'ഉയിരേ....' എന്ന സംഗീത നിശയുടെ സംഘാടനത്തിന് ചെലവായത് 34 ലക്ഷം; ബുക്ക് മൈ ഷോയില്‍ നിന്നും കിട്ടുമ്പോള്‍ കൊടുക്കാമെന്ന് പറഞ്ഞത് 38 ലക്ഷം; എല്ലാം വിറ്റു പെറുക്കി 'ഇറ്റേണല്‍ റേ'യ്ക്ക് എല്ലാ സൗകര്യവുമൊരിക്കി; ഷോ കഴിഞ്ഞപ്പോള്‍ കൈമലര്‍ത്തല്‍; ഇനി വിളിച്ചാല്‍ ഭാര്യയെ കൊണ്ട് ഹരാസ്മെന്റ് കേസ് കൊടുപ്പിക്കുമെന്ന് ഭീഷണി; നിജുരാജിനെ വഞ്ചിച്ചത് 'ദുല്‍ഖറിന്റെ പോസ്റ്റ്' വാദത്തില്‍; സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്റെ വഞ്ചനയുടെ കഥ
കൊച്ചി: മലയാളി ഏറെ ഇഷ്ടപ്പെടുന്ന പ്രശസ്തനായ സംഗീത സംവിധായകനാണ് ഷാന്‍ റഹ്‌മാന്‍. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമയും പ്രൊഡക്ഷന്‍ മാനേജരും ഷോ ഡയറക്ടറുമായ നിജുരാജ് എബ്രഹാമിനെ ഷാന്‍ റഹ്‌മാന്‍ എല്ലാ അര്‍ത്ഥത്തിലും പറ്റിച്ചിരിക്കുകായണ്. നിജുരാജിന്റെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് കേസുമെടുത്തു. ഇറ്റേണല്‍ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ സംഗീത പരിപാടിയാണ് ഇതിന് കാരണം. ജനുവരി 23നാണ് തേവര സ്‌ക്രട്ട് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടില്‍ ഷാന്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ സംഗീത പരിപാടി നടന്നത്. ഉയിരേ എന്നായിരുന്നു പേര്. ഇതിന്റെ സംഘാടന-നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചത് നിജുരാജിനെയാണ്.
35 ലക്ഷം രൂപയാണ് ചെലവായത്. ഇത് മുഴുവന്‍ നിജുരാജ് ചെലവാക്കി. എന്നാല്‍ ബുക്ക് മൈ ഷോയിലൂടെയും മറ്റുമുള്ള ടിക്കറ്റു വരുമാനവും സ്‌പോണര്‍ഷിപ്പ് പണവുമെല്ലാം പോയത് ഇറ്റേര്‍ണല്‍ റേയ്ക്കാണ്. നല്ല രീതിയില്‍ പരിപാടി കഴിഞ്ഞു. എന്നാല്‍ നിജുരാജിന് ചില്ലിക്കാശ് കൊടുത്തില്ല. ഈ സാഹചര്യത്തിലാണ് ഷാന്‍ മുഹമ്മദിനും ഭാര്യയ്ക്കുമെതിരെ നിജുരാജ് പരാതി കൊടുത്തത്. 38ലക്ഷം രൂപ ടിക്കറ്റ് വില്‍പ്പനയിലൂടെ ബുക്ക് മൈ ഷോ വഴി കിട്ടുമ്പോള്‍ നല്‍കാമെന്ന വാഗ്ദാനത്തിലാണ് ഷോയുടെ നടത്തിപ്പ് നിജുരാജ് ഏറ്റെടുത്തത്. പക്ഷേ ഷോ കഴിഞ്ഞപ്പോള്‍ പണമൊന്നും നല്‍കിയില്ല. ഈ പരിപാടിയെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടെന്നും അതിലൂടെ നിജുരാജിന്റെ സ്ഥാപനത്തിന് വേണ്ടതെല്ലാം കിട്ടിയെന്നും ഷാന്‍ പറയുന്ന ഓഡിയോയും പുറത്തു വന്നിട്ടുണ്ട്. പണം ആവശ്യപ്പെട്ട് ഷാനിനേയും ഭാര്യയേയും നിരവധി തവണ നിജു വിളിച്ചു.
ഇനി ഭാര്യയെ വിളിച്ചാല്‍ ഹരാസ്‌മെന്റിന് കേസു കൊടുക്കുമെന്ന ഭീഷണിയും ഷാന്‍ നടത്തുന്നു. വിനീത് ശ്രീനിവാസന്റെ സുഹൃത്ത് എന്ന നിലയിലാണ് ഷാന്‍ സംഗീത ലോകത്ത് സജീവമായത്. നിരവധി ഹിറ്റുകളും സമ്മാനിച്ചു. കോടികളാണ് വരുമാനമുള്ളത്. ഇത്തരമൊരു കലാകാരനാണ് നിജുരാജിനെ വെട്ടിലാക്കുന്നത്. ഭീഷണി അതിരുവിട്ടതോടെയാണ് നിജുരാജ് പരാതിയുമായി പോലീസിന് മുന്നിലെത്തിയത്. പരിപാടിയിലൂടെ പലവിധത്തില്‍ ഒരു കോടി രൂപ ഷാന്‍ റഹ്‌മാന് കിട്ടിയെന്നാണ് നിജുരാജ് മനസ്സിലാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട വിശദമായ വീഡിയോ സ്‌റ്റോറി ചുവടെ
നിജുരാജ് പ്രതികരിക്കുന്നത് ഇങ്ങനെ
സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാനെതിരെ ഗുരുതര ആരോപണവുമായി പ്രൊഡക്ഷന്‍ മാനേജരും ഷോ ഡയറക്ടറുമായ നിജുരാജ്. കൊച്ചിയില്‍ ഷോ സംഘടിപ്പിച്ചത് വഴി ലക്ഷങ്ങള്‍ ഷാന്‍ റഹ്‌മാന്‍ തട്ടിയെടുത്തു എന്നാണ് നിജുരാജ് പറയുന്നത്. ഷാന്‍ റഹ്‌മാന്റെ വാക്ക് കേട്ടാണ് എഗ്രിമെന്റ് പോലുമില്ലാതെ ഷോ ചെയ്തത് എന്നും എന്നാല്‍ തനിക്ക് ചെലവായ കാശ് പോലും തരുന്നില്ല എന്നും നിജുരാജ് പറഞ്ഞു. 'എന്നെ വിളിക്കുന്നത് അവരുടെ ബാന്‍ഡിന്റെ മാനേജര്‍ എന്ന നിലയില്‍ നെവിന്‍ ജോര്‍ജ് ആണ്. അവിടത്തെ കീബോര്‍ഡ് ആര്‍ട്ടിസ്റ്റുമാണ് അദ്ദേഹം. ഒരു ഷോ വരുന്നുണ്ട് അതിന്റെ പ്രൊഡക്ഷന്‍ നിജു ചെയ്യണം എന്ന് പറഞ്ഞു. എനിക്ക് നിജുവിന്റെ പ്രൊഡക്ഷനില്‍ വിശ്വാസമുണ്ട് എന്ന് പറഞ്ഞ് എന്നെ ഇങ്ങോട്ട് വന്ന് അപ്രോച്ച് ചെയ്യുകയായിരുന്നു. അന്ന് എന്നോട് ചോദിച്ച് എനിക്കൊരു ക്വട്ടേഷന്‍ വേണം എന്ന് പറഞ്ഞു. കൊച്ചിയില്‍ ഒരു ബെഞ്ച്മാര്‍ക്ക് ആയിരിക്കണം, ഇതുവരെ ആരും കണ്ടിട്ടില്ലാത്ത രീതിയില്‍ വേണം ഷോ ചെയ്യാന്‍ എന്ന് പറഞ്ഞു. നമ്മള്‍ ഷോ ചെയ്ത് പോയാലും മൂന്നാല് വര്‍ഷത്തേക്ക് ഇതാരും ബ്രേക്ക് ചെയ്യരുത് എന്ന് പറഞ്ഞു. പ്രൊഡക്ഷന്‍ ഐഡിയ വെച്ച് ഞാന്‍ ക്വട്ടേഷന്‍ കൊടുക്കുകയും ചെയ്തിരുന്നു.
വേറേയും ക്വട്ടേഷന്‍ മേടിച്ചിട്ടുണ്ടാകാം. എനിക്ക് അറിയില്ല. അവര്‍ ഒരു ദിവസം എന്നെ വിളിച്ചിട്ട് ക്വട്ടേഷന്‍ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. പാലാരിവട്ടത്തിലുള്ള ഓഫീസില്‍ നെവിനും ഷാന്‍ റഹ്‌മാന്റെ വൈഫുമായിട്ടാണ് മീറ്റിംഗ് എന്ന് പറഞ്ഞു. ഞാന്‍ ആ മീറ്റിംഗിന് പോകുകയും ചെയ്തിരുന്നു. അവര്‍ ഇഷ്ടപ്പെട്ടു നമുക്ക് ചെയ്യാം എന്നും പറഞ്ഞു. അതിന് ശേഷം ഒരാഴ്ച കഴിഞ്ഞ് എന്നെ വിളിച്ചിട്ട് വര്‍ക്ക് ഒന്ന് പോസ്റ്റ്പോന്‍ഡ് ചെയ്യുകയാണ് എന്ന് പറഞ്ഞു. ആ സമയത്ത് എന്റെ വര്‍ക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഞാന്‍ എന്താണ് കാരണം എന്ന് ചോദിച്ചു. സ്പോണ്‍സര്‍ഷിപ്പിന്റെ കേസാണ്, ഡിലെ ആകുന്നുണ്ട് അതിന്റെ പേരിലാണ് എന്നാണ് പറഞ്ഞത്. ഷോ ഞാന്‍ ചെയ്യട്ടെ എന്ന് ചോദിച്ചു. 25 ലക്ഷമാണ് കോസ്റ്റ് എന്ന് നെവില്‍ പറഞ്ഞു. ഈ സംസാരം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ച് പറഞ്ഞ് ഒരു ഹാപ്പി ന്യൂസുണ്ട് നേരിട്ട് കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഒരു ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് ആയി. 35 ലക്ഷത്തിന്റെ സ്പോണ്‍സര്‍ഷിപ്പ് ഉണ്ടാകും. അത് അവരുടെ സൈഡില്‍ നിന്നുണ്ടാകും. അതുകൊണ്ട് ഈ ഷോയുടെ 40 ശതമാനം പ്രോഫിറ്റ് അവര്‍ക്ക് കൊടുക്കണം എന്ന് പറഞ്ഞു.
ഞാന്‍ ഓക്കെ പറഞ്ഞു. കാരണം അവരുടെ കോസ്റ്റ് 25 ലക്ഷം ആയിരുന്നു എന്നോട് പറഞ്ഞിരുന്നത്. അത് കഴിഞ്ഞിട്ടാണ് 60-40 എന്ന് പറഞ്ഞത്. ഞാന്‍ എഗ്രിമെന്റ് തരണം എന്ന് പറഞ്ഞിരുന്നു. നവംബര്‍ തൊട്ട് ഞാന്‍ എഗ്രിമെന്റ് ചോദിക്കുന്നുണ്ട്. മീറ്റിംഗിന്റെ അന്ന് തൊട്ട് നെവില്‍ എനിക്കും സൈറത്തായ്ക്കും അവരുടെ ഡോക്യുമെന്റ്സ് എല്ലാം നോക്കുന്ന നിമിഷ എന്ന വ്യക്തിക്കും വാട്സാപ്പില്‍ അയച്ച് കൊടുത്തിട്ടുണ്ടായിരുന്നു. ഇത് കഴിഞ്ഞിട്ട് മൂന്ന് പേര്‍ക്കും അയച്ച് കൊടുത്തു. തിരിച്ച് ഞാന്‍ കണ്ടിന്യൂസ് ആയി എഗ്രിമെന്റ് അയച്ച് കൊടുക്കുന്നുണ്ടായിരുന്നു. ഓരോ കാരണങ്ങള്‍ പറഞ്ഞ് എഗ്രിമെന്റ് ഡിലെ ആക്കി. നിമിഷ ബിസിയാണ്, മഹേഷ് നാരായണന്‍ പടത്തിന്റെ വര്‍ക്കിലാണ് എന്നൊക്കെ പറഞ്ഞ് ഡിലെ ആക്കി. അങ്ങനെ ഡിസംബറില്‍ നെവില്‍ എന്നെ വിളിച്ച് പറഞ്ഞു ഷാനിക്കയും സൈറത്തയും ദുബായിലേക്ക് ഹോളിഡേ ട്രിപ്പ് പോകുകയാണ് എന്ന് പറഞ്ഞു. എനിക്ക് എഗ്രിമെന്റ് തന്നിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ നെവില്‍ പറഞ്ഞു നീ ഡയറക്ട് ചോദിക്ക് എന്ന്. അങ്ങനെ ഞാന്‍ ഷാന്‍ റഹ്‌മാന്റെ വീട്ടില്‍ പോയി എഗ്രിമെന്റ് കംപ്ലയ്ന്റ് ചെയ്തിട്ടില്ല ഞാന്‍ പ്രൊഡക്ഷന്‍ വര്‍ക്ക് സ്റ്റാര്‍ട്ട് ചെയ്തു എന്ന് പറഞ്ഞു. എല്ലാം വാക്കാലെ ഉള്ളൂ എന്ന് പറഞ്ഞു. അപ്പോള്‍ പറഞ്ഞു ഇന്ന് വൈകുന്നേരം നിജുവിന്റെ എഗ്രിമെന്റ് തരാം, വൈകീട്ട് ആറ് മണിക്ക് നിമിഷയുമായി ഒരു കോള്‍ ഉണ്ട് എന്ന് പറഞ്ഞു. അന്നും എനിക്ക് എഗ്രിമെന്റ് തന്നില്ല. അത് തരാതെ അവര്‍ ഹോളിഡേ ട്രിപ്പിന് പോയി. ആ സമയത്ത് എഗ്രിമെന്റ് മനപൂര്‍വം വൈകിപ്പിക്കുകയാണ് എന്ന് തോന്നിയിരുന്നില്ല.
കാരണം എല്ലാ കാര്യങ്ങളും നമ്മളേയും കൂടെ നിര്‍ത്തിയാണ് ചെയ്യുന്നത്. വീട്ടിലെ ഒരംഗത്തെ പോലെയായിരുന്നു. ട്രിപ്പിന് പോയി വന്നതിന്റെ പിറ്റേദിവസം ഞാന്‍ പറഞ്ഞു ഇത്ത എനിക്ക് കാണണം എനിക്കിത് വരെ എഗ്രിമെന്റ് തന്നില്ല എന്ന് പറഞ്ഞു. നിജു നാളെ രാവിലെ നമുക്ക് കാണാം എന്നാണ് ഇത്ത പറഞ്ഞത്. അങ്ങനെ ഷാനിക്കയുടെ ഫ്ളാറ്റില്‍ പോയി കണ്ട് എഗ്രിമെന്റ് ചോദിച്ചു. അന്ന് വൈകുന്നേരം എഗ്രിമെന്റ് തരാം എന്ന് പറഞ്ഞു. അന്ന് വൈകുന്നേരവും എഗ്രിമെന്റ് തന്നില്ല. ജനുവരി 12 ന് ഞാന്‍ നിമിഷയെ വിളിച്ച് പറഞ്ഞു ഞാനിത് ബാക്കൗട്ട് ചെയ്യുകയാണ്. ഞാന്‍ ഷോ ചെയ്യുന്നില്ല, എനിക്ക് പ്രോപ്പര്‍ എഗ്രിമെന്റൊന്നും തരുന്നില്ല എന്ന് പറഞ്ഞു. നിമിഷ പറഞ്ഞു ഷാനിക്കയെ വിളിച്ച് കാര്യം പറയാന്‍. അന്നുവരെ എല്ലാ കാര്യങ്ങളും ഷോയുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷനും മാര്‍ക്കറ്റിംഗും എല്ലാം ഞാന്‍ ഡീല്‍ ചെയ്തത് സൈറത്തയുമായിട്ടായിരുന്നു. ഷാനിക്കയോട് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം സ്റ്റുഡിയോയുടെ ലൊക്കേഷന്‍ അയച്ച് തന്ന് നാളെ നമുക്ക് മീറ്റ് ചെയ്യാം എന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ ഷാനിക്ക തന്നെ എനിക്ക് മെസേജ് അയച്ച് ചോദിച്ചു ഇന്ന് നമ്മള്‍ കാണുന്നുണ്ടോ എന്ന്. അതെ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ശരി 12 മണിക്ക് കാണാം എന്ന് പറഞ്ഞു. അങ്ങനെ സ്റ്റുഡിയോയില്‍ പോയി കാണുകയും ഇങ്ങനെ ആണെങ്കില്‍ ഞാന്‍ ബാക്കൗട്ട് ചെയ്യുകയാണ് എന്നും പറഞ്ഞു. നീ വിഷമിക്കേണ്ട ഞാനില്ലേ കൂടെ രണ്ട് ദിവസം കഴിഞ്ഞ് എല്ലാം ക്ലോസ് ചെയ്ത് തരാം എന്ന് പറഞ്ഞാണ് ഷാനിക്ക അന്ന് എന്നോട് പറഞ്ഞത്.
അത് അനുസരിച്ച് ഞാന്‍ രണ്ട് ദിവസം ഞാന്‍ വെയ്റ്റ് ചെയ്തു. പക്ഷെ പ്രോപ്പറായിട്ടുള്ള റെസ്പോണ്‍സ് ഒന്നും വന്നില്ല. 18-ാം തിയതി ഷാനിക്കയെ വിളിച്ച് ഞാനിത് ചെയ്യുന്നില്ല എന്ന് പറഞ്ഞു. അന്ന് രാത്രി നമുക്കിരുന്ന് സംസാരിച്ച് ക്ലിയര്‍ ചെയ്യാം എന്നാണ് ഷാനിക്ക പറഞ്ഞത്. അങ്ങനെ എന്റെ ഒരു ഫ്രണ്ടിനെ കൂടെ കൂട്ടിയാണ് ഞാന്‍ പോയത്. ഞാന്‍ ഷാനിക്കയോട് പറഞ്ഞു എനിക്ക് സൈറത്തായുടെ ഭാഗത്ത് നിന്ന് കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ഫീല്‍ ചെയ്യുന്നുണ്ട് നമുക്ക് ഇവിടെ വെച്ച് ഇത് ഡ്രോപ്പ് ചെയ്യുകയാണ് നല്ലത് എന്ന് പറഞ്ഞു. ഇതിന് മുന്‍പ് 14-ാം തിയതി ഞാന്‍ ഷാനിക്കയെ കണ്ടതിന്റെ പേരില്‍ ഒരു ബന്ധവുമില്ലാത്ത എഗ്രിമെന്റ് നിമിഷ അയച്ച് തന്നിരുന്നു. അതിനകത്ത് കമ്പനിയുടെ പേര് ഇറ്റേണല്‍ റേ എന്നും സൈന്‍ ചെയ്യുന്നിടത്തും അക്കൗണ്ട് നമ്പറുമെല്ലാം വേറൊരു കമ്പനിയുടെ പേരും ആയിരുന്നു. അപ്പോഴാണ് എനിക്ക് ആദ്യം ഡൗട്ടടിക്കുന്നത്. ഇവര്‍ പറയുന്ന കാര്യങ്ങളല്ല എഗ്രിമെന്റില്‍ വരുന്നത് എന്നും എന്നാണ് എനിക്ക് മനസിലാകുന്നത്. ഇക്കാര്യം ഞാന്‍ ഷാനിക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു നീ ടെന്‍ഷനടിക്കേണ്ട, നിന്റെ കൂടെ ഞാനുണ്ടാകും ഇവിടത്തെ ഫൈനല്‍ വേര്‍ഡ് ഞാനാണ് എന്ന് പറഞ്ഞു. പുള്ളിയുടെ വാക്കിനെ ഞാന്‍ വിശ്വസിച്ചു. നീ ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളെല്ലാം നാളെ രാവിലെ സൈറത്ത ഇരിക്കുന്ന മീറ്റിംഗിലും പറയണം എന്ന് പറഞ്ഞു. ആ സമയത്ത് സൈറ ചിലപ്പോള്‍ പൊട്ടിത്തെറിക്കുകയൊക്കെ ചെയ്തേക്കാം നീ അതൊന്നും മൈന്‍ഡ് ചെയ്യേണ്ട എന്നാണ് പറഞ്ഞത്.
19-ാം രാവിലെ മീറ്റിംഗിനായി ഞാന്‍ ഇറങ്ങിയപ്പോള്‍ ഷാനിക്ക വിളിച്ച് പറഞ്ഞു നിജു സൈറയ്ക്ക് തീരെ സുഖമില്ല ഈ മീറ്റിംഗ് ഇന്ന് രാത്രിയിലേക്കോ നാളെ രാവിലേക്കോ മാറ്റാം എന്ന് പറഞ്ഞു. ഒരാള്‍ക്ക് വയ്യ എന്ന് പറയുമ്പോള്‍ ഞാന്‍ വീണ്ടും ഓക്കെ പറഞ്ഞു. ഷാനിക്ക അന്ന് രാത്രി വിളിച്ചില്ല. ഞാന്‍ കരുതി വയ്യാത്തോണ്ടാകും എന്ന്. രാവിലെ വിളിച്ചപ്പോള്‍ എടുത്തില്ല. പിന്നെ വിളിച്ചപ്പോള്‍ എന്നോട് ചോദിച്ചു എത്രയായിരുന്നു നിന്റെ പ്രൊഡക്ഷന്‍ കോസ്റ്റ് എന്ന്. ഞാന്‍ പറഞ്ഞു ഇതെല്ലാം സൈറത്തയോട് വ്യക്തമായി പറഞ്ഞതാണ് എറൗണ്ട് 45 ലക്ഷമാണ് ടോട്ടല്‍ കോസ്റ്റ് വരുന്നത് എന്ന് പറഞ്ഞു. അത് 35 ലക്ഷത്തിന് ചെയ്ത് തരണം എന്നാണ് ഇത്ത പറഞ്ഞത് എന്നും പറഞ്ഞു. ഓക്കെ നിന്റെ 35 ലക്ഷം രൂപ ഞാന്‍ തരും. അത് ലാഭമായാലും നഷ്ടമായാലും ഞാന്‍ തരും എന്നാണ് ഷാനിക്ക പറഞ്ഞത്. നമുക്ക് ഈ ഷോയുമായി മുന്നോട്ട് പോകാം എന്ന് പറഞ്ഞു. ഷാനിക്കയെ വിശ്വസിച്ചതാണ് ഞാനീ അവസ്ഥയിലാകാന്‍ കാരണം. അവരുടെ കോസ്റ്റ് 25 ലക്ഷമാണ് എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു, എന്റേത് 35 ലക്ഷമാണ് എന്നും പറഞ്ഞു. ആര്‍ട്ടിസ്റ്റിന്റെ ട്രാവലും ഫുഡും അക്കൊമേഡേഷനും എല്ലാം അവരാണ് ചെയ്യാം എന്ന് പറഞ്ഞത്. ഈ സമയത്ത് അതെല്ലാം എന്നെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു. എന്നിട്ട് എന്നോട് പറഞ്ഞു ടാ നീ ചെലവാക്കുന്നത് ഞങ്ങള്‍ ചെലവാക്കേണ്ട പൈസയാണ് അതിന്റെ ബില്ല് അവസാനം തന്നാല്‍ മതി അത് ഞങ്ങള്‍ തരാം എന്ന് പറഞ്ഞു. നിമിഷയാണ് എന്നോട് പറഞ്ഞത്. ഷോ കഴിഞ്ഞു, വലിയ വിജയമായിരുന്നു. പിന്നീട് അതിന്റെ ഭാഗമായി കേക്ക് മുറിക്കുകയുമൊക്കെ ചെയ്തു. അതിന് ശേഷം കോഴിക്കോട് ഒരു ഷോ പ്ലാന്‍ ചെയ്യുന്നു അതിലും ഞാന്‍ വേണം എന്ന് പറയുന്നു. ഫെബ്രുവരി ആറാം തിയതിയാണ് ബുക്ക്മൈ ഷോയില്‍ പേയ്മെന്റ് വന്നു എന്ന് ഞാന്‍ അറിയുന്നത്. ഏകദേശം 39 ലക്ഷം രൂപയുടെ അടുത്ത് ടിക്കറ്റ് വരവ് ഉണ്ടായിരുന്നു. സ്പോണ്‍സര്‍ഷിപ്പായി ക്യൂട്ടീസ് 15 ലക്ഷം രൂപയും 10 ലക്ഷം കോറലും എന്ന് പറഞ്ഞു.
അങ്ങനെ 25 ലക്ഷം രൂപ. 25 ലക്ഷം സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും 39 ലക്ഷം ടിക്കറ്റ് സെയിലില്‍ നിന്നും കിട്ടി. ആകെ 64 ലക്ഷത്തിന്റെ റവന്യു ഉണ്ടായി. അതില്‍ 6 ശതമാനം ബുക്ക്മൈ ഷോയുടെ കമ്മീഷനായിരുന്നു. ടിക്കറ്റ് സെയിലിന്റെ 18 ശതമാനം ജിഎസ്ടിയും. മിനിമം ഒരു 55 ലക്ഷം ജിഎസ്ടിയും കമ്മീഷനുമെല്ലാം കഴിഞ്ഞ് റവന്യൂ വന്നിട്ടുണ്ട്. അതില്‍ 25 ലക്ഷം അവരുടെ കോസ്റ്റാണ്. അതില്‍ ട്രാവല്‍, താമസം, ഭക്ഷണം എന്നിവയെല്ലാം എന്റെ കൈയില്‍ നിന്നാണ് പോയത്. അങ്ങനെ എനിക്ക് ചെലവായ കാശിന്റെ ബില്ല് അയച്ച് തരാന്‍ പറഞ്ഞു. അത് അയച്ച് കൊടുത്തപ്പോള്‍ എന്നോട് ചോദിച്ചു നിജു നിനക്ക് ഞാന്‍ എന്ത് പേയ്മെന്റാണ് തരാന്‍ ഉള്ളത് എന്ന്. ഞാന്‍ മൈന്‍ഡ് ഔട്ടായി പോയി. അത്രയും സക്സസായ ഷോ സംഘടിപ്പിച്ചതിന് പിന്നില്‍ ഞാനാണ് എന്നൊക്കെ ഷാനിക്ക പറഞ്ഞതാണ്. ഞാന്‍ പേയ്മെന്റ് ചോദിച്ചതിന് ശേഷമാണ് ആകെ ഇങ്ങനെ മാറിയത്. ആദ്യം തന്നെ ഇത്തയാണ് എന്നോട് പറഞ്ഞത് നിനക്ക് ഞാന്‍ ഏത് പേയ്മെന്റാണെടാ തരാനുള്ളത് എന്ന്. നീ ഇന്‍വെസ്റ്റ് ചെയ്ത പൈസക്ക് നിനക്ക് പ്രൊമഷന്‍ കിട്ടിയില്ലേ എന്ന്. ദുല്‍ഖര്‍ സല്‍മാന്‍ ഷെയര്‍ ചെയ്തു എന്നുള്ള രീതിയിലാണ് പറഞ്ഞത്. ഞാന്‍ ഒരിക്കലും പ്രൊമോഷന് വേണ്ടിയിട്ടല്ല ഷോ ചെയ്തത്. ഞാന്‍ ഷോയ്ക്ക് മുന്‍പ് തന്നെ പ്രൊഡക്ഷന്‍ കോസ്റ്റ് എന്താണ് എന്ന് പറഞ്ഞിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ രണ്ട് മാസം ജോലി ചെയ്തതിന്റെ പണംതരില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്,' നിജുരാജ് ചോദിക്കുന്നു.