താക്കീതുണ്ടെങ്കില്‍ എഐസിസി പത്രക്കുറിപ്പ് ഇറക്കില്ലേ? അല്ലെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി തീരുമാനം പരസ്യമായി വിശദീകരിക്കും; ഇതൊന്നും എവിടേയും നടന്നില്ല; പിന്നെ എങ്ങനെ തന്നെ താക്കീതു ചെയ്തുവെന്ന വാര്‍ത്ത മാധ്യമങ്ങളിലെത്തി? ജയറാം രമേശ് ആരേയും പേരു പറഞ്ഞ് വിമര്‍ശിച്ചതുമില്ല; താന്‍ കൂടി പങ്കെടുത്ത യോഗത്തിലെ 'വിലക്ക്' വാര്‍ത്തയില്‍ അത്ഭുതം കൂറി തരൂര്‍; ആ വാര്‍ത്ത പച്ചക്കള്ളമെന്ന് വിശദീകരണം; കോണ്‍ഗ്രസ് ഹൈക്കമാണ്ട് മനസ്സ് തുറക്കുമോ?

Update: 2025-05-15 08:28 GMT

തിരുവനന്തപുരം:  ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനങ്ങളില്‍ തന്നെ പാര്‍ട്ടി താക്കീത് ചെയ്തിട്ടില്ലെന്ന് പ്രവര്‍ത്തകസമിതിയംഗം ശശി തരൂര്‍. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ തരൂരും പങ്കെടുത്തിരുന്നു. തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയുള്ളതിനാല്‍ യോഗം തീരുന്നത്തിന് പത്ത് മിനിറ്റ് മുമ്പ് താന്‍ വേദി വിട്ടു. അതുവരെ ആരും തന്നെ പേരെടുത്ത് വിമര്‍ശിക്കുക പോലും ചെയ്തിരുന്നില്ല. താക്കീതും തന്നില്ല. യോഗം തീര്‍ന്ന ശേഷവും നേതൃത്വത്തില്‍ ആരും തന്നെ താക്കീത് ചെയ്തതായി അറിയിച്ചിട്ടില്ല. ഇത്തരത്തില്‍ ഔദ്യോഗിക കുറിപ്പുകളും എഐസിസി ഇറക്കിയിട്ടില്ല. തന്നെ താക്കീത് ചെയ്തുവെന്ന് ഉത്തരവാദിത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കളാരും പരസ്യമായി പറയുകയും ചെയ്തിട്ടില്ല. പിന്നെ എങ്ങനെയാണ് തന്നെ താക്കീത് ചെയ്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന ആശ്ചര്യത്തിലാണ് ശശി തരൂര്‍. ഇതിന് പിന്നാല്‍ ചില മാഫിയകളുണ്ടെന്നും തരൂര്‍ സംശയിക്കുന്നുണ്ട്. കേരളത്തിലാണ് താക്കീത് വാര്‍ത്ത ആദ്യം എത്തിയത്. ഇതിനു പിന്നാലെ ചില ദേശീയ മാധ്യമങ്ങളും നല്‍കി. ഡല്‍ഹിയിലെ യോഗ വാര്‍ത്ത കേരളത്തില്‍ ആദ്യം എത്തിയതിലും വ്യക്തമായ ഗൂഡാലോചനയുണ്ട്. തരൂരിനെ കൂടാതെ കേരളത്തില്‍ നിന്നുള്ള ഒരു നേതാവ് മാത്രമാണ് പ്രസ്തുത യോഗത്തില്‍ പങ്കെടുത്തതെന്നും തരൂര്‍ അനുകൂലികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ 'താക്കീത്' വാര്‍ത്തയില്‍ പരസ്യമായി പ്രതികരിക്കാനാണ് തരൂരിന്റെ തീരുമാനം. ഈ വാര്‍ത്തയോട് കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഇനി എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണ്ണായകം.

തരൂരിനു ശക്തമായ താക്കീത് നല്‍കി കോണ്‍ഗ്രസ് നേതൃത്വം നിലപാട് കടുപ്പിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. പാര്‍ട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായത്തിന്റെ പേരിലാണ് താക്കീത്. മുന്‍പും പലതവണ തരൂരിന്റെ നിലപാടുകള്‍ കോണ്‍ഗ്രസിനു തലവേദന സൃഷ്ടിച്ചിരുന്നു. അഭിപ്രായപ്രകടനത്തിനു കോണ്‍ഗ്രസ് സ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കിലും ഇക്കുറി തരൂര്‍ 'ലക്ഷ്മണരേഖ' കടന്നെന്നു പ്രവര്‍ത്തകസമിതി യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയെന്നും വാര്‍ത്തയില്‍ എത്തി. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാനുള്ള സമയമല്ല ഇതെന്നും പാര്‍ട്ടിയുടെ അഭിപ്രായമാണു സമൂഹത്തില്‍ അവതരിപ്പിക്കേണ്ടതെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞുവെന്നും വാര്‍ത്തകളില്‍ വിശദീകരണമായി എത്തി. എന്നാല്‍ ഈ യോഗത്തില്‍ ഇതൊന്നും താനുള്ളപ്പോള്‍ സംഭവിച്ചല്ലെന്നാണ് തന്റെ അടുപ്പക്കാരോട് തരൂര്‍ പറയുന്നത്. ജയറാം രമേശിന്റെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടായി. പക്ഷേ ആരുടേയും പേരൊന്നും പറയാതെ പൊതു കമന്റായാണ് തരൂര്‍ ഇതു പറഞ്ഞത്. മറ്റാരും തനിക്കെതിരേയോ ഇത്തരത്തിലോ പരമാര്‍ശം നടത്തിയതായി അറിയില്ലെന്നും തരൂര്‍ വിശദീകരിക്കുന്നു. യോഗ ശേഷം ജയറാം രമേശിനോട് ശശി തരൂരിന്റെ പേരുമായി ബന്ധപ്പെട്ട ചോദ്യം എത്തി. അപ്പോള്‍ അത് തരൂരിന്റെ അഭിപ്രായമാണെന്നും പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ജയറാം രമേശ് വിശദീകരിച്ചു. ഈ ഘട്ടത്തില്‍ പോലും താക്കീത് ചെയ്തുവെന്ന് ജയറാം രമേശും പരസ്യമായി പറഞ്ഞില്ലെന്നും തരൂര്‍ ക്യാമ്പ് ചൂണ്ടിക്കാട്ടുന്നു. അതായത് താക്കീത് വാര്‍ത്ത പച്ചക്കള്ളമാണെന്ന് പറയുകയാണ് തരൂര്‍. തരൂരിന്റെ അഭിപ്രായം പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നു വാര്‍ത്താസമ്മേളനത്തില്‍ ജയറാം രമേശ് വ്യക്തമാക്കിയെന്നത് മാത്രമാണ് യഥാര്‍ത്ഥ്യം.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലില്‍ അതൃപ്തി അറിയിച്ച തരൂര്‍, ഇന്ത്യ വിദേശരാജ്യങ്ങളുടെ മധ്യസ്ഥത തേടാന്‍ സാധ്യതയില്ലെന്നും സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. പാക്കിസ്ഥാനുമായുള്ള വിിഷയത്തില്‍ യുഎസ് ഇടപെടലിനെ കോണ്‍ഗ്രസ് ചോദ്യംചെയ്യുന്നതിനിടെയായിരുന്നു ഈ പരാമര്‍ശം. ഇന്ത്യ-പാക്ക് സംഘര്‍ഷം മോദി മികച്ച രീതിയിലാണു കൈകാര്യം ചെയ്തതെന്ന് തരൂര്‍ ടെലിവിഷന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ഫുള്‍ മാര്‍ക്ക് നല്‍കിയ തരൂര്‍, മോദി കഴിഞ്ഞ ദിവസം നടത്തിയ അഭിസംബോധനയെയും പ്രകീര്‍ത്തിച്ചിരുന്നു. ഇതെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചുവെന്നും ഇതിനെ തുടര്‍ന്നാണ് താക്കീതെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ താക്കീതുണ്ടെങ്കില്‍ അത് തന്നെ അറിയിക്കേണ്ടേ എന്ന ചോദ്യമാണ് തരൂര്‍ ഉയര്‍ത്തുന്നത്. തനിക്കെതിരെ താക്കീതുണ്ടെങ്കില്‍ എഐസിസി കുറിപ്പ് നല്‍കിയിട്ടുണ്ടോ എന്ന തരൂരിന്റെ ചോദ്യം പ്രസക്തമാണ്. ഇത്തരം ഇല്ലാത്ത വാര്‍ത്തകള്‍ മാധ്യമങ്ങള്‍ മുമ്പില്‍ ചോര്‍ത്തി നല്‍കുന്നവരെ വേണം പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതെന്നാണ് തരൂരിന്റെ പക്ഷം. പ്രവര്‍ത്തക സമിതിയിലെ സ്ഥിരാംഗങ്ങളില്‍ ഒരു പ്രത്യേക ചുമതലയും നല്‍കാത്ത നേതാവ് താന്‍ മാത്രമാണെന്ന വേദനയും തരൂരിനുണ്ട്. രാജ്യ താല്‍പ്പര്യ വിഷയത്തില്‍ രാഷ്ട്രീയം പാടില്ലെന്നതാണ് തന്റെ എന്നത്തേയും നിലപാടെന്നും തരൂര്‍ പറയുന്നു.

വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സമയമല്ല ഇതെന്നും പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണമെന്നും നേതൃത്വം തരൂരിനോട് നിര്‍ദേശിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് ശശി തരൂരിന്റെ വിഷയവും ചര്‍ച്ചയായത്. ശശി തരൂരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകള്‍ വ്യക്തിപരമായി നടത്തരുതെന്ന് യോഗത്തില്‍ ആരും തന്നോട് നിര്‍ദേശിച്ചിട്ടില്ലെന്നാണ് തരൂര്‍ പറയുന്നത്. ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നോ നാലോ തവണ ശശി തരൂര്‍ അഭിപ്രായം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായി സ്വന്തം അഭിപ്രായമാണ് അദ്ദേഹം പറഞ്ഞിരുന്നത്. പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തലിന് പിന്നാലെ 1971-ല്‍ ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍, 1971-ലെ സാഹചര്യമല്ല 2025-ലേതെന്നും ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നുമാണ് ഇതുസംബന്ധിച്ച് ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. ഇതിനുപിന്നാലെയാണ് ബുധനാഴ്ച ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ തരൂരിന് താക്കീത് നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട പ്രസ്താവന മാത്രമല്ല, ഏതാനുംനാളുകളായി തരൂര്‍ നടത്തിയ പലപ്രസ്താവനകളും കണക്കിലെടുത്താണ് പാര്‍ട്ടി നേതൃത്വം തരൂരിനെ വിമര്‍ശിക്കുകയും താക്കീത് നല്‍കുകയും ചെയ്തതെന്നും വിവരമുണ്ടെന്നായിരുന്നു മാതൃഭൂമി വാര്‍ത്ത. എന്നാല്‍ തന്നോട് ആരും ഒന്നും പറയുകയോ താക്കീതിന്റെ സ്വരത്തില്‍ സംസാരിക്കുകയോ ചെയ്തില്ലെന്ന് തരൂര്‍ തന്നെ പറയുമ്പോള്‍ ഈ താക്കീത് വാര്‍ത്തയും വിവാദമാകുകയാണ്.

രാജ്യത്തെ പിന്തുണച്ച് അഭിപ്രായം പറഞ്ഞ ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത് എന്ന തരത്തില്‍ പരിവാര്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്. അങ്ങനെ ഈ വിവാദവും പുതിയ തലത്തിലെത്തുന്നുവെന്നതാണ് വസ്തുത.

Tags:    

Similar News