നിലയ്ക്കലില്‍ ഹെലികോപ്ടറില്‍ എത്തുന്ന രാഷ്ട്രപതി അര മണിക്കൂര്‍ കൊണ്ട് റോഡ് മാര്‍ഗ്ഗം പമ്പയില്‍ എത്തും; മല കയറി സന്നിധാനത്ത് എത്താന്‍ എടുക്കേണ്ടത് 35 മിനിറ്റ്; രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശന ഒരുക്കങ്ങളില്‍ ആശയക്കുഴപ്പത്തിലായി പിണറായി സര്‍ക്കാര്‍; ജീപ്പും ഡ്രൈവറും എല്ലാം പ്രതിസന്ധിയില്‍
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശന ഒരുക്കങ്ങളില്‍ ആശയക്കുഴപ്പത്തിലായി പിണറായി സര്‍ക്കാര്‍. 22 നാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കുന്നത്. പമ്പയില്‍ നിന്നും സന്നിധാനത്ത് രാഷ്ട്രപതിയെ എത്തിക്കുന്ന കാര്യത്തിലാണ് ഇപ്പോള്‍ ആശയക്കുഴപ്പം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകള്‍ യോഗം കൂടിയെങ്കിലും ഇതുവരെ പരിഹാരം കണ്ടെത്താനായില്ല.
22 ന് രാവിലെ പതിനൊന്നരക്ക് രാഷ്ട്രപതി കൊച്ചിയിലെത്തും. അവിടെനിന്നും ഹെലികോപ്ടറില്‍ 12 മണിക്ക് നിലയ്ക്കലില്‍ എത്തും. അവിടെനിന്നും വി.വി.ഐ.പി സുരക്ഷയോടെ പ്രത്യേക വാഹനത്തില്‍ 12.30 ഓടെ പമ്പയില്‍ എത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് പോകുന്നതു സംബന്ധിച്ചാണ് ആശയക്കുഴപ്പം തുടരുന്നത്. ഒന്നുകില്‍ വാഹനത്തിലോ അല്ലെങ്കില്‍ ഡോളിയിലോ പോകുകയെന്നതാണ് മുന്നിലുള്ള വഴികള്‍. അതീവ സുരക്ഷ ആവശ്യമായതിനാല്‍ ഡോളി ഒഴിവാക്കി. പ്രത്യേക വാഹനത്തില്‍ പോകാന്‍ ഹൈക്കോടതി അനുമതി ആവശ്യമാണെന്ന വിലയിരുത്തലുമുണ്ട്.
എല്ലാ സൗകര്യങ്ങളുമുള്ള ആംബുലന്‍സ് അല്ലെങ്കില്‍ ജീപ്പ് മാത്രമേ ഉപയോഗിക്കാനാകൂ. ആരോഗ്യവകുപ്പിന്റെ രണ്ട് ആംബുലന്‍സുകളും, വനംവകുപ്പിന്റെ ഒരു ആംബുലന്‍സും ഇപ്പോള്‍ ശബരിമലയിലുണ്ട്. സന്നിധാനത്തുവച്ച് രോഗബാധിതരാകുന്നവരെ മാത്രം ആംബുലന്‍സില്‍ കൊണ്ടുപോകാനാണ് ഹൈക്കോടതിയുടെ ഇപ്പോഴുള്ള അനുമതി. രാഷ്ട്രപതിയുടെ കാര്യത്തില്‍ ഹൈക്കോടതിയും എതിര്‍പ്പുന്നയിക്കാന്‍ ഇടയില്ല.
ആംബുലന്‍സായാലും ജീപ്പായാലും വേണ്ടത്ര യാത്രാ സൗകര്യം ലഭിക്കില്ലെന്നതും ആശങ്കയാകുന്നു. രാഷ്ട്രപതി ഭവന്‍ സൈനിക വാഹനം ക്രമീകരിച്ചാലും സന്നിധാനത്തേക്കുള്ള വഴിയില്‍ ഓടിച്ച് പരിശീലിക്കണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി വേണം. നിലവിലുള്ള ആംബുലന്‍സിലാണ് പോകുന്നതെങ്കില്‍ അത് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വിവിഐപികളെ കൊണ്ടുപോയി പരിചയമില്ല. ഈ വാഹനത്തിലെ ഡ്രൈവര്‍മാര്‍ക്ക് എസ്പിജി അനുമതി നല്‍കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. ഇത്തരം കാര്യങ്ങളില്‍ വ്യക്തത തേടാന്‍ ചീഫ് സെക്രട്ടറി തല ഏകോപന തല യോഗം തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭവന്റെ വ്യക്തത വന്നാലും ഹൈക്കോടതിയുടെ അനുമതിയും ദേവസ്വം ബോര്‍ഡ് തേടേണ്ടിവരും.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദര്‍ശനം ചരിത്രസംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവസ്വം ബോര്‍ഡ്. രാഷ്ട്രപതിക്ക് ദര്‍ശനത്തിനും വിശ്രമത്തിനുമുള്ള ക്രമീകരണങ്ങളാണ് ബോര്‍ഡ് ഒരുക്കുന്നത്. ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പിഎസ് പ്രശാന്ത് സന്നിധാനത്ത് ക്യാമ്പ് ചെയ്താണ് മേല്‍നോട്ടം വഹിക്കുന്നത്. സന്നിധാനം, മരക്കൂട്ടം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റ് ഒരുക്കങ്ങളും പുരോഗമിക്കുന്നു. 17ന് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കും. രാഷ്ട്രപതി ഭവന്റെ നിര്‍ദേശപ്രകാരം അത്യധികം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമലയിലും അനുബന്ധ സ്ഥലങ്ങളിലും ഒരുക്കുന്നത്.
ഭക്തര്‍ക്കുള്ള ദര്‍ശന സമയത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ശബരിമല ക്ഷേത്രം സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രപതി എന്ന ചരിത്രപരമായ പ്രാധാന്യം ഈ സന്ദര്‍ശനത്തിനുണ്ട്. ഇതിനു മുന്‍പ് 1960 കളോടെ കേരള ഗവര്‍ണറായിരിക്കെ വിവി ഗിരി (പിന്നീട് രാഷ്ട്രപതിയായി) ശബരിമല സന്ദര്‍ശിച്ചിട്ടുണ്ട്. ഗവര്‍ണ്ണറായിരിക്കെ ആരിഫ് മുഹമ്മദ് ഖാനും ശബരിമലയില്‍ എത്തിയിരുന്നു. രാഷ്ട്രപതി പദവിയിലിരിക്കെ ഒരാള്‍ ശബരിമലയിലെത്തുന്നത് ഇതാദ്യമാണ്. 2025 മെയ് മാസത്തില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ചില അടിയന്തര സാഹചര്യങ്ങള്‍ കാരണം അത് മാറ്റിവയ്ക്കുകയായിരുന്നു.