ഭക്തര്‍ക്ക് മുറി എടുത്തു നല്‍കും; പക്ഷേ കൂടുതല്‍ തുക വാങ്ങും; മുറി ഇടപാടിലൂടെ ഒരാഴ്ച ഗൂഗിള്‍ പേയിലേക്ക് എത്തിയത് രണ്ടു ലക്ഷം രൂപ; കൈയ്യോടെ വിജിലന്‍സ് പൊക്കിയിട്ടും നടപടിയില്ല; ഇടതു നേതാവിനെ തൊടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഭയം; ശബരിമല കൊള്ളയില്‍ ഫയല്‍ പൂഴ്ത്തലോ?

Update: 2025-01-19 09:43 GMT

തിരുവനന്തപുരം: ശബരിമലയില്‍ മുറികള്‍ എടുത്ത് വന്‍ തുകക്ക് സ്വാമിമാര്‍ക്ക് മറിച്ചു കൊടുത്ത സംഭവത്തില്‍ കുറ്റക്കാരനാണെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയ ജീവനക്കാരനെ ദേവസ്വം ബോര്‍ഡ് സംരക്ഷിക്കുന്നുവെന്ന് ആരോപണം. ചെറിയ തെറ്റുകള്‍ക്ക് പോലും ജീവനക്കാര്‍ക്ക് വലിയ ശിക്ഷ നല്‍കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഈ ഇരട്ടത്താപ്പിന് പിന്നില്‍.

തളി ജീവനക്കാരനായ ആരോപണ വിധേയനെ സസ്പന്റ് ചെയ്യണമെന്ന വിജിലന്‍സ് ശുപാര്‍ശയും എക്‌സിക്യൂട്ടീവ് ഓഫീസറുടെ ശുപാര്‍ശയും പൂഴ്ത്തി വച്ചിരിക്കുകയാണ് ദേവസ്വം ബോര്‍ഡ് അധികാരികള്‍. ഇയാളെ സസ്പന്റ് ചെയ്യാതെ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് റിലീവ് ചെയ്ത് സംരക്ഷിച്ചിരിക്കുകയാണെന്നാണ് ആരോപണം. പോലീസിന് പരാതി നല്‍കേണ്ട തട്ടിപ്പാണ് ശബരിമലയില്‍ കണ്ടെത്തിയത്.

ഇടതുപക്ഷ യൂണിയന്റെ സജീവ പ്രവര്‍ത്തകനാണ് ആരോപണ വിധേയന്‍. അതിനാലാണ് ഇയാളെ സസ്‌പെന്റ് ചെയ്യാതെ സംരക്ഷിക്കുന്നത്. ശബരിമല പബ്ലിസിറ്റി ഓഫീസില്‍ ജോലി നോക്കവേ ആണ് പിടിക്കപ്പെട്ടത്. വിജിലന്‍സിന് ലഭിച്ച രഹസ്വ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് പണം തട്ടിക്കല്‍ കണ്ടെത്തിയത്. തന്നെ തേടി വരുന്ന ഭക്തര്‍ക്ക് മുറികള്‍ എടുത്ത് നല്‍കി കൂടുതല്‍ തുക ഭക്തരില്‍ നിന്ന് തട്ടിയെടുക്കുകയാണ് ഈ തളി ജീവനക്കാരന്റെ രീതി.

മുറി എടുത്ത് നല്‍കിയതിലൂടെ ഒരാഴ്ച 2 ലക്ഷം രൂപയാണ് ഇയാളുടെ ഗൂഗിള്‍ പേ വഴി അക്കൗണ്ടിലേക്ക് വന്നത്. നേരത്തെ ദേവസ്വം ബുക്ക് സ്റ്റാളില്‍ ഡ്യൂട്ടി ചെയ്തിരുന്ന സമയത്തും ഇയാള്‍ ഡയറിയും കലണ്ടറും മറിച്ച് നല്‍കി പണം ഉണ്ടാക്കിയിരുന്നു. ഇതും വിജിലന്‍സ് പരിശോധനയില്‍ വെളിപ്പെട്ടിരുന്നു.എന്നാല്‍ ആ സമയത്തും ഇടതു രാഷ്ട്രീയ സ്വാധീനമുളള ജീവനക്കാരനെതിരെ ഒരു ചെറുവിരല്‍ അനക്കാനും ബോര്‍ഡിന് ആയില്ല.

ഇക്കുറി വിജിലന്‍സ് തെളിവ് സഹിതം പിടികൂടിയിട്ടും ഇയാള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ വിജിലന്‍സ് വിഭാഗവും അതൃപ്തരാണ്. സസ്‌പെന്‍ഷന്‍ നടപടി പൂഴ്ത്തി വച്ചിരിക്കുന്നതിനെതിരെ ജീവനക്കാര്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉണ്ട്.

Similar News