ആ ചിത്രത്തിന് സെറ്റിട്ടത് പോലീസ് ഫോട്ടോഗ്രാഫര്‍; പിന്നില്‍ നിന്നും മാതൃഭൂമിക്കാരനും ദേവസ്വത്തിലെ 'മറ്റൊരാളും' ചിത്രം പകര്‍ത്തി; ഹിന്ദു സംഘടനകള്‍ക്ക് ആ ആചാര ലംഘനം ചോര്‍ത്തിയത് ആര്? ദേവസ്വവും പോലീസും രഹസ്യ അന്വേഷണത്തില്‍; സിസിടിവി നിരീക്ഷണത്തില്‍ പതിനെട്ടാംപടിയിലെ ആചാര ലംഘനവും അറിഞ്ഞില്ല! സോപാനത്തെ പ്രശാന്തിന്റെ വീഡിയോയും ചര്‍ച്ചകളിലേക്ക്

Update: 2024-11-27 06:28 GMT

പത്തനംതിട്ട: ശബരിമലയില്‍ പോലീസിനെ വിവാദത്തിലാക്കിയ 'പതിനെട്ടാംപടി ഫോട്ടോ' പുറത്തു വന്നതില്‍ രഹസ്യാന്വേഷണം. പതിനെട്ടാംപടിയില്‍ പോലീസ് ക്യാമറാമാനാണ് സെറ്റിട്ട് ഫോട്ടോ ഷൂട്ട് ഒരുക്കിയത്. പോലീസ് ഫോട്ടോഗ്രാഫറില്‍ നിന്നല്ല ഫോട്ടോ പുറത്തു പോയത്. പുറത്തു വന്ന ചിത്രത്തില്‍ പോലീസ് ഫോട്ടോഗ്രാഫര്‍ പടമെടുക്കുന്നതുമുണ്ട്. അതിന് പിന്നില്‍ നിന്നും രണ്ടു പേര്‍ ഈ ചിത്രമെടുത്തു. ഒന്ന് മാതൃഭൂമി ഫോട്ടോഗ്രാഫര്‍. മറ്റൊരാള്‍ ദേവസ്വം ബോര്‍ഡിലെ വ്യക്തിയും. ഒരു പോലീസുകാരന്‍ മൊബൈലിലും ചിത്രമെടുത്തു. ഇതില്‍ പോലീസുകാരന്റെ മൊബൈല്‍ ചിത്രമല്ല പുറത്തു വന്നത്. പോലീസ് ഫോട്ടോഗ്രാഫറുടെ തൊട്ടടുത്ത് നിന്നാണ് മൊബൈല്‍ ചിത്രമെടുക്കല്‍. കുറച്ചു ദൂരെ നിന്ന് പകര്‍ത്തിയ ചിത്രമാണ് പുറത്തു വന്നതെന്ന് വ്യക്തം. ഈ ചിത്രം ജന്മഭൂമിയില്‍ വന്നതോടെയാണ് വിവാദം തുടങ്ങിയത്. മാതൃഭൂമിയില്‍ വിവാദമൊന്നുമില്ലാതെ ഫോട്ടോ പ്രത്യക്ഷപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ മനപ്പൂര്‍വ്വം വിവാദമുണ്ടാക്കാന്‍ ദേവസ്വവുമായി ബന്ധപ്പെട്ടയാള്‍ ഫോട്ടോ പുറത്തു നല്‍കിയോ എന്നതാണ് പോലീസിന്റേയും ദേവസ്വം ബോര്‍ഡിന്റേയും സംശയം. തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്.

ശബരിമല പതിനെട്ടാം പടിയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോയെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തു വന്നിരുന്നു. ഇത്തരം സംബവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. എന്നാല്‍, ഇത്തരം നടപടികള്‍ അനുവദനീയമല്ല. ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്‌സിക്യുട്ടീവ് ഓഫീസര്‍ റിപ്പോര്‍ട് നല്‍കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ മറ്റൊരു വിവാദവും ഉയരുന്നു. സോപാനത്ത് നിന്നുള്ള ദൃശ്യങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിരന്തരം ഫെയ്‌സ് ബുക്കിലിടാറുണ്ട്. ഈ വീഡിയോ എടുക്കുന്നതിലെ സാങ്കേതികത്വവും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക സംവിധാനമാണ് ഇങ്ങനെ ഉപയോഗിക്കുന്നതെന്നും അതില്‍ പ്രശ്‌നമില്ലെന്നുമുള്ള വാദം ശക്തമണ്.

ഉച്ചയ്ക്ക് ഒരു മണിക്ക് നടയടയ്ക്കും. ഈ സമയം പതിനെട്ടാം പടിയില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മുകളിലേക്ക് കയറി വരും. തിരികെ ഇറങ്ങാതിരിക്കാനാണ് ഇത്. അങ്ങനെ മുകളിലേക്ക് വരുന്ന സമയം താഴെയുള്ള പതിനെട്ടാംപടിയുടെ വാതില്‍ അവിടെ ഡ്യൂട്ടിയുള്ളവര്‍ അടയ്ക്കും. അതിന് ശേഷം പതിനെട്ടാം പടിയില്‍ വെള്ളമൊഴിച്ച് കഴുകലും നടക്കും. ഈ സമയത്ത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും രണ്ടു സിഐമാരും മുകളിലും താഴെയുമായി ഉണ്ടാകണം. ഈ സമയം ഭക്തര്‍ പതിനെട്ടാംപടിയിലേക്ക് കയറുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇതെല്ലാം ഒരുക്കിയിരിക്കുന്നത്. പോലീസുകാരുടെ ഫോട്ടോ ഷൂട്ട് നടക്കുമ്പോള്‍ വയര്‍ലസ് സെറ്റുമായി നില്‍ക്കുന്ന പോലീസുകാരനുമുണ്ട്. ആ പോലീസുകാരനും ആചാരത്തെ കുറിച്ച് അറിയില്ലായിരുന്നു. അങ്ങനെ മനസ്സിലായി വയര്‍ലസില്‍ മേലുദ്ദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെങ്കില്‍ ഫോട്ടോ ഷോട്ട് നടക്കില്ലായിരുന്നു. ഈ ഫോട്ടോ പുറത്തായത് പോലീസിനും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും നാണക്കേടായി. അതുകൊണ്ട് കൂടിയാണ് ഫോട്ടോ എങ്ങനെ പുറത്തു പോയി എന്ന് അന്വേഷിക്കുന്നത്.

ശബരിമലയിലെ മുക്കും മൂലയും പകര്‍ത്തുന്ന സിസിടിവി ക്യാമറകളുണ്ട്. ഇതിലും ഫോട്ടോ ഷൂട്ട് പകര്‍ന്നിട്ടുണ്ട്. ഇത് കാണുന്നവര്‍ക്കൊന്നും ആചാര ലംഘനം മനസ്സിലായില്ല. ഫോട്ടോ എടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മനസ്സിലാക്കി തടയാന്‍ പോലുമുള്ള സംവിധാനം ശബരിമലയിലെ ക്യാമറ നിരീക്ഷണ റൂമില്‍ ഇല്ലേ എന്ന സംശയവും ഉയരുന്നുണ്ട്. പതിനെട്ടാംപടിയിലെ ചലനം പോലും സൂക്ഷമ നിരീക്ഷണത്തിന് സിസിടിവിയിലൂടെ വിധേയമാക്കുന്നില്ലെങ്കില്‍ എന്ത് സുരക്ഷയാണ് സന്നിധാനത്തുള്ളതെന്ന ചോദ്യവും പ്രസക്തമാണ്. പതിനെട്ടാം പടിയില്‍ നിന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലും മടങ്ങുന്നുവെന്നതും ഞെട്ടലാണ്. അവര്‍ അവിടെ ഡ്യൂട്ടി സമയം മുഴുവന്‍ നിലയുറപ്പിക്കേണ്ടവരാണ്. ഏത് അടിയന്തര സാഹചര്യവും എപ്പോഴും ഉണ്ടാകാമെന്ന മുന്‍വിധിയിലാണ് ഇങ്ങനെ മുതിര്‍ന്ന റാങ്കിലെ ഉദ്യോഗസ്ഥരെ പതിനെട്ടാംപടിയിലും കൊടിമര ചുവട്ടിലും നിയോഗിക്കുന്നത്.

സന്നിധാനത്ത് ഡ്യൂട്ടിക്ക് ശേഷം മടങ്ങുന്ന ആദ്യ ബാച്ച് പൊലീസുകാര്‍ പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോയെടുത്ത സംഭവത്തില്‍ വിയോജിപ്പുമായി പന്തളം കൊട്ടാരവും രംഗത്തു വന്നു. പതിനെട്ടാം പടിയില്‍ കൊടിമരത്തിന് പുറംതിരിഞ്ഞുനിന്ന് പൊലീസ് സ്വാമിമാര്‍ ഗ്രൂപ്പ് ഫോട്ടോ എടുത്ത സംഭവത്തില്‍ കൊട്ടാരത്തിന്റെ ദുഃഖവും വിയോജിപ്പും അറിയിക്കുന്നതായി പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം സെക്രട്ടറി എം.ആര്‍.എസ് വര്‍മ്മ അറിയിച്ചു.ശബരിമലയില്‍ പ്രത്യേകിച്ച് പതിനെട്ടാം പടിയില്‍ കഴിഞ്ഞ പത്ത് ദിവസമായി സ്തുത്യര്‍ഹമായി പൊലീസ് സേവനം അനുഷ്ഠിച്ചു, ഇനി ഗ്രൂപ്പ് ഫോട്ടോ വിവാദം പോലെ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം. പതിനെട്ടാം പടിയുടെ പവിത്രത കാത്തുസൂക്ഷിക്കണം. കൊട്ടാരം ആവശ്യപ്പെടുന്നു. ദേവസ്വംബോര്‍ഡ് പൊലീസിന്റെ ഗ്രൂപ്പ് ഫോട്ടോ സംഭവത്തില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. എഡിജിപി എസ്.ശ്രീജിത്തിനെയാണ് ബോര്‍ഡ് അതൃപ്തി അറിയിച്ചത്.

പതിനെട്ടാം പടിയില്‍നിന്ന് ഫോട്ടോ എടുത്ത പോലീസുകാര്‍ക്ക് നല്ലനടപ്പിനുള്ള തീവ്രപരിശീലനം നല്‍കാനാണ് പോലീസിലെ തീരുമാനം. എന്നാല്‍ പരിശീലനം എത്ര ദിവസത്തേക്കാണ് എന്നത് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് പുറത്തിറങ്ങും. എസ്എപി ക്യാംപിലെ 23 പോലീസുകാരാണ് ഫോട്ടോ എടുത്തത്. ശബരിമലയിലെ ജോലിയില്‍ നിന്ന് ഇറങ്ങിയ ഇവരെ കണ്ണൂരിലേക്ക് മാറ്റും. വീട്ടിലേക്ക് പോകാനാവാത്ത വിധം തീവ്രപരിശീലനമായിരിക്കും നല്‍കുക. തുടര്‍ നടപടികളെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആചാരലംഘനമാണെന്നും ഇത്തരത്തില്‍ ഫോട്ടോ എടുക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പോലീസുകാര്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞു. അവിടെ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ അറിയണമെന്നാണ് ഉന്നതവൃത്ത ഭാഷ്യം.

തിങ്കളാഴ്ച്ച സന്നിധാനം ചുമതലയൊഴിഞ്ഞ പോലീസുകാര്‍ പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞുനില്‍ക്കുന്ന ഫോട്ടോയെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പ്രചരിക്കുകയും വലിയ രീതിയില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് ഏകോപന ചുമതലയുള്ള എഡിജിപിയോട് വിശദീകരണം ചോദിക്കുകയായിരുന്നു. എഡിജിപി സന്നിധാനത്തിന്റെ സുരക്ഷ ചുമതലയുള്ള കെഇ ബൈജുവിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് എഡിജിപി വ്യാഴാഴ്ച്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

Tags:    

Similar News