തിരുവനന്തപുരത്ത് 'സഞ്ജു ഷോ' ഇല്ല! ബിജെപിയുടെ ഓഫര്‍ സ്‌നേഹപൂര്‍വ്വം നിരസിക്കാന്‍ ക്രിക്കറ്റ് താരം; കോടികള്‍ എറിഞ്ഞ സിഎസ്‌കെയെ കൈവിടില്ല; യുവരാജിന് കീഴില്‍ ലോകകപ്പ് ട്രെയിനിങ്; 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഞ്ജു മത്സരിക്കില്ല

Update: 2026-01-15 07:20 GMT

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. നിലവില്‍ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും കായിക കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് സഞ്ജുവിന്റെ തീരുമാനമെന്ന് അദ്ദേഹത്തോടു അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ബിജെപിയെ പിണക്കാതെ തന്നെ തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് വിവരം.

ഇന്ത്യന്‍ ക്രിക്കറ്റിലും ഐപിഎല്ലിലും സഞ്ജു സാംസണ്‍ ഇപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറിയ സഞ്ജുവിന് ടീമില്‍ നിര്‍ണ്ണായക ഉത്തരവാദിത്തങ്ങളുണ്ട്. എം.എസ്. ധോണിക്ക് ശേഷമുള്ള ചെന്നൈയുടെ കരുത്തായാണ് ക്രിക്കറ്റ് ലോകം സഞ്ജുവിനെ കാണുന്നത്. അടുത്ത രണ്ട് വര്‍ഷമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഈ ഘട്ടത്തില്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തന്റെ പ്രൊഫഷണല്‍ കരിയറിനെ ബാധിക്കുമെന്ന് സഞ്ജു കരുതുന്നു.

നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്പര്യമില്ലെങ്കിലും സഞ്ജുവിന്റെ രാഷ്ട്രീയ മോഹങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭയിലേക്ക് മത്സരിച്ച് ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാകാനാണ് സഞ്ജുവിന് താല്പര്യം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാന്‍ അദ്ദേഹം തയ്യാറാണ്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ സഞ്ജുവിനെ ഇറക്കി കളി പിടിക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകള്‍ക്ക് ഇതോടെ തിരിച്ചടിയേറ്റു. സഞ്ജുവിനെപ്പോലൊരു യുവതാരത്തെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ യുവാക്കളുടെയും കായിക പ്രേമികളുടെയും വോട്ട് ഏകീകരിക്കാമെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ.

2026 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു, ഇതിഹാസ താരം യുവരാജ് സിങ്ങിന് കീഴില്‍ പ്രത്യേക പരിശീലനം നടത്തിവരികയാണ്. കരിയറിലെ ഏറ്റവും നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മലയാളി താരവുമാണ് സഞ്ജു വിശ്വനാഥ് സാംസണ്‍. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്തുള്ള പുല്ലുുവിള സ്വദേശിയായ അദ്ദേഹം നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ്. തിരുവനന്തപുരം മണ്ഡലത്തിലാണ് സഞ്ജുവിന്റെ സ്വാധീന കേന്ദ്രങ്ങള്‍. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ശ്രമിക്കുന്നത്.

2016ല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപിക്കായി എസ് ശ്രീശാന്ത് മത്സരിച്ചിരുന്നു. വലിയ തോതില്‍ അന്ന് ശ്രീശാന്ത് വോട്ടു പിടിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തുകാരനായ സഞ്ജു മത്സരിക്കുന്നത് സാധ്യത കൂട്ടുമെന്നാണ് ബിജെപി വിലയിരുത്തല്‍. എന്നാല്‍ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്. കോടികള്‍ നല്‍കിയാണ് സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ് സ്വന്തമാക്കിയത്. ഈ സാഹചര്യത്തില്‍ ഐപിഎല്‍ കളിക്കേണ്ടത് സഞ്ജുവിന് അനിവാര്യതയാണ്.

Tags:    

Similar News