ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് ശുദ്ധതോന്ന്യവാസവും തല്ലുകൊള്ളിത്തരവും; കാരണഭൂതനെയും മകളെയും മകളുടെ കെട്ടിയവനെയും പ്രീതിപ്പെടുത്താനുള്ള രാഷ്ട്രീയ പൊറാട്ടുനാടകം; സുപ്രീംകോടതി മാനദണ്ഡങ്ങളുടെ പച്ചയായ ലംഘനം; ഷാജനെ പൂജപ്പുര ജയിലിലേക്ക് അയയ്ക്കുമെന്ന കരുതിയ മരംമുറി ചാനല്‍ അടക്കമുളളവര്‍ ഇളിഭ്യരായി; രൂക്ഷ വിമര്‍ശനവുമായി അഡ്വ.എ.ജയശങ്കര്‍
രൂക്ഷ വിമര്‍ശനവുമായി അഡ്വ.എ.ജയശങ്കര്‍
കൊച്ചി: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് ശുദ്ധതോന്ന്യവാസമെന്ന് രാഷ്ടീയ നിരീക്ഷകന്‍ എ ജയശങ്കര്‍. കാരണഭൂതനെ പ്രീതിപ്പെടുത്താനുള്ള രാഷ്ടീയ പൊറാട്ടുനാടകമെന്നും അദ്ദേഹം പരിഹസിച്ചു.ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സുപ്രീംകോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളുടെ പച്ചയായ ലംഘനമാണ് ഷാജന്‍ സ്‌കറിയയുടെ അറസ്റ്റില്‍ നടന്നതെന്നും ജയശങ്കര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് :
"2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് പൊതുവെ പറയുന്നൊരു കാര്യമുണ്ട്, രാജ്യത്ത് അതിനുമുമ്പും വര്‍ഗ്ഗീയ ലഹള ഉണ്ടായിട്ടുണ്ട്, കലാപങ്ങളുണ്ടായിട്ടുണ്ട്, കൂട്ടക്കൊലകള്‍ ഉണ്ടായിട്ടുണ്ട്്. പക്ഷേ 2002 ല്‍ സംഭവിച്ചത് എന്താന്ന് വച്ചാല്‍, അതുപൂര്‍ണമായും ജനങ്ങള്‍ക്ക് ടെലിവിഷനില്‍ കാണാനും മനസ്സിലാക്കാനും കഴിഞ്ഞു എന്നുള്ളതാണ്. കാരണം ടെലിവിഷന്‍ ചാനലുകള്‍ സജീവമായതിന് ശേഷം വാര്‍ത്താചാനലുകളുടെ അതിപ്രസരം തുടങ്ങിയതിന് ശേഷം ഉണ്ടായ വലിയ കലാപമായിരുന്നു ഗുജറാത്ത് കലാപം. അതുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവിടെ ചെല്ലാനും കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയിക്കാനും കഴിഞ്ഞു. ഇതുതന്നെയാണ് പിന്നീട് മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോഴും സംഭവിച്ചത്...ജനങ്ങള്‍ക്ക് എല്ലാം നേരിട്ടുകാണാന്‍ കഴിഞ്ഞു. ഈ ടെലിവിഷന്‍ വന്നതിന് ശേഷമുള്ള വലിയ സൗകര്യം ഇതാണ്. അതുപോലയാണ് കേരള ചരിത്രത്തില്‍ ഇതിനുമുമ്പ് ഒരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള അറസ്റ്റാണ് ഷാജന്‍ സ്‌കറിയയുടെ കാര്യത്തില്‍ ഉണ്ടായത്.
ഷാജന്‍ സ്‌കറിയ വീട്ടില്‍, വൃദ്ധരായ മാതാപിതാക്കള്‍ക്ക് ഒപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരുകൈലി മുണ്ടു ഉടുത്ത് ഷര്‍ട്ടിടാതെ, നമ്മളൊക്കെ സാധാരണ ചെയ്യുന്ന പോലെ വീട്ടില്‍ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരുസംഘം പൊലീസുകാര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന് ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ വണ്ടിയില്‍ കയറ്റി കൊണ്ടുപോകുകയാണ്. കയറ്റി കൊണ്ടുപോകുമ്പോള്‍ തന്നെ അവിടെ മാധ്യമങ്ങള്‍ എത്തുന്നു. വലിയ ഉത്സവ പ്രതീതി ഉണ്ടാക്കുന്നു. അവിടെ മുതല്‍ ടെലിവിഷന്‍ ചാനലുകള്‍ ഈ വാര്‍ത്ത ലൈവായി കാണിക്കുകയാണ്.
ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നു, അദ്ദേഹത്തെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകുന്നു,...അദ്ദേഹത്തിന്റെ നെഞ്ചളവ് പരിശോധിക്കുന്നു, അതെല്ലാം കഴിഞ്ഞ്, മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ട കാര്യമില്ല. കസ്റ്റഡിയില്‍ എടുത്ത് 24 മണിക്കൂറിനുള്ളില്‍ ഹാജരാക്കിയാല്‍ മതി. അദ്ദേഹത്തെ ലോക്കപ്പില്‍ പാര്‍പ്പിച്ച് കാലത്ത്, കുളിപ്പിച്ച് പുതിയ വസ്ത്രം ഒക്കെ ധരിപ്പിച്ച് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാല്‍ ജാമ്യം കൊടുത്താലോ എന്നുകരുതിയിട്ടായിരിക്കും. ഷാജന്‍ സ്‌കറിയയ്ക്ക് നല്ല വക്കീലന്മാരുണ്ട് തിരുവനന്തപുരത്ത്. അവരുടെ വാദപ്രതിവാദം കേട്ട് മജിസ്‌ട്രേറ്റ് ഉച്ചയ്ക്ക് മുമ്പ് ജാമ്യം കൊടുത്തുപോയാലോ, എന്നുവിചാരിച്ചിട്ടാണ്. ഒരുദിവസം എങ്കില്‍ ഒരുദിവസം അദ്ദേഹത്ത സബ്ജയിലിലാക്കണം. അങ്ങനെ കാരണഭൂതനും, അദ്ദേഹത്തിന്റെ മകള്‍ക്കും, മകളുടെ കെട്ടിയവനുമൊക്കെ ഒരു സുഖമാണ്, സന്തോഷമാണ്..അതുവഴി ഈ സര്‍ക്കിള്‍ അദ്ദേഹത്തിനും എസിപിക്കും, എന്തെങ്കിലും വരായ്കകള്‍ കിട്ടുകയാണെങ്കില്‍, പരമവിശിഷ്ട സേവാ മെഡലോ, രാഷ്ട്രപതിയുടെ മെഡലോ, അല്ലെങ്കില്‍ ചക്ക മെഡലോ എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടാണ് പാവങ്ങള്‍..സത്യം പറഞ്ഞാല്‍ പൊലീസുകാരോട് എനിക്ക് സഹതാപമാണ്. എല്ലാവരുടെ മുന്നിലും ഓച്ഛാനിച്ച് നില്‍ക്കണം. ആട്ടും തുപ്പും തൊഴിയും ഒക്കെ അനുഭവിക്കണം. പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ കാണുമ്പോള്‍ മുട്ടുകുത്തി നില്‍ക്കണം. സംസ്ഥാന സെക്രട്ടറിയെ കാണുമ്പോള്‍ സാഷ്ടാംഗം നമസ്‌കരിക്കണം......അങ്ങനെ ഈ മഹത്തായ ഉത്തരവാദിത്ത നിര്‍വ്വഹണത്തിന്റെ ഭാഗമായിട്ട് സര്‍ക്കിള്‍ അദ്ദേഹവും എസിപി അദ്ദേഹവും പിന്നെ പേരറിയാത്ത അനവധി പൊലീസുകാരും ചേര്‍ന്ന് വമ്പിച്ച നാടകമാണ് നടത്തിയത്. പക്ഷേ മജിസ്‌ട്രേറ്റ് നീതിബോധം ഉള്ളയാളായിരുന്നു.
വനിതാ മജസിട്രേറ്റ് ബന്ധപ്പെട്ട കക്ഷികളുടെ വാദം കേള്‍ക്കുകയും, കേസിന്റെ അന്തസാര വിഹീനത മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍, കോടതിയിലല്ല, കോടതിയുടെ വരാന്തയില്‍ ചെന്നുനിന്നാല്‍ തള്ളിപ്പോവുന്ന കേസായതുകൊണ്ട്, അപ്പോള്‍ തന്നെ ജാമ്യം അനുവദിച്ചു. സൈബര്‍ ആക്റ്റ് പ്രകാരമൊന്നും കേസ് നിലനില്‍ക്കുകയില്ലെന്നും നമുക്കറിയാം. ഇത് പ്രധാനപ്പെട്ട ആരോപണം, അപകീര്‍ത്തിയുമായി ബന്ധപ്പെട്ടാണ്, മാനഹാനിയാണ്. അതിനുമാനനഷ്ടക്കേസ് സിവിലായി കൊടുക്കണം, അല്ലേല്‍ ക്രിമിനലായി കൊടുക്കണം. അതിനുപൊലീസുകാര്‍ക്ക് വീട് വളഞ്ഞൊന്നും അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല. തീവ്രവാദികളെ പിടിക്കുന്ന പോലെ, എന്‍ഐഎ വന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കന്മാരെ പൊക്കി കൊണ്ടുപോകുന്ന പോലെ ചെയ്യേണ്ട കേസല്ലിത്. ഷാജന്‍ സ്‌കറിയ തിരുവനന്തപുരത്ത് അറിയപ്പെടുന്ന വ്യക്തിയാണ്. തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്തും, രാജ്യത്തും അറിയപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെങ്കില്‍ പൊലീസുകാര്‍ക്ക് നോട്ടീസ് കൊടുത്ത് വിളിപ്പിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി അറസ്റ്റ് ചെയ്യാം. എന്നിട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാം. അതൊന്നും ചെയ്യാതെ, മോഷ്ടാക്കളെ പിടിക്കുന്നത് പോലെ, തീവ്രവാദികളെ, ട്രെയിന് ബോംബുവയ്ക്കുന്നവരെ പിടിക്കാന്‍ പോകുന്ന പോലെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട കാര്യമൊന്നുമില്ല.
ഇത് പൊലീസിന് അറിയാത്തതൊന്നുമല്ല, സര്‍ക്കിളിനും എസിപിക്കും അറിയാം. അവരുടെ മീതേയിരുന്ന് ചാടി കളിയെടാ കുഞ്ചിരാമ എന്നുപറഞ്ഞ് ചാടി കളിപ്പിക്കുന്നവര്‍ക്കും അറിയാം. ജില്ലാ സെക്രട്ടറിക്കും, സംസ്ഥാന സെക്രട്ടറിക്കും, കാരണഭൂതര്‍ക്കും മകളുടെ ഭര്‍ത്താവിനും അറിയാം. കാര്യം മകളുടെ ഭര്‍ത്താവ് കോടതിയില്‍ ഒന്നും പോയിട്ടില്ലെങ്കിലും പേരിന്റെ കൂടെ അഡ്വക്കേറ്റ് വച്ചുപുലര്‍ത്തുന്ന ആളാണ്. വല്ല ബസ്സിന് കല്ലെറിഞ്ഞ കേസിനോ, താലൂക്ക് ആഫീസിന് കല്ലെറിഞ്ഞ കേസിനോ, അല്ലെങ്കില്‍, ക്രൈം നന്ദകുമാറിന്റെ ഓഫീസ് തല്ലി തകര്‍ത്തതിനോ ഒക്കെ പ്രതിയായിട്ടുണ്ട് എന്നല്ലാതെ, അദ്ദേഹം കോടതിയില്‍ കോട്ടിട്ടുപോയ ആളാണെന്ന് തോന്നുന്നില്ല. എങ്കില്‍ പോലും ഇത് പ്രാഥമികമായി എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
ഡി കെ ബസു വേഴ്‌സസ് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാള്‍ കേസില് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട് സുപ്രീംകോടതി. ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍. അത് ലംഘിച്ച് കൊണ്ടാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍, എന്താണ് കേസ്, എന്തിനുവേണ്ടി അറസ്റ്റ് ചെയ്യുന്നു, ആരാണ് പരാതിക്കാരന്‍, പരാതിയുടെ സ്വഭാവം എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും, അതിനൊപ്പം തന്നെ അദ്ദേഹത്തിന്റെ വീട്ടിലെ, തൊട്ടടുത്ത ഒരാളെ, ഇന്ന ആവശ്യത്തിന് ഇയാളെ അറസ്റ്റ് ചെയ്തു, ഈ കേസിലാണ്, ഇന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നു എന്നറിയിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അല്ലാതെ ഷര്‍ട്ടിടാന്‍ അനുവദിക്കാതെ, കൈലി മുണ്ടുടുത്ത് ഒരാളെ ഉന്തി തള്ളി, ഇടിവണ്ടിയില്‍ കൊണ്ടുപോകുന്നു, എന്നിട്ട് പാതിരാത്രിക്ക് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ മുട്ടി വിളിച്ച് ദാ, ഒരുവലിയ കള്ളനെ കൊണ്ടുവന്നിട്ടുണ്ട്, കായംകുളം കൊച്ചുണ്ണിയുടെ ഇളയമ്മയുടെ മകനാണ് എന്നൊക്കെ പറഞ്ഞ് ഹാജരാക്കുന്നത് നാട്ടുനടപ്പുള്ള കാര്യമല്ല. ഇതൊക്കെ ശുദ്ധതോന്ന്യവാസമാണ്, തല്ലുകൊള്ളിത്തരമാണ് എന്നല്ലാതെ ഒന്നുംപറയാനില്ല.
കേരള പൊലീസിന്റെ തൊപ്പിയില്‍ നിരവധി കാക്കത്തൂവലുകള്‍ ഇപ്പോള്‍ തന്നെയുണ്ട്. അതിലെ ഏറ്റവും മഹത്തായ മിന്നിത്തിളങ്ങുന്ന കാക്കത്തൂവലായി ഇതുമാറി. നമ്മുടെ കുന്നത്തുനാട് എംഎല്‍എയെ മുന്‍നിര്‍ത്തി ഇവിടുത്തെ ചില മുതലാളിമാരും, ചില രാഷ്ട്രീയ ഭിക്ഷാംദേഹികളും കൂടികളിച്ച കളി നമുക്കറിയാം. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമം പ്രകാരം, ഷാജന്‍ സ്‌കറിയയെ വേട്ടയാടി പിടിക്കാന്‍ അവര്‍ ഒരുപാട് ശ്രമിച്ചു. അപ്പോഴൊക്കെ ചെറിയ മര്യാദ കാണിച്ചു. ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ ഇങ്ങനെയൊരു കേസ് രജിസ്റ്റര്‍ ചെയ്താല്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. അതുകഴിഞ്ഞ് മുന്‍കൂര്‍ ജാമ്യം തള്ളുന്ന വരെ കാത്തിരുന്നു, സെഷന്‍സ് കോടതിയും, ഹൈക്കോടതിയും തള്ളുന്ന വരെ ഒന്നും ചെയ്തില്ല. അതിനുശേഷമാണ് കമ്പ്യൂട്ടര്‍ എടുത്തുകൊണ്ടുപോകുന്ന പോലുളള കലാപരിപാടികള്‍ ഒക്കെ കാട്ടിക്കൂട്ടിയത്.
പക്ഷേ ഇവിടെ അതൊന്നും ഉണ്ടായില്ല. ഒന്നുമില്ലാതെ എന്നാലിവനെ പൂട്ടിക്കളയാം എന്നുകരുതി, അതും തലസ്ഥാന നഗരയില്‍, ഈ മാധ്യമങ്ങളുടെ മൂക്കിന്റെ താഴെ അതുചെയ്ത ആ സര്‍ക്കിള്‍ അദ്ദേഹമുണ്ടല്ലോ അവന് കുതിരപ്പവന്‍ കൊടുത്താല്‍ പോരാ..രാജഭരണകാലത്താണെങ്കില്‍ രണ്ടുകൈക്കും വീരശൃംഖല കൊടുക്കേണ്ടതാണ്. ആ സര്‍ക്കിളിനെ കൊണ്ട് ഇതുചെയ്യിച്ച പാര്‍ട്ടി ജില്ലാ സെക്രട്ടറിയെയും മുകളിലുള്ളവരെയും ..അവരെ എന്തുചെയ്യണമെന്ന് നിങ്ങള്‍ തന്നെ തീരുമാനിച്ചാല്‍ മതി.
ഇതുപറയുമ്പോള്‍ ഒരുകാര്യം കൂടി കൂട്ടിച്ചേര്‍ത്തില്ലെങ്കില്‍, അത് നിങ്ങളോടും എന്നോടും ചെയ്യുന്ന തെറ്റായി പോകും എന്നുള്ളത് കൊണ്ട് കൂട്ടിച്ചേര്‍ക്കുകയാണ്. ഈ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത വളരെ ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്ത കുറെയധികം ചാനലുകള്‍ നമ്മുടെ നാട്ടിലുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മരംമുറി ചാനലാണ്. കാട്ടുകള്ളന്മാര്‍ക്ക് വേണ്ടി കാട്ടുകളളന്മാര്‍ നടത്തുന്ന കാട്ടുകളളന്മാരുടെ ഒരുസ്ഥാപനമാണ്. അവര് ഇത് വളരെ ആവേശത്തോടെ ഇതുകാണിച്ചു എന്നത് മാത്രമല്ല, ഇദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതും മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം കൊടുക്കുന്നതും എല്ലാം തല്‍സമയം അറിയിച്ച് ഇവര്‍ സന്തുഷ്ടരായി.
ഈ തലയ്ക്ക് അകത്തും പുറത്തുമൊക്കെ ഒന്നുമില്ലാത്ത ഒരുചങ്ങാതിയാണ് പത്രാധിപരായിട്ട് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം വിചാരിച്ചത്, ഷാജന്‍ സ്‌കറിയയെ മജിസ്‌ട്രേറ്റ് മൂക്കില്‍ വലിക്കും, ഉടനെ തന്നെ പൂജപ്പുര ജയിലിലേക്ക് അയയ്ക്കും, അവിടെ ചെല്ലുമ്പോള്‍ വിചാരണ കൂടാതെ തൂക്കി കൊല്ലും എന്നൊക്കെയാണ്. ഏതായാലും ഇവരൊക്കെ ഇളിഭ്യരായി. അവരുടെ ചാനല്‍ കണ്ട് ആളുകള്‍ക്ക് പോലും മനസ്സിലായി ചാനല്‍ നടത്തുന്നത് എത്ര വലിയ ഭോഷ്‌ക്കന്മാരാണ് എന്ന്. പിന്നെ കൈരളി ചാനലിന്റെ കാര്യം ഞാന്‍ പ്രത്യേകം പറയേണ്ടതില്ല. പാര്‍ട്ടി ഓഫീസില്‍ നിന്നും കൊടുക്കുന്ന നിര്‍ദ്ദേശപ്രകാരമേ അവര്‍ക്ക് മാധ്യമപ്രവര്‍ത്തനം നടത്താന്‍ പറ്റൂ. ഏതായാലും ഇവരുടെയൊക്കെ അത്യാവേശം പോലും ഷാജന്‍ സ്‌കറിയയ്ക്ക് ആത്യന്തികമായി ഗുണമായി എന്നതാണ് കാണാന്‍ കഴിഞ്ഞ കാര്യം. ഒരുപക്ഷേ മജിസ്‌ട്രേറ്റ് ഈ ദൃശ്യങ്ങള്‍ ചാനലില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആയിരിക്കും, പൊലീസുകാര് അവരുടെ വീടിന്റെ വാതില്‍ തള്ളിത്തുറന്ന് പ്രതിയുമായി ഞങ്ങള്‍ എത്തിയിരിക്കുന്നു എന്ന് പറഞ്ഞത്. ഏതായാലും പൊലീസുകാരുടെ ആ ദീര്‍ഘവീക്ഷണത്തിനും ചാനലുകാരുടെ വക്രബുദ്ധിക്കും മുമ്പില്‍ നമോവാകം