മറ്റ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന കേരളത്തില്‍ തനിക്ക് മാത്രം ഇല്ല; പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ താനുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞെങ്കിലും പിന്നീട് നടന്നത് ഒഴിവാക്കല്‍ അട്ടിമറി; പാര്‍ലമെന്ററീ സമിതിയില്‍ മോദിയെ വിറപ്പിച്ചിട്ടും പ്രചരിപ്പിക്കുന്നത് മറ്റ് പലതും; രാഹുലിന് മുമ്പില്‍ തരൂര്‍ ചര്‍ച്ചയാക്കിയത് ഈ മൂന്ന് വിഷയങ്ങള്‍; കൂടെ പബ്ലിക് അക്കൗണ്ട് കമ്മറ്റി വിചാരിച്ചാല്‍ മോദിയെ വീഴ്ത്താമെന്ന ഉപദേശവും
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിക്കിയില്ലെങ്കില്‍ ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ടു പോകുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് വേറെ പണിയുണ്ടെന്ന ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ അഭിമുഖമാണ് ചര്‍ച്ചകള്‍ക്ക് ആധാരം. എന്നാല്‍ ഇത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കാണുന്നതിന് മുമ്പ് നല്‍കിയ അഭിമുഖമാണെന്നാണ് തരൂര്‍ പറയുന്നത്. രാഹുലുമായി തരൂര്‍ അടച്ചിട്ട മുറിയിലാണ് സംസാരിച്ചത്. അതിന് ശേഷം അവരൊന്നിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ കാണുകയും ചെയ്തു. ഇതോടെ വിവാദം തീര്‍ന്നുവെന്ന് ഏവരും കരുതി. പക്ഷേ ഒന്നും അവസാനിച്ചില്ല. തരൂരിനെ ചുറ്റി പറ്റിയുള്ള വിവാദം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് രാഹുലുമായി തരൂര്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ചര്‍ച്ചകളിലേക്ക് വരുന്നത്. തനിക്ക് കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയാകണമെന്ന ആവശ്യം രാഹുലിന് മുന്നില്‍ തരൂര്‍ വച്ചിട്ടില്ല. പകരം ചില പ്രശ്‌നങ്ങള്‍ അറിയിക്കുകയാണ് ചെയ്തത്. ആരേയും വ്യക്തിപരമായി വിമര്‍ശിച്ചതുമില്ല.
കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തക സമിതിയംഗം എന്ന നിലയില്‍ സംസ്ഥാനത്തെ മറ്റ് അംഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ല എന്നതാണ് തരൂരിന്റെ പ്രധാന പരാതി. അത് പോലെ താന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിന്നെ തന്നെ മാറ്റുകയും പകരം സംഘടനയില്‍ അംഗം പോലും അല്ലാത്ത ഒരാള്‍ക്ക് ചുമതല നല്‍കുകയും ചെയ്തതില്‍ ശശി തരൂരിന് ശക്തമായ പ്രതിഷേധമുണ്ട്. ശശി തരൂര്‍ ഈ സംഘടനയില്‍ നിന്ന് രാജി വെച്ചു എന്ന വാര്‍ത്തകളും ശരിയല്ലെന്നും തരൂര്‍ നേതൃത്വത്തിനോട് വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആകുന്നതിന്റെ ഭാഗമായി ശശി തരൂരും മല്ലീകാര്‍ജ്ജുന്‍ ഖാര്‍ഗേയും അവര്‍ വഹിച്ചിരുന്ന സ്ഥാനങ്ങള്‍ രാജി വെച്ചിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഖാര്‍ഗേയും ഓള്‍ഇന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം തരൂരും രാജി വെച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ പറഞ്ഞത് താന്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും തരൂര്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായും തുടരും എന്നാണ്. ഈ വസ്തുതയും രാഹുലിനെ തരൂര്‍ അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിനായുള്ള പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷനായി ശശി തരൂര്‍ 2014-2019 കാലഘട്ടത്തിലും പ്രവര്‍ത്തിച്ചു. എന്നാല്‍ 2019 ല്‍ അദ്ദേഹത്തെ ഈ പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനം സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. പകരം ഐ.ടിയുടെ പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനമാണ് നല്‍കിയത്. ഇടയ്ക്ക് വെച്ച് ശശി തരൂരിനെ 2021 ല്‍ പെട്രോളിയം രാസവസ്തു വകുപ്പിനുള്ള സമിതിയുടെ അധ്യക്ഷനാക്കി മാറ്റിി നിയമിച്ചു. ഇപ്പോള്‍ വീണ്ടും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട സമിതിയുടെ അധ്യക്ഷ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. 2014 മുതല്‍ ഇതേ വരെ കോണ്‍ഗ്രസിന് ലഭിച്ച പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയര്‍മാന്‍മാര്‍ ആരും തന്നെ കൃത്യമായി തങ്ങളുടെ ജോലി ചെയ്തിട്ടില്ല എന്നാണ് തരൂരിന് പറയാനുള്ളത്. യു.പി.എസര്‍ക്കാരിനെ നട്ടം തിരിച്ച പല അഴിമതി ആരോപണങ്ങളും ബി.ജെ.പി നേതാവ് മുരളീമനോഹര്‍ ജോഷി പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന കാലത്താണ് ഉണ്ടായതെന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു.സമാന പ്രവര്‍ത്തനം ഇപ്പോള്‍ സമിതിയെ നയിക്കുന്നവര്‍ നടത്തണമെന്നതാണ് തരൂരിന്റെ ആവശ്യം.
ചൈനയുടെ ഡോക്ലം ആധിനിവേശ സമയത്ത് പാര്‍ലമെന്ററി സമിതി അധ്യക്ഷനായ തരൂര്‍ അംഗങ്ങളേയും കൂട്ടി അതിര്‍ത്തിയില്‍ പോയി. ഈ വിഷയത്തില്‍ തരൂരിന്റെ നിലപാട് എതിരാകുമെന്ന് മനസ്സിലാക്കിയാണ് ആ സമിതിയില്‍ നിന്നും തരൂരിനെ മാറ്റിയത്. പകരം ബിജെപി എംപിയെ ചെയര്‍പേഴ്‌സണാക്കി. ഐടി കമ്മറ്റിയുടെ ചുമതലയില്‍ പേഗാസസ് വിഷയത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അടക്കം വിളിച്ചു വരുത്തി കാര്യങ്ങള്‍ തിരക്കി. ഫെയ്‌സ് ബുക്കിനെതിരായ വ്യാജ ആരോപണ കേസിലും ഇടപെടല്‍ നടത്തി. ഇതോടെ തരൂരിനെ അവിടെ നിന്നും മാറ്റി. പകരം നല്‍കിയതാണ് പെട്രോളിയം രാസവസ്തു വകുപ്പിലെ സ്ഥാനം. ഇപ്പോള്‍ വീണ്ടും വിദേശ കാര്യ വകുപ്പ് നല്‍കി. അത് എത്രകാലമുണ്ടാകുമെന്ന് നോക്കി കാണണമെന്നതാണ് തരൂരിന്റെ നിലപാട്. അതായത് കോണ്‍ഗ്രസ് മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് താന്‍ പാര്‍ലമെന്ററീ സമിതികളില്‍ പ്രവര്‍ത്തിച്ചത്. ബിജെപിക്ക് അനുകൂല നിലപാടുകളൊന്നും എടുത്തില്ലെന്നും തരൂര്‍ പറഞ്ഞു വയ്ക്കുന്നു.
പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷ പദവിയിലെത്തിയ കോണ്‍ഗ്രസ് പ്രതിനിധികളായ കെവി തോമസും മല്ലികാര്‍ജ്ജുന ഖാര്‍ഗെയും അധിര്‍ രഞ്ജന്‍ ചൗദരിയും ഇപ്പോഴുള്ള കെസി വേണുഗോപാലുമെല്ലാം പരാജയമല്ലേ എന്ന സംശയമാണ് ശശി തരൂരിനുള്ളത്. ഇവരാരും സര്‍ക്കാരിനെതിരെ എന്തെങ്കിലും ചെറുവിരല്‍ അനക്കിയതായി ആര്‍ക്കും അറിയില്ലെന്നാണ് തരൂരിന്റെ നിലപാട്. മുരളി മനോഹര്‍ ജോഷിയുടെ കാലത്തെ ബിജെപി ഇടപെടല്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമേ മോദി സര്‍ക്കാരിന്റെ അഴിമതിയും പുറത്തേക്ക് വരുള്ളൂവെന്നും കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ തരൂര്‍ അറിയിച്ചതായാണ് സൂചന.