യുഡിഎഫ് അധികാരം പിടിക്കും എന്ന സൂചന പുറത്തു വന്നപ്പോള്‍ തന്നെ റിയല്‍ എസ്റ്റേറ്റ് രംഗം ഉഷാര്‍; കേരളത്തില്‍ ആര്‍ക്കും വീടും ഭൂമിയും വേണ്ടെന്ന പ്രചാരം യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മാറുമെന്ന സൂചന നല്‍കുന്നത് സോഷ്യല്‍ മീഡിയ; യുകെ മലയാളികളെ തേടി കേരളത്തില്‍ നിന്നും എത്തിയ പരസ്യത്തിന് വ്യാപക ജനശ്രദ്ധ; വീടും ഭൂമിയും വില്‍ക്കാന്‍ തയ്യാറെന്ന് അനേകം യുകെ മലയാളികള്‍

വീടും ഭൂമിയും വില്‍ക്കാന്‍ തയ്യാറെന്ന് അനേകം യുകെ മലയാളികള്‍

Update: 2026-01-05 04:58 GMT

ലണ്ടന്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടിയ യുഡിഎഫ് നാലു മാസത്തിനകം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ചേക്കും എന്ന പ്രതീക്ഷ സജീവമായതോടെ തകര്‍ന്നു കിടന്ന റിയല്‍ എസ്റ്റേറ്റ് രംഗത്തിനു ജീവന്‍ വയ്ക്കുകയാണോ? കേരളത്തില്‍ ഇനിയാര്‍ക്കും ഭൂമിയും വീടും വാങ്ങാന്‍ താല്‍പര്യം ഉണ്ടാകില്ല എന്ന പ്രചാരണം ഏതാനും വര്‍ഷമായി സജീവവുമാണ്. പൊന്നുംവിലയുള്ള ഭൂമി പോലും എടുക്കാച്ചരക്കായി മാറിയ കേരളത്തില്‍ പത്തു വര്ഷം മുമ്പുണ്ടായിരുന്ന ഭൂമി വിലയുടെ മൂന്നില്‍ ഒന്ന് പോലും ഇപ്പോള്‍ കിട്ടുന്നില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.

ഇതിന് ഏറ്റവും വലിയ തെളിവ് ഭൂമി ആധാരം ചെയ്യുന്നതില്‍ ഉണ്ടായ വന്‍ ഇടിവ് തന്നെയാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഭൂമി വില്‍പന രജിസ്‌ട്രേഷനില്‍ 42 ശതമാനം വീഴ്ചയുണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. എക്കാലവും ഇടതു ഭരണം ഉണ്ടാകുമ്പോള്‍ റിയല്‍ എസ്റ്റേറ്റ് രംഗം തളരുന്നത് കേരളത്തില്‍ സ്വാഭാവിക കാഴ്ച ആണെങ്കിലും തുടര്‍ ഭരണം ഉണ്ടായ സാഹചര്യത്തിലാണ് ഭീമമായ വീഴ്ച ഉണ്ടായതെന്ന് വിലയിരുത്തപ്പെടുന്നു.

ഭരണമാറ്റം ഉണ്ടാകും എന്ന് കൃത്യമായി വിലയിരുത്തുന്നത് ജനങ്ങള്‍ തന്നെ, കൂട്ടിനു റിയല്‍ എസ്റ്റേറ്റ് രംഗവും

ഒരിക്കല്‍ കൂടി തുടര്‍ ഭരണം സംഭവിച്ചാല്‍ അത് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തിന്റെ കൂടി അന്ത്യം ആയിരിക്കും എന്നതിന്റെ പ്രത്യക്ഷ സൂചനയാണ് ഭരണമാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ വന്നപ്പോള്‍ തന്നെ റിയല്‍ എസ്റ്റേറ്റ് രംഗം ഉണര്‍വിന്റെ സൂചനകള്‍ കാട്ടിയതിലൂടെ വ്യക്തമാകുന്നത്. ഇതിന്റെ വ്യക്തമായ സൂചന നല്‍കുന്നത് യുകെ മലയാളികള്‍ തന്നെയാണ്. ഇതുവരെ ഭൂമിയും വീടും വില്‍ക്കുന്നില്ല എന്ന് തീരുമാനിച്ചിരുന്ന യുകെ മലയാളികള്‍ പുതുവര്‍ഷ പിറ്റേന്ന് ബ്രിട്ടീഷ് മലയാളി കമ്യുണിറ്റി ഗ്രൂപ്പില്‍ ബിജോ ജോസഫ് എന്നയാള്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയില്‍ ഭൂമിയോ വീടോ വില്‍ക്കാന്‍ ഉണ്ടെങ്കില്‍ അറിയിക്കണം എന്ന് പോസ്റ്റ് ചെയ്തതിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ഉണ്ടായത്.

യുകെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ലകള്‍ എന്നറിയാവുന്നതിനാലാണ് ഇയാള്‍ ഈ മൂന്നു ജില്ലകള്‍ മാത്രം തേടി പോസ്റ്റ് ചെയ്തതെങ്കിലും കേരളത്തില്‍ എല്ലാ ഭാഗത്തു നിന്നുമുള്ള യുകെ മലയാളികളാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് എത്തുന്ന പരസ്യത്തോട് വളരെ പോസിറ്റീവ് ആയി അനേകമാളുകള്‍ പ്രതികരിക്കുന്നതും ആയിരക്കണക്കിനാളുകള്‍ ആ പോസ്റ്റ് ശ്രദ്ധയോടെ വായിക്കുന്നതും. മാറുന്ന ട്രെന്റിന് ഒരു ശുഭ തുടക്കം എന്ന് വിശ്വസിക്കാവുന്ന പ്രതികരണമാണ് ആ പോസ്റ്റിനു ലഭിച്ചിരിക്കുന്നതും.

അടുത്ത കാലത്തൊന്നും ഭൂമി വില്‍പനക്കോ വാങ്ങുന്നതിനോ ഉള്ള പരസ്യങ്ങളോട് പ്രതികരിക്കാതിരുന്ന മലയാളികള്‍ പൊടുന്നനെ കാട്ടിയ താല്‍പര്യം ഒരു സൂചകമായി എടുത്താല്‍ തിരഞ്ഞെടുപ്പില്‍ ഭരണമാറ്റം ഉണ്ടാകും എന്ന പ്രതീക്ഷയാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തിനു ജീവന്‍ നല്‍കാന്‍ കാരണമായത് എന്ന് കൃത്യമായി വിലയിരുത്താനാകും. രണ്ടു പതിറ്റാണ്ടു മുന്‍പ് യുകെയിലേക്ക് കുടിയേറിയ മലയാളികളില്‍ പലരുടെയും മാതാപിതാക്കള്‍ മരിച്ച സാഹചര്യത്തില്‍ താമസിക്കാന്‍ അടച്ചു പൂട്ടിയിട്ടിരിക്കുന്ന വാര്‍ത്ത ബിബിസിയില്‍ വരെ വലിയ പ്രധാന്യം നേടിയതാണ്.

ഇക്കാര്യം 2023 മാര്‍ച്ച് 29നു മറുനാടന്‍ മലയാളിയും റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. പ്രത്യേകിച്ചും അമേരിക്കന്‍, യൂറോപ്പ് മലയാളികള്‍ ഏറെയുള്ള തിരുവല്ല, റാന്ന, ഉഴവൂര്‍, അരീക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ഒക്കെ വീടുകള്‍ വാങ്ങാന്‍ ആളില്ലെന്ന പ്രചാരണം ഒരു വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയിലും തീക്കാറ്റായതാണ്. അടച്ചിട്ട വീടുകള്‍ പരിപാലിക്കാനുള്ള ചിലവും വിശ്വസിച്ചു വാടകക്ക് പോലും നല്‍കാനാകില്ല എന്നതുമൊക്കെ ഇനിയൊരു തിരിച്ചു പോക്ക് കേരളത്തിലേക്ക് ഇല്ലെന്ന ഉറപ്പിച്ച വിദേശ മലയാളികളാണ് റിയല്‍ എസ്റ്റേറ്റ് ബൂമിനായി ഇപ്പോള്‍ കാത്തിരിക്കുന്നത്.

മാത്രമല്ല മൂന്നോ നാലോ വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോകുമ്പോള്‍ രണ്ടോ മൂന്നോ ആഴ്ചത്തേക്ക് ഏതെങ്കിലും നിലവാരമുള്ള ഹോട്ടലില്‍ റൂം ബുക്ക് ചെയ്തു താമസിച്ചാല്‍ പോലും അതാണ് ലാഭകരം എന്ന ചിന്തയും വിദേശ മലയാളികളില്‍ രൂപപ്പെട്ടതും അടുത്ത കാലത്താണ്. നാട്ടില്‍ ഉള്ള വസ്തുവകകള്‍ മാതാപിതാക്കളുടെ മരണ ശേഷം സഹോദരീ സഹോദരങ്ങളെ നോക്കാന്‍ ഏല്‍പ്പിച്ചാല്‍ ഒടുവില്‍ അത് അവര്‍ക്ക് ദാനം നല്‍കിയത് പോലുള്ള അവസ്ഥയിലേക്ക് എത്തുകയും ഒടുവില്‍ ഉള്ള സ്നേഹബന്ധങ്ങള്‍ ഇല്ലാതാകുകയും ചെയ്യും എന്നത് ഒട്ടേറെ പേരുടെ ജീവിതാനുഭവമാണ്.

ഈ സാഹചര്യത്തില്‍ മാര്‍ക്കറ്റ് വിലയുടെ പാതിയില്‍ താഴെ വിലയ്ക്ക് പോലും ഭൂമി വിറ്റു കളഞ്ഞവരും ഏറെയാണ്. നാട്ടില്‍ നിന്നും വലിയ തോതില്‍ പണം വിദേശത്തേക്ക് എത്തിക്കുമ്പോള്‍ ഇന്ത്യയിലും വിദേശത്തതും നികുതി നല്‍കണമെന്ന വ്യവസ്ഥ കേന്ദ്ര സര്‍ക്കാരും വിദേശ സര്‍ക്കാരുകളും നടപ്പാക്കിയതും കേരളത്തിലെ ഭൂമി വില്‍പന രംഗത്ത് നിന്നും വിദേശ മലയാളികളെ തുടച്ചു നീക്കിയ മറ്റൊരു ഘടകമാണ്. നിലവില്‍ ഈ തടസം നിലനില്‍ക്കുന്നുണ്ടെങ്കിലും ആദ്യം ഭൂമി വില്‍ക്കാന്‍ പറ്റുമോ എന്ന് നോക്കാം, പിന്നീടാകാം പണം എങ്ങനെ യുകെയിലും മറ്റു വിദേശ രാജ്യങ്ങളിലും എത്തിക്കാം എന്നതിനെ പറ്റി ചിന്തിക്കുന്നത് എന്നാണ് വിദേശ മലയാളികളുടെ പുതിയ നീക്കം.

കേരളത്തില്‍ ഭൂമി വില്‍പന താഴേക്ക് പോയത് 46 ശതമാനത്തിലേക്ക്, കണക്കുകള്‍ക്ക് സാക്ഷി രജിസ്‌ട്രേഷന്‍ രേഖകള്‍ തന്നെ

കഴിഞ്ഞ പത്തു വര്‍ഷത്തെ ഇടതു ഭരണം കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തിന്റെ നടുവൊടിച്ചു എന്ന് പറയാന്‍ കാരണമായി മാറുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഉള്ള റവന്യു വകുപ്പിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍ തന്നെയാണ്. 2013ലെ നൂറു ശതമാനം വില്‍പനാ രജിസ്‌ട്രേഷനില്‍ നിന്നും 2024ല്‍ എത്തുമ്പോള്‍ വില്‍പനാ രജിസ്‌ട്രേഷന്‍ വെറും 42 ശതമാനമായി കുറയുകയാണ്. റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്ട് RERA പ്രകാരം ലഭിക്കുന്ന കണക്കുകള്‍ ഓരോ വര്‍ഷവും ഇപ്രകാരമാണ്.

2013: 100%

2014: 95%

2015: 90%

2016: 85%

2017: 80%

2018: 75%

2019: 70%

2020: 65%

2021: 60%

2022: 58%

2023: 58%

2024 42 %

ഈ ഇടിവിനു സാമ്പത്തികമായി ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് മുതല്‍ സര്‍ക്കാര്‍ നയങ്ങളില്‍ ഉണ്ടായ മാറ്റം വരെ കാരണമാണ്. കാലങ്ങളായി യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പണത്തിന്റെ ചലന ചക്രം സംഭവിക്കും എന്ന വിശ്വാസം നിക്ഷേപകരില്‍ ഉണ്ടാകുന്നതാണ് ക്രയവിക്രയം കൂടാന്‍ പ്രധാന കാരണമാകുന്നത്. മുന്‍ കാലങ്ങളില്‍ കള്ളപ്പണം ഒഴുക്കന്‍ ഏറ്റവും പറ്റിയ രംഗം റിയല്‍ എസ്റ്റേറ്റ് വിപണി ആയിരുന്നതും ഒരേ ഭൂമി കച്ചവടം നടക്കും മുന്‍പേ പലതവണ കൈമറിയാന്‍ പോലും കാരണമായിരുന്നു. പുതിയ സര്‍ക്കാര്‍ വന്നാല്‍ നയങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്നും കൂടുതല്‍ നിക്ഷേപം എത്തുമെന്നും അതുവഴി കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും എന്നതുമൊക്കെയാണ് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ചലനത്തിന് പ്രധാന കാരണമായി മാറുന്നത്.

കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് വിപണി ഉണര്‍ന്നാല്‍ സര്‍വ മേഖലയിലും അതിന്റെ ഗുണം പ്രതിഫലിക്കും എന്നതും കാലങ്ങളായുള്ള വിശ്വാസമാണ്. മൊത്തത്തില്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ മാന്ദ്യം പ്രകടം ആണെങ്കിലും റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ക്ക് തിരുവനന്തപുരം, കൊച്ചി പട്ടണങ്ങളില്‍ ഭൂമി വില്‍പനയില്‍ അഞ്ചു ശതമാനം വര്‍ധന ഇപ്പോള്‍ സംഭവിച്ചിട്ടുണ്ട് എന്നാണ് ഈ രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നത്. കോവിഡിന് ശേഷം കിട്ടുന്ന ഭൂമിയൊക്കെ വാങ്ങാന്‍ ആളുകള്‍ തയ്യാറില്ല എന്നതും ഭൂമി വില്‍പനയില്‍ തിരിച്ചടിയായി ഘടകങ്ങളില്‍ ഒന്നാണ്. ദുബായിലും മറ്റും മലയാളികള്‍ക്ക് വീട് വാങ്ങാന്‍ അനുമതി ലഭിച്ചു തുടങ്ങിയതും കേരളത്തിന് തിരിച്ചടിയായ പ്രധാന ഘടകമാണ്.

Tags:    

Similar News