണത്തിന്റെ വഴിയേ ഇഡിയുടേയും ആദായ നികുതി വകുപ്പിന്റെയും കണ്ണുകളെത്തിച്ചു. ഇതിനിടെയാണ് മധുരയിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിനിമയുടെ മറവില്‍ സിപിഎമ്മിലെ പല പ്രമുഖരുടേയും സുഹൃത്തായി കൂടെ കൂടിയ രാജേഷ് കൃഷ്ണ സമ്മേളന പ്രതിനിധിയായി എത്തുന്നത് ഷര്‍ഷാദ് അറിഞ്ഞത്. ഇതോടെ ഇതിന്റെ വസ്തുകള്‍ തേടി യാത്രയായി. എംഎ ബേബിയില്‍ തുടങ്ങി പലരുമായും ബന്ധപ്പെട്ടു. ഒടുവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവ്ളെ എല്ലാം കേട്ടു. മധുരയില്‍ എത്തിയ ഉടന്‍ ധാവ്ളെ ഷര്‍ഷാദിന്റെ പരാതി ഗൗരവത്തില്‍ അവതരിപ്പിച്ചു. അങ്ങനെ സിപിഎം രാജേഷ് കൃഷ്ണയെ പുറത്താക്കി. ഭാവിയില്‍ സിപിഎം കേന്ദ്ര കമ്മറ്റിയും കേരളത്തില്‍ നിയമസഭാ സീറ്റില്‍ മത്സരിക്കുക തുടങ്ങിയ രാജേഷ് കൃഷ്ണയുടെ സ്വപ്നങ്ങളാണ് തകര്‍ന്ന് വീഴുന്നത്. കണ്ണൂരില്‍ തന്നെ തല്ലിയവനോട് മധുര പ്രതികാരം വീട്ടുകായണ് ഷര്‍ഷാദ്.
ആദ്യമായാണ് പ്രവാസിയായ ഒരാളെ വിദേശ പ്രതിനിധിയായി പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ രാജേഷ് കൃഷ്ണയുടെ ചില ബിസിനസ് ബന്ധങ്ങളും പരാതികളും ചൂണ്ടികാട്ടിയാണ് അവസാന നിമിഷം പ്രതിനിധി സ്ഥാനത്തു നിന്നും ഒഴിവാക്കിയത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മധുരയില്‍ എത്തിയ രാജേഷ് കൃഷ്ണയോട് സമ്മേളന വേദി വിടാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിപിഎം നേതാക്കളുമായി ഇപ്പോഴും അടുത്ത ബന്ധമാണ് രാജേഷ് കൃഷ്ണക്കുള്ളത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്റെ അടുത്തു കൂട്ടുകാരനാണ് എന്ന പ്രചരണവും രാജേഷ് കൃഷ്ണക്കെതിരെ പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാവു കൂടിയാണ് രജേഷ് കൃഷ്ണ. ചിത്രത്തിന്റെ സംവിധായികയായ പിടി രതീനയുടെ ഭര്‍ത്താവാണ് ഷര്‍ഷാദ്. ഈ സിനിമയ്ക്ക് ശേഷമാണ് രാജേഷ് കൃഷ്ണയുടെ യഥാര്‍ത്ഥ മുഖം ഷര്‍ഷാദ് അറിയുന്നത്. അന്ന് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. പക്ഷേ എല്ലാവരും രാജേഷ് കൃഷ്ണയ്ക്കൊപ്പമാണ് നിന്നത്. പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബിയാണ് അന്നും ഷര്‍ഷാദിന് മാനസിക പിന്തുണ നല്‍കിയത്. അതുകൊണ്ട് തന്നെ രാജേഷ് കൃഷ്ണ സമ്മേളന പ്രതിനിധിയായത് ബേബിയെയാണ് ആദ്യം അറിയിച്ചത്. പക്ഷേ യുകെയിലെ സമ്മേളനത്തിന് പോയത് ധാവ്ളെയാണെന്നും തനിക്ക് ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും ബേബി മറുപടി നല്‍കി. പിന്നീട് കരുതലോടെ നിങ്ങിയാണ് രാജേഷ് കൃഷ്ണയുടെ യഥാര്‍ത്ഥ മുഖം സിപിഎം കേന്ദ്ര നേതൃത്വത്തെ ഷര്‍ഷാദ് ബോധ്യപ്പെടുത്തിയത്.
ബേബിയില്‍ നിന്നും യുകെയിലെ സമ്മേളനം നടത്തിയ നേതാവിനെ തിരിച്ചറിഞ്ഞതോടെ തമിഴ്നാട്ടിലെ സിപിഎം നേതാക്കളെ ബന്ധപ്പെട്ടു ഷര്‍ഷാദ്. കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈ അപ്പോളയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നപ്പോള്‍ അവിടെ എന്തിനും ഏതിനും നിന്ന തമിഴ്നാട്ടിലെ രണ്ടു ജില്ലാ സെക്രട്ടറിമാരെയാണ് ഷര്‍ഷാദ് ആദ്യം ബന്ധപ്പെട്ടത്. കോടിയേരി ചികില്‍സയ്ക്ക് കിടന്നപ്പോള്‍ ഉണ്ടായ പരിചയമായിരുന്നു അത്. ഈ നേതാക്കളില്‍ നിന്നും തമിഴ്നാട് സംസ്ഥാന ഘടകത്തിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടു വന്നു. അവരും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന മറുപടിയാണ് നല്‍കിയത്. പിന്നീട് അവരിലൂടെ ധാവ്ളയെ ബന്ധപ്പെട്ടു. ധാവ്ളയെ എല്ലാം പറഞ്ഞു ബോധ്യപ്പെടുത്തി. ഹര്‍കിഷന്‍ സിംഗ് സുര്‍ജിന്റെ അടുത്ത ബന്ധുവിന്റെ അടുപ്പക്കാരനായാണ് യുകെ പ്രതിനിധിയെന്ന നിലയിലെ രാജേഷ് കൃഷ്ണയുടെ വരവെന്ന് ഇതോടെ ഷര്‍ഷാദിന് മനസ്സിലായി. ധാവ്ളെയെ കാര്യങ്ങളെല്ലാം പറഞ്ഞു ബോധ്യപ്പെടുത്തിയെങ്കിലും തെളിവുകളാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഹൈക്കോടതിയില്‍ നല്‍കിയ റിട്ടും അതിലേക്ക് ഇഡി അന്വേഷണം നീണ്ടതിനുമൊപ്പം കൈയ്യിലുള്ള എല്ലാ തെളിവും ധാവ്ളയ്ക്ക് കൈമാറി. ആലുവയിലെ കേസില്‍ ഖത്തര്‍ വ്യവസായിയെ രക്ഷിച്ചെടുത്ത ഇടനില അടക്കം എല്ലാം സിപിഎം പോളിറ്റ് ബ്യൂറോ അംഗം തിരിച്ചറിഞ്ഞു. ഇതിനൊപ്പം സെക്യൂരിറ്റ് സ്ഥാപന നടത്തിപ്പ് തട്ടിപ്പും തമിഴ്നാട്ടിലെ സ്ഥാപനം അടച്ചു പൂട്ടലും തെളിവായി എത്തി. എല്ലാം മനസ്സിലാക്കി ധാവ്ളെ ഞെട്ടിത്തരിച്ചു. വേണ്ടത് ചെയ്യാമെന്ന് ഷര്‍ഷാദിന് ഉറപ്പും നല്‍കി.
പാര്‍ട്ടി കോണ്‍ഗ്രസിന് തലേദിവസം മധുരയില്‍ എത്തിയ ധാവ്ളെയുടെ ആവശ്യ പ്രകാരം അടിയന്തര കേന്ദ്ര കമ്മറ്റി ചേര്‍ന്നു. ഈ വിഷയം ധാവ്ള തന്നെ ഉയര്‍ത്തി. ഇതിനെ എംഎ ബേബി എല്ലാ അര്‍ത്ഥത്തിലും പിന്തുണച്ചു. തനിക്ക് ഇതെല്ലാം നേരത്തെ അറിയാമെന്നും ബേബി പറഞ്ഞു. ഇപി ജയരാജനും ഇത്തരം രീതികളെ വിമര്‍ശിച്ചു. എംവി ഗോവിന്ദന്‍ ഇതോടെ നിശബ്ദനായി. പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും പ്രവാസിയെ പുറത്താക്കാനും തീരുമാനിച്ചു. എഐസിയുടെ ദേശിയ സെക്രട്ടറി ബ്രിട്ടണില്‍ നിന്നുള്ള ഹര്‍സേവ് ബെയിന്‍സിനൊപ്പമാണ് പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണ യുകെ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. 1967 ല്‍ രൂപീകൃതമായ എഐസി, ബ്രിട്ടണിലും അയര്‍ലന്‍ഡിലും സിപിഐഎമ്മിന്റെ വിദേശ വിഭാഗമാണ്. മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ അടുത്ത ബന്ധുവാണ് ഹര്‍സേവ്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ലണ്ടനിലെ ഹീത്രൂവില്‍ ബ്രിട്ടണ്‍, അയര്‍ലണ്ട് സമ്മേളനവും നടന്നിരുന്നു. ഈ സമ്മേളനത്തില്‍ ധാവ്ളെയാണ് പങ്കെടുത്തതത്. രാജേഷിനെ പാര്‍ട്ടി സമ്മേളന പ്രതിനിധിയാക്കുന്നത് തെറ്റായ സന്ദേശം നല്‍കുന്ന നീക്കമാണെന്നും ആരോപണ വിധേയനായ വ്യക്തിയാണെന്നും ചൂണ്ടികാട്ടിയാണ് ഇപി പക്ഷം കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയത്. വിവാദങ്ങള്‍ വേണ്ട എന്ന ധാരണയിലാണ് രാജേഷ് കൃഷ്ണയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഷര്‍ഷാദിന്റെ പോരാട്ടം ജയിക്കുകയാണ്.
2024 മേയില്‍ രാജേഷ് കൃഷ്ണയ്ക്കെതിരെ തുറന്ന അഭിപ്രായ പ്രകടനം ഷര്‍ഷാദ് മറുനാടനിലൂടെ നടത്തിയിരുന്നു. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും ഹവാലപ്പണവുമായി കടന്നുവരുന്ന ദല്ലാളന്മാരെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുകയാണ്, പുഴു എന്ന മമ്മൂട്ടി സിനിമയുടെ സംവിധായിക രത്തീനയുടെ ഭര്‍ത്താവും, ചെന്നൈ വ്യവസായിയുമായ മുഹമ്മദ് ഷര്‍ഷാദ്. കണ്ണൂര്‍ ന്യൂമാഹി സ്വദേശിയായ ഈ സിപിഎം സഹയാത്രികന്‍, പാര്‍ട്ടിയില്‍ എങ്ങനെയാണ് യുകെയിലെ വിവാദ നായകന്‍ രാജേഷ് കൃഷ്ണയെപ്പോലുള്ള ദല്ലാളുകള്‍ പിടിമുറുക്കിയത് എന്നതിന്റെ വിശീദകരണമാണ്, മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുമായുള്ള അഭിമുഖത്തില്‍ നല്‍കിയത്. പല സിപിഎം നേതാക്കളെയും രാജേഷ് കൃഷ്ണ ട്രാപ്പിലാക്കിയെന്ന് ഷര്‍ഷാദ് പറയുന്നു. കോടിയേരിയുള്ള സമയത്ത് ഒതുങ്ങിയ ഇയാള്‍, ഇപ്പോള്‍, എം വി ഗോവിന്ദന്റ മകന്റെ ബന്ധം വെച്ച് പാര്‍ട്ടിയില്‍ തിരിച്ചുവന്നിരിക്കയാണ്. സിപിഎം നേതാവ് തോമസ് ഐസക്ക് രാജേഷ് കൃഷ്ണയുടെ വലംകൈയാണെന്നും ഷര്‍ഷാദ് പറയുന്നു. പി ശശിയും, പി കെ ബിജുവും, എം ബി രാജേഷും, ശ്രീരാമകൃഷ്ണനുമൊക്കെയുള്ള നേതാക്കള്‍ രാജേഷിന്റെ ട്രാപ്പിലാണ്. എന്തിന് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി പോലും രാജേഷിന്റെ സ്വാധീനത്തിലാണോ എന്ന സംശയവും, അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. കണ്ണൂരില്‍ നടന്ന പാര്‍ട്ടികോണ്‍ഗ്രസ് വേദിക്കരികില്‍ വെച്ച് രാജേഷ് കൃഷ്ണ തന്നെ ആക്രമിച്ചിട്ടും, പൊലീസ് ഒരു എഫ്ഐആര്‍ ഇട്ടിട്ടുപോലുമില്ലെന്ന് ഷര്‍ഷാദ് ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിന്റെ സര്‍വാധിപത്യകാലത്ത് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നതിന്റെ നേര്‍ ചിത്രമാണ് ഷര്‍ഷാദിന്റെ ജീവിതം. ഷാജന്‍ സ്‌കറിയയുമായി ഷര്‍ഷാദ് നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത് രാജേഷ് കൃഷ്ണയുടെ ചതിയായിരുന്നു.
വിവാദ ഇടപാടുകാരനായ യുകെ മലയാളി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിയതില്‍ കേരളത്തിലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. രാജേഷ് കൃഷ്ണ സമ്മേളന പ്രതിനിധിയായി എത്താന്‍ ഇടയായ സാഹചര്യം സമ്മേളനം കഴിഞ്ഞാലും പാര്‍ട്ടിയില്‍ വിവാദമായി ഉയരും. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെടാനും സാധ്യതയുണ്ട്. കേരളത്തിലെ ചില ഉന്നത നേതാക്കളുമായി അടുപ്പമുള്ള രാജേഷിന്റെ വിവാദ ഇടപാടുകള്‍ ചൂണ്ടികാട്ടി പരാതി എത്തിയതോടെയാണ് അസാധാരണ പുറത്താക്കല്‍.